30.8.14

കൃഷ്‌ണേട്ടന്റെ ജാഗ്രത

പാലക്കാട്ടേക്കുള്ള 'ഫാസ്റ്റ്പാസഞ്ചറി'ലാണിപ്പോള്‍.
ഇത്രനേരം തൊട്ടടുത്തിരുന്നിരുന്നത് കൃഷ്‌ണേട്ടന്‍.
ജന്മനാ അന്ധനാണത്രേ...!
മടവൂര്‍ സ്വദേശിയായ കൃഷ്‌ണേട്ടന്റെ മുഖത്തെ ഭംഗിയുള്ള പുഞ്ചിരി, അദ്ദേഹത്തിന്റെ അംഗപരിമിതിയെ ശരിയ്ക്കും മറയ്ക്കുന്നുണ്ട്.
പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ ഓരോരോ വിശേഷങ്ങള്‍ പങ്കുവച്ചു.
ഭാര്യ. നാലു മക്കള്‍. അതില്‍ ഒരു മോനും മോള്‍ക്കും അദ്ദേഹത്തെപ്പോലെത്തന്നെ കാഴ്ചയില്ലത്രേ!
സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ബാഗില്‍ നിന്ന് രണ്ടു മിഠായി എടുത്തു. ഒന്ന് അദ്ദേഹത്തിന്റെ കയ്യില്‍ വച്ചുകൊടുത്തു.
കൃഷ്‌ണേട്ടന്‍ കളങ്കമില്ലാത്ത ഒരു ചിരി പകരം സമ്മാനിച്ചു.
ഞാന്‍ എന്റെ മിഠായി കഴിച്ചുതുടങ്ങി.
അദ്ദേഹം മിഠായിയും കയ്യില്‍ പിടിച്ച് സംസാരം തുടര്‍ന്നു:
'മക്കളെ പഠിപ്പിക്കാനും വിശപ്പടക്കാനും തെരുവില്‍ പാട്ടുപാടുകയാണു ജോലി.
എന്നെക്കൊണ്ട് ആവുന്ന കാലത്തോളം ഇങ്ങനെയൊക്കെ കഴിയാം. എന്റെ കാലശേഷം...'
വേദന കലര്‍ത്തിയ ഒരു പുഞ്ചിരിയോടെ കൃഷ്‌ണേട്ടന്‍ പാതിയില്‍ നിര്‍ത്തി എന്റെ കയ്യില്‍ പിടിച്ചമര്‍ത്തി.
ഫറോക്ക് പാലവും കടന്നുപോവുമ്പോള്‍ പുറത്ത് നേരിയ മഴയുണ്ടായിരുന്നു.
മഴത്തുള്ളികള്‍ സൈഡ് വിന്‍ഡോയിലേക്ക് പാറിവീഴുന്നുണ്ട്.
'മഴ തുടങ്ങിയല്ലേ റിയാസൂ!'
സ്‌നേഹാര്‍ദ്രമായ വിളി.
ഞാന്‍ ആദ്യം തലയാട്ടി.
പിന്നെയും അദ്ദേഹം മറുപടിക്കു കാത്തപ്പോള്‍ 'അതേ' എന്നു പറഞ്ഞു.
'മഴയത്ത് മധുരം നല്ലതാ' കൃഷ് ണേട്ടന്‍.
'ങൂം' ഞാന്‍.
കൃഷ്‌ണേട്ടന്‍ മിഠായിക്കടലാസ് തുറന്നു.
മിഠായി വായിലേക്കിട്ടു.
'കോപിക്കോ ആണല്ലേ?'
'അതെയതേ!'
മിഠായിക്കടലാസ് ചുരുട്ടി മടക്കിപ്പിടിച്ചതു കണ്ടപ്പോള്‍ 'ഞാനത് പുറത്തേക്കെറിഞ്ഞോളാം' എന്നു പറഞ്ഞ് വാങ്ങാന്‍ ശ്രമിച്ചു.
അദ്ദേഹം പറഞ്ഞു:
'റിയാസൂ, ഇതൊന്നും പൊതുസ്ഥലങ്ങളില്‍ ഇടാന്‍ പറ്റൂലാ. നാം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാലേ മറ്റുള്ളവരോട് ഉപദേശിക്കാനാവൂ!'
അദ്ദേഹംകയ്യിലുള്ള ബാഗിന്റെ ഒരു അറയില്‍തിരുകി, ആ കടലാസ്!
വീണ്ടും എന്റെ കയ്യില്‍ പിടിച്ചമര്‍ത്തി 'അല്ലേ...'ന്നു ചോദിച്ചു.
ഞാന്‍ ഒരു ഇളിഭ്യച്ചിരി പാസ്സാക്കി.
ആ വലിയ മനുഷ്യന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ലാതാവുകയായിരുന്നു!
കാരണം, എന്റെ മിഠായിക്കടലാസ് ബസില്‍ തന്നെ അലക്ഷ്യമായി ഇട്ടിരുന്നു. വലിയ അശ്രദ്ധ!
എന്റെ കണ്ണുകള്‍ ബസില്‍ എല്ലായിടത്തും പരതി.
ഡ്രൈവറുടെ സീറ്റിനടുത്തുണ്ട് ആ കടലാസ് പാറി നടക്കുന്നു. ഓടിച്ചെന്ന് അതെടുത്ത് ഞാനുമെന്റെ ബാഗില്‍ തിരുകി.
ചില 'പാഠങ്ങള്‍' നാം ഇങ്ങനെയൊക്കെയാണു പഠിക്കുക!
ബസ് ഇപ്പോള്‍ മലപ്പുറത്തെത്തി. ഒന്നുറങ്ങാന്‍ നേരമുണ്ട്. ഉറക്കം വരുമോ ആവോ!
(ബസ് യാത്രയില്‍ മലപ്പുറത്തു നിന്ന് എഫ്.ബിയില്‍ പോസ്റ്റിയത്‌)
<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>>

