30.5.14

പോര്

നിനക്കാണ്
അഹങ്കാരമെന്ന് ഞാനും
എനിക്കാണതെന്ന് നീയും
വിശ്വസിക്കുന്ന കാലത്തോളം
നമുക്കിടയിലെ പോര് തീരില്ല
കൂട്ടുകാരാ/ രീ...! :)

(((((((((( fb )))))))))

എറര്‍!!!

എന്റെ സ്‌നേഹം
ഞാനെത്ര അപ്‌ലോഡ്
ചെയ്തിട്ടുമെന്തേ ഈ
:/ എറര്‍ മാത്രം!!
നിന്റെ പ്രണയം <3
ഡൗണ്‍ലോഡ് ചെയ്യാന്‍
വൈകുന്നതെന്താണ് പ്രിയേ?
ഒരപേക്ഷയുണ്ട്...
പ്ലീസ്,
ഈ സ്‌നേഹം
നീ ഡിലീറ്റ് ചെയ്യരുത്.. :(
അഥവാ ചെയ്യുകയാണെങ്കില്‍
ഷിഫ്റ്റ് ഡിലീറ്റാവരുതൊരിക്കലും!
റീസൈക്കിള്‍ബിന്നില്‍ നിന്നും
എന്റെ സ്‌നേഹം
റീസ്റ്റോര്‍ ചെയ്യാന്‍
ഞാന്‍ ഫോര്‍മാറ്റാവും മുമ്പ്
എന്നെങ്കിലും
നിനക്കു തോന്നിയാലോ...!!?
(((((((((((((((( FACEBOOK)))))))))))))))))))

29.5.14

പുതിയ ആമയും മുയലും !ഒരു മത്സരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
കഥാപാത്രങ്ങള്‍ നമ്മുടെ പഴയ ആമയുടെയും
മുയലിന്റെയും കൊച്ചുമക്കളാണ്.
ഓട്ടമത്സരം തന്നെയാണ് ഇന്നും നടക്കാന്‍ പോകുന്നത്.
സംഘടിപ്പിച്ചതാകട്ടെ, ആമ മുന്‍കയ്യെടുത്ത്...!

'നിന്റെ വംശപരമ്പരയെയാകമാനം ഉറങ്ങിയപമാനിച്ച
നിന്റെ അപ്പൂപ്പനുള്ള കനത്ത മറുപടിയാകണം ' ഇതെന്ന്
മറ്റുമൃഗങ്ങളൊക്കെ മുയലിനെ ഉപദേശിച്ചു.

'ഹും...! അന്നുറങ്ങിപ്പോയതോണ്ടല്ലേ'
എന്ന് മുയലിന്റെ ആത്മഗതം!

'നിന്റെ അപ്പൂപ്പന്റെ പേരു കളഞ്ഞുകുളിക്കരുതെ'ന്ന്
പറഞ്ഞ് ആമയേയും 'പുളിച്ചിന്മേല്‍ കയറ്റി 'അവര്‍.

അങ്ങനെ മത്സര സമയം വന്നെത്തി.
സുസ്‌മേര വദനനും വിനയാന്വിതനുമായി
ആമ മുയലിനു നേരെ ഹസ്തദാനം ചെയ്തു.
മനമില്ലാ മനസ്സോടെ അവന്‍ അത് സ്വീകരിച്ചു.

ആമ പിന്നെ, മുയലിനൊരു മിഠായി നല്‍കിക്കൊണ്ട് പറഞ്ഞു:
"നമ്മള്‍ പരസ്പരം ശത്രുക്കളല്ല, മിത്രങ്ങളാണ്.
പരസ്പരം ശത്രുത പാടില്ലെഡാ...!"
മുയല്‍ മിഠായി വാങ്ങിക്കഴിച്ചു...

മത്സരത്തിനുള്ള മണി മുഴങ്ങി.
കുറച്ചോടിയപ്പോള്‍ തന്നെ മുയലിന് വല്ലാത്ത തളര്‍ച്ച..!
മുയല്‍ ബോധം കെട്ടു.

ഇഴഞ്ഞുവന്ന ആമ മുയലിനടുത്തെത്തി തന്റെ
മൊബൈല്‍ ഫോണെടുത്ത് ഒരു നമ്പറിലേക്കു വിളിച്ചു.

