15.3.12

പ്രയാസി

റിയാസ് ടി. അലി


സ്വപ്‌നങ്ങളും മോഹങ്ങളും സ്വരൂക്കൂട്ടിയാണ്‌ അവന്‍ മരുഭൂമിയിലെത്തുന്നത്‌. ഭാര്യയുടെ കെട്ടുതാലിപോലും വിറ്റും കിടപ്പാടം പണയംവെച്ചും കടംവാങ്ങിയും പ്രതീക്ഷകളുടെ വിമാനം കയറുമ്പോള്‍ വരാനിരിക്കുന്ന വിഷമങ്ങളൊന്നും അവന്‍ സ്വപ്‌നേപി നിനച്ചിരിക്കില്ല. പലപ്പോഴും പലരും മരുഭൂവിലിറങ്ങിയാല്‍ കഷ്ടപ്പാടിനാല്‍ നിര്‍മ്മിച്ച തുലാസ്സിന്മേല്‍ ഞാണിന്മേല്‍കളിപഠിക്കാന്‍ വിധിച്ചവനായിരിക്കും. അങ്ങനെ കിട്ടുന്ന ജോലികളില്‍ നിന്ന്‌ സമ്പാദിക്കുന്നതെല്ലാം പലപ്പോഴായി സംഭാവനകളായും സഹായങ്ങളായും റിലീഫുകളായും അവനില്‍ നിന്നു ചോര്‍ന്നുപോയിട്ടുണ്ടാവും. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പരിഭവങ്ങളും പരാതികളും കുമിഞ്ഞുകൂടുന്നതിനിടയില്‍ പെങ്ങന്മാരുടെവിവാഹങ്ങള്‍ പൂര്‍ണ്ണമായും അവന്റെ തലയിലാണ്‌. അയല്‍പക്കക്കാരന്റെ വീടുപണിയും നാട്ടിലെ പള്ളി-മദ്‌റസകളും സംഘടകളും രാഷ്ട്രീയപാര്‍ട്ടികളുമൊക്കെ അവരുടെ വിഹിതങ്ങള്‍ സമര്‍ത്ഥമായി തട്ടിയിട്ടുണ്ടാവും. നാട്ടിലെ മിക്ക പെണ്‍കുട്ടികളുടെയും വിവാഹ സ്‌ത്രീധനച്ചെലവിലേക്കുള്ള അകമഴിഞ്ഞ ഓഹരി കൊടുത്തില്ലെങ്കില്‍ നാട്ടില്‍ നിന്നു വരുന്ന മിസ്സ്‌കോളുകള്‍ കൊണ്ട്‌ 'ദുബായിക്കാരന്‌' മരുഭൂമിയില്‍ നിക്കക്കള്ളിയില്ലാതാവും. അങ്ങനെയങ്ങനെ ഒരു മെഴുകുതിരി ഉരുകിത്തീരുകയാണ്‌. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ നാട്ടിലേക്കു വന്നാലും നേരത്തെ സൂചിപ്പിച്ചവന്മാര്‍ പിടിവിടാതെ 'ദുബായിക്കാര'ന്റെ പിന്നിലുണ്ടാവും. പൊങ്ങച്ചക്കാരായ നല്ലപാതിയും മാതാപിതാക്കളും കൂടിയുണ്ടെങ്കില്‍ കുശാലായി. കൈയിലുള്ളതെല്ലാം ഒരുഭാഗത്തോക്കാവുമ്പോഴേക്കും ലീവും തീര്‍ന്നു. പിന്നെയും മരുഭൂമിയിലേക്ക്‌.... അങ്ങനെ തുടരുന്നു അവന്റെ രാപ്പകലുകള്‍.... യാതനയുടെയും വേദനുടെയും ഇല്ലായ്‌മകളുടെയും വല്ലായ്‌മകളുടെയും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുവീണൊരുനാള്‍ മിച്ചം വെച്ച തുച്ഛവുമായി തിരിച്ചിനി മരുഭൂമിയിലേക്കില്ലെന്നു നിയ്യത്തും ചെയ്‌ത്‌ ഒരുപാടു മോഹങ്ങളുമായാണ്‌ അവന്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നത്‌. അപ്പോഴേക്കും പലതരത്തിലുള്ള രോഗങ്ങള്‍ അവനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിട്ടുണ്ടാവും. പിന്നെ മരുന്നും മന്ത്രങ്ങളുമായി ചികിത്സക്കുവേണ്ടി കുറേ നോട്ടുകെട്ടുകള്‍.., ആരോഗ്യം നശിച്ച വൃദ്ധനെ തിരിഞ്ഞുനോക്കാനും ശുശ്രൂഷിക്കാനും പലര്‍ക്കും തങ്ങളുടെ സ്റ്റാറ്റസ്‌ അനുവദിക്കുന്നില്ല. അവന്റെ പണത്തില്‍ കൊഴുത്തവര്‍ക്കും വേണ്ടത്ര പരിഗണനയില്ല. വല്ലാതെ അടുപ്പമുള്ള ചിലര്‍ക്കു മാത്രം ചില സഹതാപനോട്ടം മാത്രമുംണ്ട്‌. സിംഹഭാഗവും അന്യര്‍ക്കുവേണ്ടി ജീവിച്ചുതീര്‍ക്കുന്ന ഈ പ്രവാസികളുടെ നൊമ്പരങ്ങള്‍ സമൂഹമൊന്ന്‌ കണ്ടറിഞ്ഞിരുന്നെങ്കില്‍.....!

