29.6.13

ലക്ഷ്മണരേഖ

                                                                     സുഹൃത്തേ,
                                                                     എനിക്കു നിന്നെയും
                                                                     നിനക്കെന്നെയും
                                                                     നഷ്ടപ്പെടാതിരിക്കാന്‍
                                                                     നമ്മള്‍
                                                                     വരച്ചുതുടങ്ങുന്നു,
                                                                     നന്മകൊണ്ടുള്ള
                                                                     ഒരു ലക്ഷ്മണരേഖ..!
                                                                     ഒരു ഋജുരേഖ..!
                                                     <<<<<<<<<<<<<<FB>>>>>>>>>>>>

27.6.13

ഇ - ലോകം Epi: 34 (27.06.2013)ബ്ലോഗര്‍: ശ്രീ. സംഗീത് വിനായകന്‍

മഴനിഴല്‍

21.6.13

നെഞ്ചുടുക്കിന്റെ വ്യഥ!

 അന്ന്...
സ്വപ്‌നങ്ങള്‍ ഒപ്പനപ്പാട്ടുമായ്
നിന്‍ കുപ്പിവളകള്‍ കിലുക്കി..!
പ്രണയാര്‍ദ്രമായ് താളമിട്ടു,
നിന്‍ വെള്ളിക്കൊലുസ്സുകള്‍..!
നീലമിഴികളില്‍ തത്തിക്കളിച്ചു,
മധുരക്കിനാവിന്റെ തിളക്കം..!
നിനക്കുമെനിക്കുമിടയില്‍
നീലക്കടലോളം മുഹബ്ബത്ത്
എന്നിട്ടും ....
ചുണ്ടോടടുത്ത മധുരക്കനി
തട്ടിത്തെറിപ്പിച്ചതോ, വിധി..!
ഇന്ന്,
നെഞ്ചുടുക്ക് കൊട്ടി ഞാനെന്‍
വ്യഥകളാലപിക്കുമ്പോള്‍
നിന്റെ തംബുരുവിനും
കരച്ചിലിന്റെ ഈണം മാത്രം!
സഖീ, നിന്‍ പദനിസ്വനങ്ങള്‍
ഇപ്പോഴെന്റെ കാതില്‍ കേള്‍ക്കാം
നിന്റെ കിലുകില്‍ച്ചിരിയിപ്പോള്‍
കാതുകള്‍ക്കു വസന്തമാണ് ..
മൂടല്‍ മഞ്ഞിനുള്ളിലൂടെ നീ...
കാറ്റിലും മഴയിലും നീ..
നിലാവിലും നിഴലിലും നീ..
എന്റെ കാലിലുരയുന്ന വിലങ്ങ്,
പുതു വ്രണങ്ങളുണ്ടാക്കുമ്പോഴും
നീയെന്ന വസന്തത്തിന്റെ
സുഗന്ധമാസ്വദിച്ച് ഞാനീ
കരിങ്കല്‍ തടവറയിലേകനായ്
ഏകനായ്... ഏകനായ്...!!!

<<<<<<<<<<<<<<<<<< FB>>>>>>>>>>>>>>>>>>>


20.6.13

ഇ - ലോകം Epi: 33 (20.06.2013)


                                                     ബ്ലോഗര്‍: രൂപ കരുമാരപ്പറ്റ

19.6.13

മമ്മദിന്റെ വിധി"വായന, എന്നും വൈജ്ഞാനിക വിഹായസ്സിലേക്ക് മനുഷ്യനെ കൈപിടിച്ചാനയിക്കുകയാണ് ചെയ്തത്. പുസ്തകങ്ങള്‍ കാഴ്ച്ചവസ്തുക്കളാകുന്ന പരിസരത്ത് നിന്നാണ് സാങ്കേതികതയുടെ നെഞ്ചില്‍ കയറി നിന്ന് ഇതു പറയുന്നതെന്ന ബോധ്യമുണ്ടായിരിക്കെ, വായിക്കുന്നവന്‍ എന്നും വായിച്ചുകൊണ്ടേയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കാനാവില്ല. വായന മരിക്കുന്നു എന്നത് വൃഥാ വിലാപം മാത്രമാണെന്നാണ് ഇ-ലോകത്തു ജീവിക്കുന്നവരില്‍ നിന്നുള്ള കേട്ടറിവും കണ്ടറിവും തൊട്ടറിവും.

ഇങ്ങനെയൊക്കെയാണെങ്കിലും എന്തു വായിക്കുന്നുവെന്നതിന് ഏറെ പ്രസക്തിയുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെന്നവകാശപ്പെടുന്നവര്‍ പോലും തങ്ങളുടെ മുഖ്യപേജുകള്‍ വിനിയോഗിക്കുന്നത് പരദൂഷണങ്ങള്‍ക്കും കഴമ്പില്ലാത്ത വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഹിഡന്‍ കഥകളുടെ നിറം പിടിപ്പിച്ച നീലക്കഥകള്‍ക്കുമാണെന്നതാണ് ഖേദകരം. ഒന്നിനെ ഇമ്മ്ണി ബല്യ ഒന്നാക്കുന്ന മാധ്യമസംസ്‌കാരം, വാര്‍ത്തകള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത താല്‍പര്യം, വാര്‍ത്തകളിലൂടെ 'വ്യക്തി'യാവാനുള്ള വ്യഗ്രത തുടങ്ങിയവ വായനയുടെ വെളിച്ചം കെടുത്തുന്നു.

