അസ്സലാമു അലൈക്കും.
ഞങ്ങള്‍ക്ക് എത്രയും സ്‌നേഹം നിറഞ്ഞ ബാപ്പുട്ടി വായിക്കുവാന്‍ ഉമ്മയും ആസ്യമ്മുവും ഇമ്മുട്ടിയും മാനുവും എഴുതുന്നത്. എന്തെന്നാല്‍, ഞങ്ങള്‍ക്ക് ഇവിടെ ഒരുവിധം സുഖം തന്നെയാണ്. അതിലുപരിയായി നിന്നെയും കരുതി സന്തോഷിക്കുന്നു. നീ പോയതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ സങ്കടമാണ്. നിനക്കവിടെ സുഖമാവട്ടെ എന്ന് അഞ്ചുനേരവും ഞങ്ങളൊക്കെ പടച്ചോനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്.
ഇഷ്ടം ഉണ്ടായിട്ടല്ലെടാ, നിന്നെ അങ്ങോട്ട് പറഞ്ഞയച്ചത് മോനേ...! പോക്കര്‍ ഹാജി വിസയുടെ പൈസ തരാമെന്നും ദുബായിലെ പീടികയില്‍ ജോലി ശരിയാക്കാമെന്നും കൂടി പറഞ്ഞപ്പോള്‍ പോയാല്‍ തരക്കേടില്ലെന്ന് ഒരു തോന്നല്‍. നിനക്കറിയാമല്ലോ ഇവിടത്തെ ഓരോരോ അല്ലലും അലട്ടലും. അതൊക്കെ മാറിക്കിട്ടാന്‍ ഇതല്ലാതെ വേറൊരു പോംവഴിയില്ലെടാ..
ആസ്യമ്മൂന് കൊടുക്കാനുള്ള ബാക്കി സ്ത്രീധനം ചോദിച്ച് നിന്റെ അളിയന്‍ ഇന്നലെയും ഇവിടെ നാലുകാലില്‍ വന്ന് കയറി വലിയ തെറിപ്പൂരം ഉണ്ടാക്കി നാട്ടുകാരെ മൊത്തം അറിയിച്ചു. അവന്റെ ആ പൈസ വേഗം കൊടുക്കണം. അല്ലെങ്കില്‍ ഇനിയും അവളിവിടെത്തന്നെ നില്‍ക്കേണ്ടിവരും. അവളുടെ കണ്ണീര് നമ്മളിനിയും കാണേണ്ടിവരും. പിന്നെ ഇമ്മുട്ടീനെ ബര്‍ക്കത്ത്ള്ള വല്ല ആങ്കുട്ട്യേളീം കൈയില്‍ ഏല്‍പിക്കണം. മാനുവിനെയെങ്കിലും പത്താംക്ലാസ്സ് വരെ പഠിപ്പിക്കണം.
സൈദലവിക്കോയയുടെ പക്കല്‍ നിന്ന് അന്ന് നിനക്ക് പോകാന്‍ വേണ്ടി വാങ്ങിയ ടിക്കറ്റിനുള്ള പൈസയുടെ കൊടുക്കേണ്ട അവസാന അവധിയും നാളെത്തോടെ അവസാനിക്കുകയാണ്. ഈ കത്ത് നിന്റെ കൈയില്‍ കിട്ടുമ്പോഴേക്കും അവന്റെ വായിലുള്ളത് ഞാനും മക്കളും കേട്ടിട്ടുണ്ടാവും. അതൊന്നും ഉമ്മാക്ക് സങ്കടമില്ല. എന്റെ കുട്ടിക്ക് അവിടെ കണ്ണെത്താ ദൂരത്ത് ഒരു സൊന്തറവും ഇല്ലാണ്ടിരുന്നാല്‍ മതി.
