Showing posts with label ടപ് വരി. Show all posts
Showing posts with label ടപ് വരി. Show all posts

25.9.14

ആധി സൃഷ്ടിച്ച വ്യഥ

വര്‍ഷങ്ങള്‍ക്കു ശേഷം
തറവാടും തൊടികയും
'സ്ഥാവരജംഗമ'ങ്ങളും
വീതം വയ്ക്കുന്നയന്നാണ്
മക്കള്‍ കയറിവരുന്നത്...!

ഓരോരുത്തരെയായി
ആലിംഗനം ചെയ്യുന്ന
അച്ഛന്റെ മനസ്സിലപ്പോള്‍
ഹര്‍ഷവും മോദവുമല്ലായിരുന്നു,

ആലിംഗനത്തിന്റെ മറവില്‍
ശുഷ്‌കിച്ചു വിറയാര്‍ന്ന
ആ കൈകള്‍ തിരഞ്ഞത്
'ഇവരെവിടെയെങ്കിലും
ഒളിപ്പിച്ചുവച്ചിട്ടുണ്ടോ
മാരകായുധങ്ങളെ'ന്ന
ആധി സൃഷ്ടിച്ച വ്യഥ മാത്രം!
(((((((((( Facebook ))))))))))

24.9.14

നന്നാക്കിയെഴുത്ത്‌

'അക്ഷരത്തെറ്റു വരുത്തരുത്, 
അക്ഷരത്തെറ്റു വരുത്തരുത്,
നന്നാക്കി എഴുതണ' മെന്ന് 
എപ്പോഴും പറഞ്ഞതിനാല്‍
അഞ്ചാംക്ലാസ്സുകാരന്‍ പയ്യന്‍
'നന്നാക്കി' എഴുതിത്തുടങ്ങി....
അന്നവന്‍ എഴുതിയത്
'അകഴുതവമായ നന്ദി' 
എന്നതായിരുന്നു...! 
((((((((((( FB ))))))))))

18.9.14

ബൈത്തുര്‍റഹ്മ!

'അവന്‍ നമ്മുടെ പാര്‍ട്ടിക്കാരനാണ്
ആയതിനാല്‍ അവനെ സഹായിക്കേണ്ടേ...?'

'അയാള്‍ നമ്മുടെ പ്രവര്‍ത്തകനാണ്, 
ചികിത്സാ സഹായം നല്‍കേണ്ടതുണ്ട്...'

'മൂപ്പര്‍ നമ്മുടെ ഗ്രൂപ്പുകാരനാണ്,
കുട്ട്യോള്‍ടെ പഠനം നാമേറ്റെടുക്കണം...'

വിവേചനത്തിന്റേയും വിവേകമില്ലായ്മയുടേയും 
ഇത്തരം സ്വരങ്ങള്‍ക്കിടയിലാണ് 
ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള 
ബൈത്തുര്‍റഹ്മ ഭവനനിര്‍മാണവും 
കുടിവെള്ള പദ്ധതിയും വേറിട്ടുനില്‍ക്കുന്നത്...!

കണ്ണീരൊപ്പുകയാണിതിന്റെ അണിയറക്കൂട്ടം;
വേര്‍തിരിവുകളെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ...!
മുന്നേറുക പ്രിയപ്പെട്ടവരേ, 
കാലം നിങ്ങളെ നെഞ്ചേറ്റും...!
അഭിവാദ്യങ്ങള്‍......  !
((((((((((((((((Facebook )))))))))))))))

17.9.14

ലൈക്കും കമെന്റും പെണ്ണിന് !

'നിനക്കിത്ര ലൈക്കും 
കമെന്റും ലഭിക്കുന്നത് 
പെണ്ണേ, നീയൊരു 
പെണ്ണായതിനാലാണെ'ന്നും
'നിനക്കു കിട്ടുന്ന
ഓരോ കമെന്റിലും
വിശന്നു ദാഹിക്കുന്ന
കഴുകക്കണ്ണുകളുണ്ടെ'ന്നും
പറഞ്ഞ് അയാള്‍ അവള്‍ക്കു
കമെന്റുകളിട്ടുകൊണ്ടേയിരുന്നു....!
(((((((((((( Facebook )))))))))))))))

12.9.14

അസ്തഗ്ഫിറുള്ളാഹല്‍ അളീം....