ജാതി, മതം, സമുദായം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍വിതചര്‍വണമാക്കുമ്പോള്‍ പരിഹാസത്തിന്റേയും വ്യക്തിഹത്യയുടേയും പരാമര്‍ശങ്ങള്‍ കടന്നു കൂടി വാര്‍ത്തകളും ലേഖനങ്ങളും ചിലര്‍ക്കു ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഉപാധിയും തങ്ങള്‍ക്കു കൊട്ടിപ്പാടാനുള്ള ചെണ്ടയും മാത്രമാവുന്നുവെന്നത് ഖേദകരമാണ്‌. "

"മമ്മദേ, താനെന്തെടോ ഒന്നും മിണ്ടാത്തത്..?"

"ഏയ് ഞമ്മക്ക് മന്‍സിലായില്ലാ, ങ്ങള്‌തെന്തൊക്ക്യാ പറീണെ... ങ്ങളെ സാഹിത്യൊന്നും മ്മക്ക് പുടില്ല. ഇഞ്ഞ്യൊന്നു ശ്വാസം ബിടീന്നു ...  ഹല്ല പിന്നെ..!"

"മമ്മദേ, അവരെ പറഞ്ഞിട്ടും കാര്യമില്ല. വായനക്കാരന്റെ  വികാര വിചാരങ്ങളുടെ പക്ഷത്തു നിന്നു എഴുതിയാലല്ലേ സര്‍ക്കുലേഷന്‍ കൂട്ടാനൊക്കൂ. അല്ലെങ്കില്‍ മണിച്ചിത്രത്താഴിട്ട് ആപ്പീസ് പൂട്ടേണ്ടിവരുമെന്ന് അറിയാത്തവരല്ലല്ലോ മാധ്യമ മുതലാളികള്‍. അല്ലേ...?"

"ആ .. നിക്കറീലാ. ഒക്കെ ങ്ങളെന്നെ പറയിം..!"

"വിവാദങ്ങള്‍ക്കു പിന്നാലെയാണ് മലയാളി. അന്യന്റെ രഹസ്യങ്ങളിലേക്ക് ചൂഴ്ന്നുനോക്കുന്ന ഹിഡന്‍ ക്യാമറയായി അവന്റെ കണ്ണും, ഭാവനകള്‍ക്കു മസാല പുരട്ടി ആത്മരതിയുടെ കാണാപ്പുറങ്ങളിലേക്ക് അവന്റെ മനസ്സും കടിഞ്ഞാണ്‍ പൊട്ടിയ അശ്വംകണക്കെ സഞ്ചരിക്കുകയാണ്. അങ്ങനെ ദൈനംദിനം മലയാളിയുടെ അത്യുത്തമ സംസ്‌കാരത്തിന്റെ ഗ്രാഫ് ബുര്‍ജ് ഖലീഫയേക്കാളുയര്‍ന്ന് വിജ്രുംഭിച്ച് നില്‍ക്കുകയല്ലേ...! അപ്പോള്‍ നല്ല വായനയ്ക്ക് എന്തു സ്ഥാനം മമ്മദേ...?"

"ദെന്ത് സ്താനം ? ദെന്ത് സാദനം...!! ദോക്കിം, ഞമ്മക്ക് പണീണ്ട്... ഇങ്ങളെ ബയള് കേക്കാന്‍ നിന്നാല് കുട്ട്യേളെ ചങ്കില് മാറാല കെട്ടും....ങ്ങക്ക് ബേറെ പണ്യൊന്നൂല്ലാന്ന് കെര്തീട്ട്.. ദ്ധ് നല്ല പുകില്..!"

"നീയെന്തൊരു മനുഷ്യനാടാ.. ഇവിടെ നില്‍ക്ക്.. ഇതുകൂടി കേള്‍ക്ക്..."

"ന്നാ ബേഗം പറഞ്ഞ് തൊലക്കീന്നു...!"

"ഊതിവീര്‍പ്പിക്കുന്ന അരമന രഹസ്യങ്ങളുടെയും ഗോസിപ്പുകളുടെയും വളരെ സാഹസപ്പെട്ടു കണ്ടെത്തിയ എക്‌സ്‌ക്ലൂസീവുകളുടെയും കഥകളും കെട്ടുകഥകളും ഭാവനയാല്‍ നിര്‍മിച്ച ഉണ്ടാക്കലുകളും കൂട്ടിക്കലര്‍ത്തി ഉലക്ക നീല മഷിയില്‍മുക്കിയെഴുതുന്ന അധമ സംസ്‌കാരം അച്ചടി മാധ്യമങ്ങളെ ഒരു ഭാഗത്ത് കാര്‍ന്നുതിന്നുമ്പോള്‍ മറുഭാഗത്ത് നിലനില്‍പിനുള്ള പുത്തന്‍ കച്ചിത്തുരുമ്പായി മലയാളിക്കൊരു ഹൗസും നല്‍കി ചാനല്‍ വിപ്ലവം പത്തരമാറ്റോടെ ചെളി വാരിവിതറുന്നു. ഇതു രണ്ടുമല്ലാതെ ദാ ഇതു കണ്ടോ, ഈ ലാപ്‌ടോപിലൂടെ കാണുന്ന മറ്റൊരു ലോകമുണ്ട്. വിശാ.....ലമായ ലോകം... !"

"ബിസാലക്കെന്തിനാ കാക്കേയ് ഇമ്മാതിരി ബല്യേ തൊള്ള പൊളിക്കണത്. അത്രക്ക് ബിസാലാ..?"

"അതേ മമ്മദേ, അനന്ത വിശാലം..! ഇതാണ് എന്റെ ലോകം, എന്റെ അയ്യായിരം കൂട്ടുകാരുടെ ലോകം, പതിനായിരം ഫോളോവേഴ്‌സിന്റെ ലോകം, അവരുടെ പരശ്ശതം തോഴന്മാരുടെയും തോഴിമാരുടെയും വിശാ...... ല ലോകം....! ഇവിടെയുമുണ്ട് അടിയും ഇടിയും തെറിയും വാഗ്വാദങ്ങളും രക്തച്ചൊരിച്ചിലും തട്ടിപ്പും വെട്ടിപ്പും അനാശാസ്യവും അശ്ലീലവും...!"

"ഇതിന്റുള്ളിലോ...! ന്റുമ്മോ....! ഹലാക്കിന്റെ ഔലും കഞ്ഞ്യാണില്ലേ...!!!"

"ബൂലോകമാണീ കാണുന്നത്...."

"ഉം...  പഞ്ചായത്ത് പെസിഡണ്ട് കുട്ടിക്ക പറഞ്ഞ് കേട്ടീന്...! ബൂലോകത്തിന്റെ നാടീമുടുപ്പ് കമ്പൂട്ടറാണ്ന്ന്...."

"അതേ, ഭൂലോകത്തിന്റെ സ്പന്ദനമിപ്പോള്‍ കണക്കിലല്ല മമ്മദേ..! അതൊക്കെ സ്ഫടികം യുഗത്തില്‍. ഇപ്പോഴിതാ,  ഇതിലാണത്...! അതിലൊരു പൊട്ടിന്റെ പൊട്ടാണീ കാണുന്നത്...."

"ന്താദ്! മഞ്ഞ ഭൂമ്യോ...? ന്താ ആ പെണ്ണ്ങ്ങളൊക്കെ തുണില്ലാതെ നിക്ക്‌ണേ.. അജ്ജ്യേ.. മോസം മോസം...!"

"ഹാ.. ഇതാണ് ബൂലോകത്തിലെ ബ്ലൂലോകം മമ്മദേ...!"

"എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനും ബ്ലോഗര്‍മാരെ ഉദ്ധരിക്കുവാനും വായനക്കാരെ  ഉദ്ധരിപ്പിക്കുവാനുമുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തവരാണിവര്‍..."

"ഒഹ്, ന്റെ പടച്ചോനേ...!"

"അങ്ങനെ ഇവരും ഇവരെപ്പോലുള്ള അനേകം പേരും ഇ-ലോകത്ത് ഇങ്ങനെയൊരു സംസ്‌കാരവും വളര്‍ത്തുന്നു. ചുരുക്കത്തില്‍, വായനയ്‌ക്കൊപ്പം വിജ്ഞാനവും വിനോദവും എല്ലാം എന്റെ ലോകത്ത് എനിക്ക് ആവോളം ലഭ്യം. ഞാന്‍ സന്തുഷ്ടന്‍ ! എന്നെപ്പോലെ കോടിക്കണക്കിനാളുകള്‍ സന്തുഷ്ടര്‍! നാടകമേ ഉലകം!"

"മെന്‍സിലായീലാ..."

"മനസ്സിലാകാനൊന്നുമില്ല. എനിക്ക് ലേശം പണിയുണ്ട് മമ്മദേ..."

"ഹാ.. അതെന്തു പണിയാ...?"

"അതു നിനക്കു പറഞ്ഞാ മനസ്സിലാകൂലാ...."

"ധൊക്കെ പ്പോ മന്‍സിലായിട്ട് കേട്ടതാ... ഞ്ഞി ദ്ധും കൂടിങ്ങ്ട് പറയീന്നു..."

"ഞാനീ പേജിനൊരു ലൈക്കടിക്കട്ടെ. എന്നിട്ട് ആ ഒലക്കമ്മലെ മുഖ്യമന്ത്രിയേയും സോളാര്‍ സരിതയെയും ചേര്‍ത്ത് ഫെയ്‌സ് ബുക്കില്‍ ഒരു നീലപോസ്റ്റിടണം. അത് കഴിഞ്ഞ് ഈ ഐ.ഡി ഒന്നു മാറ്റിയിട്ട് അച്ചുമാമനീം പിണറായീനീം ഒരലക്കലക്കണം. പിന്നെ കുഞ്ഞാലിക്കുട്ടിക്കിതില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു പരിശോധിച്ച് ഐസ്‌ക്രീമും സോളാറും ചേര്‍ത്ത് ഒരു പിടി പിടിക്കണം. മദനിക്കു വേണ്ടി ഒരു പ്രാര്‍ത്ഥനാ പോസ്റ്റിടണം. വേറെ ഐഡിയില്‍ കയറി അതിനൊരു പ്രതിഷേധക്കുറിപ്പും വിയോജനക്കുറിപ്പും എഴുതണം. ഇതൊക്കെ പെട്ടെന്നു തീര്‍ത്തിട്ടു വേണം സൂര്യാ ടിവിയിലുള്ള മലയാളി ഹൗസ് കാണാന്‍ പോകാന്‍ .. ഹയും നീനയുമൊക്കെ എന്തായി എന്തോ...!"

"ങേ...! എന്തൊക്കേപ്പോ ങ്ങള് പറഞ്ഞത്..?"

"അതാ മമ്മദേ പറഞ്ഞത് . നിനക്കത് മനസ്സിലാവില്ലാന്ന്...!"

"അല്ലാ... ഇങ്ങളെന്താ ബുക്ക്‌ കച്ചോടം തൊടങ്ങ്യോ..? കൊറേണ്ടല്ലോ ബുക്ക്വോള്..!"

"ഏയ്.. അതാ നന്ദകുമാറിന്റെ ക്രൈം, പിന്നൊരു ഫയറ്, പേരറിയാത്ത വേറെ അഞ്ചാറെണ്ണം കൂടിയുണ്ട്. അത്രേള്ളൂ...! ഹിഹി..."

"ഞാനീ ബയിക്ക് ബന്നിട്ടൂല്ല....ഇങ്ങള് പൊരേ കേറീട്ടുല്ല... ഇങ്ങളെ കണ്ടീട്ടൂല്ല. ഒന്നും മുണ്ടീട്ടൂല്ല..... കായലരികത്ത് ബലയെറിഞ്ഞപ്പോ  ബള കിലുക്കിയ സുന്തരീ...
പെണ്ണു കെട്ട്ണ കുറിയെടുക്കുമ്പോളൊരു നറുക്കിനു ചേര്‍ക്കണേ....."


17.6.13

യാ റസൂലല്ലാഹ്‌

നബിയേ,
അങ്ങ് പ്രകാശത്തിനുമേല്‍ പ്രകാശം ....
അങ്ങയുടെ തിരുവചനങ്ങള്‍
ഞങ്ങള്‍ക്ക് കരുത്തേകുന്നു ....
അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍
ഞങ്ങള്‍ക്കു വെളിച്ചമേകുന്നു ..
ഇരുള്‍ മുറ്റിയ ജീവിതത്തില്‍
നിന്ന് വെളിച്ചത്തിന്റെ
മാസ്മരികതയിലേക്ക്‌
കൈപിടിച്ചാനയിക്കുന്നു ...
അങ്ങില്ലെങ്കിലീ സത്യപന്ഥാവില്ല ...
അങ്ങില്ലെങ്കില്‍ പിന്നെ ഇരുള്‍ മാത്രം...!
അങ്ങയുടെ ഓരോ ഓര്‍മകളും
ഞങ്ങള്‍ക്കു രോമാഞ്ചമാണ്.
ദുര്‍ഘടമായ പാതയല്ലേ
അങ്ങ് മനോഹരമാക്കിയത്‌
എത്രയെത്ര ത്യാഗങ്ങളാണ്
അവിടന്ന് സഹിച്ചത്...!
