16.5.13

അപേക്ഷ

കോടമഞ്ഞ് രാവിനെയിറുകെപ്പുണര്‍ന്നു ..
ഗാഢമായൊരാലിംഗനത്തില്‍ മതി മറന്നു ..
നേര്‍ത്ത കാറ്റുമൊരു ചാറ്റലും ഗീതം പൊഴിച്ചു
കുളിരിനാല്‍ തളിരിലകള്‍ താളം പിടിച്ചു ....
ഉഷസ്സേ, നീയിപ്പോഴിങ്ങെത്തി നോക്കരുത്..!
നിശാശലഭങ്ങളുടെ താഴ്‌വാരം വെളിച്ചമാക്കരുത്....!
കെട്ടിപ്പുണര്‍ന്ന ലതകള്‍ക്കിടയിലൊരു രാപ്പാടിയും
കാര്‍മുകിലിലൊളിച്ചെത്തിനോക്കുമാ ചന്ദ്രികയും
ഉഷസ്സിനോടാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു....
ഉഷസ്സേ, നീയിപ്പോഴിങ്ങെത്തി നോക്കരുത്..!
നിശാശലഭങ്ങളുടെ താഴ്‌വാരം വെളിച്ചമാക്കരുത്....!

14.5.13

കാമാന്ധന്‍

പകല്‍കാഴ്ചയില്ലാത്ത മൂങ്ങ,
രാക്കാഴ്ചയില്ലാത്ത കാക്ക,
രണ്ടുമില്ലാത്ത കാമാന്ധന്‍ ..!

13.5.13

കൊലയാളി

ഗ്യാസ് സിലിണ്ടറുകള്‍
കൊലയാളികളാകുന്ന
ഭര്‍തൃഗൃഹങ്ങള്‍...!

12.5.13

ഓര്‍മകളിലേക്ക് ഒരെത്തിനോട്ടം

നിഷ ദിലീപിന്റെ ഹൃദയതാളങ്ങളിലെ
ഓര്‍മകളിലേക്ക് ഒരെത്തിനോട്ടം
എന്ന കുറിപ്പിനു വേണ്ടി വരച്ച ചിത്രം

11.5.13

ആരാണു നീ...?

അപരനോടാരായുന്നതിനേക്കാളവനവനോടാരായുകയെത്ര സുഖം...!

മഴയുണ്ടോ...?

അലകടലലറിക്കരഞ്ഞാരാഞ്ഞക്കരയൊരു മഴയുണ്ടോ...?


10.5.13

കിനാവ്‌

കിനാവിനു നിറങ്ങള്‍ നൂറ്
കണ്‍തുറന്നാലറുബോറ്
ബോറില്ലാത്തതൊക്കെ ജോറ്..!

ലൈക്ക്

വളയിട്ട കൈകള്‍ക്ക്
ആവോളം ലൈക്ക്
ഫെയ്ക്കായാലും മുറയ്ക്ക്‌

9.5.13

ബി.പി.എല്‍

ദാരിദ്ര്യരേഖയെ വക്രീകരിച്ച
ബി.പി.എല്‍ പട്ടിക കൊണ്ട്
ദരിദ്രരുടെ മണ്ടയ്ക്കടിച്ചു....!

സിപ്

വലിയൊരകല്‍ച്ചയെ
നിമിഷങ്ങള്‍ക്കുള്ളില്‍
അടുപ്പിക്കുന്നു സിപ് ...!

7.5.13

ഇഷ്ടം :)

വെട്ടം പകരുന്ന
മണ്ണെണ്ണ വിളക്കിന്
ആര്യാടനോടിഷ്ടം...

തലതിരിഞ്ഞ കാലം

അനിയത്തിയെ
പ്രസവിക്കേണ്ടി വരുന്ന
തലതിരിഞ്ഞ കാലം...!

4.5.13

മഴസന്ധ്യ

മിന്നലിനൊപ്പമൊരിടി
ഭൂമിയില്‍ വന്നു പൊട്ടി
തവളകളുടെ കരച്ചിലും
കുളക്കോഴികളുടെ പാട്ടും
ചിവീടിന്റെ നാദവും
പെട്ടെന്നൊന്നു നിലച്ച സന്ധ്യ!
പടിഞ്ഞാറെ മാനത്തെ
ശോണിമ കരിഞ്ഞു കറുത്തു
ചെമ്പട്ടണിഞ്ഞ അരുണന്‍
ആഴിപ്പെണ്ണില്‍ ശയിച്ചു
മാരി പെയ്തു തുടങ്ങി ...
കുളിരായ്, ഹൃദ്യമായ് ...!

3.5.13

Viddi Man നെ വരച്ചപ്പോള്‍ ...

                           വിഡ്ഢി എന്നു സ്വയം അവകാശപ്പെടുന്ന
                                   ഇദ്ദേഹം ബൂലോകത്തെ
                        ബുദ്ധിജീവിയാണെന്നതില്‍ രണ്ടഭിപ്രായമില്ല.
                              ഇ-മഷി ക്കു വേണ്ടിവരച്ച ചിത്രം

2.5.13

ഇ - ലോകം Epi: 27 (02.04.2013)




ബ്ലോഗര്‍: നൗഷാദ് വടക്കേല്‍

25.4.13

നോവ്‌

വിതുമ്പി നിന്ന
മേഘത്തെ
പടിഞ്ഞാറന്‍ കാറ്റ്
വിരുന്നിനു കൂട്ടി...

തുള്ളി കാത്തിരുന്ന
കള്ളിമുള്‍ച്ചെടിക്കിന്നും
വെള്ളാരംകല്ലുതന്നെ കൂട്ട്‌

22.4.13

വേനല്‍

ധരണിയിലേക്ക്
ആഴ്ന്നിറങ്ങുന്നു
കറുത്ത വേനലിന്റെ
കൂര്‍ത്ത ദംഷ്ട്രകള്‍ ...!
ജീവജലത്തിനായ്
കേഴുകയാണമ്മ..!
വിണ്ണേ കനിയുക
മണ്ണേ നനയ്ക്കുക....!

20.4.13

പലായനം

                                           മരണം കാത്തുകിടക്കുകയാണ്
                                           സ്‌നേഹമെന്നവര്‍ പറഞ്ഞു
                                           മരണമൊഴിയെടുക്കാന്‍
                                           കാമുകന്റെ കുപ്പായമിട്ട് അനും
                                           കാമുകിയുടെ ഉടയാടയിട്ട് അളും
                                           അരികത്തിരുന്നുറക്കമൊഴിച്ചു
                                           തെല്ലൊന്നു മയങ്ങിയപ്പോള്‍
                                           സ്‌നേഹം ഇരുവരേയും പറ്റിച്ച്
                                           കാശിയ്ക്കു പോയി...!