29.8.14

പുഷ്പമ്മ!

ഗള്‍ഫിലെത്തി മൊബൈലില്‍ നെറ്റ് കണക്ഷന്‍ ആക്ടീവായ ഉടനെ
സഹധര്‍മിണിക്ക് തന്റെ ഫോട്ടോ വാട്‌സാപ്പില്‍ അയച്ചുകൊടുത്തു പുയ്യാപ്‌ള!

അവള്‍ തിരിച്ചും അയച്ചു തന്റെ സെല്‍ഫി.

ഫോട്ടോ കണ്ടപ്പോള്‍ സന്തോഷാധിക്യത്താല്‍ അല്‍പം സാഹിത്യച്ചൂരുള്ള 
അവന്‍ റിപ്ലേ നല്‍കി:

'ഹാ! പുഷ്പമേ....'

സാഹിത്യമണം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവളുടെ മറുപടി ഉടനെ കിട്ടി:

'ആരാ പുഷ്പമ്മ...! ലവള്‍ക്ക് കൊടുത്ത മെസ്സേജ് മാറിപ്പോയി അല്ലേ...?'
ഠിം!

19.8.14

ബസില്‍ വിദ്യാര്‍ത്ഥികളുടെ സീറ്റ്..

ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും സുഗമവും സുഖകരവുമായ യാത്ര അനിവാര്യമാണ്. അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത് മറ്റുയാത്രക്കാരുടെ പോലുള്ള 'ടിക്കറ്റ്' തന്നെയാണെന്ന് എന്നാണാവോ ഈ ബസ് തൊഴിലാളികള്‍ മനസ്സിലാക്കുക ?  ടിക്കറ്റിന്റെ മുമ്പ് ഒരു 'കണ്‍സഷന്‍' ഉണ്ടായതാണിവരുടെ എക്കാലത്തേയും തലവേദന! അക്കാരണം കൊണ്ടാവണം നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇവരുടെ പീഡനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരകളാവുന്നത്. ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ ഈ ജന്തുക്കള്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല. ഇരുന്നുപോയാല്‍ കാണാം ഇവരുടെ അസഹിഷ്ണുതക്കുരു പൊട്ടിയൊലിക്കുന്നത്.
ഇന്ന് കോഴിക്കോട്ടേക്ക് പോവുമ്പോള്‍ മഞ്ചേരിക്കടുത്തുനിന്ന് കുറച്ച് വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി. കൂട്ടത്തില്‍ എന്റെയടുത്ത സീറ്റില്‍ വന്നിരുന്നു ഒരു മോന്‍! ഇരുന്നതും കണ്ടക്റ്റര്‍ക്ക് കുരുപൊട്ടി. അവനോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞതും പാവം എഴുന്നേറ്റു. ഇവ്വിഷയകമായി അയാളോട് തര്‍ക്കിക്കാതിരിക്കാനായില്ല. ഇത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും നിങ്ങളുടെ ഔദാര്യമല്ലെന്നുമൊക്കെ പറഞ്ഞു. അയാള്‍ക്കതൊക്കെ ഒരു നെവര്‍ മൈന്‍ഡ്! കുട്ടിയെ എഴുന്നേല്‍പ്പിച്ചിടത്ത് അടുത്ത സ്റ്റോപില്‍ ഇറങ്ങാനോങ്ങി നില്‍ക്കുന്ന ആളെ നിര്‍ബന്ധപൂര്‍വ്വം മൂപ്പിലാന്‍ പിടിച്ചിരുത്തി. എനിക്കും വാശിയാകാമല്ലോ. ഞാന്‍ വലിയൊരു കാര്യം ചെയ്‌തെന്നൊന്നും അവകാശപ്പെടുന്നില്ല. അയാളുടെ കണ്ണുതുറ(റി)പ്പിക്കാന്‍ വേണ്ടി ഞാന്‍ എഴുന്നേറ്റ് അവിടെ ആ കുട്ടിയെ ഇരുത്തി. ആ പൊട്ടന്‍ കണ്ടക്റ്ററുടെ മുഖത്ത് അപ്പോള്‍ കണ്ട ഭാവമാറ്റവും ജാള്യതയും മാത്രം മതിയായിരുന്നു ഇന്നത്തെ എന്റെ ബസ് യാത്ര മുതലാവാന്‍!
(ബസ്സ് യാത്രയില്‍ ഫറോക്കില്‍ വച്ച് എഫ് ബിയില്‍ പോസ്റ്റ് ചെയ്തത്.)

