25.7.14

വ റഫഅ്‌നാ ലക ദിക്‌റക്!


പുണ്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) തന്റെ അനുയായികള്‍
ഇരിക്കുന്ന സദസ്സിലേക്ക് കടന്നുവരികയാണ്.
ബഹുമാനാദരവുകളോടെ സദസ്യര്‍ എഴുന്നേറ്റുനിന്നപ്പോള്‍ പ്രവാചകന്‍ 'അരുത്, അരുതെ'ന്ന് ആംഗ്യം കാണിച്ചു.
പിന്നെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

"നിങ്ങള്‍ എന്നെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കരുത്.!!!"

പ്രവാചകാനുയായികളുടെ മനസ്സുകളിലപ്പോള്‍ഒരൊറ്റ
ചിന്തമാത്രമായിരിക്കാം.
'തിരുദൂതരെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നില്ലെങ്കില്‍ പിന്നെ
ലോകത്ത്‌ ആരെക്കാണുമ്പോഴാ ഞങ്ങളെഴുന്നേറ്റു നില്‍ക്കേണ്ടത്!!!'

അതൊരു സത്യമാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം
പുണ്യനബിയെ കഴിഞ്ഞേയുള്ളൂ, ആരും! എന്തും!

പുണ്യ നബിതുടരുകയാണ്‌:
"എന്തിനു നിങ്ങളെന്നെക്കാണുമ്പോള്‍ എന്തിന് എഴുന്നേറ്റുനില്‍ക്കണം? ഞാനാരാ...? "

"ആരാ..? "
പ്രവാചകന്‍ എന്താണു പറയുന്നതെന്നറിയാന്‍ അവര്‍ കാതുകൂര്‍പ്പിച്ചു.
അവിടുന്ന് മൊഴിഞ്ഞു:

"ഞാനാരാണെന്നറിയാമോ..?
ഞാനാരാണെന്നറിയാമോ..?
കേവലം ഒട്ടകത്തിന്റെ കുളമ്പുമാംസം പോലും ഭക്ഷിച്ചിരുന്ന
മക്കത്തെ ഒരു പെണ്ണിന്റെ മോനാണ് ഞാന്‍...!"

അത്രയും നിസ്സാരനായ തന്നെക്കാണുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റു
നില്‍ക്കേണ്ടതില്ലെന്ന് പറഞ്ഞ്‌ വിനയത്തിന്റെ അങ്ങേയറ്റം
കാണിച്ചുതന്ന പ്രവാചകാ,
സര്‍വശക്തനായ തമ്പുരാന്‍ അങ്ങയെക്കുറിച്ചാണല്ലോ പറഞ്ഞത്,
"വ റഫഅ്‌നാ  ലക ദിക്‌റക്!" എന്ന്!
അതുകൊണ്ടാണല്ലോ ഒരു സെക്കന്റ് പോലും ഇടതടവില്ലാതെ ലോകത്തിന്റെ അഷ്ടദിക്കില്‍ നിന്നും
"അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്...!"
എന്ന ധ്വനി മുഴങ്ങുന്നത്...!!!

സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വ സല്ലം!
(((((((((((((((( Facebook )))))))))))))))))))

ബനാത് വാല


തൊള്ളായിരത്തി എഴുപത്തിയേഴിലാണ് ഗുലാം മഹ്മൂദ് ബനാത് വാലാ സാഹിബ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളത്തിലെത്തുന്നത്.  ന്യൂനപക്ഷത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുകയും അവകാശനിഷേധികളുടെ കരണത്തടിക്കാന്‍ പാകത്തിലുള്ള മൂര്‍ച്ചയേറിയ വാക്കുകളെക്കൊണ്ട് നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ ബനാത് വാല പ്രസംഗിക്കുമ്പോള്‍ എതിരാളികള്‍ പോലും ക്ഷമയോടെ കേട്ടിരിക്കുമായിരുന്നു, ആ കാവ്യംതുളുമ്പുന്ന വാക്കുകള്‍!