18.4.13

ഇ - ലോകം Epi: 25 (18.04.2013)

                                 
                                   ബ്ലോഗര്‍: ത്വല്‍ഹത്ത് ഇഞ്ചൂര്‍

പിറവി

                                                             രാവിന്റെ കുളിരില്‍
                                                             ഇലയെ കെട്ടിപ്പിടിച്ച
                                                             മഞ്ഞുതുള്ളിക്ക്‌
                                                             പ്രഭാതമായിട്ടും
                                                             വിടപറയാന്‍ മടി...
                                                             അരുണന്റെ തലോടലും
                                                             തഴുകലും കണ്ടപ്പോള്‍
                                                             മഞ്ഞിനു പിണക്കം..
                                                             ഇലയ്ക്കാണെങ്കില്‍ ശങ്ക,
                                                             ഹിമത്തെ പുല്‍കണോ,
                                                             അരുണനെ പുണരണോ..!
                                                             അരുണന്റെ രൂക്ഷനോട്ടം...
                                                             ഇലയ്ക്കു നിസംഗഭാവം..
                                                             മഞ്ഞ് ഇലയില്‍ അമര്‍ന്നു..
                                                             ഇലയിലൂടെ തുള്ളികള്‍
                                                             ഭൂമിയുടെ ഗര്‍ഭത്തിലേക്ക്
                                                             ഒരു ഹരിതകത്തിന്റെ
                                                             പിറവിയ്ക്കു സൂര്യസാക്ഷ്യം!

11.4.13

ഇ - ലോകം Epi: 24 (11.04.2013)

                                ബ്ലോഗര്‍: അന്‍വര്‍ ഹുസൈന്‍

8.4.13

ഇതോ മാധ്യമ ധര്‍മം?


പ്രതികളാക്കി ചിത്രീകരിച്ചപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റാക്കി കൊടുത്ത ഫോട്ടോ പിറ്റേന്ന് മള്‍ട്ടികളറില്‍ അച്ചടിച്ച് ഖേദപ്രകടനം നടത്തിയാല്‍ ചെയ്ത പാപം തീരുമോ മുത്തശ്ശി പത്രമേ...! സ്വന്തം ലേഖികക്കു എന്തു കുന്തവുമാകാമെന്നാണോ...!? കലാകാരന്മായ വിദ്യാര്‍ത്ഥികളെ 'കൊലാ'കാരന്മാക്കി മാറ്റിയ തൊലിക്കട്ടി അപാരം തന്നെ!
ഒരു തെറ്റൊക്കെ ഏതു പോലീസുകാരനും പറ്റുമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാവുന്ന ഒരു സംഗതിയാണിതെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങള്‍ക്കോ....?

വേദന



ഒരു ചെറു നീരരുവി
കരയിലൊരാല്‍ മരവും
തണലിലൊരാള്‍ വെറുതേ
ഒരു കുളിര്‍ കാറ്റലയില്‍
കരുതലിനാല്‍ത്തറയില്‍
പഥികനുറങ്ങിടുമ്പോള്‍
ഉണരുകയായമൃതായ്
പ്രകൃതി തന്നുള്‍ത്തടങ്ങള്‍...!
ഒടുവിലുണങ്ങിയൊരാല്‍
ചിലരുടെ വിരുതുകളാല്‍
തണലിനിയാരുതരും
ഉരുകുമൊരീ പകലില്‍
കനിവിനിയാരു തരും
വരളുമീ ഭൂമികയില്‍
ഒരു തണല്‍ തേടിയൊരാ
പഥികനൊരാള്‍ വരുമ്പോള്‍..!

5.4.13

മോണോ ആക്ട്‌


ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ്. ചെറുതായി മോണോ ആക്ടൊക്കെ  ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍ കലോത്സവത്തില്‍ ഒരു കൈനോക്കാമെന്നു കരുതി പരിപാടിക്കു പേരും കൊടുത്തു. ശ്രീകുമാരന്‍ മാസ്റ്റര്‍, രതി ടീച്ചര്‍ എന്നിവരുടെ പ്രോത്സാഹനമായപ്പോള്‍ ഒരു ധൈര്യമൊക്കെ വന്നു. എന്തൊക്കെയോ തട്ടിക്കൂട്ടി ഞാനും ചിലതൊക്കെ പഠിച്ചു തയ്യാറായി.

കലോത്സവദിനം.
വിവിധ പരിപാടികള്‍ അരങ്ങുതകര്‍ത്തുകൊണ്ടിരുന്നു...

'അടുത്തതായി മോണോ ആക്ട്. ജഡ്ജസ് പ്ലീസ് നോട്ട്... ചെസ്റ്റ് നമ്പര്‍ 37,  45, 69...... '
മോഹനന്‍ മാഷിന്റെ അനൗണ്‍സ് കേട്ടപ്പോള്‍ നെഞ്ചിടിപ്പു വര്‍ധിച്ചു.
ചെസ്റ്റ് നമ്പര്‍ 45 ആയ എലുമ്പന്‍ ചെറുക്കനെയും അതായത് എന്നേയും
മത്സരാര്‍ത്ഥികളിരിക്കുന്ന ബെഞ്ചിലേക്ക് ഹമീദ് മാസ്റ്റര്‍ ആനയിച്ചു.

'ആദ്യമായി ചെസ്റ്റ് നമ്പര്‍ 37 '
ഇതു കേട്ടപ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റു.
വിറക്കുന്ന പാദങ്ങളുമായി അവള്‍ വേദിയിലേക്കു കയറി. അധികം ഉയരമൊന്നുമില്ലാത്ത
കറുത്ത് തടിച്ചൊരു കുട്ടി. മഞ്ഞപ്പട്ടു പാവാടയണിഞ്ഞ് ഇരുവശത്തേക്കും മുടി പിന്നിയിട്ട്
അവള്‍ മൈക്കിനു മുമ്പിലെത്തി. അപ്പോഴും അവളുടെ വിറ മാറിയിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍
തന്നെ മനസ്സിലാകും.   പേടിച്ച് വിറച്ചുകൊണ്ട് സദസ്സിലേക്കും താഴേക്കും പിന്നെ വശങ്ങളിലേക്കുമൊക്കെ അവള്‍ നോക്കിക്കൊണ്ടിരുന്നു....
അവള്‍ക്കൊന്നും പറയാന്‍ കിട്ടുന്നില്ല.
കാണികളുടെ മുഖത്ത് അയ്യോ പാവം എന്ന ഭാവം!
അധ്യാപകരുടെയൊക്കെ കണ്ണുകളില്‍ സഹതാപമുണ്ടോ....!
ഏതോ ഒരുത്തന്‍ എവിടെ നിന്നോ കൂവിയെന്നും തോന്നുന്നു...!
ഇതൊക്കെ കണ്ടുനിന്ന അന്നത്തെ എനിക്ക് ഇത്തിരി ആവേശവും അല്‍പം സന്തോഷവുമൊക്കെയാണുണ്ടായതെന്ന് പറഞ്ഞാല്‍ പോരേ!
രക്ഷപ്പെട്ടു. എല്ലാവരും ഇങ്ങനെയൊക്കെ തട്ടിമുട്ടിയാല്‍ ഒരു സമ്മാനം
ഞമ്മക്കൊപ്പിക്കാമല്ലോ...! :)

