
റിയാസ് ടി. അലി .
മാപ്പിളപ്പാട്ടുകള്‍ക്കിത് സുവര്‍ണ്ണകാലം. ജാതി, മത, വര്‍ണ, ഭാഷ, ദേശാന്തരങ്ങള്‍ക്കുമപ്പുറം മാപ്പിളപ്പാട്ട് എത്തിനോക്കിയെന്നതാണ് വാസ്തവം. കേവല അറബിമലയാള ലിപിയില്‍ പലയിടങ്ങളിലായി ഉറങ്ങിക്കിടന്ന കൃതികള്‍ മാപ്പിളപ്പാട്ടിന്റെ വ്യത്യസ്തതയും ശൈലീമാസ്മരികതയും രചനാവൈഭവവും കൊണ്ട് പില്കാലത്ത് തിരിച്ചറിയപ്പെട്ടു. കണ്ടെടുക്കപ്പെട്ടവയിലധികവും വെളിച്ചം കണ്ടു.
കണ്ടെടുക്കപ്പെട്ടവയില്‍ പ്രഥമമെന്നവകാശപ്പെടാവുന്ന മുഹ്യിദ്ദീന് മാല കോഴിക്കോട് ഖാസിയും അറബിമലയാള ഭാഷാ കവിയും ഗ്രന്ഥകാരനുമായിരുന്ന ഖാളി മുഹമ്മദിനാല്‍ രചിക്കപ്പെട്ടതും ഇസ്ലാമിക പണ്ഡിതവരേണ്യനും സൂഫിവര്യനുമായിരുന്ന ശൈഖ് മുഹ്യിദ്ദീന് അബ്ദുല്‍ ഖാദിര്‍ ജീലാനിയെക്കുറിച്ചുള്ള അപദാനങ്ങളുമാണ്. 1607 ലാണ് ഇതു രചിക്കപ്പെട്ടത്. എഴുത്തച്ഛന് അദ്ധ്യാത്മരാമായണം എഴുതുന്നതിനു തൊട്ടുമുമുമ്പുള്ള കാലഘട്ടം. വരമൊഴിയേക്കാള്‍ വാമൊഴിക്കു പ്രാധാന്യം നല്‍കിയാണ് കവി ഇതിനെ അവതരിപ്പിച്ചത്. തമിഴ്ചുവയുള്ള വരികളും ഇതില്‍ യഥേഷ്ടം. തമിഴ് പുലവന്മാരുടെ സ്വാധീനമാണ് അതിന്റെ പിന്നിലുള്ള ഘടകമെന്ന് പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അറബിത്തമിഴില്‍ രചിക്കപ്പെട്ട 'മുഹ്യിദ്ദീന് ആണ്ടവര്‍ മാലൈ'എന്നകൃതിയിലൂടെ പുലവന്മാര് ഇസ്ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നുവെന്നു ചരിത്രം.
അറബിമലയാള പദ്യരചനാരീതി പലഘട്ടങ്ങളിലും മണിപ്രവാളരീതിയായി കാണാം. മോയിന്‍കുട്ടി വൈദ്യര്, ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ മാപ്പിളമഹാകവികളുടെ കൃതികള്‍ സങ്കരഭാഷകളിലാണ് വിരചിതമായത്. അറബി, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, പാര്‍സി, മലയാളം തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ കോര്‍ത്തിണക്കിയ കാവ്യങ്ങളാണ് മാപ്പിളപ്പാട്ടുകളിലിപ്പോഴും ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നത്. ഹാസ്യസാമ്രാട്ട് കുഞ്ഞായിന്‍ മുസ്ലിയാര്, ഖാസി മുഹമ്മദ്, ഇച്ചമസ്താന്‍ തുടങ്ങിയ കവികളും യഥേഷ്ടം രചനകള്‍ മലയാളത്തിനു നല്കി.