നീ നേരത്തിന് എന്തെങ്കിലുമൊക്കെ കഴിക്കണം. ഇവിടുത്തെപ്പോലെ തോന്നിയപോലെയാവരുത്. കഴിക്കാനുള്ളതൊക്കെ സമയത്തിന് കിട്ടുന്നുണ്ടാവും എന്നു കരുതി ഞങ്ങള്‍ സമാധാനിക്കുന്നു. മോനേ, അറബികളോടൊക്കെ നോക്കീം കണ്ടൂം നില്‍ക്കണം. ഒരിക്കലും അവര്‍ക്ക് ദേഷ്യം വരുത്തുന്ന ഒന്നും ഉണ്ടാക്കിത്തീര്‍ക്കരുത്. അവിടെ കച്ചറയുണ്ടാക്കിയാല്‍ മധ്യം പറയാന്‍ നിന്റെ അദ്രുമാമന്‍ വരൂല്ലാന്ന് അറിയാമല്ലോ. പിന്നെ അയലോക്കത്തെ സമീറുമായി അടികൂടിയാല്‍ കുല്‍സുത്താത്ത ഒന്നും രണ്ടും പറഞ്ഞ് ക്ഷമിക്ക്ണ പോലെ അറബികള് ക്ഷമിക്കൂലാ. ഓരോന്ന് കേള്‍ക്ക്ണില്ലേ...! ഉമ്മാക്ക് മനസ്സില് തീയ്യാ മോനേ, ന്റെ കുട്ടി അങ്ങനൊന്നും ചെയ്യൂന്നല്ല. ന്നാലും ഉമ്മാന്റെ ഒരു സമാധാനത്തിന് വേണ്ടി പറീണതാ...
പിന്നെ ആസ്യമ്മൂന്റെ കുഞ്ഞോള്‍ക്ക് വരുന്ന തിങ്കളാഴ്ചക്ക് അഞ്ചു വയസ്സ് തികയാണ്. അവളെ ഓത്തിനും സ്‌കൂളിനും ചേര്‍ക്കണം. പുസ്തകോം കുടയും വടിയുമൊക്കെയായി നല്ലൊരു സംഖ്യ വേണ്ടി വരും. വീരാന്‍ തിരിഞ്ഞു നോക്ക്ണില്ല. കിട്ടാനുള്ള പണ്ടോം പണോം വേണംന്നു പറഞ്ഞല്ലേ ഓന്റെ ലഹള..! മൂന്നുനേരം കള്ളുകുടിച്ച് ചീട്ടും കളിച്ച് നടക്ക്ണ ഓനൊക്കെ എന്ത് കെട്ട്യോള്... എന്ത് കുട്ട്യോള്....! നീ ഇതൊന്നും കേട്ട് ബേജാറകണ്ടട്ടോ. ഉമ്മ ഉമ്മാന്റെ മനസ്സിലെ സങ്കടം പറഞ്ഞതാ. ങ്ങളെ ഉപ്പണ്ടായിരുന്ന കാലത്താണെങ്കി ഇങ്ങനെയൊരു ബുദ്ധിമുട്ടും നമുക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. അപ്പോള്‍ നമ്മുടെ ബേജാറിന്റെ വല്യൊരു മുള്ളൂംകെട്ട് മൂപ്പരെയങ്ങ്ട് ഏല്‍പ്പിച്ചാ മത്യാര്ന്നു. എല്ലാം കൂടി ഒരുമിച്ചാണ് വന്നത്. ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ... ന്റെ മോനാണ് ഇനി എല്ലാം നോക്കി നടത്തേണ്ടതെന്ന വിചാരം എപ്പോഴും വേണം.
അവിടെ മോശം കമ്പനികളിലൊന്നും കൂടരുത്. അത്താണിപ്പീടീലെ ഹംസപ്പാന്റെ റുമിലൊന്നും നീ പോകരുത്. അവരെ നിന്റെ റൂമിലേക്കും വിളിക്കണ്ട. കണ്ടാല്‍ ലോഹ്യം പറഞ്ഞോ. വല്ലാണ്ട് കമ്പനിക്ക് പോകാതിരുന്നാ മതി. ഓനെക്കുറിച്ചൊക്കെ നാട്ടാര് പറീണത് നീയും കേട്ടതല്ലേ...നിസ്‌കാരത്തിന്റെ കാര്യം ഞാന്‍ പറയുന്നില്ല. ഇവിടുത്തെപ്പോലെ അവിടെയും അക്കാര്യത്തില്‍ ശ്രദ്ധയുണ്ടാകുമല്ലോ. അഞ്ചുനേരോം പടച്ചോനോട് പറയ്... ഒരു കരക്കെത്താന്‍...!