സമയം


റിയാസ് ടി. അലി

ചുമരിലെ ഘടികാരം

നമ്മെ നോക്കി പരിഹസിക്കുന്നില്ലേ ...?
രാവും പകലും നമ്മുടെ
അപഥ സഞ്ചാരത്തില്‍
നമ്മെ കളിയാക്കുന്നില്ലേ ?
ഘടികാരം പറയുന്നു;
മനുഷ്യാ..., നിന്റെ സെക്കന്റുകളെ
ഞാന്‍ വഹിക്കുകയാണെന്ന്
രാവു പകലിനോട് പറയുന്നു;
ഇന്ന് കൂടി നീ അവന്റെ കൂടെ നടക്കുക
പകല്‍ രാവിനോട്‌ പറയുന്നു ;
ഇന്ന് കൂടി നീ അവന്റെ പുതപ്പാകുക...
സെക്കന്റുകള്‍ മിനിട്ടുകളും
മണിക്കൂറുകളും ആവുന്നു ....
ദിവസവും മാസവും വര്‍ഷവും
പെട്ടെന്ന് കൊഴിഞ്ഞു വീഴുന്നു ....
നമുക്കും വിട പറഞ്ഞു
യാത്രയാകാന്‍ സമയമായി .....
എല്ലാം വിട്ടേച്ചു പോകുന്ന
ഒരു യാത്ര .....
മടക്കമില്ലാത്ത യാത്ര.....

ഒരു വാലന്റൈന്‍ ചിന്ത ...

റിയാസ് ടി. അലി

കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന്‌ പരിചയപ്പെട്ട ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞ വാലന്റൈന്‍ അനുഭവ കഥയാണിത്. ഒരു വിശദീകരണം എന്റെ വക ചേര്‍ക്കാതെ അദ്ദേഹം പറയുന്നതൊന്ന് കേള്‍ക്കാം.

*************************************************************
അയാള്‍ അന്നു പാലക്കാടാണ് വര്‍ക്ക് ചെയ്തിരുന്നത്. വാലന്റൈന്‍ ദിനത്തില്‍ കര്‍ണ്ണാടകയിലെ പോലീസ് സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കാന്‍ അയാളും പോയി. ബാംഗ്ലൂരിലെ കുപ്രസിദ്ധമായ ഒരു ഹോട്ടലിലായിരുന്നു അവരുടെ 'അടിച്ചുപൊളി'. സമൂഹത്തിലെ പല പകല്‍മാന്യന്മാരുടെയും സങ്കേതമായിരുന്നു അത്. മന്ത്രിമാരും സര്‍ക്കാരുദ്യോഗസ്ഥരുമൊക്കെ തങ്ങളുടെ ധൂര്‍ത്തിനും നേരമ്പോക്കിനും തെരഞ്ഞെടുക്കുന്ന ഇടത്താവളം. കാബറേ നര്‍ത്തകിമാരും മാംസവില്‍പ്പനക്കാരും കയറിനെരങ്ങുന്ന വി.ഐ.പി റസ്‌ററ്റോറന്റ്..! വിദേശനിര്‍മ്മിത കാറുകളുടെ നീണ്ടനിര കണ്ടാലറിയാം അവിടെ പൊടിപൊടിക്കുന്ന ലക്ഷങ്ങളുടെ ഒരേകദേശ കണക്ക്! അവിടെയെത്തുന്ന കൂടുതല്‍ പേരും സമൂഹത്തിലെ ഉന്നതന്മാരായ സാറന്മാരും മാഡന്മാരുമാണ്. 

