പൊന്നു മക്കളേ,
വെള്ളക്കെട്ടിലേക്ക് വീണ്
മരണത്തോടു മല്ലടിക്കുമ്പോള്‍
ഉപ്പാ എന്ന് വിളിച്ചില്ലേ നിങ്ങള്‍..?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫിദ മോളേ,
വൈകിയുണരുന്ന
ഉപ്പയുടെ കവിളില്‍ തട്ടി
ഉണര്‍ത്തിയിരുന്ന നിന്റെ
കുഞ്ഞിക്കൈകള്‍ നീട്ടി നീ
സഹായമഭ്യര്‍ത്ഥിച്ചിരുന്നില്ലേ...?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫൈഹക്കൂട്ടീ,
ക്രൂരതയെന്തെന്നറിയാത്ത
രണ്ടു വയസ്സുകാരിയായ
നിന്റെ കുസൃതി നിറഞ്ഞ
കുഞ്ഞു കണ്ണുകളില്‍
ഭയം വന്ന് മൂടിയപ്പോള്‍
നീ 'ബ്ബാ ..ബ്ബാ' എന്ന്
നിലവിളിച്ചില്ലേ...?
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
പൊന്നു പെങ്ങളേ,
ഫൈഹ മോളെ പ്രസവിച്ച
നാളുകള്‍ നീ ഓര്‍ക്കുന്നില്ലേ...?
പേറ്റുനോവ് മാറും മുമ്പേ
പ്രസവക്കിടക്കയില്‍ വെച്ച്
നിന്റെ പ്രിയതമന്‍ തല്ലിയത്...
അവശയായ നിന്റെ വായില്‍
നുരയും പതയും വന്നത്...
നിന്റെ വീട്ടുകാര്‍ വന്നത്...
അവരോട് നീ കളവുപറഞ്ഞത്..
പ്രിയതമനെ രക്ഷിച്ചത്....!
പെങ്ങളേ, സ്വാബിറാ...
നിന്റെ പേരിന്റെ അര്‍ത്ഥം
ക്ഷമിക്കുന്നവളെന്നാണ്..
നീ ക്ഷമിച്ചു ക്ഷമിച്ച്
ഇങ്ങനെയായല്ലോ..!
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
നനഞ്ഞ രാത്രികളില്‍
മഴപെയ്യുന്ന രാവുകളില്‍
നീ സ്‌നേഹം പകര്‍ന്നത്..
ഇടിനാദം കേള്‍ക്കുമ്പോള്‍
കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച്
നല്ലപാതിയുടെ ചാരെ
അഭയം പ്രാപിച്ചത്....!
എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!
ഫിദക്കുട്ടീ,
പാറപ്പുറത്തെപ്പറമ്പ്
എല്‍.പി സ്‌കൂളിന്റെ
ചുമരുകളും നീയിരുന്ന
ചുവന്ന കുഞ്ഞിക്കസേരയും
കഴിഞ്ഞ തിങ്കളാഴ്ച
പൊട്ടിക്കരഞ്ഞിട്ടുണ്ടാവും,
നിന്റെ പ്രിയപ്പെട്ട
ടീച്ചര്‍ കരഞ്ഞപ്പോള്‍...!
പിടിച്ചു നില്‍ക്കാനാവുന്നില്ല
കരുത്തൊട്ടുമില്ല, ഞങ്ങള്‍ക്കും
കണ്ണുകള്‍ നിറയുന്നുണ്ട്,
മനസ്സകം വിങ്ങുന്നുണ്ട്
കണ്ഠം ഇടറുന്നുണ്ട്
ഇതു കുത്തിക്കുറിക്കുമ്പോഴും!
അകലെയിരുന്നു കൊണ്ട്
ഞാനെന്റെ മക്കള്‍ക്കൊന്ന്
ഫോണ്‍ ചെയ്യട്ടെയിനി,
അല്ലെങ്കിലിന്നുറങ്ങില്ല ഞാന്‍ !
<<<<<<<<FB>>>>>>>
