ഇന്ത്യന്‍ രാഷ്ട്രീയവും ഇന്ത്യന്‍ സമൂഹവും എന്തെന്ന് വ്യക്തമായി പഠിച്ചതിന്റെയും മനസ്സിലാക്കിയതിന്റെയും വെളിച്ചത്തിലാണ് ബനാത്‌വാലയുടെ തൂലികയില്‍ നിന്ന് 'റിലീജ്യന്‍ ആന്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥം പിറവിയെടുത്തുന്നത്.
ഇന്ത്യാ ടുഡേ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനത്തെ പ്രതിനിധിയായ രാഷ്ട്രീയ നേതാവ്' എന്നായിരുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിന് കരുത്തും ശേഷിയുമുണ്ടെന്നു തെളിയിക്കാനും അവര്‍ക്കു ദിശാബോധം നല്‍കാനും ബനാത് വാല തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത് സമൂഹത്തിന്റെ ഉന്നമനം കാംക്ഷിച്ചുതന്നെ!

ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കി ജീവിച്ച അദ്ദേഹത്തിന്റെ പ്രസംഗവൈഭവവും വാഗ്ചാതുരിയും തൂലികാപാടവവും ഏറെ ശ്രദ്ധേയമായിരുന്നു. വാക്കുകളില്‍ മൂര്‍ച്ചയേറുമ്പോഴും പ്രതിപക്ഷ ബഹുമാനം ആവോളം നല്‍കാന്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാവ്യഭംഗിയും മനോഹാരിതയുമുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ സനദ് ദാന സമ്മേളനത്തില്‍ ഒരിക്കല്‍ പ്രസംഗിക്കവേ, തിരുനബിയെ വിശേഷിപ്പിച്ചത് 'ജിബ്‌രീലിന്റെ മഹത്ത്വം അവസാനിക്കുന്നേടത്ത് നിന്ന് എന്റെ പ്രവാചകന്റെ മഹത്ത്വം ആരംഭിക്കുന്നു'വെന്നായിരുന്നു.

മിക്ക രാഷ്ട്രീയക്കാരുടെയും പ്രസംഗങ്ങളെപ്പോലെ എല്ലാ വിഷയത്തിലും തൊട്ടും തടവിയും മാന്തിയും കോറിയുമായിരുന്നില്ല ബനാത്‌വാലയുടെ പ്രസംഗങ്ങള്‍.
പഠിച്ച വിഷയങ്ങള്‍ തികഞ്ഞ കയ്യടക്കത്തോടെ, അതിലേറെ സൂക്ഷ്മതയോടെ കൃത്യമായി ഒരു വാക്കുപോലും 'അധികപ്രസംഗ'മെന്ന് തോന്നാത്തവിധം ഭംഗിയുള്ള മുത്തുകളെക്കൊണ്ടൊരു മാലകോര്‍ത്തെടുത്ത പോലെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. നോക്കെത്താദൂരത്തേക്ക് ഓര്‍മകള്‍ ബാക്കിയാക്കി കടന്നുപോയിട്ടും നിത്യഹരിതസ്മരണകള്‍ തികട്ടിവരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാപട്യങ്ങളെക്കാണുമ്പോള്‍ !
<<<<<<<<<<<<<<< Facebook >>>>>>>>>>>>>>



ആറാമിന്ദ്രിയം

ഘോരവനത്തിനുള്ളില്‍ തപസ്സിലായിരുന്നു മഹര്‍ഷി വര്യന്‍.
കാടുകുലുക്കിയെത്തിയ അശ്വാരൂഢന്‍ മഹര്‍ഷിയുടെ
അരികിലെത്തി കര്‍ക്കശ സ്വരത്തില്‍ ചോദിച്ചു:
"ഹേയ്! ഇതുവഴി വല്ലവരും പോയോ...?"

