1.5.14

തൊഴിലാളിദിന ചിന്ത


അദ്ധ്വാനത്തെ ഏറെ ശ്ലാഘിച്ച, മാനിച്ച മഹാനായിരുന്നു ഗാന്ധിജി. അദ്ധ്വാനിക്കാതെ ജീവിക്കുന്നവന്‍ മോഷ്ടാവിനു സമമാണെന്നും അവനു ജീവിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധാര്‍മികമൂല്യങ്ങള്‍ സംരക്ഷിക്കുകയും പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരികയും ചെയ്യുന്നത് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും രാഷ്ട്രീയത്തിന്റെ നന്മക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചത്, കാലത്തെ അതിജീവിച്ച മഹത്തുക്കളുടെയും ആത്മീയ ഗുരുക്കളുടെയും ജീവിതം പഠിച്ചതുകൊണ്ടും ആ പാതയില്‍ നിന്ന് ആര്‍ജിച്ചാവാഹിച്ച ഊര്‍ജം കൈമുതലാക്കി ജീവിച്ചതുകൊണ്ടുമായിരിക്കാം.

തൊഴില്‍രംഗത്ത് മാറ്റങ്ങളും മാറ്റിത്തിരുത്തലുകളും അനിവാര്യമാണെന്ന ആവശ്യങ്ങളുയരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ച, സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിയില്‍ വരുത്തുന്ന സ്വാധീനമെന്തെന്ന് നാം അനുഭവിച്ചറിയുന്നു. എങ്കിലും പാര്‍ശ്വവത്കരിക്കപ്പെടുന്ന കുറേയധികം ജനസമൂഹത്തെ നാം കാണേണ്ടിയിരിക്കുന്നു. നമ്മുടെ ഗ്രാമീണരെക്കുറിച്ച് നാം ചിന്തിക്കണം. അവര്‍ക്ക് അവശ്യം ആവശ്യമായ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും നാം ആവുന്നതു ചെയ്‌തേ മതിയാകൂ. അധികൃതരുടെ കണ്ണെത്താത്ത, കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ചില പ്രദേശങ്ങളിലേക്ക് വെള്ളവും വൈദ്യുതിയും പാര്‍പ്പിടസൗകര്യങ്ങളുമുണ്ടാക്കാന്‍ നമുക്കെന്തെങ്കിലും കഴിയുമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ, നമ്മുടെ നാട്ടിലേക്ക് തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ദയനീയാവസ്ഥകള്‍ നാം തുറന്നുപിടിച്ച കണ്ണുകൊണ്ട് കാണണം. തമഴ്‌നാട്ടിലെ യുവാവ് ചോരനീരാക്കി രാവിനെപ്പോലും പകലാക്കി അദ്ധ്വാനിച്ചാലും തുച്ഛം കൂലികൊടുത്ത് 'അണ്ണാച്ചികള്‍ക്കൊക്കെ അത്രമതി' എന്നു പറയുന്ന ദുഷിച്ച സ്വഭാവം നമുക്കിടയില്‍ കൂടിവരുന്നു. ഇങ്ങനെ ചെയ്യുന്ന ഒരു 'മുതലാളി'യെ നോക്കി 'ഇവരൊക്കെ ഗള്‍ഫില്‍ വന്ന് വിയര്‍പ്പൊഴുക്കി ഒരുമാസം പണിയെടുക്കണ'മെന്നാണ് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞത്.

അദ്ധ്വാനിക്കുന്നവരേയും ഭാരം വഹിക്കുന്നവരേയും തന്റെ സ്‌നേഹത്തണലിലേക്ക് ക്ഷണിച്ച യേശുക്രിസ്തുവും, കഴിക്കുന്ന ഭക്ഷണത്തിലേറ്റവുമുത്തമം സ്വന്തം കൈകളെക്കൊണ്ട് അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നു പഠിപ്പിച്ച മുഹമ്മദ് നബി (സ്വ) യും അദ്ധ്വാനത്തിന്റെ മഹത്വം സമൂഹത്തോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തൊഴിലാളിക്ക് അവന്റെ വിയര്‍പ്പുണങ്ങതിനു മുമ്പ് കൂലികൊടുക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. തൊഴിലാളിയുമായി കൂലി ക്ലിപ്തപ്പെടുത്താതെ അയാളെ ജോലിക്കു വിളിക്കാന്‍ പാടില്ലെന്നും കൂലി നിശ്ചയിച്ച് ജോലി ചെയ്യിച്ച ശേഷം ആരെങ്കിലും തൊഴിലാളിക്കു കൂലി കുറച്ചുകൊടുക്കുന്ന പക്ഷം അവന്‍ ചെയ്യുന്നത് മഹാപാപമാണെന്നും നബി (സ്വ) താക്കീതു ചെയതിരുന്നു...
സര്‍വരാജ്യതൊഴിലാളികളേ, തൊഴിലാളി ദിനാശംസകള്‍...!

4 comments:

 1. ഇന്ന് വിയർപ്പൊഴുക്കാത്ത തൊഴിലാളികളാണധികവും
  അതുകൊണ്ട് ഈ ചിന്തകൾ മിക്കവർക്കും ഏശുകയില്ലല്ലോ അല്ലേ ഭായ്

  ReplyDelete
 2. എല്ലാം അവനവനിസം ആയിക്കഴിഞ്ഞു....

  ReplyDelete
 3. റാംജിയുടെ അഭിപ്രായം തന്നെ.. എല്ലാവര്‍ക്കും തന്‍കാര്യം പൊന്‍കാര്യം

  ReplyDelete
 4. സര്‍വ്വരാജ്യത്തൊഴിലാളി ഐക്യം ജയിക്കട്ടെ !

  ReplyDelete