മൈക്കിലൂടെ അവളുടെ ശബ്ദം വിറച്ചുകൊണ്ട് വന്നു...
'പ്രിയ....പ്പെട്ട..... സദസ്യരേ....!'
എനിക്കപ്പോഴും ചിരി വന്നു....!
ഞാനൊരു സമ്മാനമൊക്കൊ സ്വപ്‌നം കണ്ടങ്ങനെ നിന്നു..!

പക്ഷേ,
മൈക്കിലൂടെ പിന്നെ കേട്ടതെല്ലാം എന്റെ സകല പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു. എന്റെയെന്നല്ല, എല്ലാ കാണികളുടെയും ശ്രോതാക്കളുടെയും പ്രതീക്ഷ അപ്പാടെ തെറ്റി..!
അവളൊരു പുലിയായി..! പുലിയല്ല ചീറ്റപ്പുലി...!
'പ്രിയപ്പെട്ട സദസ്യരേ.... നിങ്ങളിപ്പോള്‍ കണ്ടത് ആദ്യമായി സ്‌റ്റേജില്‍ കയറിയ,
സഭാകമ്പമുള്ള ഒരു മത്സരാര്‍ത്ഥിയുടെ അവസ്ഥയാണ്.......'
സദസ്സിലാകെ കരഘോഷം! പിന്നെ അവളവിടെ അവതരിപ്പിച്ച ഐറ്റംസ് എങ്ങനെ വര്‍ണിക്കണമെന്നറിയില്ല. അത്രക്കും മനോഹരമായ പെര്‍ഫോമന്‍സ്. അവതരിപ്പിച്ചു തീര്‍ന്നപ്പോള്‍ ഒരു മഴപെയ്‌തൊഴിഞ്ഞ പ്രതീതി..! അപ്പോഴും കരഘോഷം
മുഴങ്ങിക്കൊണ്ടിരുന്നു.... പിന്നെ ഞാനും എന്തൊക്കെയോ അവതരിപ്പിച്ചു. പലരും പലതും അവതരിപ്പിച്ചു. അതൊക്കെ ഫസ്റ്റ് ഇംപ്രഷനെന്ന ബെസ്റ്റ് ഇംപ്രഷനിടയില്‍ മുങ്ങിപ്പോയെന്ന് ചുരുക്കം. ഒടുവില്‍ ഫസ്റ്റ് പ്രൈസുമായി അവള്‍, ഗീത വേദി കൈയടക്കി. ഞാനടക്കമുള്ള
മോണോ ആക്ടന്മാരൊക്കെ അങ്ങനെ നോക്കിനിന്നു. പിന്നെ കൂട്ടത്തില്‍ ചേര്‍ന്ന് കൈയടിച്ചു.

4.4.13

ഇ - ലോകം Epi: 23 (04.04.2013)

                                 ബ്ലോഗര്‍: സാബു കൊട്ടോട്ടി,

31.3.13

സംഗീത് വിനായകന്‍


ആരെയും ബ്ലോഗിലേക്ക് പിടിച്ചു വലിക്കാറില്ലെങ്കിലും
The Phoenix ന്റെ ഉടമസ്ഥന്‍ പ്രിയ കൂട്ടുകാരന്‍
സംഗീത് വിനായകന്‍ തന്റേതായ ലോകത്ത് 
സജീവമാണ്. സ്‌നേഹപൂര്‍വം സംഗീതിന്‌ ....

28.3.13

ഇ - ലോകം Epi: 21 (28.03.2013)

                                   ബ്ലോഗര്‍: ഖാദര്‍ പട്ടേപ്പാടം

23.3.13

ആശയക്കുഴപ്പം


രാവിലെ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോള്‍
റോഡില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞു:
"പായിച്ചവിട്ടി കെടക്ക്യോ.....
പായിച്ചവിട്ടി കെടക്ക്യോ...."

ങേ..!
ആര് ആരോടാണ് പായയില്‍ ചവിട്ടി കിടക്കാന്‍ പറയുന്നതെന്ന്
പുറത്തിറങ്ങി നോക്കിയപ്പോള്‍ പായയും ചവിട്ടിയും കിടക്കയും
വില്‍ക്കുന്ന ഒരു മനുഷ്യനെ കണ്ടു.

ഓഫീസിലേക്കുള്ള വഴിമധ്യേ വേറൊരാള്‍ വിളിച്ചുപറയുന്നു.
"കൊടറിപ്പയറേ...
'കൊടറിപ്പയറേ...."
മണ്‍പയര്‍, പച്ചപ്പയര്‍, ചെറുപയര്‍, വെള്ളപ്പയര്‍....
അങ്ങനെ പല പയറുകളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്.
ഇതെന്തു പയറാണപ്പാ, ഈ കൊടറിപ്പയര്‍ എന്നും ചിന്തിച്ച്
അയാളുടെ അടുത്തേക്ക് നീങ്ങി.
അയാള്‍ കുട റിപ്പയര്‍ ചെയ്യുന്ന ഒരു സാധുവായിരുന്നു...! :)