"ഞാന്‍ കണ്ടില്ലല്ലോ മകനേ...."
മഹര്‍ഷി വിനയാന്വിതനായി പ്രതിവചിച്ചു.

മഹര്‍ഷിയെ രൂക്ഷമായി  നോക്കി അയാള്‍ വന്നതിനേക്കാള്‍
വേഗതയില്‍ കുതിച്ചു.

അല്‍പം കഴിഞ്ഞ് മറ്റൊരാള്‍ അതുവഴി വന്നു:
അല്‍പം മാന്യമായാണ് അയാള്‍ ചോദിച്ചത്
"നോക്കൂ, ഇതുവഴി ആരെങ്കിലും പോയോ...?"

ആരെങ്കിലും ഇതുവഴി പോയോ എന്നു ചോദിച്ച് ഒരാളിതുവഴി പോയി.
മഹര്‍ഷിയ്ക്ക് സുസ്‌മേരവദനം!

അയാളും പോയി.

മഹര്‍ഷി ധ്യാനത്തിലാണ്. സമയമേറെക്കഴിഞ്ഞു.
കരിയിലകളിലൊരനക്കം കേട്ടപ്പോഴാണ് അദ്ദേഹം മിഴിതുറന്നത്.
മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ മഹര്‍ഷിക്കരികില്‍
പുഞ്ചിരിയോടെ നില്‍ക്കുന്നു. മഹര്‍ഷി ധ്യാനത്തില്‍
നിന്നുണര്‍ന്നുവെന്ന് ബോധ്യമായപ്പോള്‍ അയാള്‍
അഞ്ജലീബദ്ധനായി പറഞ്ഞു:

" മഹര്‍ഷേ, താപസ ശ്രേഷ്ഠാ!
അങ്ങയുടെ തപസ്സിനു ഭംഗം വന്നെങ്കില്‍ ക്ഷമിച്ചാലും!
മണിക്കൂറുകളായി ഞാന്‍ അങ്ങേക്കരികിലുണ്ടായിരുന്നു.
ധ്യാനമുണരാന്‍ കാത്തുനിന്നതാണു ഞാന്‍!
അങ്ങ് ഈ വഴി ആരെങ്കിലും പോകുന്നതായി കണ്ടോ...? "

മഹര്‍ഷി വിനയത്തിന്റെ പര്യായമായി.
സ്‌നേഹമസൃണമായ ഭാഷയില്‍ പറഞ്ഞു:
"മഹാരാജാവേ, രണ്ടുപേര്‍ ഇതേ ചോദ്യവുമായി
മണിക്കൂറുകള്‍ക്കു മുമ്പ് ഈ വഴികടന്നുപോയി!"

"ഞാന്‍ രാജാവാണെന്ന് എങ്ങനെ മനസ്സിലായി...! ?
പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം ഒരു ആറാമിന്ദ്രിയമുണ്ടോ അങ്ങേക്ക്...? "

"ഇല്ല മഹാരാജാവേ! അങ്ങയുടെ സംസാരത്തില്‍,
പെരുമാറ്റത്തില്‍, എന്തിനേറെ, നോട്ടത്തില്‍ പോലുമുണ്ടല്ലോ
രാജകീയത! ഇതു മനസ്സിലാക്കാന്‍ ആറാമിന്ദ്രിയം വേണ്ടാ..!
ഉള്ള ഇന്ദ്രിയങ്ങളിലൊന്നെങ്കിലും കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മതി...!"

