15.3.12

ജാത്താലുള്ളത്‌ തൂത്താല്‍ പോകുമോ...?

റിയാസ്‌ ടി. അലി.

അവരുടെ വീട്ടുമുറ്റത്ത്‌ ഒരു പൂവ മരമുണ്ടായിരുന്നു. നാട്ടിന്‍പുറത്ത്‌ പൂവമരത്തിന്‌ "പുഗ്ഗമരം" എന്നും പറയാറുണ്ട്‌. കുട്ടികളും മുതിര്‍ന്നവരുമൊക്കെ മരച്ചോട്ടില്‍ സ്ഥിരമായി എത്തും. അങ്ങനെയങ്ങനെ നാട്ടുകാര്‍ ആ വീട്ടുകാരെ എന്തോ 'പുഗ്ഗക്കാര്‍' എന്ന്‌ വിളിച്ചുതുടങ്ങി. ആദ്യം രഹസ്യമായും പിന്നെ പരസ്യമായും ആ പേരു പ്രശസ്‌തമായി. അവര്‍ക്കു കുറച്ചൊന്നുമല്ല ദേഷ്യം തോന്നിയത്‌. ക്ഷമക്കൊരതിരില്ലേ... ഇതിപ്പൊ കൊച്ചുകുട്ടികള്‍ പോലും തങ്ങളെ പുഗ്ഗക്കാരെന്നാ വിളി..! പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ വിളി ജനമുപേക്ഷിച്ചില്ലെന്നു മാത്രമല്ല, പൂര്‍വ്വോപരി ശക്തിയോടെ നാട്ടിലൂടെ ആ പേര്‌ ധ്രുതഗതിയില്‍ സഞ്ചരിച്ചു. അവര്‍ കുടുംബയോഗം ചേര്‍ന്ന്‌ തീരുമാനിച്ചു, നമുക്കിനി ഈ പൂവമരം വേണ്ടെന്ന്‌. രണ്ടും കല്‍പിച്ച്‌ അവരതു മുറിച്ചു. പൂവമരം മുറിച്ച സ്ഥലത്ത്‌ അതിന്റെ കുറ്റി മാത്രം അവശേഷിച്ചു.

ദിവസങ്ങള്‍ കന്നുപോയി. പതിയെപ്പതിയെ അവര്‍ക്കു മറ്റൊരു പേര്‌ കിട്ടിത്തുടങ്ങി. 'പുഗ്ഗക്കുറ്റിക്കാര്‍' എന്ന്‌...! ദേഷ്യം പിന്നെയും അവരുടെ മനസ്സില്‍ പണിതുടങ്ങി. ഒടുവിലവര്‍ ആ കുറ്റിയും പിഴുതുമാറ്റി. അവിടെ ഒരു കുഴി രൂപാന്തരപ്പെട്ടു. പോരേ പൂരം....! പിന്നെക്കിട്ടിയ പേരായിരുന്നു പുഗ്ഗക്കുഴിക്കാര്‍..! ന്റെ പടച്ചോനേ....! ആകുഴിയവര്‍ മണ്ണിട്ടു നികത്താത്തതു നന്നായി. അല്ലെങ്കില്‍...!

No comments:

Post a Comment