മോനേ, പള്ളിക്കുന്നത്തെ ഹസീനാന്റെ മാപ്ല കുഞ്ഞൂട്ടി അടുത്താഴ്ച അങ്ങോട്ട് വര്ണ് ണ്ട്... മാങ്ങാ ഉപ്പിലിട്ടതും കൊണ്ടാട്ടം മൊളകും ഞാന്‍ കൊടുത്തയക്ക്ണ് ണ്ട്... പിന്നെ നീ പറഞ്ഞതുപോലെ റൂമിലുള്ള ആലപ്പുഴക്കാരന് കോഴിക്കോടന്‍ ഹല്‍വ കിട്ടുമോന്ന് നോക്കാം. കിട്ടീലെങ്കി ഇണ്ണീനാജിന്റെ പീടീലെ മണ്ണാര്‍ക്കാടന്‍ ഹല്‍വയേ കൊടുത്തയക്കൂ. അത് ഇന്ന ഹല്‍വയാണെന്നൊന്നും പറഞ്ഞ് വേര്‍തിരിക്കാതിരുന്നാല്‍ മതിയല്ലോ...!
പള്ളിക്കാശും വരിസംഖ്യയും 4 മാസത്തെ കുടിശ്ശികയായി, നീ പോയതിന്റെ ശേഷം തീരെ അടച്ചിട്ടില്ല. മദ്‌റസ പൊളിച്ചു പണി തുടങ്ങി. അയലോക്കക്കാര്‍ക്കൊക്കെ രണ്ടായിരം രൂപ വീതം സംഭാവന എഴുതിയപ്പോള്‍ കമ്മിറ്റിക്കാര് വന്ന് നമുക്ക് പതിനായിരം രൂപയാണ് എഴുതിപ്പോയത്. അത്രയൊന്നും എഴുതണ്ട എന്നൊക്കെ പറഞ്ഞുനോക്കി. പക്ഷേ, നീ ദുബായീലല്ലേ എന്നു പറഞ്ഞാണ് അവരിപ്പണി ചെയ്തത്. വര്ണ ശനിയാഴ്ച അതിന്റെ ആദ്യഗഡു അടച്ചേ തീരൂ...! മെമ്പര്‍ അയ്യപ്പേട്ടന്‍ ഇന്നലെ വന്ന് കൃഷ്ണന്റെ അമ്പലത്തിലെ ഉത്സവപ്പിരിവിലേക്കും ഒരു സംഖ്യ എഴുതിയിട്ടുണ്ട്. പൂരം മറ്റന്നാള്‍ തുടങ്ങും. ഇക്കുറി വല്യേ വല്യേ പരിപാടിയൊക്കെ ഉണ്ടെന്നാണ് അയ്യപ്പേട്ടന്‍ പറഞ്ഞത്.
മാനു സ്‌കൂളിലേക്ക് ദിവസോം പോകുന്നുണ്ടെന്നല്ലാതെ ഇവിടെ വായിക്ക്ണതും പഠിതക്ക്ണതും കാണാറില്ല. നീ ഉണ്ടായിരുന്നപ്പോ ഇശാ മഗ്‌രിബിന്റെ ഇടയിലെങ്കിലും ഒന്ന് മുരടനുക്കുമായിരുന്നു. പക്ഷേ, ദിവസേം രാവിലെ ഇറങ്ങുമ്പോള്‍ അമ്പത് പൈസയോ ഒരു രൂപയോ ഒക്കെ അവന് വേണം. ടൈംടേബിളിന് പൈസ വേണംന്നും പറഞ്ഞ് അവന്‍ കുറേ കരഞ്ഞു രണ്ടുദിവസം മുമ്പ്. കുല്‍സുത്താത്താന്റെ കൈയീന്ന് വാങ്ങീട്ടാ പൈസ കൊടുത്തത്. സ്‌കൂള് വിട്ട് വന്നപ്പോള്‍ കുറേ നെയിംസ്ലിപ് പോലെയുള്ള സിനിമാക്കാരുടെ ഫോട്ടോസ് മാത്രമുണ്ട്. അതിന് അവന് രണ്ട് കിട്ടിയിട്ടുണ്ട്...