വാലന്റൈന്‍ദിനത്തില്‍ അവിടെ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരു ആണ്‍പെണ്‍ മിശ്രിത നൃത്തം. രാത്രി കൃത്യം 12 മണിക്ക് ഒരു ബെല്‍ മുഴങ്ങും. ബെല്‍ മുഴങ്ങിയാല്‍ എല്ലാ ലൈറ്റുകളും ഓഫാക്കുകയായി. പിന്നെ അരണ്ട വെളിച്ചത്തില്‍ കൈയില്‍ തടഞ്ഞ ആളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം.അരമണിക്കൂറിനുളളില്‍ ലൈറ്റ് വരുന്നതുവരെയാണ് അനുവദിക്കപ്പെട്ട സമയം. :( (എന്തൊരു ലോകം...!)

 ഇരുട്ടിത്തുടങ്ങിയപ്പോഴേ
ക്കും പലരും ഫിറ്റായിത്തുടങ്ങി. കാബറേ സ്റ്റേജൊരുങ്ങി. അര്‍ദ്ധനഗ്നരായ മാദകനര്‍ത്തകിമാര്‍ നൃത്തമാടിത്തുടങ്ങി. അവര്‍ക്കൊപ്പം അവിടെക്കൂടിയവരും ആടിപ്പാടി. അധികാരികളുടെ സമ്മതത്തോടെ നടക്കുന്ന പ്രോഗ്രാമിനു തിരശ്ശീല ഉയരുകയായി. അര്‍ദ്ധരാത്രിക്കു ആ ബെല്‍ മുഴങ്ങി. ലൈറ്റുകള്‍ ഓഫായി. ബഹളത്തിനിടയില്‍ എല്ലാവരും മദ്യലഹരിയില്‍ കൈയില്‍ കിട്ടിയവരുമായി കലാപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. (അയാള്‍ തുടര്‍ന്നു..) സമയം അരമണിക്കൂറായി. ലൈറ്റ് തെളിഞ്ഞു. പലരും അരമണിക്കൂര്‍ പ്രോഗ്രാമില്‍ നിന്നും  ലഹരിയില്‍ നിന്നും അപ്പോഴും മുക്തരായിരുന്നില്ല.

പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു. തന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നു..! വീണ്ടും വെടിപൊട്ടി. അവന്‍ സ്വന്തം ശരീരത്തിലേക്കാണിപ്പോള്‍ നിറയൊഴിച്ചിരിക്കുന്നത്..!! ആളുകള്‍ ഓടിക്കൂടി. ബഹളങ്ങള്‍ക്കും വെപ്രാളത്തിനിടയില്‍ വാഹനങ്ങള്‍ പലതും പാഞ്ഞുപോയി. രണ്ടു ശരീരങ്ങള്‍ ആ തറയില്‍ വീണുപിടഞ്ഞു മരിച്ചു. താനും കൂട്ടുകാരും എന്തെന്നറിയാതെ പകച്ചുനിന്നു. പിന്നെ അവിടെ നില്‍ക്കുന്നത് അപകടമാണെന്നു തോന്നിയ തങ്ങളും ഒരുവിധം  രക്ഷപ്പെട്ടു.
*****************************
പിറ്റേന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:
'പോലീസ് ഉദ്യോഗസ്ഥന്‍ സഹോദരിയെ വെടിവെച്ചു കൊന്ന് ആത്മഹത്യ ചെയ്തു.'
അവര്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കുടുംബങ്ങളില്‍ നിന്നകന്ന് താമസിക്കുകയായിരുന്നു. വാലന്റൈന്‍ ആഘോഷിക്കാനെത്തിയതാണ് കക്ഷിയും. ലൈറ്റണഞ്ഞപ്പോള്‍ സ്വന്തം സഹോദരന്റെ പിടിയിലമര്‍ന്ന്  ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ലഹരിയും സാഹചര്യവും രക്തബന്ധത്തെ മറയിട്ടുമൂടിക്കളഞ്ഞു. ഹോട്ടലില്‍ പ്രകാശം പരന്നപ്പോള്‍ പരസ്പരം കണ്ട, അബദ്ധം മനസ്സിലായ അയാളുടെ ലഹരിബുദ്ധിയില്‍ ഉദിച്ച ആശയത്തിന്റെ ബാക്കിപത്രമായിരുന്നു സംഭവം. അതോടെ ഹോട്ടല്‍ പൂട്ടി സീല്‍വെച്ചെങ്കിലും നടത്തിപ്പുകാരും ബന്ധപ്പെട്ടവരും തങ്ങളുടെ നീചസ്വാധീനങ്ങളുപയോഗപ്പെടുത്തി രക്ഷപ്പെട്ടുവെന്നത് മറ്റൊരു കഥ.
*****************************
(കഷ്ടമെന്ന രണ്ടുവാക്കിനപ്പുറം കണ്ണുതുറക്കാന്‍ സമയമായെന്നത് നാം കൈമാറേണ്ട നന്മയുടെ സന്ദേശം. വാലന്റൈനുകള്‍ നമ്മുടെ ഉറക്കം കെടുത്താതിരിക്കട്ടെ... വ്യക്തികള്‍ നന്നായാല്‍ സമൂഹവും നന്നാവും. നാം സ്വയം നന്നാവുക... അതാവട്ടെ നമ്മുടെ പ്രതിജ്ഞ....)

ജാത്താലുള്ളത്‌ തൂത്താല്‍ പോകുമോ...?

റിയാസ്‌ ടി. അലി.

അവരുടെ വീട്ടുമുറ്റത്ത്‌ ഒരു പൂവ മരമുണ്ടായിരുന്നു. നാട്ടിന്‍പുറത്ത്‌ പൂവമരത്തിന്‌ "പുഗ്ഗമരം" എന്നും പറയാറുണ്ട്‌. കുട്ടികളും മുതിര്‍ന്നവരുമൊക്കെ മരച്ചോട്ടില്‍ സ്ഥിരമായി എത്തും. അങ്ങനെയങ്ങനെ നാട്ടുകാര്‍ ആ വീട്ടുകാരെ എന്തോ 'പുഗ്ഗക്കാര്‍' എന്ന്‌ വിളിച്ചുതുടങ്ങി. ആദ്യം രഹസ്യമായും പിന്നെ പരസ്യമായും ആ പേരു പ്രശസ്‌തമായി. അവര്‍ക്കു കുറച്ചൊന്നുമല്ല ദേഷ്യം തോന്നിയത്‌. ക്ഷമക്കൊരതിരില്ലേ... ഇതിപ്പൊ കൊച്ചുകുട്ടികള്‍ പോലും തങ്ങളെ പുഗ്ഗക്കാരെന്നാ വിളി..! പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ വിളി ജനമുപേക്ഷിച്ചില്ലെന്നു മാത്രമല്ല, പൂര്‍വ്വോപരി ശക്തിയോടെ നാട്ടിലൂടെ ആ പേര്‌ ധ്രുതഗതിയില്‍ സഞ്ചരിച്ചു. അവര്‍ കുടുംബയോഗം ചേര്‍ന്ന്‌ തീരുമാനിച്ചു, നമുക്കിനി ഈ പൂവമരം വേണ്ടെന്ന്‌. രണ്ടും കല്‍പിച്ച്‌ അവരതു മുറിച്ചു. പൂവമരം മുറിച്ച സ്ഥലത്ത്‌ അതിന്റെ കുറ്റി മാത്രം അവശേഷിച്ചു.