പള്ളിയുടെ മട്ടുപ്പാവിലിരുന്നാണ് 
ഹസനുല്‍ ബസ്വരിയുടെ ഖുര്‍ആന്‍ പാരായണം...
വിശുദ്ധസൂക്തങ്ങളുടെ മാസ്മരികതയിലൂടെയാണ് 
ആത്മീയഗുരുവര്യന്റെ അംഗുലീസ്പര്‍ശം...
ആ കണ്ണുകളില്‍ പ്രതിബിംബിക്കുന്നത് 
വിശുദ്ധവചനങ്ങളുടെ സൗന്ദര്യോല്ലേഖനം...
ആ അധരങ്ങളിലൂടെ പൊഴിഞ്ഞുവീഴുന്നത് 
വചനസൗകുമാര്യതയുടെ മൃദുമന്ത്രണം.....
നന്മയ്ക്കുള്ള പ്രതിഫലങ്ങളും 
തിന്മയ്ക്കുള്ള കഠിനശിക്ഷകളും 
വ്യാഖ്യാനിക്കുന്നിടത്ത് 
ആ കണ്ണുകള്‍ തറഞ്ഞുനിന്നു...
വീണ്ടും ഒരാവര്‍ത്തി അതുതന്നെ 
വായിച്ചു ഹസന്‍....!
ഹൃദയമിപ്പോള്‍ പെരുമ്പറകൊട്ടുന്നുണ്ട്....
അധരങ്ങള്‍ വിറകൊള്ളുന്നുണ്ട്....
കണ്ണുകള്‍ സജലങ്ങളാകുന്നുണ്ട്.
നാഥാ...! ഹസന്റെ തിന്മകള്‍....
ഇന്നലെകളിലെ പിഴവുകള്‍ ...
അവിവേകങ്ങള്‍, വിചാരമില്ലായ്മകള്‍...
ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍ 
ഉരുണ്ടടര്‍ന്നു വീണു ചുടുകണ്ണീര്‍.. 
തേങ്ങലുകള്‍ കണ്ഠങ്ങളില്‍നിന്ന് മേലോട്ട്....
ചുടുകണങ്ങള്‍ കവിളുകളിലൂടെ താഴോട്ട്....
ഒരു തുള്ളിയടര്‍ന്നു വീണ് താഴെയുള്ള 
ഒരാളുടെ വസ്ത്രത്തിലേക്ക്...
അതവിടെക്കിടന്ന് ചിതറിപ്പരന്നാണ്ടുപോയി....
അയാള്‍ മുകളിലേക്കു വിളിച്ചുചോദിച്ചു:
ഹസന്‍, ഇത് ശുദ്ധജലം തന്നെയല്ലേ...?
നജസ് (മാലിന്യം) ഒന്നുമല്ലല്ലോ....! 
എനിക്ക് നിസ്‌കരിക്കാനുള്ളതാണ്...
ഹസനുല്‍ ബസ്വരി അയാളോട് പ്രതിവചിച്ചു:
'സഖേ, ക്ഷമിക്കൂ എന്നോട്...
ദയവായി അതൊന്നു കഴുകിക്കളയൂ...
പാപിയുടെ കണ്ണില്‍നിന്നടര്‍ന്നുവീണ
മലിനമായ കണ്ണീര്‍ത്തുള്ളിയാണത്....!'
ദീര്‍ഘയാത്രയ്ക്കു ശേഷം കാറ്റുകൊണ്ട്
പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച മുഖത്തേക്ക്
ഇരു കൈകളിലും കോരിയെടുത്ത
തണുത്ത വെള്ളമെറിയുമ്പോഴുള്ളൊരനുഭൂതി..!
അത് പ്രായശ്ചിത്തത്തിന്റെ കുഞ്ഞു ഉദാഹരണം..
തിന്മകളുടെ ഭാണ്ഡക്കെട്ടുകളും ചുമലില്‍ ചുമന്ന്
നാമെത്രദൂരമിനിയും...?
അതാ, അവിടെയൊരു വാതില്‍ തുറന്നുകിടപ്പുണ്ട്...
തൗബക്കൊരു വാതില്‍....
പ്രായശ്ചിത്തത്തിന്റെ വാതില്‍...
അതിലൂടെയെത്താം സര്‍വശക്തന്റെയരികില്‍...
അവന്‍ കരുണാവാരിധിയത്രേ...
അല്ല, അവനോളം കരുണ ചെയ്യുന്നവരില്ലത്രേ...
കൂട്ടുകാരാ,
ഇപ്പോള്‍ നിന്റെ ഹൃദയത്തില്‍ നിന്നും 
ഒരു തേങ്ങലിന്റെ ഓളമുണ്ടോ...?
ഒരു മിടിമിടിപ്പുണ്ടോ....?
ഉണ്ടെങ്കില്‍ നിന്നില്‍ നിന്ന് അടര്‍ന്നുപോയിട്ടില്ല
നന്മയുടെ പൊട്ട്...!