അല്‍പ സമയത്തിനുള്ളില്‍ ഡോക്ടര്‍മാരെന്നു
തോന്നിക്കുന്ന ഒരു സംഘം സ്ഥലത്തെത്തി.

അവര്‍ മുയലിന്റെ കിഡ്‌നി പുറത്തെടുത്ത്
മറ്റൊരു മുയലിന് ഫിറ്റ് ചെയ്തു. ഠിം..!

ആമ തന്നെ ഫിനിഷിംഗ് പോയിന്റിലെത്തി, ഇത്തവണയും!
ന്യൂ ജനറേഷനാമ മത്സരത്തില്‍ വിജയിക്കുക മാത്രമല്ല.
ഒരു ഫ്ളാറ്റ് വാങ്ങാനുള്ള ദുട്ടുകള്‍
കരസ്ഥമാക്കുകയും ചെയ്തിരുന്നു...!
(((((((((((((((((((((( Facebook )))))))))))))))))))))))

25.5.14

മൂട്ടയും കൊതുകും

ഉപദ്രവിക്കുകയാണെങ്കിലും
താരാട്ടു പാടിയേ
കൃത്യം ചെയ്യാറുള്ളൂവെന്ന്
കൊതുക് വാദിച്ചപ്പോള്‍
മൂട്ടയ്ക്കും പറയാനുണ്ടായിരുന്നു:
'എടാ ദ്രോഹീ,
നീ മനുഷ്യരെ
പൊക്കിയെടുക്കുമ്പോള്‍
അവരെ പൊങ്ങാതെ
സംരക്ഷിക്കുന്നത്
ഈ ഞാനാണ് !'
((((((((((((( Facebook )))))))))))))))

കണാരന്‍

കോഴിക്കോട്ടേക്കുള്ള ബസ് യാത്രയാണ്...!

മഞ്ചേരി ബസ് സ്റ്റാന്റില്‍ നിന്നാണ് മധ്യവയസ്‌കനായ അദ്ദേഹം കയറിയത്.
മുമ്പു കണ്ട പരിചയമുള്ളതുപോലെ തുറന്നു ചിരിച്ച് അദ്ദേഹം അടുത്തുവന്നിരുന്നു.
പിന്നെ ചോദിച്ചു.

'എങ്ങോട്ടാ..?'

'കോഴിക്കോട്ടേക്ക്...'

'ഏട്ടനെങ്ങോട്ടാ...?'

'കൊണ്ടോട്ടിയിലേക്കാണ്..'

'ങും... '
ഞാനൊന്നു മൂളി. ഇയര്‍ഫോണെടുത്ത് ചെവിയില്‍ തിരുകി.
ഓഫീസിലെത്തി ചെയ്യേണ്ട പണികളെക്കുറിച്ചുള്ള
ടെന്‍ഷനായിരുന്നതിനാല്‍ സംസാരിക്കാനുള്ള മൂഡിലല്ലായിരുന്നു.
പക്ഷേ, അദ്ദേഹത്തിനത് അറിയില്ലല്ലോ. അദ്ദേഹം തുടര്‍ന്നു.

'പേരെന്താ..? എന്താ ജോലി...?'

'റിയാസ് '

'ങേ...?'

'റിയാസ് ന്ന്..!'

'ങാ ..! നൈസ് നൈം! ജോലി... ഐ മീന്‍ വര്‍ക്...?'

ഞാന്‍ മൂപ്പരെ ഒന്നു നോക്കി....
'കോഴിക്കോട് ദര്‍ശന ചാനലിലാ...!'

'ആഹാ... അതു കൊള്ളാം... അപ്പൊ നമ്മളൊരു ഫീല്‍ഡിലാണല്ലോ.'
അദ്ദേഹം ഷൈക്ഹാന്‍ഡിനായി കൈ നീട്ടി.
ഞാനും കൈ കൊടുത്തു.

'ഇങ്ങളെവിടാ ജോലി ചെയ്യ്‌ണെ..?'

'ഏഷ്യാനെറ്റിലെ കുങ്കുമപ്പുവ് ചെയ്തത് ഞാനാ...! '

പ്ലിംഗ്!
ഇതുവരെ ഒരൊറ്റ എപ്പിസോഡ് പോലും കാണാത്തതിനാലും
ആ പൂവിനെക്കുറിച്ച് ഒരു എ.ബി.സി.ഡിയും അറിയാത്തതിനാലും
ഞാന്‍ മറുത്തൊന്നും ചോദിച്ചില്ല. തലയാട്ടുക മാത്രം ചെയ്തു.
അദ്ദേഹം നിര്‍ത്തിയില്ല.