സ്‌നേഹസാഗരം

നീതിയുടെയും സത്യത്തിന്റെയും പക്ഷത്തുനിന്ന് മാതൃകാപരമായി ഭരണം നടത്തിയ ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലം!

അന്യദേശക്കാരനായ ഒരു യുവാവ് തന്റെ സ്വകാര്യാവശ്യങ്ങള്‍ക്കായി മദീനയിലെത്തി. തെരുവില്‍ വച്ച് മദീനക്കാരനായ ഒരു വ്യക്തിയുമായി എന്തോ ഒരു തര്‍ക്കം. തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ അബദ്ധവശാല്‍ സ്വദേശീയുവാവ് കൊല്ലപ്പെടുന്നു..!

ആളുകളൊരുമിച്ചുകൂടി. പ്രതിയെ ഇസ്‌ലാമിക് കോടതിയില്‍ ഹാജരാക്കപ്പെട്ടു. കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ മാപ്പുനല്‍കാത്തപക്ഷം, കൊന്നവനെ കൊല്ലുക എന്നതാണ് ഇസ്‌ലാമിക ശിക്ഷാരീതി. ഇവിടെയും അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കൊല്ലപ്പെട്ടയാളുടെ രണ്ടു മക്കള്‍ ഒരു നിലയ്ക്കുമുള്ള മാപ്പ് നല്‍കാതിരിക്കുന്നു. പ്രതിയുടെ സമയമെണ്ണപ്പെട്ടുവെന്ന് ജനസംസാരമുയര്‍ന്നു. കാതോടുകാതോരം ചൊല്ലപ്പെട്ട് ആ വാര്‍ത്ത മദീനയെങ്ങുമറിഞ്ഞു.

ജഡ്ജിയുടെ കല്‍പന വന്നു.
വധശിക്ഷ നടപ്പാക്കുക തന്നെ!

'അവസാനമായി എന്താണ് ആഗ്രഹ'മെന്നു പ്രതിയോട് ചോദിക്കപ്പെട്ടു.

"എന്റെ പ്രിയപ്പെട്ട ഭാര്യയേയും കുഞ്ഞിനേയും ഒരുനോക്കുകണ്ട് യാത്ര ചോദിക്കാന്‍ ദയവായി ഈ എന്നെ കോടതി അനുവദിച്ചാലും...!
അവരെക്കണ്ടു തിരിച്ചുവരാന്‍ എനിക്ക് ഒരാഴ്ച സാവകാശം നല്‍കിയാലും...!"
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു.

മദീനയിലുള്ള ആരെങ്കിലും ജാമ്യം നില്‍ക്കുന്നപക്ഷം അനുവദിക്കാമെന്നു കോടതി.
പക്ഷേ, ആരു തയ്യാറാകും ജാമ്യം നില്‍ക്കാന്‍..!
ആളുകള്‍ പരസ്പരം നോക്കുന്നു. പ്രതിയ്ക്ക് കൈയബദ്ധം പിണഞ്ഞതാണെന്ന് അറിയാവുന്നതിനാല്‍ എല്ലാവരിലും ഒരു നോവ് ബാക്കിയായി.
പ്രതി നാട്ടില്‍പോയി തിരിച്ചുവന്നില്ലെങ്കില്‍ ജാമ്യക്കാരന്‍ തൂക്കിലേറ്റപ്പെടുമെന്നു ഭയമുള്ള ഒരാളും ജാമ്യം നില്‍ക്കാന്‍ തയ്യാറാവുന്നുമില്ല.