(((((((((((((((((((( Facebook )))))))))))))))))))

10.9.14

ഉണ്ടായ്മയുണ്ടാകുമാറാകേണം

'കടങ്ങളില്ലാതെ
അഭിമാനിയാവണം'
എന്നാണാഗ്രഹം
പക്ഷേ,
ഈ 'തോടുകൾ
പുഴ കടക്കാൻ
അനുവദിക്കുന്നില്ല!'
— feeling ഉണ്ടായ്മയുണ്ടാകുമാറാകേണം.
((((((((((((((( Facebook ))))))))))))

25.7.14

ആറാമിന്ദ്രിയം

ഘോരവനത്തിനുള്ളില്‍ തപസ്സിലായിരുന്നു മഹര്‍ഷി വര്യന്‍.
കാടുകുലുക്കിയെത്തിയ അശ്വാരൂഢന്‍ മഹര്‍ഷിയുടെ
അരികിലെത്തി കര്‍ക്കശ സ്വരത്തില്‍ ചോദിച്ചു:
"ഹേയ്! ഇതുവഴി വല്ലവരും പോയോ...?"

"ഞാന്‍ കണ്ടില്ലല്ലോ മകനേ...."
മഹര്‍ഷി വിനയാന്വിതനായി പ്രതിവചിച്ചു.

മഹര്‍ഷിയെ രൂക്ഷമായി  നോക്കി അയാള്‍ വന്നതിനേക്കാള്‍
വേഗതയില്‍ കുതിച്ചു.

അല്‍പം കഴിഞ്ഞ് മറ്റൊരാള്‍ അതുവഴി വന്നു:
അല്‍പം മാന്യമായാണ് അയാള്‍ ചോദിച്ചത്
"നോക്കൂ, ഇതുവഴി ആരെങ്കിലും പോയോ...?"

ആരെങ്കിലും ഇതുവഴി പോയോ എന്നു ചോദിച്ച് ഒരാളിതുവഴി പോയി.
മഹര്‍ഷിയ്ക്ക് സുസ്‌മേരവദനം!

അയാളും പോയി.

മഹര്‍ഷി ധ്യാനത്തിലാണ്. സമയമേറെക്കഴിഞ്ഞു.
കരിയിലകളിലൊരനക്കം കേട്ടപ്പോഴാണ് അദ്ദേഹം മിഴിതുറന്നത്.
മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ മഹര്‍ഷിക്കരികില്‍
പുഞ്ചിരിയോടെ നില്‍ക്കുന്നു. മഹര്‍ഷി ധ്യാനത്തില്‍
നിന്നുണര്‍ന്നുവെന്ന് ബോധ്യമായപ്പോള്‍ അയാള്‍
അഞ്ജലീബദ്ധനായി പറഞ്ഞു:

" മഹര്‍ഷേ, താപസ ശ്രേഷ്ഠാ!
അങ്ങയുടെ തപസ്സിനു ഭംഗം വന്നെങ്കില്‍ ക്ഷമിച്ചാലും!
മണിക്കൂറുകളായി ഞാന്‍ അങ്ങേക്കരികിലുണ്ടായിരുന്നു.
ധ്യാനമുണരാന്‍ കാത്തുനിന്നതാണു ഞാന്‍!
അങ്ങ് ഈ വഴി ആരെങ്കിലും പോകുന്നതായി കണ്ടോ...? "

മഹര്‍ഷി വിനയത്തിന്റെ പര്യായമായി.
സ്‌നേഹമസൃണമായ ഭാഷയില്‍ പറഞ്ഞു:
"മഹാരാജാവേ, രണ്ടുപേര്‍ ഇതേ ചോദ്യവുമായി
മണിക്കൂറുകള്‍ക്കു മുമ്പ് ഈ വഴികടന്നുപോയി!"