ദിവസങ്ങള്‍ കന്നുപോയി. പതിയെപ്പതിയെ അവര്‍ക്കു മറ്റൊരു പേര്‌ കിട്ടിത്തുടങ്ങി. 'പുഗ്ഗക്കുറ്റിക്കാര്‍' എന്ന്‌...! ദേഷ്യം പിന്നെയും അവരുടെ മനസ്സില്‍ പണിതുടങ്ങി. ഒടുവിലവര്‍ ആ കുറ്റിയും പിഴുതുമാറ്റി. അവിടെ ഒരു കുഴി രൂപാന്തരപ്പെട്ടു. പോരേ പൂരം....! പിന്നെക്കിട്ടിയ പേരായിരുന്നു പുഗ്ഗക്കുഴിക്കാര്‍..! ന്റെ പടച്ചോനേ....! ആകുഴിയവര്‍ മണ്ണിട്ടു നികത്താത്തതു നന്നായി. അല്ലെങ്കില്‍...!

കൊഴിഞ്ഞപൂവിനായ്‌.....റിയാസ് ടി. അലി

സൗമ്യേ... പ്രിയ പെങ്ങളേ...
സൗമ്യസുസ്‌മേരം പൊഴിച്ച പൂവേ...
നിന്നെക്കുറിച്ചോര്‍ത്ത്‌ വിലപിച്ചു ഞങ്ങള്‍
നിനക്കായ്‌ കരഞ്ഞെത്ര രാപകലുകള്‍

തീവണ്ടിയാത്രയില്‍ കഴുകവേഷംകെട്ടി-
യാടി നരാധമന്‍ നിന്റെ മുമ്പില്‍...
കാരിരുമ്പിന്‍ പാളപോളയില്‍ നിന്‍ജീവു
തല്ലിക്കെടുത്തി മദിച്ചു ക്രൂരന്‍

നിന്നാര്‍ത്തനാദം അലിഞ്ഞുപോയ്‌ വായുവില്‍
നിന്‍സ്വരം പിന്നെ നിലച്ചുപോയി...
ഒത്തിരി വീണപൂക്കള്‍ പോലെ നീയുമീ
ധരണിയില്‍ മണ്ണോടലിഞ്ഞു പോയീ...

ഏറെ കരഞ്ഞുഖേദം പങ്കുവെച്ചും
നാളുകള്‍ പലതും കൊഴിഞ്ഞുവീണു..
പിന്നെയും സൗമ്യമാര്‍ വാടിക്കരിഞ്ഞല്ലോ
കേരളം ലജ്ജിച്ചുതലതാഴ്‌ത്തിയേ...

ദുഃഖത്തിനല്‍പം സമാശ്വാസമേകുന്ന
വിധി വന്നിടട്ടെയെന്നാത്മാര്‍ത്ഥമായ്‌..
കേഴുന്നു സന്മനസ്സുള്ള നിന്‍സോദരര്‍
സര്‍വ്വശക്തന്റെ സമക്ഷമൊന്നില്‍....

അറിവ്


അറിയുന്തോറും അറിവില്ലായ്‌മകള്‍
പെരുകിപ്പെരുകും കാഴ്‌ചകളായി...
അറിവില്ലായ്‌മയില്‍ കഴിയും ജനത-
ക്കറിയുന്നവന്‍ഞാനെന്നൊരഹന്ത..!

അറിവുള്ളവരും അറിവില്ലായ്‌മയില്‍
മുങ്ങാംകുഴിയിട്ടുഴലും കാഴ്‌ച...
അറിവില്ലാത്തവരറിവാളന്മാരായൊരു
വല്ലാത്തത്ഭുത കാഴ്‌ച..!

അക്ഷയഖനിയായക്ഷരജ്വാല-
യൊരഗ്നിയിലൂട്ടിയ ഖഡ്‌ഗസമാനം...
അറിവിന്നുറവയുമക്ഷരശ്വാസവും
വറ്റി,നിലച്ചാല്‍ ദുഃഖക്കാഴ്‌ച....