മോയിന്‍ കുട്ടി വൈദ്യര് (1857- 1891) എന്ന ഇതിഹാസം മാപ്പിളപ്പാട്ടിന്റെ ഗതിതന്നെ മാറ്റി. മുസ്ലിം നവോത്ഥാന കവികളില്‍ പ്രശസ്തനായിരുന്ന മഹാകവി ബദര്‍, ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകള്‍, ബദ്റുല്‍ മുനീര്‍- ഹുസ്നുല്‍ ജമാല്‍ പ്രണയകാവ്യം തുടങ്ങിയവകൊണ്ടു തന്നെ ജനമാനസങ്ങളില്‍ മായ്ക്കപ്പെടാനാവാത്ത ഇടം നേടി. മാപ്പിളപ്പാട്ട് രംഗത്ത് ഇദംപ്രഥമമായി ശാസ്ത്രീയവും പരിപൂര്‍ണ വ്യവസ്ഥയോടും കൂടി ആക്ഷരവൃത്തങ്ങള്‍ ആവിഷ്കരിച്ചത് വൈദ്യരാണ്. ബദര്‍ പടപ്പാട്ടിലെ ആയുധവര്‍ണനയും ബദ്റുല്‍ മുനീറിലെ സ്ത്രീസൗന്ദര്യവര്‍ണനയും വൈദ്യരുടെ താളബോധത്തിനും രചനാനൈപുണ്യത്തിനും ഉത്തമോദാഹരണങ്ങളാണ്. 1964 ല്‍ പുറത്തിറങ്ങിയ ആയിഷ എന്ന മലയാള സിനിമയില്‍ വൈദ്യരുടെ 'പൂമകളാണേ ഹുസ്നുല്‍ ജമാല്‍ ' എന്ന സുന്ദരഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.സുശീലയാണ് ഗാനം ആലപിച്ചത്. കൂടാതെ ഓളവും തീരവും (1970), മരം (1973), 1921 (1988) തുടങ്ങി പല ചിത്രങ്ങളിലും ഉള്‍പ്പെടുത്തിയ വൈദ്യര് ഗാനങ്ങള്‍ ചലച്ചിത്രങ്ങളുടെ മുഖശ്രീ കൂട്ടിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കേവലം മുപ്പത്തഞ്ച് വയസ്സിനുള്ളില്‍ വൈദ്യര് തീര്‍ത്ത മാപ്പിളപ്പാട്ടിന്റെ സുവര്‍ണകൊട്ടാരം ഇന്നും ജനമനസ്സില്‍ തലയുയര്‍ത്തി തന്നെ നിലനില്ക്കുന്നു.
മാപ്പിളപ്പാട്ട് പ്രേമികളുടെ നിരന്തരമായ ആവശ്യത്തില്‍ നിന്നുയര്‍ന്നതാണ് കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര് സ്മാരകം .
1950 കള്‍ക്കു ശേഷം ഭാസ്കരന് മാഷിന്റെയും രാഘവന് മാഷിന്റെയും ബാബുരാജിന്റെയുമൊക്കെ കരസ്പര്‍ശമേറ്റതോടെയാണ് മാപ്പിളപ്പാട്ടുകള്‍ ജനകീയമാകുന്നത്. നീലക്കുയില്‍ പോലെയുള്ള ചലച്ചിത്രങ്ങളില്‍ മാപ്പിളപ്പാട്ട് പരീക്ഷിക്കപ്പെടുമ്പോള് ജനങ്ങളിത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ വളരേയധികം മാനസികസംഘര്‍ഷമുണ്ടായിരുന്നുവേ്രത പിന്നണിപ്രവര്‍ത്തകര്‍ക്ക്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നീലക്കുയില്‍ ചിത്രീകരണവേള. ചിത്രത്തിന്റെ നിര്‍മാതാവ് ടി.കെ. പരീക്കുട്ടി സാഹിബാണ്. ഭാസ്കരന്മാഷിന്റെ സുവര്‍ണലിപികളിലൂടെ മലയാളത്തിനു ലഭിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഗാനമാണ് ചിത്രീകരിക്കുന്നത്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയെ നോക്കി ഒടുവില്‍ തന്നെ സങ്കടപ്പുഴയുടെ നടുവിലാക്കല്ലേ എന്ന് കേഴുന്ന കാതരനായ കാമുകനെയാണ് ക്യാമറയില്‍ പകര്‍ത്തുന്നത്. അന്നത്തെ മുസ്ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടം വെച്ചുപോകുന്ന രംഗം. ഇതു കണ്ടപ്പോള്‍ പരീക്കുട്ടി സാഹിബിന് ആധിയായി. 