22.3.13

തമിഴന്‍ അഴകപ്പനും മല്ലു ചെല്ലപ്പനും

തമിഴന്‍ അഴകപ്പനും മല്ലു ചെല്ലപ്പനും പാടവരമ്പിലൂടെ പോകുമ്പോഴാണ് മുന്നിലൂടെയൊരു നീര്‍ക്കോലിയിഴഞ്ഞത്.
ചെല്ലപ്പന്‍  'നീര്‍ക്കോലി നീര്‍ക്കോലി'  എന്ന് വിളിച്ചുപറഞ്ഞു.
അഴകപ്പന്‍ അതു കേട്ട് 'ആമാ' എന്ന് മറുപടിയും പറഞ്ഞു.
ചെല്ലപ്പനിത് കേട്ടപ്പോള്‍ കോപമാണ് വന്നത്.
നീര്‍ക്കോലിയെക്കേറി ആമയെന്ന് വിളിച്ചാല്‍ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക. ചെല്ലപ്പന്‍ അഴകപ്പനെ തിരുത്തി:
"എട പൊട്ടനണ്ണോ അത് ആമയല്ലെടാ നീര്‍ക്കോലിയാ...."
അഴകപ്പന്‍ പറഞ്ഞു:  "ആമാ..! എനക്ക് പുരിയും..."
ചെല്ലപ്പന്‍ കൂര്‍ത്തൊരു നോട്ടം നോക്കിക്കൊണ്ട് വീണ്ടും തിരുത്തി.
"ആമയല്ലെടാ നീര്‍ക്കോലി.... നീ........ര്‍ ക്കോ......ലി..!"
അഴകപ്പന്‍ അപ്പോഴും സമ്മതിച്ചു:  "ആമാ..!"
ചെല്ലപ്പന് സഹിക്കുമോ.
അയാള്‍ അഴകപ്പനെ പാടത്തെ ചേറിലേക്കൊരു തള്ളുകൊടുത്തിട്ട് പറഞ്ഞു:
"അവിടെക്കെട ആമയേം നീര്‍ക്കോലിയേം തിരിച്ചറിയാത്ത അണ്ണാ.......ച്ചീ! വെറുതെയല്ല അണ്ണാച്ചികള്‍ക്ക് വെവരമില്ലാന്ന് പറയുന്നത്..! "

21.3.13

ഇ - ലോകം Epi: 20 (21.03.2013)

                                  ബ്ലോഗര്‍: ഷബ്‌ന പൊന്നാട്

20.3.13

മധുരിക്കും ഓര്‍മകളേ....


"..............ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ.......!"
സ്‌കൂളിലെ ഗായകന്‍ അയ്യപ്പന്റെ ദേശീയഗാനാലാപനം മധുരമായി അവസാനിക്കുമ്പോള്‍ പ്യൂണ്‍ റഫീഖിക്ക നീട്ടി മണിമുഴക്കുന്നു. ധൃതിയില്‍ സ്റ്റീലിന്റെ ചോറ്റുപാത്രം ഒരു പുള്ളിത്തൂവാലയില്‍  കെട്ടി പുസ്തകങ്ങളും പേനയും കിറ്റിലേക്ക് വാരിവലിച്ചിട്ട് അതിന്റെ ചരട് മുറുക്കി വായ കുടുസ്സാക്കിക്കൊണ്ട് മുതുകിലേക്ക് ഇടുന്നു. പിന്നെ ഒരോട്ടം.
സ്‌കൂളങ്കണത്തിലും വരാന്തകളിലും നല്ല തിരക്ക്. ഉന്തും ബഹളവും. മാനത്ത് കറുത്ത് നിന്നിരുന്ന മേഘങ്ങള്‍ തുള്ളിക്കൊരുകുടമായി ഭൂമിയിലേക്ക്... പുള്ളിക്കുടകളും വരയന്‍ കുടകളും വര്‍ണ്ണക്കുടകളും ഇടക്കിടക്ക് കറുത്ത കുടകളും പ്രത്യക്ഷപ്പെടുന്നു. കുടയില്ലാത്തവരില്‍ ചിലര്‍ തലയില്‍ കൈവെച്ച് ഓടുന്നു. ചിലര്‍ കൂട്ടുകാരുടെ കുടയില്‍ കയറി നില്‍ക്കുന്നു. മറ്റുചിലര്‍ കണ്ടവരുടെയൊക്കെ കുടയിലേക്ക് നുഴഞ്ഞുകയറുന്നു. നാലും അഞ്ചും പേര്‍ ഒരു കുടക്കീഴില്‍ കയറി  എല്ലാവരും മഴ നനയുന്നു. മഴ കൊണ്ട് നനഞ്ഞൊട്ടി ചിലരുടെ നടത്തം കണ്ടാല്‍ മഴ തന്നെ പെയ്യുന്നില്ലെന്ന് തോന്നും. ചാറ്റല്‍ മഴയും കൊണ്ട് വഴിയരികിലുള്ള മാവിലും പുളിയിലും കല്ലെറിഞ്ഞുകൊണ്ട് വീഴുന്ന പച്ചമാങ്ങക്ക് കടിപിടികൂടിക്കൊണ്ട് കിട്ടിയ കഷ്ണം വായിലേക്ക് വെക്കുമ്പോള്‍ പുളികൊണ്ട് ചുണ്ടുകോട്ടി കണ്ണിറുക്കെ ചിമ്മിക്കൊണ്ട് ഈ വഴികളിലൂടെയെത്ര തവണ നമ്മള്‍ നടന്നുപോയി....! മറക്കാനാവാത്ത സ്‌കൂള്‍ കാലവും മഴയും ഇന്നും സുഖമുള്ളൊരോര്‍മ..!!!

18.3.13

മതിലുകള്‍

നമ്മള്‍
മതിലിനപ്പുറത്തേക്ക്
ചെവി കൊടുക്കാറില്ല
മതിലുകളെപ്പോലെ
മനസ്സുകള്‍ക്കും
ഘനം വര്‍ദ്ധിച്ചു...
അതുകൊണ്ടാണ്
അപ്പുറത്തെ വീട്ടിലെ
അമ്മൂമ്മ മരിച്ചത്
അറിയാതെ പോയത്..
സുതാര്യങ്ങളായ
വേലികളായിരുന്നു
ഇതിനേക്കാള്‍ ഭേദം...

5.3.13

ശ്രീമതി. നിഷ ദിലീപ്


ഇ-ലോകത്ത് ഹൃദയതാളങ്ങള്‍ക്ക് വല്ലാത്തൊരു തിളക്കമാണ്.

മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കൊരു ജാലകം ...
അക്ഷരത്തെറ്റില്‍ നിന്നു പരമാവധി മുക്തമാണീ ബ്ലോഗ്
ശ്രീമതി. നിഷ ദിലീപിന്റെ സേവനങ്ങള്‍ക്കു മുമ്പില്‍ ബഹുമാനപൂര്‍വം....

28.2.13

ഇ - ലോകം Epi: 18 (28.02.2013)

                              ബ്ലോഗര്‍:  ജെയിംസ് സണ്ണി പാറ്റൂര്‍

26.2.13

സംഘടിക്കുവിന്‍ വിജയിപ്പിക്കുവിന്‍ ...