ആരും തയ്യാറല്ലെന്ന് ഏകദേശം ഉറപ്പായി. ശിക്ഷാനടപടികള്‍ തുടങ്ങാനിരിക്കുന്നു. എല്ലാവരുടെയും അര്‍ത്ഥപൂര്‍ണമായ
മൗനത്തിനിടയിലൂടെ ഒരു വൃദ്ധന്‍ കൈ പൊക്കി, 'ഞാന്‍ തയ്യാറാണെ'ന്നറിയിച്ചു മുന്നോട്ടുവരുന്നു. അബൂദര്‍റ് (റ)..!

അബൂദര്‍റ് (റ).
പ്രവാചകശിഷ്യരിലെ അവശേഷിക്കുന്നൊരു പ്രധാനകണ്ണി.
പ്രവാചകന്റെ സദസ്സിലിരുന്ന് മതം പഠിച്ച പണ്ഡിതവരേണ്യന്‍...!

"ഹേ, അബൂദര്‍റ്.... താങ്കള്‍ക്കിതെന്തുപറ്റി...? അയാള്‍ക്ക് ജാമ്യം അനുവദിച്ച് നാട്ടില്‍ പോകുകയും ശിക്ഷാദിവസം അയാള്‍ വരാതിരിക്കുകയും ചെയ്താല്‍ താങ്കള്‍ ശിക്ഷിക്കപ്പെടുമെന്ന് താങ്കള്‍ക്കറിയില്ലേ...? എന്തിനാണ് വയ്യാവേലി..?"
ആളുകള്‍ അബൂദര്‍റി (റ) നോട് ചോദിക്കുന്നുണ്ടായിരുന്നു.
ജഡ്ജിയും ഇതേ രീതിയില്‍തന്നെ അബൂദര്‍റി(റ) നോട് ചോദിച്ചു.

അബൂദര്‍റ് (റ) കൂസലന്യേ പറഞ്ഞു: 
"ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.
സര്‍വശക്തനായ അല്ലാഹുവില്‍ തവക്കുല്‍ (അര്‍പ്പണം) ചെയ്യുന്നു."

പ്രതിക്ക് ജാമ്യം ലഭിച്ചു. കോടതി പിരിഞ്ഞു.
പ്രതി ആശ്വാസത്തോടെ നാട്ടിലേക്കു തിരിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു ശിക്ഷാദിവസമെത്തി.
കോടതിയും ഖലീഫയും ജാമ്യക്കാരനും സാക്ഷികളുമൊക്കെ അണിനിരന്നു.
പ്രതി മാത്രം എത്തിയില്ല. ആളുകള്‍ അടക്കം പറഞ്ഞുതുടങ്ങി:
"അബൂദര്‍റ് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. പാവം..!
അന്യരുടെ കുറ്റത്തിന് കഴുത്തില്‍ കയറുവീഴേണ്ട ഗതിയായിപ്പോയല്ലോ...!"
അങ്ങനെയങ്ങനെ സഹതാപത്തിന്റെ നീര്‍കുമിളകള്‍ പൊങ്ങിത്തുടങ്ങി.

ഖലീഫ ഉമറി (റ) നുപോലും തന്റെ പ്രിയ സ്‌നേഹിതനെ ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. അത്രമേല്‍ ശക്തമായിരുന്നു ഇസ്‌ലാമിക കോടതിയും നിയമങ്ങളും. അവിടെ ഒരുതരത്തിലുള്ള ശിപാര്‍ശയും ഏശുകയില്ല. എത്രവലിയവനായാലും ശിക്ഷാര്‍ഹനെങ്കില്‍ ന്യായമായും അയാള്‍ ശിക്ഷിക്കപ്പെടും. തീര്‍ച്ച!

സമയമായി...
പ്രതിയെ നിശ്ചിത സമയത്തിനപ്പുറം പ്രതീക്ഷിക്കാന്‍ കോടതി അനുവദിക്കുകയില്ല.
പാവം അബൂദര്‍റി(റ)നെ കഴുമരത്തിലേക്കടുപ്പിച്ചു.

സൂചിവീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത!

കൂടിനിന്നവരുടെ കണ്ഠങ്ങളില്‍ ശബ്ദമില്ലാത്ത തേങ്ങലിന്റെ നോവ്....!

ജനനയനങ്ങളില്‍ പൊട്ടാന്‍ വെമ്പിനില്‍ക്കുന്ന നീര്‍മണിമുത്തുകള്‍..!

