7.7.14

പരിചയ 'സമ്പന്നന്‍'

കുറേ മാസങ്ങൾക്കു ശേഷം യാദൃച്ഛികമായാണ്‌ ഇന്നവനെ കണ്ടത്‌. അതും ബസിൽ വച്ച്‌. നടക്കാവിൽ ഞാൻ താമസിക്കുന്ന റൂമിന്റെ അടുത്ത്‌ അവനൊരു ചെറിയ ഷോപ്പുണ്ടായിരുന്നു. വലിയ മെച്ചമില്ലാത്തതിനാലാണത്രേ അത്‌ നിർത്തിയത്‌. അവന്റെ കാര്യം വളരെ രസകരവും തമാശ നിറഞ്ഞതും പിന്നെയും എന്തൊക്കെയോ ആണ്‌.
ആരെയും പെട്ടെന്ന് പറഞ്ഞു വീഴ്ത്താൻ കക്ഷിക്കു നന്നായി അറിയാം. പത്തു മിനുട്ട്‌ ഒരാളോട് സംസാരിച്ചാൽ മതി, അയാൾക്കു പിന്നെ ഇടയ്ക്കിടക്ക്‌ അവനെ കാണാനും വിളിക്കാനുമൊക്കെ തോന്നും. അത്രയ്ക്ക്‌ വശീകരണ ശക്തി അവന്റെ വാക്കുകളിലുണ്ട്‌. അവൻ ആരെയും അങ്ങോട്ടു വിളിക്കാറില്ല. വിളിച്ചവരെ നിരാശപ്പെടുത്താറുമില്ല. അഥവാ, വല്ല തിരക്കിലുമാണെങ്കിലും അവൻ മധുരമായേ പ്രതികരിക്കൂ. വിളിയ്ക്കപ്പുറത്തുള്ളത്‌ ആരായാലും അയാൾക്കു തൃപ്തിയായെന്നു അവന്റെ സംസാരം കേൾക്കുന്ന നമുക്കും മനസ്സിലാവും. എന്നിട്ടും അവന്റെ ഷോപ്‌ എങ്ങനെ നഷ്ടത്തിലായെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല.

കക്ഷി എന്റെ സീറ്റിന്റെ എതിർ സൈഡിലായിരുന്നു, എന്നെക്കണ്ടപ്പോൾ ചാടിപ്പിടഞ്ഞ്‌ എന്റടുത്ത്‌ വന്നിരുന്ന് വിശേഷങ്ങൾ പറയാൻ തുടങ്ങി; ചോദിക്കാനും.
കൂട്ടത്തിൽ 'നിർത്തിയ ഷോപി'നെക്കുറിച്ചും അവൻ പറഞ്ഞു:

"ഇക്കാ, അവിടെ പരമസുഖം തന്നെയായിരുന്നു. ഷോപ്‌ തുടങ്ങി ഒരു മാസത്തിനു ശേഷം കട നിർത്തുംവരെ ഭക്ഷണത്തിനും താമസത്തിനും എനിക്ക്‌ അഞ്ചുപൈസ ചെലവായിട്ടില്ല "

"ങേ! ആ മായാജാലം എങ്ങനെ?"
ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. (റൂം റെന്റ്‌, ഫുഡ്‌ എന്നീ വകയിൽ നല്ലൊരു സംഖ്യ മാസാമാസം ആവുന്നുണ്ടെനിക്ക്‌. അതുകൊണ്ട്‌ തന്നെ എന്റെ ആശ്ചര്യത്തിനു നല്ല കട്ടിയും ഘനവും ഉണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ )

"അവിടെയടുത്തുള്ള ഒരു അമ്മച്ചിയുടെ ഹോട്ടലിലായിരുന്നു ബ്രേക്ഫാസ്റ്റ്‌. ഒരാഴ്ച സ്ഥിരമായി പോയപ്പോൾ ഞാൻ അവർക്കു മകനെപ്പോലായത്രേ എത്ര നിർബന്ധിച്ചാലും പൈസ വാങ്ങൂല. 'അമ്മച്ചി ഇനി പൈസ വാങ്ങിയില്ലെങ്കിൽ ഞാനിവിടെ വരൂല്ല' എന്നു പറഞ്ഞപ്പോൾ അവർ ഒറ്റക്കരച്ചിൽ! പിന്നെന്തു ചെയ്യാനാ! അങ്ങനെ രാവിലെയും ഉച്ചയ്ക്കും അവിടെ നിന്ന് ഫ്രീ! "

"അപ്പൊ രാത്രി ?"