#പാഠപ്പെരുമഴയുള്ളൊരു കഥ!
(((((((((((((( Facebook )))))))))))))))))))))))


24.7.14

ചെറിയ മനസ്സിലെ വലിയ ചിന്ത

ആഡംബരക്കാറില്‍ നിന്നിറങ്ങിയ തന്നെയും വിലകൂടിയ
തന്റെ കാറിനെയും സാകൂതം വീക്ഷിച്ച് കാര്യമായെന്തോ
ആലോചിക്കുന്ന പത്തുവയസ്സുകാരനായ ബാലനെ അയാള്‍ കണ്ടു.
എന്തായിരിക്കും ഈ കുഞ്ഞുമോന്‍ ചിന്തിച്ചിട്ടുണ്ടാവുക എന്നറിയാനുള്ള
ആകാംക്ഷയില്‍ അയാള്‍ അവന്റരികിലെത്തി വാത്സല്യപൂര്‍വം കവിളില്‍ തലോടി.

"എന്താ മോനൂ...?"
അയാള്‍ ചോദിച്ചു

"അങ്കിളിന് ഈ കാറ് ആരാ വാങ്ങിത്തന്നത്...?"

"ഇതെന്റെ സഹോദരന്‍ സമ്മാനമായിത്തന്നതാ...!"

അവന്‍ വീണ്ടും ചിന്താവിഷ്ടനായി.

"മോനിപ്പോ ചിന്തിക്കുന്നതെന്തെന്ന് അങ്കിള് പറഞ്ഞോട്ടേ...?"

"ങും!"
അവന്‍ തലയാട്ടി. കുസൃതിക്കണ്ണുകളുയര്‍ത്തി അയാളെ നോക്കി.

"മോന്..... ഈ കാറ് പോലെ .... ഒരു കാറ് കിട്ടിയിരുന്നെങ്കില്‍ എന്നല്ലേ...?"
കുഞ്ഞുങ്ങളോട് പറയുന്ന അതേ ഈണത്തില്‍
നിര്‍ത്തി നിര്‍ത്തി അദ്ദേഹം പറഞ്ഞു.

"ങൂഹും!"
അവന്‍ അല്ലെന്ന് തലയാട്ടി....

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അയാളുടെ ഭാര്യ കാറില്‍
നിന്നിറങ്ങി അവന്റെ അടുത്തെത്തി.
"എന്നാ ഞാന്‍ പറഞ്ഞോട്ടേഡാ...?"

"ങും!"
അവന്‍ സമ്മതിച്ചു.

"അങ്കിളിന്.... ഈ കാറ് ..... സമ്മാനം കൊടുത്ത ... ബ്രദറിനെപ്പോലെ...
ഒരു ബ്രദര്‍... മോനൂസിനും...... ഉണ്ടായിരുന്നെങ്കില്‍ എന്നല്ലേ...?"

"ങൂഹും!"
അല്ലെന്നവന്‍ വീണ്ടും തലയാട്ടി.

"ന്നാ ഞങ്ങള് തോറ്റു. കുട്ടന്‍ തന്നെ പറ.
എന്താ മോന്‍ ചിന്തിച്ചേ...?"

അവന്‍ ഇരുവരേയും നോക്കി.
പിന്നെ അവരെയിരുവരെയും ഞെട്ടിച്ചുകൊണ്ടു പറഞ്ഞു:

"അരയ്ക്കുതാഴെ തളര്‍ന്ന എന്റെ അനിയന്‍കുട്ടന്
ഇതുപോലൊരു കാര്‍ വാങ്ങിച്ചുകൊടുക്കാന്‍
എനിക്കായെങ്കില്‍ എന്നാണ് ഞാന്‍ ചിന്തിച്ചത്...!!"

ആ ദമ്പതികളുടെ കണ്ണുകള്‍ സജലങ്ങളായി....!!


((((((((((((((((( facebook ))))))))))))))))))))))))

23.7.14

ഒനിഡാ ജിന്ന് !