നിര്‍വികാരനായി അബൂദര്‍റ് തലനീട്ടിക്കൊടുത്തു....

പക്ഷേ........,

"അരുത്....! അദ്ദേഹത്തെ കൊല്ലരുത്...!
അരുത്....! ഞാനിതാ എത്തിക്കഴിഞ്ഞു..!"
അകലെ നിന്നൊരു ശബ്ദം മരുഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.
ആ ശബ്ദം പാറക്കെട്ടുകളില്‍തട്ടി പ്രതിധ്വനിച്ചു....!
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ദൂരെനിന്ന് പ്രതി ഓടിവരികയായിരുന്നു....!

എല്ലാവരിലും തെല്ലാശ്വാസം.
'തന്റെ കുഞ്ഞിന് അസുഖമായതിനാലാണ് അല്‍പം വൈകിപ്പോയതെ'ന്ന് യുവാവ് കോടതിയെ ധരിപ്പിച്ചു.

അപ്പോഴും ഒട്ടും ഭാവമാറ്റം അബൂദര്‍റി(റ)ന്റെ മുഖത്ത് പ്രകടമല്ലാത്തതിനാല്‍ ഖലീഫ ഉമര്‍ (റ)അദ്ദേഹത്തോടു ചോദിച്ചു:
"അബൂദര്‍റ്...! എങ്ങനെയാണ് ജാമ്യം നില്‍ക്കാന്‍ അങ്ങേയ്ക്ക് ധൈര്യം വന്നത്.
പ്രതി തിരിച്ചുവരുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടായിരുന്നോ...?"

അബൂദര്‍റ് പറഞ്ഞു:
"അതുസംബന്ധമായ ഒരാലോചന എനിക്കില്ലായിരുന്നു.
പക്ഷേ, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരാള്‍ മറ്റൊരാളെ
വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാവരുതെന്ന് ഞാന്‍ കൊതിച്ചു."

ഖലീഫ പ്രതിയോട് ചോദിച്ചു:
"ഹേ, അന്യദേശക്കാരനായ യുവാവേ,
താങ്കളാരെന്നുപോലും ഇവിടുത്തുകാര്‍ക്കോ കോടതിക്കോ ഖലീഫയ്‌ക്കോ അറിയില്ല.
എന്നിട്ടും അസുഖമുള്ള കുഞ്ഞിനെ തനിച്ചാക്കി, ഭാര്യയെ ഏകയാക്കി മരണം വരിക്കാന്‍ താങ്കളെന്തിനു മദീനയിലേക്കു തിരിച്ചുവന്നു...?"

യുവാവ് പറഞ്ഞു:
"ഖലീഫ,  ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം
വിശ്വാസവഞ്ചനയുണ്ടാകരുതെന്ന് ഞാനാഗ്രഹിച്ചു. അത്രതന്നെ...!"

അല്‍പം മുമ്പേ അബൂദര്‍റി (റ) നെ തൂക്കിക്കൊല്ലുമെന്നുറപ്പായപ്പോള്‍ വിതുമ്പിനിന്നവരുടെയൊക്കെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നിറഞ്ഞൊലിച്ചു.
ശബ്ദമില്ലാതെയവര്‍ കരയുകയായിരുന്നു.

ഈ രംഗങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചിരുന്ന കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും മുന്നോട്ടുവന്ന് കോടതിയോട് പറഞ്ഞു:
"ഞങ്ങള്‍ക്ക് തിരുത്താനുള്ള അവസരം നല്‍കണം. പ്രതിക്ക് ഞങ്ങള്‍ മാപ്പ് നല്‍കുന്നു. പ്രതിയെ വെറുതെ വിട്ടാലും...!"

ഖലീഫ അവരോട് ചോദിച്ചു:
"ഇതിനു നിങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം...?"

അവര്‍ പറഞ്ഞു:
"ഞങ്ങള്‍ ജീവിച്ചിരിക്കുന്നകാലത്തോളം പരസ്പരം വിട്ടുവീഴ്ച
ചെയ്യുന്നവരില്ലെന്ന അവസ്ഥയുണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു."

ഒരു നീരുറവ സ്‌നേഹത്തിന്റെ സാഗരമായി പരിണമിക്കുന്നു...
ഒരു ദുഃഖക്കടല്‍ സന്തോഷത്തിന്റെ തിരമാലകളെ സൃഷ്ടിക്കുന്നു...
ഇപ്പോള്‍ കാണികളുടെ കണ്ഠങ്ങള്‍ ശരിക്കും പൊട്ടിപ്പോയി...!
കണ്ണുകളില്‍ തുള്ളിക്കൊരു കുടം!