സസ്യലതാദികളെല്ലാം വെട്ടിവെടിപ്പാക്കുവിന്‍ ...
പക്ഷിമൃഗാദികളെയെല്ലാം വേട്ടയാടിപ്പിടിക്കുവിന്‍ ...
കുന്നും പാടങ്ങളും മലകളുമിടിച്ചുനിരത്തുവിന്‍ ...
പുഴകളും കുളങ്ങളും തോടുകളും മണ്ണിട്ടുമൂടുവിന്‍ ...
സോളാര്‍ പാനല്‍ കൊണ്ട് നമുക്ക് വൈദ്യുതിയുണ്ടാക്കാം...
കടല്‍വെള്ളം ശുദ്ധീകരിച്ച് നമ്മുടെ ദാഹം തീര്‍ക്കാം ..
ഫെയ്‌സ്ബുക്കിലുണ്ടുറങ്ങി ആശ തീര്‍ക്കാം ...
ചാനല്‍ നീല ചര്‍ച്ചകള്‍ കേട്ട് മോഹവും തീര്‍ക്കാം ..
നമുക്ക് മതങ്ങളുടെ പേരില്‍ തലതല്ലിച്ചാകാം ...
രാഷ്ട്രീയത്തിന്റെ പേരില്‍ അച്ഛനെ കൊല്ലാം ..
ഫാഷന്‍ കുറഞ്ഞതിന് ഭാര്യയെ മൊഴിചൊല്ലാം ..
പത്രാസ് കൂടിയതിന് ഭാര്യയെ സംശയിക്കാം ...
പെര്‍ഫ്യൂമിന്റെ മണമടിച്ചാല്‍ ഭര്‍ത്താവിനെതിരെ
സ്ത്രീ പീഡനത്തിന് കേസ് കൊടുക്കാം ...
അമ്മയെയന്യര്‍ക്കു കൂട്ടിക്കൊടുക്കാം ...
പെങ്ങളെ കാലിപോല്‍ കച്ചവടമാക്കാം ...
ന്യൂ ജെനറേഷനാണ് നമ്മള്‍, നമ്മളാണുന്നതര്‍ ...
നമുക്കു കിട്ടും നല്ല നാടിനുള്ള അവാര്‍ഡ്
നമുക്കു കിട്ടും നല്ല ജനതക്കുള്ള റിവാര്‍ഡ്
അഖിലലോക മാനവകുലമേ സംഘടിക്കുവിന്‍ .....
കലഹ കോലാഹലങ്ങളുണ്ടാക്കി വിജയിപ്പിക്കുവിന്‍ ...



23.2.13

വ്യതിയാനം


മുഖപുസ്തകത്തിന്റെ നീലജനാലയില്‍
കടുകോളമുള്ള പച്ചവെളിച്ചം കത്തിച്ച്
നിന്നാഗമനവും കാത്ത് രാത്രി മുഴുവന്‍
സ്‌ക്രീനിലേക്കു കണ്ണും നട്ടു ഞാന്‍ ...
രാത്രിയോടു ശുഭദിനം പറഞ്ഞ്
സൂര്യന്‍ പുഞ്ചിരിച്ചപ്പോള്‍ നീയെത്തി..
ചോദിക്കാനെനിക്കേറെയുണ്ടായിരുന്നു..
പക്ഷേ, ഒരു ഹായ്‌ക്കൊപ്പം വന്നത്
ബിസി എന്ന രണ്ടക്ഷരം മാത്രം ...!
നീ അടുത്ത പച്ചപ്പൊട്ടില്‍ കുത്തി.
അവിടെ മറ്റൊരു ജനാല തുറന്നു...
പതിവുപോലെ ഒരു ഹായ്‌ക്കൊപ്പം
രണ്ടു കുത്തും ഒരു നക്ഷത്രവുമിട്ട്
അവിടെ തപസ്സിരുന്നൂ നീ ...
മുഖപുസ്തമടച്ചുവെച്ച് ഞാന്‍
നിദ്രയായെന്ന് വൃഥാ നിനച്ചു...
ഒളികണ്ണിട്ടു നീ നോക്കുമീ ജനാലക്കിപ്പുറം
തട്ടത്തിന്‍ മറയത്ത് ഈ ഞാനാണ്...
ദാ പിടിച്ചോ സ്‌നേഹപൂര്‍വം
രണ്ടും കുത്തും ഒരു നക്ഷത്രവും ...

21.2.13

ഇ - ലോകം Epi: 17 (21.02.2013)

                            ബ്ലോഗര്‍:  സൈനുല്‍ ആബിദ് (പാവപ്പെട്ടവന്‍ )

19.2.13

ഇനിയും ഉണര്‍ന്നില്ലെങ്കില്‍...



ഭരണാധികാരികള്‍ തന്നെ പീഡനത്തിന്റെ ആശാന്‍മാരാകുന്നകാലം.
പീഡിപ്പിക്കാനും ന്യായീകരിക്കാനും പ്രതിപക്ഷ ഭരണപക്ഷ ഭേദമില്ല. ഇക്കാര്യത്തില്‍ ഈ രണ്ടു വിഭാഗങ്ങളും ഒറ്റക്കെട്ടാണ്. പരസ്പര സഹായം ചെയ്ത് രക്ഷിച്ചും സഹായിച്ചും ഇരുകൂട്ടരും ജനങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങള്‍ എപ്പോഴും പമ്പരവിഡ്ഢികള്‍..!
ന്യായവും സത്യവും നീതിയും വെറും കടലാസിലെ ഭംഗിവാക്കുകള്‍ മാത്രം.
നീതിപീഠവും ഭരണകൂടവും 'നീണാള്‍ വാഴട്ടെ....!'