"ഞാന്‍ രാജാവാണെന്ന് എങ്ങനെ മനസ്സിലായി...! ?
പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം ഒരു ആറാമിന്ദ്രിയമുണ്ടോ അങ്ങേക്ക്...? "

"ഇല്ല മഹാരാജാവേ! അങ്ങയുടെ സംസാരത്തില്‍,
പെരുമാറ്റത്തില്‍, എന്തിനേറെ, നോട്ടത്തില്‍ പോലുമുണ്ടല്ലോ
രാജകീയത! ഇതു മനസ്സിലാക്കാന്‍ ആറാമിന്ദ്രിയം വേണ്ടാ..!
ഉള്ള ഇന്ദ്രിയങ്ങളിലൊന്നെങ്കിലും കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മതി...!"

#പാഠപ്പെരുമഴയുള്ളൊരു കഥ!
(((((((((((((( Facebook )))))))))))))))))))))))


22.7.14

അല്‍ ഹംദു ലില്ലാഹ് !

പൊട്ടിപ്പാളീസായി അങ്ങേയറ്റം
മുഫ്‌ലിസായവനാണെങ്കിലും
'കൈഫല്‍ ഹാല്‍ ?' എന്ന ചോദ്യത്തിന്
'അല്‍ ഹംദു ലില്ലാഹ്..' എന്നേ
അറബികള്‍ മറുപടി പറയൂ.
കാലങ്ങളായി തുടര്‍ന്നുവരുന്ന
ഈ ദൈവത്തിനുള്ള
സ്തുതികള്‍ കാരണമാവാം അവര്‍
ഉത്തുംഗതയിലെത്തിയതും എത്തുന്നതും!

നമ്മള്‍ മലയാളികളോട്
'എന്തുണ്ട് വിശേഷം..?'എന്നു ചോദിച്ചാല്‍
നാം പറയുന്ന വാക്കുകളില്‍ ചിലതിങ്ങനെ:
'ങ്ആ! അങ്ങനേ പോകുന്നു... '
'ങും! കുഴപ്പമില്ല... '
'സുഖമെന്ന് പറയാം.. '
'ഹെന്ത് വിശേഷം...! '
'ഞമ്മക്കൊക്കെ എന്ത് ബിസേസം? '
'എന്താടാ..! കൊണം പിടിക്ക്ണില്ല്യ!'
'കുഴപ്പമില്ലാതെ ഒപ്പിച്ച് കഴിയുന്നു... '
'ഒരു എട്ടേ പത്തിലങ്ങനെ പോണു... '

നമ്മേക്കാള്‍ ദുരിതമനുഭവിക്കുന്നവരിലേക്ക്
നമ്മുടെ കണ്ണുകളെ പായിച്ച്,
കാതുകള്‍ ചേര്‍ത്തുവച്ച്,
മനസ്സിലേക്കാവാഹിച്ച് നമുക്കും പറയാം:
'അല്‍ ഹംദു ലില്ലാഹ്!'
സര്‍വസ്തുതികളും ദൈവത്തിനാണെന്ന്...!
(((((((((((( FACEBOOK )))))))))))))))

20.7.14

മദര്‍ കെയര്‍

അമ്മ മരിച്ചതറിഞ്ഞ്
അമേരിക്കയിലുള്ള മോനെത്തി,
ആഫ്രിക്കയിലുള്ള മോളുമെത്തി,
ആര്‍ത്തനാദത്തോടലമുറയിട്ട്!!
ജീവിതകാലത്തെത്തിനോക്കാത്ത
മക്കളുടെ മുതലക്കണ്ണീര്‍,
പ്രകാശമില്ലാത്തതിനാല്‍
അമ്മക്കണ്ണില്‍ പതിഞ്ഞില്ല!
സ്‌നേഹവാത്സല്യത്തിനമൃത്
അടങ്ങിയൊരിത്തിരി മണ്ണില്‍
ഒത്തിരി മണ്ണിനിയും ബാക്കി
ആ മണ്ണിലാണ് മക്കള്‍ക്കു കണ്ണ്!
ശേഷക്രിയകള്‍ തീരും മുമ്പേ
ശേഷിപ്പുകളും സ്വത്തുകളും
ഓഹരി വെച്ചിട്ടവിടെത്തന്നെ
വിറ്റൊഴിവാക്കി മടങ്ങുന്നേരം
അമ്മയുറങ്ങുമൊരു തുണ്ടുഭൂമി
അല്ലാത്തതെല്ലാം അന്നന്യമായി!
വഴിയില്‍ നിന്നാണറിയുന്നത്,
അമ്മയുറങ്ങുന്ന ഭൂമിക്ക്
കോടികളുടെ ലാഭക്കണക്ക്!
അവരതും മുദ്രപ്പത്രത്തിലാക്കി!!!
അങ്ങനെ,
അമ്മയുടെ നെഞ്ചിലാണ്
'മദര്‍ കെയര്‍' 
ഹോസ്പിറ്റലുയര്‍ന്നത് !
((((((((((( Facebook )))))))))))

