പ്രയാസി
റിയാസ് ടി. അലി
സ്വപ്‌നങ്ങളും മോഹങ്ങളും സ്വരൂക്കൂട്ടിയാണ് അവന്‍ മരുഭൂമിയിലെത്തുന്നത്. ഭാര്യയുടെ കെട്ടുതാലിപോലും വിറ്റും കിടപ്പാടം പണയംവെച്ചും കടംവാങ്ങിയും പ്രതീക്ഷകളുടെ വിമാനം കയറുമ്പോള്‍ വരാനിരിക്കുന്ന വിഷമങ്ങളൊന്നും അവന്‍ സ്വപ്‌നേപി നിനച്ചിരിക്കില്ല. പലപ്പോഴും പലരും മരുഭൂവിലിറങ്ങിയാല്‍ കഷ്ടപ്പാടിനാല്‍ നിര്‍മ്മിച്ച തുലാസ്സിന്മേല്‍ ഞാണിന്മേല്‍കളിപഠിക്കാന്‍ വിധിച്ചവനായിരിക്കും. അങ്ങനെ കിട്ടുന്ന ജോലികളില്‍ നിന്ന് സമ്പാദിക്കുന്നതെല്ലാം പലപ്പോഴായി സംഭാവനകളായും സഹായങ്ങളായും റിലീഫുകളായും അവനില്‍ നിന്നു ചോര്‍ന്നുപോയിട്ടുണ്ടാവും. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പരിഭവങ്ങളും പരാതികളും കുമിഞ്ഞുകൂടുന്നതിനിടയില്‍ പെങ്ങന്മാരുടെവിവാഹങ്ങള്‍ പൂര്‍ണ്ണമായും അവന്റെ തലയിലാണ്. അയല്‍പക്കക്കാരന്റെ വീടുപണിയും നാട്ടിലെ പള്ളി-മദ്‌റസകളും സംഘടകളും രാഷ്ട്രീയപാര്‍ട്ടികളുമൊക്കെ അവരുടെ വിഹിതങ്ങള്‍ സമര്‍ത്ഥമായി തട്ടിയിട്ടുണ്ടാവും. നാട്ടിലെ മിക്ക പെണ്‍കുട്ടികളുടെയും വിവാഹ സ്‌ത്രീധനച്ചെലവിലേക്കുള്ള അകമഴിഞ്ഞ ഓഹരി കൊടുത്തില്ലെങ്കില്‍ നാട്ടില്‍ നിന്നു വരുന്ന മിസ്സ്‌കോളുകള്‍ കൊണ്ട് 'ദുബായിക്കാരന്' മരുഭൂമിയില്‍ നിക്കക്കള്ളിയില്ലാതാവും. അങ്ങനെയങ്ങനെ ഒരു മെഴുകുതിരി ഉരുകിത്തീരുകയാണ്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടിലേക്കു വന്നാലും നേരത്തെ സൂചിപ്പിച്ചവന്മാര്‍ പിടിവിടാതെ 'ദുബായിക്കാര'ന്റെ പിന്നിലുണ്ടാവും. പൊങ്ങച്ചക്കാരായ നല്ലപാതിയും മാതാപിതാക്കളും കൂടിയുണ്ടെങ്കില്‍ കുശാലായി. കൈയിലുള്ളതെല്ലാം ഒരുഭാഗത്തോക്കാവുമ്പോഴേക്കും ലീവും തീര്‍ന്നു. പിന്നെയും മരുഭൂമിയിലേക്ക്.... അങ്ങനെ തുടരുന്നു അവന്റെ രാപ്പകലുകള്‍.... യാതനയുടെയും വേദനുടെയും ഇല്ലായ്‌മകളുടെയും വല്ലായ്‌മകളുടെയും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുവീണൊരുനാള്‍ മിച്ചം വെച്ച തുച്ഛവുമായി തിരിച്ചിനി മരുഭൂമിയിലേക്കില്ലെന്നു നിയ്യത്തും ചെയ്‌ത് ഒരുപാടു മോഹങ്ങളുമായാണ് അവന്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നത്. അപ്പോഴേക്കും പലതരത്തിലുള്ള രോഗങ്ങള്‍ അവനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിട്ടുണ്ടാവും. പിന്നെ മരുന്നും മന്ത്രങ്ങളുമായി ചികിത്സക്കുവേണ്ടി കുറേ നോട്ടുകെട്ടുകള്‍.., ആരോഗ്യം നശിച്ച വൃദ്ധനെ തിരിഞ്ഞുനോക്കാനും ശുശ്രൂഷിക്കാനും പലര്‍ക്കും തങ്ങളുടെ സ്റ്റാറ്റസ് അനുവദിക്കുന്നില്ല. അവന്റെ പണത്തില്‍ കൊഴുത്തവര്‍ക്കും വേണ്ടത്ര പരിഗണനയില്ല. വല്ലാതെ അടുപ്പമുള്ള ചിലര്‍ക്കു മാത്രം ചില സഹതാപനോട്ടം മാത്രമുംണ്ട്. സിംഹഭാഗവും അന്യര്‍ക്കുവേണ്ടി ജീവിച്ചുതീര്‍ക്കുന്ന ഈ പ്രവാസികളുടെ നൊമ്പരങ്ങള്‍ സമൂഹമൊന്ന് കണ്ടറിഞ്ഞിരുന്നെങ്കില്‍.....!
പ്രവാസം അനുഭവിക്കുന്നവര്‍ക്കൊരു നൊമ്പരമാണ്.. പലപ്പോഴും ഉറ്റവരെ ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുന്ന അവന്റെ ദുഃഖങ്ങള്‍ പക്ഷെ ഗൃഹാതുരത്വത്തിന്റെ സങ്കടങ്ങള്‍ മാത്രമായി തള്ളപ്പെടുന്നു. നാട്ടില്‍ അവനെ സ്നേഹിക്കുന്നവര്‍ക്കും അവന്റെ അസാന്നിധ്യം ദുഖകരം തന്നെ.പക്ഷെ എല്ലാറ്റിനും മുകളില്‍ നമ്മള്‍ 'ജീവിതപ്പെട്ടു' പോകേണ്ടിയിരിക്കുന്നു .മൂന്നാം ലോക രാജ്യങ്ങളില്‍ ഇനിയും പ്രവാസികള്‍ വര്‍ധിച്ചു കൊണ്ടേ ഇരിക്കും. ഉടുതുണിക്ക് മറു തുണിയില്ലാതെ പാലായനം ചെയ്യുന്ന അഭയാര്‍ഥികളെക്കാള്‍ ഭേദം എന്ന് കരുതി ഒരു ചെറു നെടുവീര്‍പ്പോടെ ആശ്വസിക്കാം, മറ്റൊരിടത്ത് ഇതേ വിഷയത്തില്‍ പറഞ്ഞ അഭിപ്രായം ഞാന്‍ ആവര്‍ത്തിക്കുന്നു റിയാസ്.. പ്രവാസ ജീവിതം തന്നെ ഒരു ആവര്‍ത്തനമല്ലേ
ReplyDeleteഇ-സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കത്ത് കാലത്തെ പ്രവാസിയുടെ നൊമ്പരങ്ങള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ഉറ്റവരുടെ മരണവാര്‍ത്ത പോലും ആഴ്ചകള്‍ക്കു ശേഷമറിയുന്ന കാലം...! ഹൊ..! വല്ലാത്തൊരു അവസ്ഥയായിരിക്കും അത്.
Deleteനന്ദി നിസൂ.. വന്നു നോക്കിയതിന് ...
എന്തെഴുതിയാലും എത്രയെഴുതിയാലും തീരാത്തതാണ് പ്രവാസജീവിതം. പലപ്രവാസികളുടെ ജീവിതവും ടെക്സ്റ്റ് ബുക്കുകളാണ്. വായിച്ചു പഠിക്കേണ്ട പുസ്തകങ്ങള്‍. നഷ്ടപ്പെടലുകളില്‍ സങ്കടപ്പെടാതെ സ്വന്തം പ്രയാസങ്ങള്‍ പുറത്തറിയിക്കാതെ എരിഞ്ഞുതീരുന്ന ജീവിതങ്ങള്‍.
ReplyDeleteതീര്‍ച്ചയായും ശ്രീ.. നൊമ്പരത്തിന്റെ ഭാണ്ഡങ്ങളുമായി മരുഭൂമിയിലൂടെ നടന്നുനീങ്ങുന്നവന്‍ പ്രവാസി....
Delete