അടുത്ത തവണ ഇലക്ഷന്‍ വരുമ്പോഴും ജോലിത്തിരക്കൊക്കെ മാറ്റി വോട്ടു ചെയ്യാന്‍ പോകണം. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തണം. ജയിച്ചാല്‍ ആഹ്ലാദ പ്രകടനം നടത്തണം. ലഡു വിതരണം നടത്തണം. പായസം വിളമ്പണം. അതിന്റെയൊക്കെ നിറം കൊടിയുടെ നിറമാക്കാന്‍ പ്രത്യേക ശ്രദ്ധകൊടുക്കണം. താന്‍ വോട്ടുകൊടുത്തു വിജയിപ്പിച്ചവന്‍ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞാദിവസം പടക്കം പൊട്ടിക്കണം. ചങ്കുപൊട്ടി സിന്ദാബാദ് വിളിക്കണം. പിന്നെ ചായക്കടയിലോ കലുങ്കിലോ പോയിരുന്ന് ഭരണകര്‍ത്താവിന്റെ പോരിശകള്‍ പറയണം. അവന്‍ മഹാനായ ഇന്നാലിന്ന നേതാവിന്റെ ആശീര്‍വാദങ്ങളേറ്റു വന്ന പുന്നാരമോനാണെന്ന് ചെണ്ടകൊട്ടണം. എതിര്‍ക്കുന്നവര്‍ക്കു പാരപണിയണം. എതിരാളിക്ക് എങ്ങനെയെങ്കിലും വല്ല ആനുകൂല്യങ്ങളും പഞ്ചായത്തില്‍ നിന്നോ ബ്ലോക്കില്‍ നിന്നോ വരുമ്പോള്‍ ഓന്‍ ഞമ്മളാളല്ല എന്നും പറഞ്ഞ് അതു ബ്ലോക്കാക്കണം. ഒടുവില്‍ ഓനെ ബെടക്കാക്കി തനിക്കാക്കണം. ജനാധിപത്യം എന്നാല്‍ ഇതൊക്കെയാണ്. തന്റെ നേതാവിനു നേരെ ആരോപണങ്ങളുണ്ടായാല്‍ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുവരണം. ആരോപിക്കുന്നവര്‍ക്കെതിരെ വൈകുന്നേരം അങ്ങാടിയില്‍ പന്തംകൊളുത്തി പ്രകനം നടത്തണം. പ്രതിഷേധ പ്രകടനം കൊണ്ട് അന്തരീക്ഷം മുഖരിതമാക്കണം. ഇതൊക്കെ ചെയ്യുന്നവനാണ് യഥാര്‍ത്ഥ പാര്‍ട്ടി പ്രേമി. പാര്‍ട്ടിക്ക് ഇതുമതി. പാര്‍ട്ടിക്കാര്‍ക്കും ഇതുമതി. നേതാവിന്ന് ഇതെമ്പാടും മതി.  അങ്ങനെ നമ്മള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

നമ്മള്‍ കൊടുത്ത വോട്ടുകൊണ്ട് അധികാരത്തിലേറിയ ഏമാന്മാരോ...? നമ്മുടെ സഹോദരിമാരെ പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നു. ചിലര്‍ കാമപ്പിശാച്  ബിരുദമെടുത്തവര്‍, ചിലര്‍ ബിരുദാനന്തരബിരുദമെടുത്ത് ഇപ്പോഴും അധികാരത്തിന്റെ പാല്‍പ്പായസം നുണയുന്നവര്‍. മറ്റുചിലരാകട്ടെ ഇവരെ ന്യായീകരിച്ച് വഷളാക്കുന്നവര്‍. ഒരു കൂട്ടം കാട്ടാളന്മാര്‍ മാന്യതയുടെ മുഖംമൂടിവെച്ച് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് കൊല്ലാക്കൊല ചെയ്ത ഒരു സഹോദരിയെ ഇപ്പോഴും ഈ നരാധമന്മാര്‍ വേട്ടയാടുന്നു. വേട്ടക്കാര്‍ക്കു മുമ്പില്‍ നിസ്സഹായയായ പെണ്‍കുട്ടിയും വൃദ്ധ മാതാപിതാക്കളും നീതിയുടെ ഒരുതുള്ളി വെള്ളത്തിനായി കേഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അനുഭവിക്കേണ്ടതിലപ്പുറം അനുഭവിച്ചുതീര്‍ത്ത ഇങ്ങനെയുള്ള നിരവധി കുടുംബങ്ങള്‍ .... വഴിയാധാരമാക്കപ്പെട്ട നിരവധി ജന്മങ്ങള്‍ .... ഈ നശിച്ച ലോകത്തെ വെറുത്ത് എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിച്ച അനവധി പെണ്‍മക്കളും അമ്മമാരും.... ഏതു നദിയില്‍ കൊണ്ടുപോയി കഴുകിക്കളയുമീ പാപഭാരങ്ങള്‍ !!? ഏതു പുണ്യസ്ഥലത്തു ചെന്നാലാണ്, ഏതു ദൈവത്തിന്റെ കോടതിയാണ് ഈ നെറികെട്ട വര്‍ഗത്തോടു പൊറുക്കുക...

രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അധികാരികള്‍ തലമറന്ന് എണ്ണ തേക്കരുത്. അധികാരത്തിന്റെ ഒരംശം കിട്ടുമ്പോഴേക്കും ചക്കരക്കുടത്തില്‍ കൈയിട്ട് മാന്താനുള്ള ഈ ആക്രാന്തം നിര്‍ത്തി നാടിനും നാട്ടാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാത്ത കാലത്തോളം നാടു നന്നാവില്ല. നാട്ടാരുടെ ദുരിതവും തീരില്ല.ജനാധിപത്യം...! ഹോ ആ വാക്കിന്റെ മഹിമയല്ലേ ചിലര്‍ കളഞ്ഞുകുളിച്ചത് ! പ്രിയരേ, തിരുത്തിച്ചിന്തിക്കാന്‍ സമയമായി. ക്ലാവുപിടിച്ച ഹൃദയങ്ങളുള്ള ഈ ദുഷ്ടശക്തികള്‍ക്കെതിരെ കണ്ണു തുറക്കാന്‍ സമയമായി. ഒന്നിച്ചടരാടാം തിന്മക്കെതിരെ. ഏതു നിറത്തിലുള്ള കൊടി വഹിക്കുന്നവനാണെങ്കിലും തിന്മ കണ്ടാല്‍ ചങ്കൂറ്റത്തോടെ പറയാനുള്ള ആര്‍ജവം നമുക്കുണ്ടായേ മതിയാകൂ. അതിലല്‍പം പോലും അമാന്തം കാണിക്കാതെ മുന്നേറാം...


15.2.13

കറിവേപ്പില


കാര്‍ന്നുതിന്നുന്ന
രോഗങ്ങളോടും
കടങ്ങളോടും
കടമകളോടും
പൊരുതുന്നവന്‍ പ്രവാസി...
മെഴുകിതിരി പോല്‍
ഉരുകിത്തീരുമ്പോഴും
സ്വന്തബന്ധങ്ങളുടെ
സന്തോഷങ്ങള്‍ക്ക്
വെളിച്ചമേകുന്നവന്‍  പ്രവാസി...
ആശകളെയും
മോഹങ്ങളെയും
ഇഷ്ടങ്ങളെയും
ത്യാഗത്തിന്റെ
ഖബ്‌റിലിട്ടു മൂടുന്നവന്‍ പ്രവാസി...
എങ്കിലും,
വിയര്‍പ്പില്‍ നിന്നുണ്ടായി
വീട്ടിലേറെ സൗകര്യങ്ങള്‍
നാട്ടിലേറെ സ്ഥാപനങ്ങള്‍
അയല്‍പക്കക്കാരന്റെ
മകളുടെ മംഗല്യമായി
പള്ളിപ്പണി വേഗമായി
ദേശവേല ഗംഭീരമായി
പാര്‍ട്ടിയാപ്പീസ് മോടികൂടി
ഒടുവിലൊരുനാള്‍,
കണ്‍കുളിര്‍ക്കെയെല്ലാം
കണ്ടാസ്വദിക്കാന്‍
വണ്ടികയറിയ പ്രവാസി
നാട്ടിലണഞ്ഞപ്പോള്‍
ഒരു പുഞ്ചിരിപോലും
പകരം നല്‍കാത്തവര്‍
നന്മ നിറഞ്ഞ നാട്ടാര്‍...!
അല്ലെങ്കിലും പ്രവാസീ
നീ പ്രയാസി തന്നെ...!