12.8.14

മുല്ലയുടെയല്ലേ ഭാര്യ!


എപ്പോഴൊക്കെ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നോ
അപ്പോഴൊക്കെ മുല്ലയുടെ ഭാര്യ പതിവുപല്ലവിയായ
അരിയില്ല, ഉപ്പില്ല, മുളകില്ല, കടുകില്ല എന്നിങ്ങനെ പറയും.

അന്നും ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ മുല്ലയ്ക്കു ദേഷ്യം വന്നു. 
'ഒരു നല്ലകാര്യത്തിനിറങ്ങുമ്പോഴെങ്കിലും നിനക്കീ
'ഇല്ലാ പല്ലവി'യൊന്നു മാറ്റിക്കൂടേ ?,
ഉണ്ടെന്ന് എന്നാണു റബ്ബേ ഞാനൊന്നു കേള്‍ക്കുക!'


ഉടനെ വന്നു ഭാര്യയുടെ രസകരമായ മറുപടി:


'എന്നാല്‍ കേട്ടോളൂ. ഇവിടെ അരിയുടെ അഭാവമുണ്ട്,
ഉപ്പിനു കുറവുണ്ട്, മുളകിന്റെ ഇല്ലായ്മയുണ്ട്,
കടുകിന്റെ അസാന്നിദ്ധ്യമുണ്ട് '

മുല്ലയ്ക്കു ചിരിക്കാതിരിക്കാനായില്ല.
ദേഷ്യമൊക്കെ എവിടെയോ പോയിമറഞ്ഞു..! :D.
<<<<<<<<<<< Facebokk >>>>>>>>>>>>>>>>>>>


9.8.14

സര്‍ബത്ത്‌


കുട്ടിക്കാലത്ത്  പനി ഇടയ്ക്കിടെയുണ്ടാകുമായിരുന്നു. പനിയുടെ ലക്ഷണം കണ്ടാലുടന്‍ ഉമ്മയ്ക്ക് വല്ലാത്ത ആധിയാവും. ഉടന്‍ ഹോസ്പിറ്റലിലെത്തിച്ചാലേ ഉമ്മയ്ക്കു സമാധാനമാവൂ. ഉപ്പയ്ക്കു വീടിനടുത്തുതന്നെ ചെറിയൊരു ചായക്കടുണ്ടായിരുന്നതിനാല്‍ ഉമ്മതന്നെയാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നത്. മണ്ണാര്‍ക്കാട് അന്നും ഇന്നും ശിവദാസന്‍ ഡോക്ടര്‍ കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടറാണ്. അവിടെത്തന്നെയാവും എന്നേയുംകൂട്ടി ഉമ്മ പോകുക. പനിയായാലും ഡോക്ടറെക്കണ്ട് പുറത്തിറങ്ങിയാല്‍ ഒരു സര്‍ബത്ത് കുടിക്കല്‍ എനിക്കു നിര്‍ബന്ധമായിരുന്നു. പറഞ്ഞുവരുന്നത് സര്‍ബത്തിനെക്കുറിച്ചുതന്നെ! :)

'നറുനീണ്ടി' അഥവാ നന്നാറി (നന്നാരി) വേരും കോഴിമുട്ടയുടെ വെള്ളയും മറ്റുമിട്ട് കാച്ചി തേനുപോലിരിക്കുന്ന മിശ്രിതത്തില്‍ നിന്ന് അല്‍പം ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് അതിലൊരു ചെറുനാരങ്ങയുടെ പാതി നീരും ചേര്‍ത്ത് ബാക്കി വെള്ളവുമൊഴിച്ച് സ്പൂണിട്ട് കിണി കിണി കിണി ശബ്ദത്തില്‍ നാലടിയുമടിച്ച് നിഷ്‌കളങ്കമായി പല്ലില്ലാത്ത മോണകാട്ടിപ്പുഞ്ചിരിച്ച് കോടതിപ്പടിയിലുണ്ടായിരുന്ന ആ പെട്ടിക്കടക്കാരന്‍ സര്‍ബത്ത് നീട്ടുന്നത്  മായാതെയിന്നും ഓര്‍മയിലുണ്ട്. ഇപ്പോഴും കോടതിപ്പടിയെത്തുമ്പോള്‍ അവിടെ വെറുതെയൊന്നു നോക്കും, അദ്ദേഹമില്ലെന്നറിഞ്ഞിട്ടും..! :(

പി.ടി. ഉഷ ഓടുന്നതിലും വേഗത്തില്‍ കാലം ആരെയും കാത്തുനില്‍ക്കാതെ ഓടിയപ്പോഴാണ് നാട്ടിലൊരുനാള്‍ സൈദ്ക്കാന്റെ പെട്ടിക്കട വരുന്നത്. അവിടെ, വത്തക്കവെള്ളവും മറ്റു പല ശീതളപാനീയങ്ങളുമുണ്ടെങ്കിലും  ഞമ്മക്കിഷ്ടം നന്നാരി സര്‍ബത്തുതന്നെയായിരുന്നു.