17.7.14

ഇമാം ഗസ്സാലി













പാഠശാലയില്‍
എലി ശല്യം രൂക്ഷമായപ്പോള്‍
പൂച്ചയെ വളര്‍ത്താമെന്നൊരു
ഉപായം കണ്ടെത്തിയ ശിഷ്യരോട്
അരുതെന്നോതി, ഇമാം ഗസ്സാലി..!
കാരണമെന്തെന്നറിയാന്‍
ഗുരുമുഖത്തേക്കു നോക്കിയ
ശിഷ്യരോടവിടന്ന് പറഞ്ഞുവത്രേ,
"എലികള്‍ ഓടിമറഞ്ഞേക്കാം
പൂച്ചപ്പേടിയാല്‍ അയല്‍പക്കത്ത്!
അന്നവിടെയുമിവിടത്തെപ്പോല്‍
മൂഷികശല്യമസഹ്യമാവുകില്‍
അനീതി ചെയ്തരായി നാം
നമ്മുടെ അയല്‍പക്കക്കാര്‍ക്ക്!"
ഇമാം ഗസ്സാലി വാഴ്ത്തപ്പെടട്ടെ!!!
((((((((( facebook ))))))))))))))))

Photo courtesy: google

ഹലോ

'ഹലോ'യില്‍ തുടങ്ങി
'ഹലോ' തിരിച്ചുവാങ്ങി
മറ്റൊന്നും പറയാനില്ലാതെ
കുറേ 'പിന്നെന്താ?'യും
കുറേ 'സുഖ'ങ്ങളും
പിന്നെ  'നീ പറയൂ..' വും
'അല്ല, നീ പറയൂ..' കളും
പ്രപഞ്ചവിശാലതയിലൂടെ
പരന്നൊഴുകുന്നു...!
ഒടുവില്‍,
'എന്നാ നാളെ വിളിക്കാട്ടോ..'
കൊണ്ടൊരേറുമായി
മൊബൈല്‍ ഫോണിലെ
ചുവന്ന എന്‍ഡ് ബട്ടണ്‍
ഞെരിഞ്ഞമരുന്നതാണ്
'വിശേഷ'ത്തിന്റെ
പുതുവിശേഷം...! :)
(((((( Facebook )))))))))))))

12.7.14

നാലാം സ്തംഭം

ജനാധിപത്യത്തിന്റെ
നാലാം സ്തംഭം
ഗീബല്‍സിന്റെ
ചൊല്‍പ്പടിക്കു
വിധേയമാവുമ്പോഴാണ്
വാര്‍ത്തകളും
വീക്ഷണങ്ങളും
ന്യൂസ് ഡസ്‌കിലെ
എരിവും പുളിയുമുള്ള
വിഭവങ്ങളാകുന്നത്!
പക്ഷേ,
അതിന്റെയൊപ്പം
സത്യത്തിന്റെ
കടുകുമണിയംശം പോലും
'കുളിപ്പിച്ചു കിടത്ത'പ്പെടുന്നു!!!
(((((((( Facebook))))))))))))

11.7.14

മഅ്ദനി

മഅ്ദനി
ഒരു ആവേശമാണ്
പിന്നാക്കക്കാരുടെ
മര്‍ദ്ദിതരുടെ
പീഡിതരുടെ
ഇരകളുടെ....
മഅ്ദനി
ഒരു സിംബലാണ്
ഭരണകൂട ഭീകരതയുടെ
ഗൂഢാലോചനയുടെ
കെട്ടിച്ചമക്കലിന്റെ
ഒറ്റപ്പെടുത്തലിന്റെ
ഒറ്റിക്കൊടുക്കലിന്റെ
വേട്ടയാടലിന്റെ....
എങ്കിലും,
മഅ്ദനി
ഒരു പാഠമാണ്
ആള്‍പ്പെരുപ്പം കാണുമ്പോള്‍
ആവേശം കൊള്ളുന്നവര്‍ക്ക്
മതം 'മദ'മാക്കാന്‍
ആര്‍ത്തട്ടഹസിക്കുന്നവര്‍ക്ക്
മതത്തിന്റെ പേരില്‍
മതില്‍ക്കെട്ട് തീര്‍ക്കുന്നവര്‍ക്ക്
പോരാ പോരാ തീവ്രതയെന്ന്
യുവാക്കളോടുദ്‌ഘോഷിക്കുന്നവര്‍ക്ക്‌ ...

