സീതിഹാജി ഫലിതങ്ങള്‍ നാട്ടില്‍ കത്തിനില്‍ക്കുന്നകാലം! ധീരനും രസികനുമായ സീതിഹാജി എന്ന കഥാപാത്രം പ്രായഭേദമന്യേ ആളുകളുടെ നാവിന്‍തുമ്പിലൂടെ തത്തിക്കളിച്ചിരുന്നു അന്ന്. ചിലര്‍ ഇല്ലാത്തതും, ഉള്ളതില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തുമൊക്കെ കഥകള്‍ കാച്ചിയിരുന്നു. കാമ്പസുകളിലും പാര്‍ട്ടിയാപ്പീസുകളിലും ഓവുപാലങ്ങളിലും വരെ സീതിഹാജിയുടെ തമാശകളങ്ങനെ ചിരിച്ചുനടന്നു.
ഒരു പാര്‍ട്ടി യോഗം കഴിഞ്ഞ് തീവണ്ടിയില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു സീതിഹാജി. ചെറുതായൊന്നു മയങ്ങി. ഒരു കൂട്ടച്ചിരി കേട്ടാണ് അദ്ദേഹമുണര്‍ന്നത്. നോക്കിയപ്പോള്‍ തന്റെ എതിര്‍വശത്തിരിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ തമാശപറഞ്ഞു ചിരിക്കുകയാണ്. സൗമ്യനും സരസനുമായ അദ്ദേഹം അവരെ പെട്ടെന്നു പരിചയപ്പെട്ടു. തമാശ അതല്ല, അവരുടെ കഥയിലെ താരം സീതിഹാജിയാണ്. തൊപ്പി ധരിക്കാത്തതിനാല്‍ സീതിഹാജി തന്നെയാണ് കൂടെയുള്ളതെന്ന് അവരറിഞ്ഞതുമില്ല. കഥ കേള്‍ക്കാനും ചിരിക്കാനും അദ്ദേഹവും കൂടി. ഇത് ആദ്യമായി കേള്‍ക്കുകയാണ്, ഇതില്‍ നര്‍മവും മര്‍മവുമുണ്ട്, ഇതു തീരെ തമാശയില്ലാത്തതാണെന്നൊക്കെയുള്ള അഭിപ്രായങ്ങളും പറഞ്ഞു.
കുട്ടികളിലൊരാള്‍ പറയുകയാണ്:
"സീതിഹാജി ഗള്‍ഫില്‍ പോയതായിരുന്നൂത്രേ... വിമാനം അവിടെ ലാന്റ് ചെയ്തു. ആളുകള്‍ ഇറങ്ങാനുള്ള കോണി വരുന്നതും കാത്തുനില്‍ക്കുകയാണ്. മുന്നില്‍ സീതിഹാജി തന്നെ. ആളുകള്‍ ഇറങ്ങാന്‍ ധൃതി കൂട്ടുന്നുണ്ട്. എയര്‍ ഹോസ്റ്റസ് പറഞ്ഞു: പ്ലീസ്, വെയ്റ്റ്! ഉടനെത്തന്നെ ഹാജി, പി. സീതി, എഴുപത്തിരണ്ട് എന്നു പറഞ്ഞ് താഴേക്കു ചാടി..."
ഈ കഥ മോശമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥകളങ്ങനെ പലതും പറഞ്ഞ് ഇറങ്ങാനുള്ള സ്ഥലമായപ്പോള്‍ അദ്ദേഹം കുട്ടികളോട് തന്റെ ഏറനാടന്‍ ശൈലിയില്‍ ചോദിച്ചു: മക്കളേ, ഇങ്ങള് സീതിഹാജീനെ കണ്ടിട്ട്‌ണ്ടോ..?
കുട്ടികള്‍ ഇല്ലെന്ന് തലകുലുക്കി. അദ്ദേഹം ബാഗില്‍ നിന്ന് തന്റെ പഞ്ഞിത്തൊപ്പിയെടുത്ത് തലയിലേക്കു വച്ച് ചിരിച്ചുകൊണ്ടുപറഞ്ഞു:
"ന്നാ നേരെ കണ്ടോളീ, ആ പഹയന്‍ ഞാനാ...!"
