5.7.12

വിധിവൈപരീത്യം ....

നീ വരുവോളം ഇവിടെ
ഈ ഇരുളിന്‍ കരിക്കട്ടയില്‍
കത്തിക്കരിഞ്ഞു ചാരം പോല്‍
ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയാ...
ഞാനെന്റുള്ളില്‍ നിന്നാര്‍ത്തട്ടഹസിച്ചു...
തലതല്ലിക്കരഞ്ഞു കാല്‍ക്കല്‍ വീണു കേണു
അരുതെന്ന്‌ കേണപേക്ഷിച്ചു നിഷ്‌ഫലം!
അമ്മയാരു പൊന്‍ സഹോദരിയാരെന്നു
തിരിയാത്ത ദുഷ്ടരാം കഴുകരെന്നെ...എന്നെ...
എങ്കിലും പ്രിയാ നിന്നാശ്വാസ വാക്കുകള്‍
കാത്തിരിക്കുന്നു ഞാന്‍ ജീവച്ഛവമായ്‌
നിണം വീണ മാംസഗന്ധ ധരണിയില്‍
ഏകയായ്‌ ആലംബഹീനയായ്‌...
ഇതാത്മഗതം!
പിന്നെ പെണ്‍തരിയബോധയായ്‌...
ചെന്നായ്‌ക്കള്‍ മേയുന്ന
ഇരുളിലൊരു തേങ്ങലായ്‌...
**********************************
കിഴക്കുവെട്ടം ഒളിഞ്ഞുനോക്കി
പത്രവും പാല്‍ക്കാരും ജീവിതം തുടങ്ങി...
പെട്ടെന്നൊരുവിളി കേട്ടാള്‍ക്കൂട്ടം കൂട്ടമായ്‌..
പിന്നെയുമാ കൂട്ടം ബഹുകേമമായ്‌..
ആ വൃത്ത നടുവിലവള്‍ കണ്‍തിരുമ്മി...
കീറിപ്പറിഞ്ഞയുടുപ്പിലൂടെയപ്പൊഴും
കഴുകക്കണ്ണുകള്‍ കൊത്തിവലിച്ചു
കഥകള്‍ കൊടുങ്കാറ്റു പോല്‍ പരന്നു...
വൈകൃതര്‍ കഥയില്‍ നീലം ചേര്‍ത്തു..
അയ്യയ്യ...! പ്രതികരണ ശേഷിയില്ലാ-
ത്തവരാം ഈ നമ്മളോ..?
നീചരല്ലോ നികൃഷ്ടരല്ലോ..!
************************************
നിയമപാലകര്‍, പിന്നെ കോടതികള്‍
മാധ്യമക്കഥകളും ഫ്‌ളാഷ്‌ ലൈറ്റുകളും..
മന്ത്രിപൂംഗവരുടെ വാഗ്‌ദാനങ്ങള്‍...
പ്രതികളെ ശിക്ഷിക്കുമെന്നാക്രോശങ്ങള്‍....
ഇലക്ഷനില്‍ തീപ്പൊരിയായതും ഇതുതന്നെ
കളക്ഷനില്‍ ചിലര്‍ക്കു ലാഭദാതാവുമിതുതന്നെ
ദിനങ്ങള്‍ ദളങ്ങളായ്‌ കൊഴിഞ്ഞുവീണു...
പ്രിയനെ കാത്തിരുന്നവളുടെ കണ്‍തളര്‍ന്നു..
വരണേ മനം തരണേ എന്നാശിച്ചവള്‍...
വരണമാല്യം ലഭിക്കും കൊതിച്ചവള്‍...
ഒരുപറ്റം കഴുകരാക്രമണം നടത്തിയെ-
ന്നാലുമൊരു മടിയുമില്ലാതവന്‍ പുല്‍കും..
ആശകള്‍ മൊട്ടിട്ടു പുഷ്‌പിച്ചു പിന്നെയും
നാല്‍ചുമരിനുള്ളിലാ ഹൃദയം പിടച്ചു..
***************************************
പോലീസ്‌ കുതിച്ചെത്തി വാഹനങ്ങള്‍ ഏറെ
പിറകെ ക്യാമറകളും ലേഖകര്‍ നീളെ
പോലീസുശുനകരും ശുനകപോലീസരും
വക്കീലും കോട്ടിട്ട ന്യായത്തിനധിപരും
ജാള്യം മറച്ചൊരാള്‍ കൂടെയുണ്ടൊപ്പമില്‍
ജാഥപോല്‍ നീങ്ങുന്ന രംഗമത ടി.വിയില്‍
ഒരു കീറത്തുണികൊണ്ടവന്‍ മുഖം ഭദ്രമായ്‌ ...
മറച്ചിട്ട്‌ ധൃതിയില്‍ നടക്കുന്നു പ്രതിയായ്‌...!
ഒടുവിലവന്‍ തന്റെ പ്രിയനായിരുന്നെന്ന
ഒടുക്കത്തെ വാക്കവള്‍ ഒരുമാത്ര കേട്ടുവോ?
കാഴ്‌ചവെച്ചവന്‍ തന്റെ പ്രിയതമയെയെത്രയോ
കാശിന്റെ ദുര മൂത്ത് ഭ്രാന്തനായ് മാറിയോ ...
ഇനിയാരെ നോക്കണം? ഇനിയാരെ കാക്കണം?
ഇനി ലക്ഷ്യമെന്തെന്നറിയാത്തവള്‍ ഞാന്‍ ...!
ഒരു പാഴ്‌ത്തടിപോലെ ധരണിയിലവള്‍ വീണു
ഒരു ദീര്‍ഘശ്വാസം... മാറിയതന്ത്യശ്വാസം...
അപ്പൊഴും സ്‌നേഹത്തുരുത്തില്‍ നിന്നെവിടെയോ
ഒരു ഗാനം നേര്‍ത്തു കേള്‍പ്പുണ്ടായിരുന്നോ?
നീ വരുവോളം ഇവിടെ
ഈ ഇരുളിന്‍ കരിക്കട്ടയില്‍
കത്തിക്കരിഞ്ഞു ചാരം പോല്‍
ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയാ...''
 ***
- റിയാസ്‌ ടി. അലി

2 comments: