20.7.14

പ്ര 'പാഷാണങ്ങള്‍'


മളാന്‍ മാസം മതപ്രസംഗങ്ങളുടെ കൂടി കാലമാണ്. ഒരു മാസംകൊണ്ട് സകലമാന മുസ്‌ലിംകളെയും 'നല്ലപിള്ള'കളാക്കാന്‍ വേണ്ടി കാക്കത്തൊള്ളായിരം സംഘടനകളുടേയും മതസ്ഥാപനങ്ങളുടെയും ലേബലില്‍ കവലകളായ കവലകളിലെല്ലാം മതപ്രസംഗ മാമാങ്കങ്ങളാണ്. അതിനു പുറമേ പട്ടണങ്ങളില്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് ചില താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കാട്ടിക്കൂട്ടലുകള്‍ വേറെയും!

കേരളീയ മുസ്‌ലിം സമൂഹത്തിനിടയിലെ അജ്ഞതയകറ്റാനും അവരെ ധാര്‍മികതയുടെ പാതയിലുറപ്പിച്ചുനിര്‍ത്താനും വേണ്ടി കാലാകാലങ്ങളായി നിലനിന്നിരുന്ന മതപ്രസംഗ പരമ്പരകളുടെ സംഘാടകര്‍ക്കും വേദി കൈകാര്യം ചെയ്തിരുന്ന പ്രഭാഷകര്‍ക്കും ഇന്നലെകളിലുണ്ടായിരുന്ന ആത്മാര്‍ത്ഥതയുടെ തെല്ലൊരംശംപോലും തൊട്ടുതീണ്ടിയിട്ടില്ല ഇന്നത്തെ പ്രഭാഷണപ്പെരുമഴകളിലെന്നത് സുതരാം വ്യക്തമാണ്. ഇതിനപവാദമായി വിരലിലെണ്ണാവുന്ന പരിപാടികളും ഇഖ്‌ലാസ്വുള്ള സംഘാടകരുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നുമില്ല.

പാലക്കാട് ജില്ലയിലെ ഒരു മുസ്‌ലിം ഭൂരിപക്ഷപ്രദേശത്ത് പള്ളിമദ്‌റസാ സംയുക്ത കമ്മിറ്റി സംഘടിപ്പിച്ച മതപ്രഭാഷണവേദിയില്‍ 'പ്രൗഢോജ്വലവാഗ്മിയും വിശ്വാസികളുടെ ഹൃദയങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുന്ന അനുഗൃഹീത പണ്ഡിതനു'മെന്ന് അനൗണ്‍സ്‌മെന്റിലൂടെ കേട്ട മാന്യദേഹമായിരുന്നു പ്രഭാഷകന്‍. വിശ്വാസിവൃന്ദത്തിന്റെ ആത്മാര്‍ത്ഥതകൊണ്ടും പരിശുദ്ധ റമളാനിലെങ്കിലും സര്‍വശക്തനിലേക്ക് അടുക്കാനുള്ള അദമ്യമായ മോഹംകൊണ്ടും കൈക്കുഞ്ഞുങ്ങളെ വരെയെടുത്ത് ഓടിയണഞ്ഞ സഹോദരിമാരടക്കമുള്ള വന്‍ജനാവലി..! പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രഭാഷകന്റെ 'കോള്‍മയിര്‍ കൊള്ളിക്കല്‍' ആരംഭിച്ചു. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ നിഷ്‌കളങ്കമാനസങ്ങളിലേക്ക് ഉദാരമനസ്‌കരായ പ്രവാചകപത്‌നി ഖദീജാബീവി (റ)യുടേയും ദുന്നൂറൈനി ഉസ്മാ(റ)ന്റേയും കഥകള്‍ പറഞ്ഞ് പിരിവിന്റെ പുതുപുത്തന്‍ രീതിശാസ്ത്രപരീക്ഷണങ്ങള്‍ നടത്താനാരംഭിക്കുന്നതിന്റെ ലക്ഷണമാണ് പിന്നീട് കണ്ടത്. കൈയിലുള്ളവര്‍ കൊടുത്തോട്ടെ, അതിനവര്‍ക്ക് പടച്ചോന്റട്ത്ത്ന്ന് പ്രതിഫലവുമുണ്ടല്ലോ എന്നൊക്കെ നമുക്കു തോന്നുമെങ്കിലും ഇവിടെ അരങ്ങേറുന്ന ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ നാടകത്തിന്റെ കഥകേള്‍ക്കുമ്പോള്‍ നാം അറിഞ്ഞൊന്നന്തം വിടുമെന്നതില്‍ സംശയമില്ല.

ഉമ്മമാരേ..... സഹോദരികളേ.... സഹോദരങ്ങളേ... എന്നിങ്ങനെ നീട്ടിവിളിച്ച് സ്വര്‍ഗീയാരാമത്തിന്റെ ശ്രേഷ്ഠതകളും മഹത്ത്വങ്ങളും പുതുശൈലിയിലിവതരിപ്പിച്ച് ഈ പരിപാടിയിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറുള്ള ഏത് ഖദീജയുണ്ടിവിടെ, ഏത് അബൂബക്‌റുണ്ടിവിടെ, ഏത് ഉസ്മാനുണ്ടിവിടെ.... എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്കുശേഷം സദസ്സിലേക്കു കണ്ണുപായിക്കുമ്പോള്‍ അതാ സദസ്സില്‍ നിന്നുയരുന്നു, കുറേ അബൂബക്ര്!മാരുടെയും ഉസ്മാനുമാരുടെയുമൊക്കെ തലകള്‍...! അവര്‍ ചെറിയ സംഖ്യയൊന്നുമല്ല 'വാഗ്ദാനിക്കു'ന്നത്. ഒരു ലക്ഷവും അര ലക്ഷവും പതിനായിരങ്ങളുമൊക്കെയായി അവര്‍ പ്രഖ്യാപിക്കുമ്പോള്‍ സദസ്സ് സ്വലാത്തുകളും തക്ബീറുകളുംകൊണ്ട് മുഖരിതമാവുന്നു. സദസ്സിന്റെ പല ഭാഗങ്ങളിലുള്ള നാലഞ്ചുപേരുടെ വലിയ സംഖ്യാവാഗ്ദാനത്തോടെ പട്ടിണിപ്പാവങ്ങളുടെ പോലും മനസ്സുലഞ്ഞുമലിഞ്ഞും സംഭാവനകള്‍ കൂമ്പാരമാവുമ്പോള്‍ പരിപാടി ഗംഭീരമാവുകയായി...! പ്രാര്‍ത്ഥനയും കരച്ചിലും പിഴിച്ചിലുമൊക്കെയായി രംഗം ശാന്തമാവുമ്പോള്‍ വലിയൊരു സംഖ്യ വാഗ്ദാനമായി ലഭിക്കുന്നു. 'സ്ത്രീകള്‍ക്കു പ്രത്യേകം സജ്ജമാക്കിയ' ഭാഗത്ത് നിന്നും വരുന്ന ബക്കറ്റുകളില്‍ സ്വര്‍ണാഭരണങ്ങളാണ്. കൈയിലെ മോതിരവും കഴുത്തിലെ മാലയും മാലകൊടുക്കാന്‍ വല്യ താത്പര്യമില്ലാത്തവരുടെ മാലലോക്കറ്റുകളും കുഞ്ഞുങ്ങളുടെ കാലില്‍ നിന്നൂരിയെടുക്കുന്ന പാദസരങ്ങളുമങ്ങനെയങ്ങനെ.....! കല്യാണത്തിനു പോകാന്‍ വായ്പ വാങ്ങിയ അയല്‍പക്കക്കാരിയുടെ മാല വരെ ഊരിക്കൊടുത്ത സംഭവങ്ങളുണ്ട്. എന്നിട്ട് ആ മാലയ്ക്കു പകരം കൊടുക്കാന്‍ ഭര്‍ത്താവിനെക്കൊണ്ട് മാലവാങ്ങിപ്പിക്കുന്നുസഹധര്‍മിണി. ഈ നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ പ്രതിഫലമുണ്ടെന്നതില്‍ ഒരു ശങ്കയുമില്ല. പക്ഷേ, ഇതിന്റെ പിന്നിലുള്ള നാടകത്തിന്റെ ചുരുളഴിയുന്നത് പ്രസംഗ ശേഷം പ്രഭാഷകന്റെ വക കമ്മിറ്റിക്കാരോടുള്ള 'ഒരൊറ്റ വര്‍ത്താന'ത്തോടെയാണ്. അദ്ദേഹം പറയും: ആ ആദ്യം വാഗ്ദാനിച്ച അഞ്ചാളുടെ പേരങ്ങ്ട് വെട്ടിക്കാളാ...! വലിയൊരു സംഖ്യ സംഭാവന ലഭിച്ച സംഘാടകരെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്‌നമല്ലാതെ അവര്‍ ചിരിച്ചുമണ്ണുകപ്പും, ഉസ്താദിന്റെ ഈ ഒടുക്കത്തെ ബുദ്ധിയിലും ഐഡിയയിലും സായൂജ്യമടഞ്ഞ്..! സംഭവം മനസ്സിലായില്ലേ..? ആദ്യത്തെ ആ അഞ്ചുപേര്‍ മൂപ്പരുടെ ശിങ്കിടികള്‍ തന്നെയായിരുന്നു. ഇപ്പോഴാണ് നേരത്തെ ഫെയ്‌സ്ബുക്കില്‍ വൈറലായിരുന്ന ആ ഇബ്‌ലീസിനെ പിടിച്ചുകെട്ടുന്നതിന്റെയും 'മെരട്ടി' വിടുന്നതിന്റെയുമൊക്കെ ഫോണ്‍ സംഭാഷണ നര്‍മത്തിന്റെ മര്‍മം മനസ്സിലാവുന്നത്. :D

തീര്‍ന്നില്ല, പ്രഭാഷണ (നാടക) ത്തിനു ശേഷം പ്രഭാഷകന്റെ രണ്ടര മണിക്കൂര്‍ നേരത്തെ അഭിനയത്തിനുള്ള തുക അമ്പതിനായിരത്തിന്റെ നോട്ടുകെട്ടുകളും വണ്ടിവാടകയായി പതിനായിരത്തിന്റെ വേറൊരു കെട്ടും കൊടുത്ത് യാത്രയാക്കുകയാണ് സംഘാടകര്‍. കക്ഷി പോകുന്നത് തമിഴ്‌നാട്ടിലേക്കാണെന്നാണ് സംഘാടകരോടു പറയുന്നത്. ഉസ്താദും ശിങ്കിടികളും യാത്രയായപ്പോള്‍ പെരുമഴ തോര്‍ന്നൊഴിഞ്ഞ പ്രതീതിയായി.

തീര്‍ന്നോ..? ഏബടെ തീരാന്‍...! ഇനിയല്ലേ ആറടിമണ്ണും അതിലെ പച്ചമണ്ണില്‍ കിടക്കേണ്ട ദുരവസ്ഥയുമൊക്കെ വിശദീകരിച്ച് കരഞ്ഞ, നമ്മെ കരയിച്ച ഉസ്താദവര്‍കളുടെ വിശേഷം നാമറിയാന്‍ പോകുന്നത്! പരിപാടി കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം പ്രഭാഷകനെ ഏല്‍പിച്ചുകൊടുത്ത നാട്ടിലെ ഒരു ചെറുപ്പക്കാരന് ഒരു ഫോണ്‍കാള്‍.
പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ നിന്നാണ്. റൂം റെന്റ് വകയില്‍ എഴായിരത്തഞ്ഞൂറ് രൂപ അടയ്ക്കണമത്രേ. അയാള്‍ക്ക് ആദ്യം ഒന്നും പിടികിട്ടിയില്ല. സംഭവമെന്തെന്നോ? ഉസ്താദവര്‍കള്‍ പ്രഭാഷണം കഴിഞ്ഞ് നേരെ പോയത് തമിഴ് നാട്ടിലേക്കല്ല. നാടകത്തിനു ശേഷമുള്ള വിശ്രമത്തിനായി ആധുനിക സുഖസൗകര്യങ്ങളുള്ള മുന്ത്യേ ഹോട്ടലിലേക്കാണ്. അതിന്റെ ചെലവും സംഘാടകരുടെ തലയില്‍!

പ്രവാചകന്‍ (സ്വ) പറഞ്ഞിട്ടുണ്ട്: 'ഇന്ന മിനല്‍ ബയാനി ല സിഹ്‌റാ..!'
ഈ വചനം ആളുകളെ ഒരു കാര്യം പറഞ്ഞുപറഞ്ഞ് മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നതിനെ സംബന്ധിച്ചുതന്നെയാണ്. ഇങ്ങനെ ചെയ്യുന്നതില്‍ ആഭിചാരമുണ്ടെന്നാണ് അവിടുന്ന് പഠിപ്പിച്ചത്. മാത്രവുമല്ല, അല്‍പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമല്ലോ, ഇതൊരുതരം കബളിപ്പിക്കലാണെന്ന്. (ആളുകളെ കബളിപ്പിക്കുന്നതിനെ സംബന്ധിച്ച് നേരത്തെ അബ്ദുല്ലാഹിബ്‌നു ആമിര്‍ (റ) ന്റെ ഉമ്മയുടെ ചരിത്രമുദ്ധരിച്ചിരുന്ന് ഒരു കുറിപ്പ് ഇട്ടിരുന്നല്ലോ. കളവു പറഞ്ഞും പറ്റിച്ചും ദീനീസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പണമുണ്ടാക്കാമെന്ന് ഇവരെയൊക്കെ പഠിപ്പിച്ചത് ഏത് ഇസ്‌ലാമാണ്..? ഏത് ഖബ്‌റിനെക്കുറിച്ചാണ് ഇവര്‍ പറഞ്ഞുപേടിപ്പിക്കുന്നത്..? ഏത് ഹിസാബിന്റെ കഥ പറഞ്ഞാണ് ഇവര്‍ കണ്ണീരൊഴുക്കുന്നത്..? ഏതു മീസാനാണ് ഇവരെ ഭയചകിതരാക്കുന്നത്..? ഏതു മഹ്ശറയിലെ കത്തിജ്വലിക്കുന്ന സൂര്യനാണിവരെ ഇപ്പോള്‍തന്നെ വിയര്‍പ്പിക്കുന്നത്..? അറിവുള്ളവര്‍ തന്നെ ഇങ്ങനെയുള്ള കോപ്രായങ്ങളാടിത്തിമര്‍ക്കുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...?

ഇവര്‍ക്കറിയുമോ ആവോ മര്‍ഹൂം സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാരെന്ന മതപ്രഭാഷകനെ..!
അറിയില്ലെങ്കില്‍ ആ മഹാമനുഷ്യനില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനുമുണ്ടെന്ന് അറിയേണ്ടതാണ്. കിലോമീറ്ററുകളോളം കാല്‍നടയായി കേരളത്തിലെ വിവിധ മഹല്ലുകളിലേക്കിറങ്ങിച്ചെന്ന് 'ശൈഖുനാന്ന് പറഞ്ഞാല്‍ ഖുനാ ഖുനാ എന്നു പറയുന്ന മൈക്ക്‌സെറ്റ് വേണ'മെന്ന വാശിയില്ലാതെ, എ.സി റൂമുകളും സുഭിക്ഷമായ ഭക്ഷണവും വേണമെന്ന ശാഠ്യമില്ലാതെ ഇസ്‌ലാമിന്റെ ശബ്ദം ജനഹൃദയങ്ങളിലേക്കെത്തിച്ചിരുന്ന ഹൈദ്രൂസ് മുസ്‌ലിയാര്‍ ഒരു ദിവസം പ്രഭാഷണം കഴിഞ്ഞ് അര്‍ദ്ധരാത്രി വിശ്രമിക്കാനെത്തിയത് ഒരു പഴയ പള്ളിയുടെ ചെരുവി (വരാന്ത)ലായിരുന്നു. തന്റെ ഹാന്‍ഡ് ബാഗ് തലയിണയാക്കി വിശ്രമിക്കുമ്പോള്‍ പള്ളിയിലെ മുക്രി, ഇദ്ദേഹം ആരെന്നു മനസ്സിലാകാത്തതിനാല്‍ എല്ലാ അപരിചിതരോടും പറയുന്നതുപോലെ പള്ളി വരാന്തയില്‍ നിന്നു മാറണമെന്ന് കുറച്ച് കര്‍ശനമായിത്തന്നെ ആവശ്യപ്പെട്ടു. മറുത്തൊന്നും പ്രതികരിക്കാതെ പാണ്ഡിത്യത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന ആ മഹാമനുഷ്യന്‍ ഹൗളി (അംഗസ്‌നാനത്തിനുള്ള വെള്ളക്കെട്ട്)ന്റെ ഓരത്ത് നനഞ്ഞുതണുത്ത പ്രതലത്തില്‍ ഒരു കീറത്തുണിയും വിരിച്ചുറങ്ങിയത് മറക്കാനാവാത്ത ചരിത്രമാണ്. പിറ്റേന്ന് രാവിലെ മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് ഇത് ഹൈദ്രോസ് മുസ്‌ലിയാരാണെന്ന് മനസ്സിലാക്കിയ മുക്രി, അദ്ദേഹത്തോട് ക്ഷമാപണം നടത്താന്‍ മുതിര്‍ന്നപ്പോള്‍ 'താങ്കള്‍ ഒരിക്കലും ക്ഷമ പറയേണ്ട ആവശ്യമില്ല, അങ്ങ് അങ്ങയുടെ ജോലി ഭംഗിയായി നിര്‍വഹിച്ചെന്നും ഇങ്ങനെ കര്‍ത്തവ്യബോധം നമുക്കുണ്ടാവണ'മെന്നും പുഞ്ചിരിയോടെ പറഞ്ഞ ഉസ്താദിനെപ്പോലെ നിഷ്‌കളങ്കരും നാഷ്‌കാമകര്‍മികളും ജീവിച്ചുപോന്ന പാരമ്പര്യത്തിന്റെ കണ്ണികളെന്നവകാശപ്പെടാന്‍ പുതുപ്രഭാഷകര്‍ക്ക് കഴിയുമോ..? ഒരിക്കലുമില്ല. അന്ന് ഇന്നത്തെയത്ര ഇലക്ട്രോണിക് സംവിധാനങ്ങളില്ലെങ്കിലും അത്യാവശ്യം വേണ്ടത്ര സൗകര്യങ്ങളും രാജകീയസ്വീകരണങ്ങളും വേണമെങ്കില്‍ അവര്‍ക്ക് ലഭ്യമായിരുന്നു. അതിനെല്ലാം തയ്യാറായിരുന്ന വലിയ തറവാടുകളിലെ ധനികസമൂഹം അക്കാലത്തുമുണ്ടായിരുന്നു. പക്ഷേ, ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അവര്‍ ആര്‍ഭാടങ്ങളുപേക്ഷിച്ചതായിരുന്നു.

നിയ്യത്ത് നന്നാവാതെ ചില ഭൗതികതാത്പര്യങ്ങള്‍ക്കു വേണ്ടി പ്രത്യക്ഷപ്പെട്ട സകല പ്രഭാഷകരും വന്നതിലും വേഗത്തില്‍ ചിത്രത്തില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ചരിത്രമാണ് മലയാളക്കരക്കുള്ളത്. ആര്‍ത്തട്ടഹസിച്ച് ജയ് വിളിക്കുന്ന അണികളെക്കണ്ടപ്പോള്‍ ഇതൊക്കെ ഞമ്മന്റെ സ്വന്തക്കാരാണെന്നു തോന്നിയപ്പോള്‍ പൊന്നുപോലെയുള്ള ഇസ്‌ലാമിന്റെ സുന്ദരാശയപ്പൂമുഖത്ത് തീവ്രവാദത്തിന്റെ പാണ്ടുണ്ടാക്കാന്‍ ശ്രമിച്ചവരും, അഹങ്കാരത്തിന്റെ മൂര്‍ത്തീമദ്ഭാവമായി, എന്നിലപ്പുറം മറ്റാര്‍ക്കുമൊന്നുമറിയില്ലെന്നു വിശ്വസിച്ചവരുമൊക്കെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളനുഭവിക്കുന്നവരും ഒരു വേദിയെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ചാന്‍സ് അന്വേഷിക്കുന്നവരുമൊക്കെയായി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ ഇപ്പോള്‍ കിട്ടുന്ന ഈ അംഗീകാരങ്ങള്‍ക്കൊക്കെ പരിധിയും പരിമിതിയും നിശ്ചയിക്കുന്ന സര്‍വശക്തനുണ്ടെന്നത് വിസ്മരിക്കാതിരുന്നാല്‍ വരുംകാലത്തും ചവറ്റുകുട്ടയിലെറിയപ്പെടാത്തവരായി വേദികളെ കോള്‍മയിര്‍ കൊള്ളിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന് പ്രത്യാശിക്കാം.

((((((((((((((((facebook )))))))))))))))))))))

3 comments:

  1. എല്ലാ മതങ്ങളിലും ഉണ്ട് ..ഇങ്ങനെ മദം പൊട്ടിയ ചില കൂട്ടം ...പാവം പൊതുജന വിശ്വാസികള്‍

    ReplyDelete
  2. ധീരമായ ഈ തുറന്നു പറച്ചിലിന് ആയിരം ലൈക് റിയാസ് ഭായ് . ചിലര്‍ക്കെങ്കിലും ഈ തിരിച്ചറിവ് ഉണ്ടാക്കാന്‍ ഈ കുറിപ്പ് കൊണ്ട് സാധിക്കട്ടെ ...

    ReplyDelete
  3. എല്ലാ മതങ്ങളിലും ഇത്തരക്കാരുണ്ട്.
    ജനം തിരിച്ചറിയട്ടെ.
    ആശംസകള്‍

    ReplyDelete