'പിന്നെ മഴവില്‍ മനോരമയിലെ മിക്ക പരിപാടികളിലും
എന്റെ തലച്ചോറുണ്ട്.
മീഡിയാ വണ്ണിലെ m80 മൂസ്സയും ഞാന്‍ തന്നെയാ...!'

'm80 മൂസ്സ വിനോദ് കോവൂരല്ലേ...?'

'അത് അഭിനയിക്കുന്ന ആളല്ലേ... ?!
ഞാന്‍ അതിന്റെ അണിയറയിലാ...'

'ങാ.. അങ്ങനെ..! '

'ങാ...! പിന്നെ ഷാജി കൈലാസിന്റെ മിക്ക സിനിമകളുടെയും
കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. '

'അപ്പൊ സാറ് ക്യാമറയിലാണോ...?'

'അല്ല. ക്യാമറയല്ല. അണിയറ.. അണിയറ...!'

'അണിയറാന്ന് പറഞ്ഞാ...?'

'അണിയറാന്ന് പറഞ്ഞാ.. അതിന്റെ എ ടു ഇസഡ്..!'
കക്ഷി നിര്‍ത്തുന്ന ഭാവമില്ല.... തുടര്‍ന്നു...!

'പിന്നെ ഇന്നിപ്പോ ഡല്‍ഹീ പോണം. സത്യപ്രതിജ്ഞാ
ചടങ്ങിന് നമോ വിളിച്ചിട്ടുണ്ട്. ഇന്നലെ ഭാര്യയെ
വിളിച്ച് പറഞ്ഞേല്‍പിച്ചതാ...!!!'

ഹെന്റുമ്മോ... വട്ടായിരുന്നൂല്ലേ...!!! (ആത്മഗതം)

'മിക്കവാറും ഞാന്‍ ക്യാബിനറ്റ് മന്ത്രിയാവാനുള്ള സാദ്ധ്യതയും ഉണ്ട്.
അതിനെക്കുറിച്ചുകൂടി ഇന്ന് വൈകുന്നേരം ചര്‍ച്ചയുണ്ട്.
മന്‍മോഹന്‍ സിംഗ് പ്രത്യേകം പറഞ്ഞിട്ടുണ്ട്, എന്നെ ആക്കാന്‍...!'

(:O പടച്ചോനേ..!!!)

'മിസ്റ്റര്‍ റിയാസ്, നിങ്ങക്കറിയോ, ഞാന്‍ നേരത്തെ ഇന്ദിരാഗാന്ധി
മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്ത ആളാ...!
അതിനും മുമ്പ് ഗാന്ധിജിയെ ഗോഡ്‌സെ വധിക്കുമ്പോള്‍ അരുത്
ഗോഡ്‌സെ വധിക്കരുതെന്ന് പറയാന്‍ ഞാന്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടാണ് ഗാന്ധിജി തൂങ്ങിമരിച്ചത്....!'

ടിയാന്റെ മുഖത്ത് നിരവധി വികാരങ്ങള്‍ മിന്നി മറഞ്ഞു.
സത്യായിട്ടും എനിക്കു പേടിയായി...
വേഗം കൊണ്ടോട്ടി എത്തിയെങ്കില്‍ എന്നു ഞാനാശിച്ചു.

ഞാന്‍ അപ്പുറത്തെ സീറ്റിലേക്കിരിക്കാന്‍ വേണ്ടി മെല്ലെ എഴുന്നേറ്റു.
അയാളുടെ ശബ്ദം ഉയര്‍ന്നു:

'എവിടേക്കാണെടാ കള്ള പപ്പരാസീ നീ പോകുന്നേ... ?
ഇരിക്കെടാ അവിടെ...!'

ഞാനിരുന്നുപോയി...

മൂപ്പര്‍ പൊട്ടിച്ചിരിച്ചു...!
മൂപ്പിലാന്‍ ഭീകരമായ 'കത്തി' തുടര്‍ന്നുകൊണ്ടേയിരുന്നു....

കൊണ്ടോട്ടിയെത്തി

'മിസ്റ്റര്‍ റിയാസ്,
അപ്പോ നമുക്കു പിന്നെക്കാണാം. ഞാനിറങ്ങുകയാണ്. '

ഹാവൂ...! സമാധാനമായി (വീണ്ടും ആത്മഗതിച്ചു.)
പിന്നെ ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു:

'സര്‍ ന്റെ പേരെന്താന്നാ പറഞ്ഞത്...?'

'എന്റെ പേര് ഞാനതിനു പറഞ്ഞില്ലല്ലോ...!
എന്റെ പേര് കണാരന്‍...
നാട്ടുകാര്‍ ജാലിയന്‍ കണാരനെന്ന് വിളിക്കും....!'
((((((((((((((((((((((((((((((((( facebook ))))))))))))))))))))))))))


21.5.14

മടിത്തട്ട്‌

അരക്ഷിതാവസ്ഥ
എനിക്കന്യമാണമ്മേ,
ഈ മടിത്തട്ടുള്ളപ്പോള്‍!
((((((((( FB ))))))))))

17.5.14

എവിടെപ്പോയ് ...

തെരഞ്ഞെടുപ്പ് 
വിജയാഹ്ലാദ 
പ്രകടനങ്ങളില്‍
കാലാകാലങ്ങളായി 
കേട്ടുകൊണ്ടിരിക്കുന്ന
ഒരു മുദ്രാവാക്യമാണ്
"എവിടെപ്പോയ്... 
എവിടെപ്പോയ്!" 

<<<< Facebook >>>>

16.5.14

നല്ല മലയാളം

ബസിന് മലയാളത്തില്‍
'പൊതുഗതാഗത ശകടം' എന്നു പറയാം.
ഫാസ്റ്റ്പാസഞ്ചര്‍ ബസ് ആണെങ്കില്‍
'ത്വരിതഗമന ശകടം' എന്നും
സര്‍ക്കാരിന്റെ വകയിലുള്ള ഫാസ്റ്റ് പാസഞ്ചറിന്
'ഹരിതവര്‍ണ ത്വരിതഗമന രാജശകടം' എന്നുമാവാം.
നമ്മുടെ നാട്ടിലോടുന്ന സാധാരണ
കെ.എസ്.ആര്‍.ടി.സികള്‍ക്ക്
'കീറാമുട്ടി രാജശകടം' എന്നേ പറയാവൂ... :D :P
((((((((((((((((((((( facebook )))))))))))))))))))

15.5.14

'പത്തായക്കോടന്‍' ബാക്കിവച്ചത്...


സീ
തിഹാജി ഫലിതങ്ങള്‍ നാട്ടില്‍ കത്തിനില്‍ക്കുന്നകാലം! ധീരനും രസികനുമായ സീതിഹാജി എന്ന കഥാപാത്രം പ്രായഭേദമന്യേ ആളുകളുടെ നാവിന്‍തുമ്പിലൂടെ തത്തിക്കളിച്ചിരുന്നു അന്ന്. ചിലര്‍  ഇല്ലാത്തതും, ഉള്ളതില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തുമൊക്കെ കഥകള്‍ കാച്ചിയിരുന്നു. കാമ്പസുകളിലും പാര്‍ട്ടിയാപ്പീസുകളിലും ഓവുപാലങ്ങളിലും വരെ സീതിഹാജിയുടെ തമാശകളങ്ങനെ ചിരിച്ചുനടന്നു.

ഒരു പാര്‍ട്ടി യോഗം കഴിഞ്ഞ് തീവണ്ടിയില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു സീതിഹാജി. ചെറുതായൊന്നു മയങ്ങി. ഒരു കൂട്ടച്ചിരി കേട്ടാണ് അദ്ദേഹമുണര്‍ന്നത്. നോക്കിയപ്പോള്‍ തന്റെ എതിര്‍വശത്തിരിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ തമാശപറഞ്ഞു ചിരിക്കുകയാണ്. സൗമ്യനും സരസനുമായ അദ്ദേഹം അവരെ പെട്ടെന്നു പരിചയപ്പെട്ടു. തമാശ അതല്ല, അവരുടെ കഥയിലെ താരം സീതിഹാജിയാണ്. തൊപ്പി ധരിക്കാത്തതിനാല്‍ സീതിഹാജി തന്നെയാണ് കൂടെയുള്ളതെന്ന് അവരറിഞ്ഞതുമില്ല. കഥ കേള്‍ക്കാനും ചിരിക്കാനും അദ്ദേഹവും കൂടി. ഇത് ആദ്യമായി കേള്‍ക്കുകയാണ്, ഇതില്‍ നര്‍മവും മര്‍മവുമുണ്ട്, ഇതു തീരെ തമാശയില്ലാത്തതാണെന്നൊക്കെയുള്ള അഭിപ്രായങ്ങളും പറഞ്ഞു.

കുട്ടികളിലൊരാള്‍ പറയുകയാണ്:
"സീതിഹാജി ഗള്‍ഫില്‍ പോയതായിരുന്നൂത്രേ... വിമാനം അവിടെ ലാന്റ് ചെയ്തു. ആളുകള്‍ ഇറങ്ങാനുള്ള കോണി വരുന്നതും കാത്തുനില്‍ക്കുകയാണ്. മുന്നില്‍ സീതിഹാജി തന്നെ. ആളുകള്‍ ഇറങ്ങാന്‍ ധൃതി കൂട്ടുന്നുണ്ട്. എയര്‍ ഹോസ്റ്റസ് പറഞ്ഞു: പ്ലീസ്, വെയ്റ്റ്! ഉടനെത്തന്നെ ഹാജി, പി. സീതി, എഴുപത്തിരണ്ട് എന്നു പറഞ്ഞ് താഴേക്കു ചാടി..."
ഈ കഥ മോശമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഥകളങ്ങനെ പലതും പറഞ്ഞ് ഇറങ്ങാനുള്ള സ്ഥലമായപ്പോള്‍ അദ്ദേഹം കുട്ടികളോട് തന്റെ ഏറനാടന്‍ ശൈലിയില്‍ ചോദിച്ചു:  മക്കളേ, ഇങ്ങള് സീതിഹാജീനെ കണ്ടിട്ട്‌ണ്ടോ..?
കുട്ടികള്‍ ഇല്ലെന്ന് തലകുലുക്കി. അദ്ദേഹം ബാഗില്‍ നിന്ന് തന്റെ പഞ്ഞിത്തൊപ്പിയെടുത്ത് തലയിലേക്കു വച്ച് ചിരിച്ചുകൊണ്ടുപറഞ്ഞു:
"ന്നാ നേരെ കണ്ടോളീ, ആ പഹയന്‍ ഞാനാ...!"
കുട്ടികളാകെ ചമ്മി. അമ്പരപ്പും ജാള്യതയും  വിട്ടുമാറാത്ത കൗമാരക്കാരുടെ മനസ്സില്‍ ആദരവായിരുന്നു.  ഇത് വെറുമൊരു ഫലിത സാമ്രാട്ടായ രാഷ്ട്രീയനേതാവല്ല, മഹാ പ്രസ്ഥാനമാണെന്ന് കുറച്ചു മണിക്കൂറുകള്‍കൊണ്ട് അവര്‍ മനസ്സിലാക്കിയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ മറക്കരുതെന്നു പറഞ്ഞ് അവര്‍ക്ക് തന്റെ വിലാസവും നല്‍കിയാണ് അദ്ദേഹം ഇറങ്ങിയത്. പരിചയപ്പെടാന്‍ വൈകിപ്പോയല്ലോ എന്നോര്‍ത്തിട്ടുണ്ടാവണം കുട്ടികള്‍. അവരുടെ മനസ്സില്‍ ആ മനുഷ്യസ്‌നേഹിയോടുള്ള ആദരവ് ശതഗുണീഭവിച്ചിരിക്കണമപ്പോള്‍...!

നിയമസഭയില്‍ എന്തോ വിഷയത്തെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ചര്‍ച്ചിച്ചും തര്‍ക്കിച്ചും ബഹളമുണ്ടാക്കി എല്ലാവരും മുഖം കറുപ്പിച്ചിരിക്കുമ്പോഴായിരുന്നു സീതിഹാജി പ്രസംഗമാരംഭിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. കാര്യമാത്രപ്രസക്തമായ സംസാരത്തിനു ശേഷം തമാശയിലേക്കുകടന്നു. ആളുകള്‍ അതാണ് പ്രതീക്ഷിക്കുന്നതും.

"ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതുകൊണ്ടൊന്നുമല്ല ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്. ഞാനും നായനാരും ഇംഗ്ലീഷ് പറയാന്‍ തുടങ്ങിയതോടെ ഇനി നിന്നിട്ട് കാര്യമില്ലെന്നുകണ്ട് ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടോടിപ്പോയതാണ്.."

തമാശ കേട്ട് മുഖ്യമന്ത്രി നായനാരും ആര്‍ത്തുചിരിച്ചു.
അല്ലെങ്കിലും, അന്നൊക്കെ പ്രതിപക്ഷബഹുമാനമുണ്ടായിരുന്നു. ഏതു കൊടിയുടെ ആളായാലും പരസ്പരം സ്‌നേഹവും ബഹുമാനവും ആദരവുമൊക്കെയുണ്ടായിരുന്നു, അണികളിലും നേതാക്കളിലുമൊക്കെ! അതൊക്കെ മാഞ്ഞും മറഞ്ഞും ഇല്ലാതെയാവുന്ന, പരസ്പരം വാളെടുക്കുന്ന, ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യമക്കളെ കൊന്നൊടുക്കുന്ന വര്‍ത്തമാന രാഷ്ട്രീയത്തിന്റെ സഹചാരികളും അനുഭാവികളുമായി മാറാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. :( ഇനിയിതാ, നാളെ പുലരാന്‍ കാത്തിരിക്കുകയാണെല്ലാവരും; പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുടേയും അണികളുടേയും പാര്‍ട്ടിക്കാരുടേയും നെഞ്ചത്ത് പൊങ്കാലയിടുവാന്‍...! ഇപ്രാവശ്യം അത് സോഷ്യല്‍ മീഡിയകളില്‍ നിന്നുകൂടി പ്രവഹിക്കും...! നാം നമ്മുടെ നാവിനേയും ശരീരത്തേയും കീ ബോര്‍ഡിലമരുന്ന വിരലുകളേയും സൂക്ഷിച്ചുകൈകാര്യം ചെയ്താല്‍ നമുക്കായിരിക്കും വിജയം! :)

<<<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>

5.5.14

ഡ്രൈവിംഗ്

മുമ്പിലെ
ഡ്രൈവിംഗ് പഠിക്കുന്ന
പാവത്തിന്റെ വണ്ടി
ഒന്ന് ഓഫായാല്‍ മതി,
പിന്നിലെ നമ്മള്‍
തുരുതുരാ ഹോണ്‍ അടിച്ചും
തെറിവിളിച്ചും
വന്ന വഴി മറക്കും!
നമ്മളിപ്പോള്‍ 'വലിയ'
ഡ്രൈവര്‍മാരാകുന്നു!
((((((((((((( facebook )))))))))))

2.5.14

പോസിറ്റീവ് എനര്‍ജി

എല്ലാവരോടും സ്‌നേഹത്തിലും സൗഹൃദത്തിലും പെരുമാറാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്. അതു സാദ്ധ്യമാകണമെങ്കില്‍ മനസ്സ് നിഷ്‌കളങ്കമായേ തീരൂ. അകം ശുദ്ധിയാക്കാതെ പുറം മിനുക്കുന്നത് കാപട്യമാണ്. സുഹൃത്തുക്കള്‍ക്ക് നമ്മെക്കുറിച്ച് നല്ലവിചാരമുണ്ടാക്കിയെടുക്കുന്നതിന്റെ ആദ്യപടി പുഞ്ചിരിയായിരിക്കുമെന്നു തോന്നുന്നു. പ്രസന്നനായി, സുസ്‌മേരവദനനായി കൂട്ടുകാരോടും വീട്ടുകാരോടും നാട്ടുകാരോടും സംസാരിക്കുവാന്‍ ശ്രമിച്ചുനോക്കൂ. തീര്‍ച്ചയായും അത് പോസിറ്റീവ് എനര്‍ജി നല്‍കും; നമുക്കും അവര്‍ക്കുമിടയില്‍...! :)
((((((((((((((((((((((( facebook ))))))))))))))))))))))