"രാത്രി അവിടെ നിക്കട്ടെ,
വൈന്നാരത്തേത്‌ കഴിയട്ടെ "

" പറയ്‌"

" ……… നടുത്ത്‌ (സ്ഥലം ഞാൻ പറയുന്നില്ല. ഇതു വായിച്ചിട്ട്‌ അവിടെയൊന്നു പോയാലോ എന്നാർക്കും തോന്നണ്ട! ) ഒരു കൂൾബാറില്ലേ? അവിടത്തെ ചേച്ചിയ്ക്ക്‌ എന്നോട്‌ പ്രേമം! 'കുടിയനും സ്നേഹശൂന്യനു'മെന്ന് അവർ പറയുന്ന ഭർത്താവിനോടുള്ള ഇഷ്ടക്കേടും പുച്ഛവുമായിരിക്കാം എന്നോട്‌ ഇഷ്ടം തോന്നാൻ ഒരു കാരണം. എന്താവട്ടെ, അവർ ദിവസവും വൈകുന്നേരം ഒരു ഗ്ലാസ്സ്‌ പാലോ ജ്യൂസോ ഒക്കെ തരും, അവിവാഹിതനായ ഞാൻ എന്റെ 'ചാരിത്ര്യം' ഒരുവിധത്തിലാണ്‌ സംരക്ഷിച്ചതിക്കാ...! "

അവൻ മനോഹരമായി ചിരിച്ചു. അവന്റെ കൂടെ ഞാനും പങ്കു ചേർന്നു.
അവൻ തുടർന്നു :

" ഷോപിന്റെ അപ്പുറത്തൊരു എംബ്രോയിഡറി വർക്ക്‌ ചെയ്യുന്ന സ്ത്രീ ഉണ്ടായിരുന്നില്ലേ?"

"ങും! അവർ?"

"അവർ രാത്രി ഭക്ഷണം പൊതിഞ്ഞുകെട്ടി മതിലിനു മുകളിലൂടെ കൊണ്ടുത്തരും ദിവസോം! വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. വിഭവ സമൃദ്ധമായിരുന്നു അതും! "

"അപ്പോ മൊത്തം.പെണ്ണുങ്ങളോടാ കൂട്ട്‌ അല്ലേടാ? "

"അല്ലിക്കാ, താമസിക്കാൻ ഇടം തന്നത്‌ കൃഷ്ണേട്ടനല്ലേ! മൂപ്പരു പെണ്ണാ? അദ്ദേഹത്തിന്റെ കടയിലെ വിശ്രമ മുറിയിലായിരുന്നു കിടത്തം. ബെഡ്‌ഷീറ്റും തലയിണയും കട്ടിലും എന്തിനേറെ ഏസി വരെ അവിടെയുണ്ടായിരുന്നു. അത്‌ വേറെ കഥ. അതു പിന്നെപ്പറയാം"

"ഹെന്റമ്മോ! എടാ, നീയെന്തു കൈവിഷമാ ആൾക്കാർക്കു നൽകുന്നത്‌!?"

"ഒന്നുമില്ലിക്കാ, ആൾക്കാരോട്‌ ഞാൻ മിണ്ടിയാൽ കുഴപ്പമാ. ഞാനിനി വായ തുറക്കുന്നില്ലാന്ന് തീരുമാനിച്ചു, പ്രത്യേകിച്ചും പെണ്ണുങ്ങളോട്‌! "

"ങും! അതു പോട്ടെ, നീയിപ്പൊ എങ്ങോട്ടാ?"

"കൊയിലാണ്ടി.
ഒരു ഫ്രണ്ടിന്റെ വീട്‌ അവിടെയാ. അവനൊരു വിസ വന്നിട്ടുണ്ട്‌. കുറച്ച്‌ പൈസ കൊടുത്ത്‌ സഹായിക്കാംന്നു വിചാരിച്ചു. പാവങ്ങളാ! പതിനായിരം രൂപയ്ക്ക്‌ ഇനി ആയിരത്തിന്റെ കുറവുണ്ട്‌. അതുകൂടി ഞാനൊപ്പിക്കും."

"ഇനിയിപ്പൊ എങ്ങനെ? കൊയിലാണ്ടീൽ പരിചയക്കാരുണ്ടോ?"

"ഏയ്‌. ഇല്ല."

"പിന്നെ ?"

അവൻ കുറച്ചുനേരം ആലോചിച്ചിരുന്നു. പിന്നെ നടക്കാവിലെത്തുന്നതു വരെ കൂട്ടുകാരന്റെ കഥകളാണ്‌ പറഞ്ഞത്‌. കൂട്ടുകാരന്റെ അച്ഛനു ആക്സിഡെന്റായതും അമ്മയ്ക്കു നടുവേദന വന്നു കിടപ്പിലായതും അങ്ങനെയങ്ങനെ...!

ഞാൻ നടക്കാവിൽ ഇറങ്ങുമ്പോൾ അവന്റെ പേഴ്സിലെ ഒമ്പതിനായിരത്തിലേക്ക്‌ അവൻ അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ തിരുകി വയ്ക്കുന്നുണ്ടായിരുന്നു!
ബസ്‌ ഇറങ്ങി യാത്ര പറഞ്ഞപ്പോൾ റോഡിൽ നിൽക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു:
"ഇക്കാ, ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചു തരാട്ടോ! "

<<<<<<<<<<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>>>>

1 comment:

  1. വശീകരണകലാസിദ്ധി!
    ആശംസകള്‍

    ReplyDelete