മഴക്കാലം ആവാറായി. അതിന്റെ മുന്നോടിയായി ഇന്നലെ രാത്രി നല്ലൊരു മഴ പെയ്തു. പുര ഇക്കുറി വല്ലാതെ ചോര്‍ന്നൊലിക്കുന്നുണ്ട്. ഉപ്പ ഉണ്ടായിരുന്നപ്പോള്‍ മഴ പെയ്താല്‍ അപ്പോള്‍ തന്നെ വല്ല തോട്ടിയുമെടുത്ത് ചോര്‍ച്ചയടക്കുമായിരുന്നല്ലോ. ഇപ്പോള്‍ അവിടെനിന്നും വിട്ടു. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. ചായ്പ്പിന്റെ ഭാഗത്തെ ടാര്‍പ്പായ ഇന്നലത്തെ കാറ്റിന് പൊട്ടിച്ചാടി ഉണ്ടായിരുന്ന വിറകൊക്കെ നനഞ്ഞു കുതിര്‍ന്നു. മൂവാണ്ടന്‍ പൂവിട്ടിട്ടുണ്ട്. കോമൂച്ചിയില്‍ മാങ്ങ ഇക്കുറി വളരെ കൊറവാണ് കുട്ടികളൊന്നും അതിന്റെ ചോട്ടീന്ന് പോകുന്നില്ല. അതുകൊണ്ടുതന്നെ അതു മുറിക്കാനും തോന്നുന്നില്ല, അല്ലെങ്കില്‍ തല്‍ക്കാലം അതു മുറിച്ച് ഹംസാക്കാന്റെ മില്ലില്‍ കൊടുക്കാമായിരുന്നു. നിന്റെ ഉപ്പ ഉണ്ടായിരുന്ന കാലത്ത് പറയുമായിരുന്നു. അയലോക്കത്തെ കുട്ട്യേള് വന്ന് ഇതിന്റെ ചുവട്ടില്‍ വീഴുന്ന മാങ്ങയ്ക്ക് കാത്തിരിക്കുന്നതും മാങ്ങ കൈയില്‍ കിട്ടുമ്പോള്‍ അവര്‍ക്കുള്ള സന്തോഷവുമൊക്കെ ഒരു ബറ്ക്കത്താണെന്ന്...
നീ അയച്ച പൈസയില്‍ നിന്ന് അഞ്ഞൂറ് എളേമാക്ക് കൊടുത്തു. വിവരം മണത്തറിഞ്ഞ് കടം ചോദിക്കാനെന്ന പേരില്‍ കുല്‍സൂം ജാനകീം വന്നിരുന്നു. അവര്‍ക്ക് കൊടുത്താല്‍ പിന്ന ഇങ്ങോട്ട് മടങ്ങിവരവുണ്ടാകില്ലാന്ന് എനിക്കറിയാം. എന്നാലും ജാനകീടെ മുഖം കണ്ടപ്പോള്‍ എനിക്ക് കൊടുക്കാതിരിക്കാനും കഴിഞ്ഞില്ല..! ജാനകിക്ക് ഒരു മുന്നൂറ് രൂപ കൊടുത്തിട്ടുണ്ട്.
മോനേ, ഉമ്മ പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍മയുണ്ടല്ലോ അല്ലേ...! നിന്നെ ഓര്‍ക്കാത്ത സമയം ഇവിടെയില്ല. ഞങ്ങളൊക്കെ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. നീ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. കൂടുതല്‍ എഴുതുന്നില്ല. കത്ത് കിട്ടിയാല്‍ ഉടനടി മറുപടി അയക്കുക.
എന്ന്,
ഉമ്മ, ആസ്യമ്മു, ഇമ്മുട്ടി, മാനു.
പ്രിയത്തില്‍ സലാം, അസ്സലാമു അലൈക്കും.
<<<<<<<<<<<<<< facebook >>>>>>>>>>>>>>>>>>