1.5.14

തൊഴിലാളിദിന ചിന്ത


അദ്ധ്വാനത്തെ ഏറെ ശ്ലാഘിച്ച, മാനിച്ച മഹാനായിരുന്നു ഗാന്ധിജി. അദ്ധ്വാനിക്കാതെ ജീവിക്കുന്നവന്‍ മോഷ്ടാവിനു സമമാണെന്നും അവനു ജീവിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധാര്‍മികമൂല്യങ്ങള്‍ സംരക്ഷിക്കുകയും പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരികയും ചെയ്യുന്നത് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും രാഷ്ട്രീയത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചത്, കാലത്തെ അതിജീവിച്ച മഹത്തുക്കളുടെയും ആത്മീയ ഗുരുക്കളുടെയും ജീവിതം പഠിച്ചതുകൊണ്ടും ആ പാതയില്‍ നിന്ന് ആര്‍ജിച്ചാവാഹിച്ച ഊര്‍ജം കൈമുതലാക്കി ജീവിച്ചതുകൊണ്ടുമായിരിക്കാം.

തൊഴില്‍രംഗത്ത് മാറ്റങ്ങളും മാറ്റിത്തിരുത്തലുകളും അനിവാര്യമാണെന്ന ആവശ്യങ്ങളുയരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ച, സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിയില്‍ വരുത്തുന്ന സ്വാധീനമെന്തെന്ന് നാം അനുഭവിച്ചറിയുന്നു. എങ്കിലും പാര്‍ശ്വവത്കരിക്കപ്പെടുന്ന കുറേയധികം ജനസമൂഹത്തെ നാം കാണേണ്ടിയിരിക്കുന്നു. നമ്മുടെ ഗ്രാമീണരെക്കുറിച്ച് നാം ചിന്തിക്കണം. അവര്‍ക്ക് അവശ്യം ആവശ്യമായ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും നാം ആവുന്നതു ചെയ്‌തേ മതിയാകൂ. അധികൃതരുടെ കണ്ണെത്താത്ത, കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ചില പ്രദേശങ്ങളിലേക്ക് വെള്ളവും വൈദ്യുതിയും പാര്‍പ്പിടസൗകര്യങ്ങളുമുണ്ടാക്കാന്‍ നമുക്കെന്തെങ്കിലും കഴിയുമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ, നമ്മുടെ നാട്ടിലേക്ക് തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ദയനീയാവസ്ഥകള്‍ നാം തുറന്നുപിടിച്ച കണ്ണുകൊണ്ട് കാണണം. തമഴ്‌നാട്ടിലെ യുവാവ് ചോരനീരാക്കി രാവിനെപ്പോലും പകലാക്കി അദ്ധ്വാനിച്ചാലും തുച്ഛം കൂലികൊടുത്ത് 'അണ്ണാച്ചികള്‍ക്കൊക്കെ അത്രമതി' എന്നു പറയുന്ന ദുഷിച്ച സ്വഭാവം നമുക്കിടയില്‍ കൂടിവരുന്നു. ഇങ്ങനെ ചെയ്യുന്ന ഒരു 'മുതലാളി'യെ നോക്കി 'ഇവരൊക്കെ ഗള്‍ഫില്‍ വന്ന് വിയര്‍പ്പൊഴുക്കി ഒരുമാസം പണിയെടുക്കണ'മെന്നാണ് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞത്.

അദ്ധ്വാനിക്കുന്നവരേയും ഭാരം വഹിക്കുന്നവരേയും തന്റെ സ്‌നേഹത്തണലിലേക്ക് ക്ഷണിച്ച യേശുക്രിസ്തുവും, കഴിക്കുന്ന ഭക്ഷണത്തിലേറ്റവുമുത്തമം സ്വന്തം കൈകളെക്കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നു പഠിപ്പിച്ച മുഹമ്മദ് നബി (സ്വ) യും അദ്ധ്വാനത്തിന്റെ മഹത്വം സമൂഹത്തോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തൊഴിലാളിക്ക് അവന്റെ വിയര്‍പ്പുണങ്ങതിനു മുമ്പ് കൂലികൊടുക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. തൊഴിലാളിയുമായി കൂലി ക്ലിപ്തപ്പെടുത്താതെ അയാളെ ജോലിക്കു വിളിക്കാന്‍ പാടില്ലെന്നും കൂലി നിശ്ചയിച്ച് ജോലി ചെയ്യിച്ച ശേഷം ആരെങ്കിലും തൊഴിലാളിക്കു കൂലി കുറച്ചുകൊടുക്കുന്ന പക്ഷം അവന്‍ ചെയ്യുന്നത് മഹാപാപമാണെന്നും നബി (സ്വ) താക്കീതു ചെയതിരുന്നു...
സര്‍വരാജ്യതൊഴിലാളികളേ, തൊഴിലാളി ദിനാശംസകള്‍...!