14.2.13

ഒരു വാലന്റൈന്‍ ചിന്ത




കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന്‌ പരിചയപ്പെട്ട ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞ വാലന്റൈന്‍ അനുഭവ കഥയാണിത്. 
___________________________________________________________

അയാള്‍ അന്നു പാലക്കാടാണ് വര്‍ക്ക് ചെയ്തിരുന്നത്. വാലന്റൈന്‍ ദിനത്തില്‍ കര്‍ണ്ണാടകയിലെ പോലീസ് സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കാന്‍ അയാളും പോയി. ബാംഗ്ലൂരിലെ കുപ്രസിദ്ധമായ ഒരു ഹോട്ടലിലായിരുന്നു അവരുടെ 'അടിച്ചുപൊളി'. സമൂഹത്തിലെ പല പകല്‍മാന്യന്മാരുടെയും സങ്കേതമായിരുന്നു അത്. മന്ത്രിമാരും സര്‍ക്കാരുദ്യോഗസ്ഥരുമൊക്കെ തങ്ങളുടെ ധൂര്‍ത്തിനും നേരമ്പോക്കിനും തെരഞ്ഞെടുക്കുന്ന ഇടത്താവളം. കാബറേ നര്‍ത്തകിമാരും മാംസവില്‍പ്പനക്കാരും കയറിനെരങ്ങുന്ന വി.ഐ.പി റസ്‌ററ്റോറന്റ്..! വിദേശനിര്‍മ്മിത കാറുകളുടെ നീണ്ടനിര കണ്ടാലറിയാം അവിടെ പൊടിപൊടിക്കുന്ന ലക്ഷങ്ങളുടെ ഒരേകദേശ കണക്ക്! അവിടെയെത്തുന്ന കൂടുതല്‍ പേരും സമൂഹത്തിലെ ഉന്നതന്മാരായ സാറന്മാരും മാഡന്മാരുമാണ്.

വാലന്റൈന്‍ദിനത്തില്‍ അവിടെ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരു ആണ്‍പെണ്‍ മിശ്രിത നൃത്തം. രാത്രി കൃത്യം 12 മണിക്ക് ഒരു ബെല്‍ മുഴങ്ങും. ബെല്‍ മുഴങ്ങിയാല്‍ എല്ലാ ലൈറ്റുകളും ഓഫാക്കുകയായി. പിന്നെ അരണ്ട വെളിച്ചത്തില്‍ കൈയില്‍ തടഞ്ഞ ആളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം.അരമണിക്കൂറിനുളളില്‍ ലൈറ്റ് വരുന്നതുവരെയാണ് അനുവദിക്കപ്പെട്ട സമയം. :( (എന്തൊരു ലോകം...!)

 ഇരുട്ടിത്തുടങ്ങിയപ്പോഴേ
ക്കും പലരും ഫിറ്റായിത്തുടങ്ങി. കാബറേ സ്റ്റേജൊരുങ്ങി. അര്‍ദ്ധനഗ്നരായ  മാദകനര്‍ത്തകിമാര്‍ നൃത്തമാടിത്തുടങ്ങി. അവര്‍ക്കൊപ്പം അവിടെക്കൂടിയവരും ആടിപ്പാടി. അധികാരികളുടെ സമ്മതത്തോടെ നടക്കുന്ന പ്രോഗ്രാമിനു തിരശ്ശീല ഉയരുകയായി. അര്‍ദ്ധരാത്രിക്കു ആ ബെല്‍ മുഴങ്ങി. ലൈറ്റുകള്‍ ഓഫായി. ബഹളത്തിനിടയില്‍ എല്ലാവരും മദ്യലഹരിയില്‍ കൈയില്‍ കിട്ടിയവരുമായി കലാപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. (അയാള്‍ തുടര്‍ന്നു..) സമയം അരമണിക്കൂറായി. ലൈറ്റ് തെളിഞ്ഞു. പലരും അരമണിക്കൂര്‍ പ്രോഗ്രാമില്‍ നിന്നും  ലഹരിയില്‍ നിന്നും അപ്പോഴും മുക്തരായിരുന്നില്ല.

പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു. തന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നു..! വീണ്ടും വെടിപൊട്ടി. അവന്‍ സ്വന്തം ശരീരത്തിലേക്കാണിപ്പോള്‍ നിറയൊഴിച്ചിരിക്കുന്നത്..!! ആളുകള്‍ ഓടിക്കൂടി. ബഹളങ്ങള്‍ക്കും വെപ്രാളത്തിനിടയില്‍ വാഹനങ്ങള്‍ പലതും പാഞ്ഞുപോയി. രണ്ടു ശരീരങ്ങള്‍ ആ തറയില്‍ വീണുപിടഞ്ഞു മരിച്ചു. താനും കൂട്ടുകാരും എന്തെന്നറിയാതെ പകച്ചുനിന്നു. പിന്നെ അവിടെ നില്‍ക്കുന്നത് അപകടമാണെന്നു തോന്നിയ തങ്ങളും ഒരുവിധം  രക്ഷപ്പെട്ടു.
*****************************
പിറ്റേന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:
'പോലീസ് ഉദ്യോഗസ്ഥന്‍ സഹോദരിയെ വെടിവെച്ചു കൊന്ന് ആത്മഹത്യ ചെയ്തു.'
അവര്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കുടുംബങ്ങളില്‍ നിന്നകന്ന് താമസിക്കുകയായിരുന്നു. വാലന്റൈന്‍ ആഘോഷിക്കാനെത്തിയതാണ് കക്ഷിയും. ലൈറ്റണഞ്ഞപ്പോള്‍ സ്വന്തം സഹോദരന്റെ പിടിയിലമര്‍ന്ന്  ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ലഹരിയും സാഹചര്യവും രക്തബന്ധത്തെ മറയിട്ടുമൂടിക്കളഞ്ഞു. ഹോട്ടലില്‍ പ്രകാശം പരന്നപ്പോള്‍ പരസ്പരം കണ്ട, അബദ്ധം മനസ്സിലായ അയാളുടെ ലഹരിബുദ്ധിയില്‍ ഉദിച്ച ആശയത്തിന്റെ ബാക്കിപത്രമായിരുന്നു സംഭവം. അതോടെ ഹോട്ടല്‍ പൂട്ടി സീല്‍വെച്ചെങ്കിലും നടത്തിപ്പുകാരും ബന്ധപ്പെട്ടവരും തങ്ങളുടെ നീചസ്വാധീനങ്ങളുപയോഗപ്പെടുത്തി രക്ഷപ്പെട്ടുവെന്നത് മറ്റൊരു കഥ.
___________________________________________________________
(കഷ്ടമെന്ന രണ്ടുവാക്കിനപ്പുറം കണ്ണുതുറക്കാന്‍ സമയമായെന്നത് നാം കൈമാറേണ്ട നന്മയുടെ സന്ദേശം. വാലന്റൈനുകള്‍ നമ്മുടെ ഉറക്കം കെടുത്താതിരിക്കട്ടെ... വ്യക്തികള്‍ നന്നായാല്‍ സമൂഹവും നന്നാവും. നാം സ്വയം നന്നാവുക... അതാവട്ടെ നമ്മുടെ പ്രതിജ്ഞ....)