കൗമാരപരാക്രമക്കാലമായപ്പോഴേക്കും കോളകള്‍ വ്യാപകമായിരുന്നു. കൂട്ടുകാരോടൊപ്പം എവിടെയെങ്കിലും പോവുമ്പോള്‍ വല്ല ശീതളപാനീയശാലയിലും കയറുന്നുവെങ്കില്‍ എന്റെ ശാഠ്യം സര്‍ബത്ത് വേണമെന്നുതന്നെ. പലപ്പോഴും സര്‍ബത്തില്ലാത്ത കടയിലേക്ക് 'അവിടെയുണ്ടെ'ന്നു പറഞ്ഞ് അവര്‍ കൂട്ടിക്കൊണ്ടുപോവും. അവരൊക്കെ പൈനാപ്പിള്‍, ലമണ്‍, ഓറഞ്ചാദി ജ്യൂസുകള്‍ കുടിക്കുമ്പോള്‍ മുടിഞ്ഞ ഈഗോ കാരണം അതെനിക്കു വേണ്ടെന്നുപറഞ്ഞ്‌  'മോന്ത കനപ്പിച്ച്' ഇരിക്കേണ്ടിവന്നിട്ടുണ്ട്. (അല്ലെങ്കിലും നിനക്ക് ഈഗോ അല്‍പം കൂടുതലാണ് എന്ന് കമെന്റിടണമെന്നല്ലേ ഇപ്പോള്‍  മനസ്സില്‍ ? :P)

കല്യാണം കഴിഞ്ഞ് നാലാംനാള്‍ (കൃത്യമായിപ്പറഞ്ഞാല്‍ 2000 സെപ്റ്റംബര്‍ 13 ന് ബുധനാഴ്ച) പ്രിയതമയുമായി കാഞ്ഞിരപ്പുഴയിലേക്ക് 'ടൂര്‍'  :D പോയി. അന്നവിടെയൊരു കൂള്‍ബാറില്‍ കയറിയപ്പോള്‍ കുറേ ഐസ്‌ക്രീം കഴിക്കുന്നവരെക്കണ്ടു. നല്ലപാതിക്കും ഐസ്‌ക്രീം തന്നെ വേണം. കുട്ടിപ്രായമാണ്. ;) അവള്‍ക്കുമാത്രമല്ല, എനിക്കും. അന്നെനിക്ക്‌ പത്തൊമ്പത് വയസ്സ്. :) (തുറിച്ചുനോക്കണ്ട, :O പത്തൊമ്പതാം വയസ്സില്‍ കല്യാണം കഴിച്ച് ചരിത്രം സൃഷ്ടിച്ചവനാ നുമ്മ..! പത്താംക്ലാസ്സുകാരിയായിരുന്ന അവള്‍ക്ക് പതിനഞ്ചുവയസ്സും!  അന്ന്‌ പതിനെട്ടുവയസ്സിന്റെ നിയമോം നൂലാമാലയുമൊന്നുമില്ലാത്തതുകൊണ്ട് ജയിലില്‍ പോവാതെ രക്ഷപ്പെട്ടു കോയാ! :P ) വയസ്സുവെച്ചു നോക്കുമ്പോള്‍ ഐസ്‌ക്രീം കഴിക്കേണ്ട പ്രായം തന്നെ..! :) അവള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത് ഞമ്മളാ സര്‍ബത്തിന് 'ഓര്‍ഡര്‍' ചെയ്ത  അന്നാണ് അവള്‍ ആദ്യമായെന്നെ 'പിശുക്കന്‍' എന്നുവിളിച്ചത്.  :D

കുട്ടികളുമായി ഔട്ടിംഗിന്  (ഔട്ടിംഗ് എന്നുപറഞ്ഞാല്‍ നമ്മടെ അലനല്ലൂരങ്ങാടിയിലേക്കോ മണ്ണാര്‍ക്കാടങ്ങാടീക്കോ ഒക്കെത്തന്നെ! ;) ) വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മോന്‍ ഓര്‍മപ്പെടുത്തും: ഉപ്പാ, അങ്ങാടീപോയീട്ട് സര്‍ബത്ത് വേണോന്ന് ചോദിക്കര്ത്. ഒന്നും വാങ്ങിത്തന്നില്ലേലും വേണ്ടീല്ല. :D  കുട്ട്യോള്‍ക്കൊന്നും ഇതിന്റെ രുചിയും സവിശേഷതയുമറിയില്ലെന്ന് വെറുതെ ആത്മഗതം ചെയ്യും ഞാന്‍. ;)