'നിങ്ങളെന്തു ഭ്രാന്താണീ കാണിക്കുന്നത്.? എനിക്കിനിയും കൊച്ചിയില്‍ ജീവിക്കണം. ഇതെങ്ങാനും സ്ക്രീനില്‍ കണ്ടാല്‍ ജനങ്ങള്‍ സക്രീന്‍ കുത്തിക്കീറും, എന്റെ പൊരയ്ക്ക് തീയും വെക്കും.' ഭാസ്കരന് മാഷും രാമുകാര്യാട്ടും സമാധാനപ്പെടുത്തിയിട്ടാണ് ഉള്ളില്‍ കനലുമായി ആ രംഗം ചിത്രീകരിച്ചതും നീലക്കുയില്‍ തിയേറ്ററിലെത്തിച്ചതുമത്രേ. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിച്ച ആദ്യ ദിവസം ഈ രംഗം കണ്ടപ്പോള്‍ ആളുകള്‍ ഹസ്താരവം മുഴക്കി. അപ്പോഴാണ് പരീക്കുട്ടി സാഹിബിനു ശ്വാസം നേരെ വീണതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്തത്ര മാധുര്യമുള്ള വരികളാണ് ഭാസ്കരന് മാഷിന്റെ തൂലികത്തുമ്പിലൂടെ പിറന്നുവീണത്. രാഘവന് മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട് ഗാനഗന്ധര്വന് ശ്രീ. കെ.ജെ. യേശുദാസും മലയാളത്തിന്റെ വാനമ്പാടി ശ്രീമതി. കെ.എസ്. ചിത്രയും ശ്രീമതി. പി.സുശീലയും ആലപിച്ച മാപ്പിളപ്പാട്ടുകള്‍ ഇന്നും മലയാളിയുടെ നാവിന് തുമ്പില്‍ തത്തിക്കളിക്കുന്നു.
എം. കുഞ്ഞിമൂസ- രാഘവന് മാഷ് ടീമിന്റെ കാലം ആകാശവാണിയിലൂടെ മാപ്പിളപ്പാട്ടുകള്‍ ജനഹൃദയങ്ങളിലെത്തിച്ചു. രാഘവന് മാഷിന്റെ ആകാശവാണിയിലെ ജോലി അതിനേറെ ഗുണകരമായി. കുഞ്ഞിമൂസയെ സ്ഥിരമായി ക്ഷണിച്ച് മാപ്പിളപ്പാട്ടു പ്രോഗ്രാം ചെയ്തതിന്റെ പേരില്‍ രാഘവന് മാഷിന് ആകാശവാണി അധികൃതര്‍ മെമ്മോ പോലും കൊടുത്തുവത്രേ. തന്റെ ന്യായമായ വാദങ്ങള്‍ കൊണ്ട് മാഷ് പിടിച്ചുനിന്നുവെന്നാണ് കേള്‍വി. എം. കുഞ്ഞിമൂസയെപ്പോലുള്ളവര്‍ ഗ്രാമഫോണ്‍ കാലത്തു മാത്രമല്ല, ഇന്നും മാപ്പിളപ്പാട്ടു സ്നേഹികളുടെ ഹൃദയങ്ങളിലാണ് വസിക്കുന്നത്. ഗ്രാമഫോണും ടേപ് റിക്കാര്‍ഡറുകളും റേഡിയോയുമൊക്കെ കടന്ന് ആധുനിക മീഡിയകളിലൂടെ മാപ്പിളപ്പാട്ടിന്റെ സ്വരമാധുരി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സാംസ്കാരിക പരിപാടികളിലും ഒരു പരിധിവരെ തനത് മാപ്പിളപ്പാട്ടുകള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, മാപ്പിളപ്പാട്ടിനെ മാപ്പില്ലാപ്പാട്ടാക്കി മാറ്റുന്ന ചില ആധുനിക മാപ്പിളപ്പാട്ടു രചയിതാക്കളും ഗായകരും മാപ്പിളപ്പാട്ടിനെ കൊഞ്ഞനം കുത്തുന്ന ചില ദുഷ് ചെയ്തികള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതു തന്നെ.