ഇ - ലോകം Epi: 16 (14.02.2013)

                                 ബ്ലോഗര്‍:  മുരളി (ചിത്രകാരന്‍ )

7.2.13

ദേശാഭിമാനീ, ഇതു വല്ലാത്ത ദഹനക്കേടു തന്നെ..!



2013 ഫെബ്രുവരി 5 ന്റെ ദേശാഭിമാനി 'സ്ത്രീ'യിലെ പച്ചക്കറി എന്ന പംക്തിയില്‍ ദഹനക്കേട് വഴിമാറ്റാന്‍ വേണ്ടി തയ്യാറാക്കിയ കുറിപ്പാണിത്. ഇത്‌ എഴുതിക്കൊടുത്ത സീതാലക്ഷ്മിക്കാണോ അതോ എഡിറ്റര്‍ക്കാണോ ദഹനക്കേട്...  ?  ആ..! :)
പപ്പായയെപ്പറ്റിയാണ് പറഞ്ഞുവന്നത്. ഒടുവിലെത്തിയപ്പോഴേക്കും പപ്പായ തക്കാളിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു..! ഒന്നു വായിച്ചു നോക്കിയിട്ട് എന്താണു പറയാനുള്ളതെങ്കില്‍ വെച്ചലക്കിക്കോ...! ഞാനായിട്ടൊന്നും പറയുന്നില്ല ..!

                                                                                                                   


ഇ - ലോകം Epi: 15 (07.02.2013)

                                  ബ്ലോഗര്‍:  സജീം തട്ടത്തുമല

30.1.13

നാട(ഓട്ട)ന്‍തുള്ളല്‍

ഭരണീയരിലും ഉണ്ടല്ലോ ചോര്‍
ഉദ്യോഗസ്ഥരിലും ഏറെ ചോര്‍
കാണും രംഗത്തെല്ലാമുള്ളത്
ചോര്‍മാരുടെ പല ഫോട്ടോസ്റ്റാറ്റ് ..!
ചോരന്മാരീ നാട്ടില്‍ പെരുകി
ചോരപ്പുഴയീ നാട്ടില്‍ ഒഴുകി
കള്ളന്മാരും കൊള്ളക്കാരും
കൂട്ടംകൂടിയൊരാട്ടം ആടി...!!
നീതിയും ന്യായവും പുലരാനായി
വേഴാമ്പല്‍ പോല്‍ കേഴും പ്രജയോ
ഭാരത നാട്ടില്‍ അന്നും കഞ്ഞി
നവഭാരതമില്‍ ഇന്നും കഞ്ഞി
ഇങ്ങനെ പോയാലെന്നും കഞ്ഞി...!!!

17.1.13

ഇ - ലോകം Epi: 14 (17.01.2013)

                                  ബ്ലോഗര്‍: ഷരീഫ് കൊട്ടാരക്കര

10.1.13

ഇ - ലോകം Epi: 13 (10.01.2013)

                           ബ്ലോഗര്‍: കേരളദാസനുണ്ണി(പാലക്കാട്ടേട്ടന്‍ )

5.1.13

മാന്യന്‍ ! (?)



യാചകരായ രണ്ടു അന്ധന്മാര്‍ക്കിടയിലൂടെ ഒരു "മാന്യന്‍ " കടന്നു പോയി...
"ഇത് നിങ്ങള്‍ രണ്ടു പേരും ഫിഫ്റ്റി ഫിഫ്റ്റി ആയി എടുത്തോളൂ " എന്നൊരു ഡയലോഗും അടിച്ചു. അധര വ്യായാമം നടത്തിയെന്നല്ലാതെ അയാള്‍ ഒന്നും കൊടുത്തില്ല.
മാന്യന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു അന്ധന്‍ മറ്റേ അന്ധനോട്‌ :
"എടാ... എന്നാ പകുതിയിങ്ങ്ട് താ...."
മറ്റെയാള്‍ : "ആഹാ ..! ഇത് നല്ല കഥ..! നിന്റെ കയ്യില്‍ കിട്ടീട്ടു എന്നോട് ചോദിക്ക്യെ ... എടുക്കെടാ പാതി ...."
രണ്ടു പേരും വഴക്കായി ....
"ദുഷ്ടാ...."
"കള്ളാ...."
"പെരുംകള്ളാ ..."

"&@$$#%$$%|"
"@#*(%#$&^&^*&*&"
വാഗ്വാദമായി .....
അടിപിടിയായി ....
ആ സുഹൃത്തുക്കള്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞു....
അപ്പോഴും "മാന്യന്‍ " ഇതൊക്കെ കണ്ടു ചിരിച്ചു....

3.1.13

ഇ - ലോകം Epi: 10 (03.01.2013)

                               ബ്ലോഗര്‍: ഉസ്മാന്‍ ഇരിങ്ങാട്ടിരി

ഇ - ലോകം Epi: 12 (03.01.2013)

                                      ബ്ലോഗര്‍:  ലീലാ എം. ചന്ദ്രന്‍

1.1.13

പുതുവത്സരാശംസകള്‍ ...

വായനക്കാര്‍ക്ക് 'വരിയും വരയും' ഹൃദ്യമായ
പുതുവത്സരാശംസകള്‍ നേരുന്നു...