<<<<<<<<<<<< FACEBOOK >>>>>>>

2.7.14

ഷറപ്പോവയുടെ എഫ്.ബി പേജിലെ മലയാളിത്തം!

'ദേശസ്നേഹ'മെന്നത്
സംസ്കാരം
പണയംവെക്കലല്ല,
'മലയാളി' എന്നാൽ
'തരംതാണവനെ'ന്നു
വിളിക്കപ്പെടേണ്ടവനുമല്ല..!
പൂർവ്വീകരുടെ
പെരുമയുമുള്ള പെരുമാറ്റം
മാതൃകയാക്കേണ്ടവനും
അവരുടെ
ചോർന്നുപോകാത്ത
ആർജവത്തിൽ നിന്ന്
ഊർജമാവാഹിച്ച്
ഉത്തുംഗതയിൽ
എത്തേണ്ടവനുമാണ്...!


<<<< Facebook >>>>>>>

30.6.14

നമോ നമോ


രാമനാമം പറഞ്ഞ് വോട്ടുതേടി,
രാവണനാണെന്നുമറന്ന് ജനം
അധികാരച്ചെങ്കോല്‍ നല്‍കി,
ഹോ! 'അസുര ഭരണം' നമോ നമോ!
<<<<< Facebook >>>>>>>>>>>>>>

27.6.14

അനുരാഗിണീ...

അനുരാഗിണീ,
കാലദംശനമേറ്റ്
എന്റെ സ്വപ്നങ്ങള്‍
നീലിച്ച് വികൃതമായിരിക്കുന്നു
മരവിച്ച മോഹങ്ങള്‍ക്ക്
കൂട്ടിരിക്കുവാന്‍
ഇനിയുമെന്തിനാണീ ആശ ?
എന്തിനാണിപ്പോഴും
നിന്റെ കണ്ണിലീ പ്രണയജ്വാല?
മാലാഖയുടെ ചിറകുപോലെ
മനോജ്ഞമാം നിന്‍ കരങ്ങള്‍
ഇപ്പോഴുമെന്നെ പുല്‍കാന്‍ വരുന്നു!
വെളുത്ത നീണ്ടുമെലിഞ്ഞ വിരലുകള്‍
വരയ്ക്കുന്നു ജീവുള്ള ചിത്രങ്ങള്‍!
ഈ സാഗരത്തിലിനിയുമെന്‍
പേടകമിറക്കി
അക്കരെപ്പറ്റാനാവുമോ…!?
മൗനം കുടിച്ചുനില്‍ക്കുന്ന
ഈ ഇരുട്ടുമുറിയില്‍
ഇനിയും വികാരക്കടലലയുടെ
സീല്‍ക്കാരമുയരുമോ..!?

(((((((((((((( facebook )))))))))))))))))

തോഴീ....

ആര്‍ത്തിരമ്പിടും
അലകളിലെന്‍ ശ്വാസം
മുറിഞ്ഞുലഞ്ഞമരുന്നുവെങ്കിലും
തോഴീ,
നിന്‍ സ്‌നേഹസമുദ്രത്തിലാണല്ലോ
എന്റെ ജീവൊടുങ്ങുന്നത്!
കാണ്മൂ, ദൂരെയൊരമൃതകുംഭം!

((((((((((((( facebook )))))))))))))

23.6.14

ചാറ്റ്


'സ്വരം' മോശമാകുന്നതിനു മുമ്പ്
'ചാറ്റ്' നിര്‍ത്തണം!
(((((((( FB )))))))))))

20.6.14

എന്തിന്..?

'ഒന്നു തിരിഞ്ഞുപോലും
നോക്കുകയില്ലെന്നറിഞ്ഞിട്ടും
എന്തിനാണു പൂവാലാ
നീ എന്നെയിങ്ങനെ
തുറിച്ചുനോക്കുന്നത് !?'

(((((((((((((((( FACEBOOK ))))))))))))))

പെണ്ണേ, നീ...!