കുട്ടികളാകെ ചമ്മി. അമ്പരപ്പും ജാള്യതയും വിട്ടുമാറാത്ത കൗമാരക്കാരുടെ മനസ്സില്‍ ആദരവായിരുന്നു. ഇത് വെറുമൊരു ഫലിത സാമ്രാട്ടായ രാഷ്ട്രീയനേതാവല്ല, മഹാ പ്രസ്ഥാനമാണെന്ന് കുറച്ചു മണിക്കൂറുകള്‍കൊണ്ട് അവര്‍ മനസ്സിലാക്കിയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ മറക്കരുതെന്നു പറഞ്ഞ് അവര്‍ക്ക് തന്റെ വിലാസവും നല്‍കിയാണ് അദ്ദേഹം ഇറങ്ങിയത്. പരിചയപ്പെടാന്‍ വൈകിപ്പോയല്ലോ എന്നോര്‍ത്തിട്ടുണ്ടാവണം കുട്ടികള്‍. അവരുടെ മനസ്സില്‍ ആ മനുഷ്യസ്‌നേഹിയോടുള്ള ആദരവ് ശതഗുണീഭവിച്ചിരിക്കണമപ്പോള്‍...!
നിയമസഭയില്‍ എന്തോ വിഷയത്തെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ചര്‍ച്ചിച്ചും തര്‍ക്കിച്ചും ബഹളമുണ്ടാക്കി എല്ലാവരും മുഖം കറുപ്പിച്ചിരിക്കുമ്പോഴായിരുന്നു സീതിഹാജി പ്രസംഗമാരംഭിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. കാര്യമാത്രപ്രസക്തമായ സംസാരത്തിനു ശേഷം തമാശയിലേക്കുകടന്നു. ആളുകള്‍ അതാണ് പ്രതീക്ഷിക്കുന്നതും.
"ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതുകൊണ്ടൊന്നുമല്ല ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്. ഞാനും നായനാരും ഇംഗ്ലീഷ് പറയാന്‍ തുടങ്ങിയതോടെ ഇനി നിന്നിട്ട് കാര്യമില്ലെന്നുകണ്ട് ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടോടിപ്പോയതാണ്.."
തമാശ കേട്ട് മുഖ്യമന്ത്രി നായനാരും ആര്‍ത്തുചിരിച്ചു.
അല്ലെങ്കിലും, അന്നൊക്കെ പ്രതിപക്ഷബഹുമാനമുണ്ടായിരുന്നു. ഏതു കൊടിയുടെ ആളായാലും പരസ്പരം സ്‌നേഹവും ബഹുമാനവും ആദരവുമൊക്കെയുണ്ടായിരുന്നു, അണികളിലും നേതാക്കളിലുമൊക്കെ! അതൊക്കെ മാഞ്ഞും മറഞ്ഞും ഇല്ലാതെയാവുന്ന, പരസ്പരം വാളെടുക്കുന്ന, ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യമക്കളെ കൊന്നൊടുക്കുന്ന വര്‍ത്തമാന രാഷ്ട്രീയത്തിന്റെ സഹചാരികളും അനുഭാവികളുമായി മാറാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. :( ഇനിയിതാ, നാളെ പുലരാന്‍ കാത്തിരിക്കുകയാണെല്ലാവരും; പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുടേയും അണികളുടേയും പാര്‍ട്ടിക്കാരുടേയും നെഞ്ചത്ത് പൊങ്കാലയിടുവാന്‍...! ഇപ്രാവശ്യം അത് സോഷ്യല്‍ മീഡിയകളില്‍ നിന്നുകൂടി പ്രവഹിക്കും...! നാം നമ്മുടെ നാവിനേയും ശരീരത്തേയും കീ ബോര്‍ഡിലമരുന്ന വിരലുകളേയും സൂക്ഷിച്ചുകൈകാര്യം ചെയ്താല്‍ നമുക്കായിരിക്കും വിജയം! :)
<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>
<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>
നല്ല കുറിപ്പ് ..
ReplyDeleteനര്‍മ്മ ബോധം ജീവിതാവബോധത്തിന്‍റെ അളവുകോലാണ് .അത് ഏറെയുണ്ടായിരുന്നു സീതി ഹാജിക്ക് ..നല്ല ഓര്‍മ്മക്കുറിപ്പ് റിയാസ്,
ReplyDeleteസീതി ഹാജിയെ പഴമക്കാർക്കൊക്കെ എങ്ങിനെ മറക്കുവാൻ കഴിയും...?
ReplyDeleteടി പി ചെറൂപ്പ എഴുതിയ 'സീതിഹാജി ഒരു വിസ്‌മയം ' അദ്ധേഹത്തെ നന്നായി പരിചയപ്പെടുത്തുന്നുണ്ട് ... സീതിഹാജി ഫലിതങ്ങൾ ഇപ്പോഴും ഓടികൊണ്ടിരിക്കുന്നു . പക്ഷെ സീതിഹാജി വേണ്ടത്ര വായിക്കപ്പെടാതെ പോയിട്ടുണ്ട്
ReplyDeleteകുറേയായി ഈ വഴി വന്നിട്ട്. വന്നപ്പോ ഒരു നല്ല വായന കിട്ടി. സന്തോഷം
ReplyDelete