മരണസമയത്ത് പോലും
ഞങ്ങളെ വിളിച്ച സ്‌നേഹസിറാജേ ...
വിശന്നവന്റെ വായിലേക്ക്
അങ്ങയുടെ തിരുകരങ്ങളാണല്ലോ
ഭക്ഷണം വെച്ചുകൊടുത്തത്...
അനാഥരുടെ നാഥനായി,
അങ്ങയോളം തിളങ്ങിയ
മറ്റാരുണ്ടീയുലകില്‍ ..!
സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി
സന്ധിയില്ലാ സമരം പ്രഖ്യാപിച്ച
സ്‌നേഹസൂനമേ ...!
സൗഹൃദത്തിന്റെ താരാട്ടുപാടി
സമൂഹത്തെയുറക്കിയ പാല്‍നിലാവേ..!
അയല്‍വീട്ടിലെ പട്ടിണി കാണാത്തവരെ
അനിഷ്ടത്തോടെ കണ്ട തിരുദൂതരേ ...
സഹോദര മതങ്ങളെയും മതചിഹ്നങ്ങളേയും
ആദരിക്കാന്‍ പഠിപ്പിച്ച മഹ് മൂദരേ..!
തീവ്രവാദി എന്നില്‍പ്പെട്ടവനല്ലെ-
ന്നുച്ചൈസ്തരം ഉദ്‌ഘോഷിച്ച
ഹൃദയപുഷ്പമേ...!
ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന നാരികള്‍ക്ക്
രക്ഷാകവചം തീര്‍ത്ത മഅ്ശൂഖരേ...
സ്വര്‍ഗസ്ഥനെന്നറിഞ്ഞിട്ടും കാലില്‍
നീരുവരുവോളം നിന്നു പ്രാര്‍ത്ഥിച്ച മഹ്ബൂബരേ...
അങ്ങയുടെ ധൈര്യത്തെ വെല്ലാന്‍
അന്നറേബ്യയിലാരുമില്ലായിരുന്നു ..
അങ്ങയുടെ സ്ഥൈര്യവും മനോധൈര്യവും
കണ്ടെത്ര പേരാണത്ഭുതം കൂറിയത് ..!
അന്നൊരു ജൂതനു ലഭിക്കേണ്ട
അവകാശത്തിലങ്ങിടപെട്ടതോര്‍ക്കുന്നു ...
കഠിനഹൃദയനും വീരശൂരപരാക്രമിയുമായ
അബൂജഹ്‌ലിന്റെയരികിലങ്ങും ആ ജൂതനും ...
കിട്ടാനുള്ള അവകാശം ചോദിച്ചപ്പോള്‍
ഞൊടിയിട കൊണ്ടത് ലഭ്യമാകുന്നു ...
അബൂജഹ്‌ലിന്റെയനുയായികള്‍ക്കത്
സഹിക്കുമോ, അവര്‍ക്കേറെ മുറുമുറുപ്പ്...
മുഹമ്മദിന് മുന്നില്‍ നേതാവ് തോല്‍ക്കുകയോ!
ജഹ്‌ലപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഹോ!
അങ്ങയുടെയിരു ചുമലുകളിലുമിരു
സിംഹങ്ങളായിരുന്നുവത്രേ ഗര്‍ജ്ജിച്ചിരുന്നത്...!
മണ്ണും പെണ്ണും പൊന്നും അധികാരവും
അങ്ങേക്ക് വാഗ്ദാനം ചെയ്യപ്പെട്ടു...
പക്ഷേ,
അങ്ങയുടെ ലളിതജീവിതത്തിന്റെ ശേഷിപ്പ്
തിരുമേനിയില്‍ ഈത്തപ്പനയോലപ്പാടുകളായി..!
വിശപ്പേറിയപ്പോള്‍ വീഴാതിരിക്കാന്‍ വയറ്റത്ത്
കല്ലുവെച്ചുകെട്ടിയ നബിയേ,
സ്‌നേഹിക്കുന്നു അങ്ങയെ, ജീവനേക്കാള്‍ ...
കാണാനാശിക്കുന്നു സ്വപ്‌നത്തിലെങ്കിലും ...!