വരുമൊരു ദിനം

നാരികള്‍ നാരികള്‍ ....

നള ദമയന്തീ ചരിതത്തില്‍ ഇങ്ങനെയൊരു കഥയുണ്ട്:
ചൂതുകളിയില്‍ പരാജയപ്പെട്ട നളന്‍ ദമയന്തിയുടെ കൂടെ വനത്തിലെത്തി. അല്ലലും അലട്ടലും സദാ വേട്ടയാടപ്പെടുന്ന നളന്‍, ദമയന്തിയെങ്കിലും പിതൃരാജ്യങ്ങളിലേക്കോടി രക്ഷപ്പെടട്ടെ എന്നുകരുതി ദമയന്തിയെ വനാന്തരത്തിലുപേക്ഷിച്ചു.

നടന്നു തളര്‍ന്ന് ക്ഷീണിച്ചവശയായികാട്ടിലുറങ്ങിപ്പോയ ദമയന്തിയുടെ ശരീരത്തില്‍ ഒരു പെരുമ്പാമ്പ് ചുറ്റി. ഭയന്നു നിലവിളിക്കുന്നതുകേട്ട ഒരു കാട്ടാളന്‍ ഓടി വന്ന് പെരുമ്പാമ്പിനെ കൊന്നു. തീര്‍ന്നില്ല! പെരുമ്പാമ്പിനേക്കാള്‍ വലിയ വിപത്തായിരുന്നു പിന്നെ ദമയന്തിയെ നോട്ടമിട്ടത്. ആ സൗന്ദര്യത്തിലാകൃഷ്ടനായ കാട്ടാളന്‍ മറ്റൊരു സര്‍പ്പമായി മാറി. തന്നെ നശിപ്പിക്കാനെത്തിയ കാട്ടാളനെ അവള്‍ ക്രൂദ്ധയായി തുറിച്ചുനോക്കി. കത്തിയെരിയുന്ന കോപാഗ്നിയുടെ ജ്വാലയേറ്റ് കാട്ടാളന്‍ ഭസ്മമായിത്തീര്‍ന്നെന്നാണ് കഥ!

പെരുമ്പാമ്പില്‍ നിന്ന് രക്ഷനേടാന്‍ കാട്ടാളന്റെ സഹായം തേടേണ്ടിവന്ന ദമയന്തിക്ക് അതിനേക്കാള്‍ ശക്തനും വില്ലനുമായ കാട്ടാളനെ വധിക്കാന്‍ ഒരു നോട്ടം മാത്രമാണ് വേണ്ടിവന്നത്. കാരണമെന്താണ്..? അവിടെയാണ് അബലയുടെ ബലം അടയാളപ്പെടുന്നത്. സ്ത്രീക്ക് ശരീരം കൊണ്ടേ അബലത്വമുള്ളൂ. മാനസികമായി ശക്തിസ്വരൂപിണിയാണവള്‍. സര്‍പ്പം ചുറ്റിയപ്പോള്‍ മരണഭയമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. കാട്ടാളപ്പിടിയില്‍ മാനഹാനിയായിരുന്നു അവളുടെ പ്രശ്‌നം. പതിവ്രതയ്ക്ക് മാനഹാനി മരണത്തേക്കാള്‍ ഭയാനകമെന്നു ചുരുക്കം. ഇതൊരു സ്ത്രീ യുടെ 'കഥ..!' എന്നാല്‍, നാണവും മാനവും പേരിനുപോലുമില്ലാതെ, പറയിപ്പിക്കാനും ചില 'നാരി'കള്‍ നമ്മുടെ ചുറ്റും വിഹരിക്കുന്നുണ്ട്. അവരെക്കുറിച്ചായിരിക്കും ചിലപ്പോള്‍ ചങ്ങമ്പുഴ ഇങ്ങനെ പാടിയത് :
'അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!
നാരികള്‍, നാരികള്‍! വിശ്വവിപത്തിന്റെ
നാരായവേരുകള്‍, നാരകീയാഗ്‌നികള്‍ !'

 ((((((((((((((((((((((((((((((((( facebook )))))))))))))))))))))))))))))