നന്നാറി, ശരീരപുഷ്ടിക്കും രക്തശുദ്ധിക്കും സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിയര്‍പ്പിന്റേയും മൂത്രത്തിന്റേയും വലിയൊരംശം പുറത്തുകളയുന്നതിനും നല്ലതാണ്. ഇതിന്റെ കിഴങ്ങില്‍ നിന്നെടുക്കുന്ന തൈലത്തില്‍ മെഥോക്‌സി സാലിസൈക്ലിക് ആല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ടത്രേ. പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍ മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതായും എവിടെയോ വായിച്ചിട്ടുണ്ട്. ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തില്‍ ഇതിന്റെ കിഴങ്ങുപയോഗിക്കുന്നുണ്ട്. നമ്മുടെ ഗ്രാമപ്രദേശങ്ങളിലും മറ്റും ധാരാളമായി കാണപ്പെടുന്ന നറുനീണ്ടിയുടെ ഔഷധ ഗുണത്തെക്കുറിച്ച് നാട്ടുവൈദ്യന്മാരും അമ്മൂമ്മമാരും നേരത്തെതന്നെ ബോധവാന്മാരായിരുന്നു. 1831ല്‍ ഡോ. ആഷ്ബര്‍ണറിന്റെ പരിചയപ്പെടുത്തലാണ് നന്നാറിയെ പാശ്ചാത്യലോകം അറിയാന്‍ കാരണമായത്.

കാലചക്രം 'മജ്ജദ്ദീന്‍ തിര്യേല്' തിരിഞ്ഞപ്പോ എല്ലാറ്റിനും മാറ്റങ്ങള്‍ സംഭവിച്ച  പോലെ സര്‍ബത്തിനും മാറ്റമുണ്ടായി.  ഇന്ന് കുലുക്കി സര്‍ബത്തിനോടാണ് ജനങ്ങള്‍ക്കു പ്രിയം. റോഡ് സൈഡുകളില്‍ മുഴുവന്‍ കുലുക്കികളുടെ ബഹുഘോഷമാണ്. നിലമ്പൂര്‍ ഭാഗത്തെ കുലുക്കിസര്‍ബത്തു സ്റ്റാളുകളുടെ ബോര്‍ഡില്‍ കോഴിക്കോടന്‍ കുലുക്കി സര്‍ബത്തെന്നും കോഴിക്കോട്ടുള്ള ബോര്‍ഡുകളില്‍ തലശ്ശേരി കുലുക്കി സര്‍ബത്തെന്നുമൊക്കെ കാണാം. മണ്ണാര്‍ക്കാടെവിടെയോ കണ്ടിട്ടുണ്ട്, 'ബോംബെ കുലുക്കി സര്‍ബത്തെ'ന്ന്. :) പാലക്കാടിനടുത്ത ഒലവക്കോടുനിന്ന് കണ്ടത് 'ഹോട്ട് കുലുക്കി സര്‍ബത്താ'ണ്.  എന്തരോ എന്തോ! :)  കോഴിക്കോട് പലയിടത്തും മില്‍ക്ക് സര്‍ബത്തും സുലഭമാണ്. മാനാഞ്ചിറക്കടുത്ത് ഒരു കടയിലെ മില്‍ക് സര്‍ബത്തിന് ഏറെ ആവശ്യക്കാരുണ്ട്.

അപ്പോ എങ്ങനാ കാര്യങ്ങള്‍...? ഒരു സര്‍ബത്ത് കുടിച്ചാലോ...?
നല്ല മഴപെയ്യുമ്പോള്‍ ഗ്രാമത്തിലെ ടാര്‍പോളിന്‍കൊണ്ടു  മറച്ച പെട്ടിക്കടന്മേല്‍ ചാരിനിന്ന് മഴയാസ്വദിച്ചുകൊണ്ടൊരു നാടന്‍ സര്‍ബത്ത് കുടിക്കുന്ന രംഗം! ഹാ, ഒന്നാലോചിച്ചു നോക്കൂ.....! ഹൗ! കുളിരും മധുരവും... പിന്നെ കുറേ ഗതകാല സ്മരണകളും...!
((((((((((((((((((((((((((( Facebook ))))))))))))))))))