മൊഞ്ച്, തഞ്ചം, കൊഞ്ചല്, ചുണ്ട്, ഖല്‍ബ്, മാറ്, മോറ്, പാവാട, തേന്‍, പാല്, ചക്കര തുടങ്ങി കുറേ പദങ്ങളും പാത്തുമ്മ, ആയിച്ച, കൈജക്കുട്ടി, പാത്തേയി തുടങ്ങി കുറേ പേരുകളും ചേര്‍ത്തുണ്ടാക്കുന്ന മാപ്പിളപ്പാട്ട് പാഷാണങ്ങള് (അവരാലപിച്ചതും എഴുതിയതുമായ നല്ല ഗാനങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ) തെല്ലൊന്നുമല്ല ഈ കലാരൂപത്തിനു പേരുദോഷമുണ്ടാക്കിയത്. ഉമ്മയെ തല്ലിയാലും രണ്ടു കൂട്ടര് എന്നു പറഞ്ഞതു പോലെ ഇവിടെയും സംഭവിച്ചു. മോശം ഗാനങ്ങളുടെ പിന്നാലെ കൂടാനും വിപണിയില്‍ അവ തരംഗമാക്കാനും കുറച്ചുകാലം ചിലരെയെങ്കിലും കിട്ടിയതുകൊണ്ട് അണിയറശില്പികള് പച്ചപിടിച്ചു. അധികം വൈകാതെ തന്നെ ആ ശ്രേണിയിലുള്ള ആല്‍ബങ്ങളും പാട്ടുകളും മണ്ണിട്ടു നികത്തപ്പെട്ടു. പക്ഷേ, നല്ല പാട്ടുകള്‍ അന്നും ഇന്നും എന്നും സ്വീകാര്യവും ജനഹൃദയങ്ങള്‍ നെഞ്ചേറ്റുന്നതുമാണ്.
പി.ടി. അബ്ദുറഹിമാന്, ചാന്ദ്പാഷ, കെ.ടി. മുഹമ്മദ്,
ടി. ഉബൈദ് , ചാക്കീരി, പുലിക്കോട്ടില്‍ ഹൈദര്‍, എം.എന്‍. കാരശ്ശേരി, എസ് .എ ജമീല്‍, കാനേഷ് പൂനൂര്, ഒ.എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.കെ.ഗോപി, തുടങ്ങി നിരവധി ഗാനരചയിതാക്കളും പീര്‍ മുഹമ്മദ്, എ.വി. മുഹമ്മദ്,
ആയിഷ ബീഗം ,മുക്കം സാജിത ,കെ ജി ,സത്താര്‍, അസീസ് തായിനേരി, റംലാബീഗം, എരഞ്ഞോളി മൂസ, വി.എം. കുട്ടി, വിളയില്‍ ഫസീല, കെ.ജെ. യേശുദാസ്, കെ.ജി. മാര്‍ക്കോസ്, എം.ജി. ശ്രീകുമാര്‍, പി. സുജാത, സിബെല്ല, കണ്ണൂര്‍ ഷരീഫ്, കണ്ണൂര്‍ സലീം, അഫ്സല് തുടങ്ങി ശ്രേയാഘോഷല്‍ വരെയുള്ള നിരവധി ഗായകരും മലയാളത്തിന് വിവിധ മേഖലകളിലൂടെ ഏറെ മാപ്പിളപ്പാട്ടുകള്‍ സംഭാവനചെയ്തവരാണ്.
(ലേഖനം അപൂര്‍ണ്ണമാണ്, അറിയുന്ന വിവരങ്ങള്‍ പങ്കു വെക്കുമല്ലോ....)