13.6.13

ഇ - ലോകം Epi: 32 (13.06.2013)ബ്ലോഗര്‍ : ശ്രീ. ബഷീര്‍ സി.വി

10.6.13

വാക്കുകളിലൊതുങ്ങില്ല, ചില നന്ദികള്‍...!

അന്ന്‌ ഒരു പ്രിന്റിംഗ് പ്രസ്സിലായിരുന്നു ജോലി.
പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് അല്‍ഹിലാല്‍ പ്രസ്സ്. വീട്ടില്‍ നിന്ന് ഒരു ഇരുപത് കിലോമീറ്റര്‍.
രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ഹാര്‍ഡ് വര്‍ക്ക്. ടൈപ്പിംഗ്, ഡിസൈനിംഗ്, പ്രിന്റ് ചെയ്യുന്ന സ്റ്റാഫ് എത്തിയില്ലെങ്കില്‍ അവിടെയും വേണം ശ്രദ്ധ.
അല്‍പം ഒഴിവു കിട്ടുന്നത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്താണ്.
അന്നും പതിവുപോലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോഴാണ് പ്രസ്സ് മുതലാളി ഹോട്ടലിലേക്കോടിവന്ന് റിയാസിനൊരു ഫോണ്‍ എന്നു വിളിച്ചു പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ഇത്ര വ്യാപകമാവാത്തതിനാല്‍ എന്റെ കൈയിലും അതുണ്ടായിരുന്നില്ല. ഓടിപ്പോയി ഓഫീസിലെ ലാന്റ് ഫോണ്‍ ചെവിയോടടുപ്പിച്ചു.
"ഹലോ.."
"ഹലോ, വാപ്പുട്ട്യാണ്- പ്പാക്ക് ലേസം വയറുവേദന കൂടീട്ട്ണ്ട്....
ജ്ജ്ങ്ങ്ട് ബാ- " അളിയന്റെ ശബ്ദം.
പിന്നെയൊന്നും നോക്കിയില്ല. മുതലാളിയോട് പറഞ്ഞ് ബസ്സ് കയറി.മനസ്സില്‍ വല്ലാത്ത ആധി..! വീട്ടിലേക്ക് പെട്ടെന്ന് എത്തണമെന്നാണ് മനസ്സിലുള്ളത്. കണ്ടക്ടര്‍ വന്നതും ചാര്‍ജ്ജ് കൊടുത്തതുമൊന്നും ഓര്‍മയില്ല. എല്ലാം യാന്ത്രികമായാണ് ചെയ്യുന്നത്. അളിയന്റെ സ്വരത്തിലെന്തോ പേടി കലര്‍ന്ന പോലെ...! നിസ്സാരമാണെങ്കില്‍ എന്നെ വിളിച്ചുവരുത്താനൊന്നും അളിയന്‍ നില്‍ക്കില്ല. ഇതിപ്പോ.. ഒന്നും ഇല്ലാതിരിക്കട്ടെ...! ആ പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
ആരോ തോണ്ടിയപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ഒരാള്‍ സീറ്റിലേക്കു ചൂണ്ടുന്നു. ഞാനിറങ്ങുകയാണ് ഇവിടെയിരുന്നോ മോനേ...! ഉപ്പയോളം പ്രായമുള്ള ഒരു മനുഷ്യന്‍.പല്ലില്ലാത്ത മോണകാട്ടി  നിഷ്‌കളങ്കമായി പുഞ്ചിരിച്ചു കൊണ്ടാണ് സീറ്റിലേക്ക് ക്ഷണിക്കുന്നത്. ബഹുമാനാദരവുകളോടെ ഞാന്‍ നന്ദിയോടെ അദ്ദേഹത്തെ നോക്കി സീറ്റിലിരുന്നു. അദ്ദേഹം എഴുന്നേറ്റ് ഡോറിനടുത്തേക്കു നീങ്ങി. വെട്ടത്തൂര്‍ എന്ന സ്‌റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അദ്ദേഹം സാവധാനം ഇറങ്ങി. പെട്ടെന്നാണ് വലിയൊരു ശബ്ദം കേട്ടത്. യാത്രക്കാരെല്ലാം സീറ്റില്‍ നിന്നെഴുന്നേറ്റ് അങ്ങോട്ടു നോക്കി. പാഞ്ഞുവന്ന ഒരു ബൈക്ക് ആ ഉപ്പയെ ഇടിച്ചുതെറിപ്പിച്ചു. അദ്ദേഹം റോഡരികില്‍ വീണുകിടക്കുന്നു. വെള്ള വസ്ത്രത്തില്‍ രക്തം പുരണ്ട് ചുവന്നു തുടങ്ങിയിരിക്കുന്നു. ആളുകള്‍ ഓടിക്കൂടുന്നു. ബസ്സില്‍ നിന്ന് കുറച്ചാളുകള്‍ ഇറങ്ങി;ഞാനും.
അദ്ദേഹത്തെ ആരൊക്കെയോ പൊക്കിയെടുത്തു. ഒരു ജീപ്പിലേക്ക് കയറ്റി.
"ആരെങ്കിലും കൂടെയുണ്ടോ...?"
ആരോ ചോദിക്കുന്നു.
"ഉണ്ട്, ഞാനുണ്ട്".
ഉപ്പയുടെ അസുഖം മറന്ന് ഞാനും കയറി.
ഞാനുണ്ടെന്നറിഞ്ഞതു കൊണ്ടോ ഉത്തരവാദിത്തമേല്‍ക്കാന്‍ പ്രയാസമുള്ളതുകൊണ്ടോ എന്നൊന്നുമറിയില്ല. മറ്റാരും ജീപ്പില്‍ കയറിയില്ല. ഡ്രൈവര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. മനസ്സില്‍ രണ്ടു പ്രയാസങ്ങള്‍ ....! പ്രയാസങ്ങള്‍ പ്രാര്‍ത്ഥനകളായി മാറുന്നു. സര്‍വശക്തനോട് മനമുരുകി പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍ ...!
ജീപ്പ് പെരിന്തല്‍മണ്ണ അല്‍ ശിഫാ ഹോസ്പിറ്റലിലെത്തി. വാഹനം നിര്‍ത്തിയ ഉടനെ രണ്ടു ചെറുപ്പക്കാര്‍ ധൃതിയില്‍ വാഹനത്തിനടുത്തേക്കോടിയെത്തി. വേറെയും ആരൊക്കെയോ അവര്‍ക്കൊപ്പമുണ്ട്. ഡ്രൈവറോട് സംസാരിക്കുന്നതിനിടയില്‍ എനിക്കു മനസ്സിലായി, അദ്ദേഹത്തിന്റെ മക്കളാണെന്ന്. അത്യാഹിത വിഭാഗത്തിലേക്ക് അദ്ദേഹവുമായി എല്ലാവരും ഓടി, ഞാനും...!
അപ്പോഴാണ്  ഉപ്പയുടെ കാര്യം വീണ്ടും മനസ്സിലേക്കോടിയെത്തിയത്. ഏതായാലും ഉത്തരവാദപ്പെട്ടവര്‍ എത്തിയല്ലോ. ഇനി വീട്ടിലേക്കു പോകാമെന്നു കരുതി ബസ് സ്റ്റോപ്പിലേക്കോടി. ആദ്യം വന്ന ബസ്സ് തന്നെ കോട്ടോപ്പാടത്തേക്ക്. അവിടെ നിന്ന് വീട്ടിലേക്ക് വെറും മൂന്നു കിലോമീറ്റര്‍.
കോട്ടോപ്പാടത്തിറങ്ങി ഒരു ഓട്ടോയില്‍ കയറി. പിന്നെ കച്ചേരിപ്പറമ്പിലേക്ക്...
വീടിനു മുമ്പിലിറങ്ങി ഓട്ടോ ചാര്‍ജ്ജ് കൊടുത്ത് തിരിഞ്ഞപ്പോള്‍ കുറേ ആളുകള്‍ വീട്ടിലേക്കുള്ള വഴിയില്‍. ചിലര്‍ അങ്ങോട്ടു പോകുന്നു, മറ്റു ചിലര്‍ മടങ്ങിവരുന്നു. ചിലരാകട്ടെ അങ്ങിങ്ങ് കൂടി നിന്ന് സംസാരിക്കുന്നു...!
എന്തൊക്കെയോ സംഭവിച്ച മട്ടുണ്ട്, മനസ്സില്‍ വീണ്ടും സംഘര്‍ഷഭരിതമായ ഇരമ്പലുകള്‍ ....!
വീട്ടിലേക്കെത്തുമ്പോള്‍ കണ്ട കാഴ്ച എന്നെത്തളര്‍ത്തിക്കളഞ്ഞു...
എന്റെ പ്രിയപ്പെട്ട ഉപ്പ...!
വെള്ള പുതച്ചുകിടക്കുന്നു...!
സുഖമായൊരു നിദ്രപോലെ....!
ആരൊക്കെയോ ചുറ്റിനുമുണ്ട്. നിറഞ്ഞ കണ്ണുനീര്‍ കാഴ്ചകളെ മറച്ചു...
കോടമഞ്ഞിലൂടെയെന്ന പോലെ ചുറ്റുമുള്ളതും കാണുന്നു...
വീടിനുള്ളില്‍ നിന്ന് പതിഞ്ഞ തേങ്ങലുകള്‍ കേള്‍ക്കാം.
ഉപ്പ വിടപറഞ്ഞിട്ട് ഒരു മണിക്കൂറേ ആയിട്ടുള്ളൂ.
മരിക്കും മുമ്പ് ഒരുനോക്കു കാണാന്‍ കഴിയാത്തതിലുള്ള വിഷമം വല്ലാതെയുണ്ടെങ്കിലും മറ്റൊരാള്‍ക്ക് അല്‍പം സാന്ത്വനം നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും മനസ്സിലുണ്ട്. ആ രാത്രി അങ്ങനെ കൊഴിഞ്ഞു വീണു. ഉറക്കമില്ലാത്ത രാത്രി...! ഇനിയെന്തെന്ന ആലോചനയോടെ തള്ളിനീക്കിയ രാത്രി....
രാവിലെയാണ് ഉപ്പയുടെ ജനാസ കുളിപ്പിക്കാനെടുത്തത്. ജനാസ സന്ദര്‍ശിക്കാന്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.
കൂട്ടത്തില്‍ ഇന്നലത്തെ സംഭവത്തിലെ ആ ഉപ്പയുടെ മോനും വന്നിട്ടുണ്ട്. ഹോസ്പിറ്റലില്‍ വെച്ചു കണ്ട മകന്‍. റഷീദ്. (അതാണദ്ദേഹത്തിന്റെ പേരെന്ന് പിന്നീട് മനസ്സിലായി.) അദ്ദേഹം അടുത്തു വന്ന് എന്റെ കൈയില്‍ പിടിച്ചു.ഒരു സാന്ത്വന സ്പര്‍ശം; അതൊരു നന്ദി സൂചകത്തോടെയും...! ഞാന്‍ ജോലി ചെയ്യുന്ന പ്രസ്സിനടുത്താത്രേ അവരുടെ വീട്. എങ്ങനെയൊക്കെയോ എന്നെ ചോദിച്ച് മനസ്സിലാക്കി അദ്ദേഹം വീട്ടിലെത്തിയതാണ്. ജനാസ നിസ്‌കാരവും മറവു ചെയ്യലും മറ്റും കഴിയുന്നതു വരെ അദ്ദേഹവും കൂടെയുണ്ടായിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ വീണ്ടും റഷീദ് അടുത്തെത്തി. അദ്ദേഹത്തിന്റെ ഉപ്പയുടെ വിശേഷങ്ങളാരാഞ്ഞു. പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു, പിന്നെ വാര്‍ധക്യസഹജമായ അവശതകളുണ്ട്. ഒരാഴ്ച ഹോസ്പിറ്റലില്‍ കഴിയേണ്ടി വരും. ഇപ്പോള്‍ അല്ലാഹു രക്ഷിച്ചു. നിങ്ങളുടെ സഹായം മറക്കൂലട്ടോ...! നന്ദി പറഞ്ഞ് ഈ വലിയ ഉപകാരത്തിന്റെ വില ഞാന്‍ കുറക്കുന്നില്ല.
എന്നാലും ഔപചാരികതയ്ക്കു വേണ്ടി പറയുകയാ...
"താങ്ക് യൂ...."
അദ്ദേഹത്തിന്റെ കണ്ണുകളില്‍ നനവ് പടരുന്നുണ്ടായിരുന്നു; എന്റെയും.
__________________________________________________________


ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്
മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന
ബ്ലോഗിംഗ് മത്സരത്തിനു വേണ്ടി എഴുതിയ അനുഭവക്കുറിപ്പ്.

Malayalam bloggers:
(https://www.facebook.com/groups/malayalamblogwriters/

Jayasurya Online media:
(https://www.facebook.com/ThankYouMMovie

6.6.13

ഇ - ലോകം Epi: 31 (06.06.2013)


ബ്ലോഗര്‍ : ശ്രീ മനു നെല്ലായ

5.6.13

കൂട്ടുകാരികളായാല്‍ ഇങ്ങനെ വേണം...! :)

                                                                                                             മാതൃഭൂമി (04.06.2013)
               
                  പിന്നെ എങ്ങനെ പറയും എന്നൊന്നും ചോദിച്ച് വട്ടാക്കാന്‍ നില്‍ക്കണ്ട. നമ്മള്‍ മലയാളികള്‍ അല്ലെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞു ശീലിച്ചു. തലവേദനക്കുള്ള മരുന്ന്, പനിക്കുള്ള ഗുളിക, ചുമക്കുള്ള സിറപ്പ്....!!!

2.6.13

ഉച്ചമഴയോര്‍മിപ്പിച്ചത്‌ ...


                                                      തോരാതെ പെയ്യുന്ന മഴ...!
                                                      ഉച്ചക്കഞ്ഞി ബെല്ലിന്റെ മുഴക്കം
                                                      നീണ്ട വരാന്തയിലൂടെ ഓട്ടം
                                                      പാത്രം കാലില്‍ വീണ് വേദന
                                                      കാല്‍ കൊക്കി തുടരുന്ന ഓട്ടം
                                                      സൈക്കിളില്‍ നിന്ന് വീണ ഇളി
                                                      റഷീദയുടെ മുഖത്ത് പരിഹാസം
                                                      പേന കൊണ്ടവള്‍ക്കൊരു കുത്ത്
                                                      കരഞ്ഞോടുന്ന പാവാടക്കാരി
                                                      തിരിച്ചു വരുന്ന ഹെഡ്മാസ്റ്റര്‍
                                                      ചൂരല്‍പ്രയോഗത്തെ വെല്ലുന്ന നോട്ടം
                                                      തിരിഞ്ഞു നോക്കി വീണ്ടുമൊരോട്ടം
                                                      പുകയുയരുന്ന സ്‌കൂള്‍ അടുക്കള
                                                      കഞ്ഞിത്താത്തയും കുഞ്ഞിച്ചേച്ചിയും
                                                      ആവിപാറുന്ന ഉച്ചക്കഞ്ഞി
                                                      ചൂടേറിയ ചെറുപയര്‍ കൂട്ടാന്‍
                                                      ചുവന്ന മുളക് കടിച്ച കണ്ണീര്‍
                                                      എരിവും ചൂടും കൊണ്ടൊരെരിപെരി
                                                      കിണറിനരികെ കുപ്പിവളക്കിലുക്കം
                                                      ചോറ്റുപാത്രങ്ങള്‍ കഥപറയുന്നു...
                                                      പുള്ളിക്കുടകള്‍ പ്രണയിക്കുന്നു...
                                                      അപ്രതീക്ഷിതമായൊരാക്രമണം
                                                      അകാരണമായൊരു തട്ടിവീഴ്ത്തല്‍
                                                      പത്താംക്ലാസിലെ രാജനാണവന്‍
                                                      ചെളിയില്‍ ആറാം ക്ലാസുകാരന്‍
                                                      ആശ്വസിപ്പിക്കാന്‍ ജയശ്രീ ടീച്ചര്‍
                                                      വിങ്ങലൊതുക്കാനാവാതെയവന്‍
                                                      കഞ്ഞിത്താത്തയുടെ സാന്ത്വനം
                                                      യൂണിഫോം കഴുകാന്‍ സഹായം
                                                      ക്ലാസ്മുറിയിലവന്‍ നനഞ്ഞൊട്ടി
                                                      റഷീദയപ്പോഴും ചിരിക്കുകയാണ്
                                                      അസീസ് മാസ്റ്റര്‍ വരാന്തയില്‍
                                                      പിന്നില്‍ കൈകെട്ടിയാണ് നടത്തം
                                                      കൈയിലെ ചൂരല്‍ നോക്കുന്നതാരെ?
                                                      റോസി,ജോസി ടീച്ചര്‍മാര്‍ വന്നുപോയി
                                                      സസ്യങ്ങളും ജന്തുക്കളും കണക്കായി
                                                      പ്യൂണ്‍ റഫീഖിന്റെ വക നീളന്‍ ബെല്‍
                                                      അയ്യപ്പന്റെ മധുരമുള്ള ജനഗണമന..
                                                      വീട്ടിലേക്കുള്ള നടത്തമാണിനി...
                                                      അവന്‍ കുടയെടുത്തിട്ടില്ല...
                                                      മഴ പെയ്തുകൊണ്ടേയിരിക്കുന്നു...!