നുഷ്യന്‍ എത്ര പുരോഗമിച്ചാലും സമൂഹത്തിനിടയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ലെന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. ജിന്നും പിശാചും ചേക്കുട്ടിപ്പാപ്പയും ഭദ്രകാളിയും മറുതയും പൊട്ടിയും കുന്തവും കൊടച്ചക്രവും ഒലക്കപ്പുണ്ണാക്കുകളുമായി ആളുകളെ പറ്റിച്ച് പണം തട്ടാനിറങ്ങിയ മന്ത്രവാദിത്തെണ്ടികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നു. എല്ലാ മതക്കാരിലും ഇതുണ്ടെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ വ്യാപകമാണെന്നത് പറയാതിരിക്കാനാവില്ല, ഇതു വേണമെങ്കില്‍ ഞാനുള്‍പ്പെട്ട സമുദായത്തിന്റെ ഒരു  ആത്മവിമര്‍ശനമായി കണക്കാക്കാം.

ജലദോഷമുണ്ടായാല്‍ പോലും ചിലര്‍ മന്ത്രവാദികളുടെ അടുത്തേക്ക് പായുകയായി. 'ഈ ജലദോഷം ഒരു സാധാരണ ജലദോഷമല്ല, നിങ്ങള്‍ക്ക് ആരോ എന്തോ ചെയ്തിട്ടുണ്ട്, ഇത് നിങ്ങളേം കൊണ്ടേം പോകൂ..' എന്ന് മന്ത്രവാദി പറയുന്നതോടെ 'രോഗി'യുടെ കീശ കാലിയാകുന്നതിന്റേയും മന്ത്രന്റെ മടിശ്ശീലക്കനമേറുന്നതിന്റേയും ആരംഭമായി. ഈ മന്ത്രവാദിയുടെ അടുത്തേക്ക് ഓടുന്നതിന്റെ മുമ്പ് ഈ രോഗം നല്‍കിയ സര്‍വശക്തനോട് മനമുരുകി ഒരൊറ്റ പ്രാവശ്യമെങ്കിലും നാഥാ, നീ ശിഫയാക്കണേ എന്നു പറയാനുള്ള സന്മനസ്സുപോലുമില്ലാത്തവരായിരിക്കും മിക്കവാറും ഇവര്‍.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് പള്ളിയില്‍ നിന്ന് നിസ്‌കരിച്ചുവരുമ്പോള്‍ കൂടെ വന്ന എന്റെ അകന്ന ബന്ധത്തിലെ ഒരു സാധുമനുഷ്യന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ഭക്ഷണത്തിനു ക്ഷണിച്ചു. പതിവില്ലാത്ത ഈ വിളിക്കു കാരണമെന്തെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം വളരെ രഹസ്യമായി എന്റെ ചെവിയില്‍ പറഞ്ഞു:

'മാനേ, കൊറച്ചായി താത്താക്കൊരു (താത്തഅദ്ദേഹത്തിന്റെ ഭാര്യ)  അസ്വസ്ഥത. വീടുപണികളിലൊന്നും ശ്രദ്ധയില്ല. ഇടക്കിടെ തലവേദനീം ശ്വാസം മുട്ടൂം...! പങ്കജാക്ഷന്‍ ഡാക്ടറെ കാണിച്ചു. ഒരു കൊറവൂല്ല. ശിവദാസന്‍ ഡാക്ടറുടടുത്തൂം പോയി. ന്നിട്ടും അങ്ങനെത്തന്നെ..'

'അതിന് ഞാന്‍ അവിടെ ഭക്ഷണം കഴിക്കാന്‍ വന്നിട്ടെന്താ കാക്കേയ്..? :) '

'കുട്ട്യേ, അതല്ല. ഒരു പേദോം (ഭേദം) കാണാഞ്ഞിട്ട് ഞാനിന്നലെ മറ്റേ ഇയ്യാളെ കണ്ടു. (മേലാറ്റൂരിനടുത്തുള്ള ഒരു മന്ത്രവാദിയുടെ പേരും പറഞ്ഞു.) ഓളെ മേത്ത് എന്തോ കേറീക്ക്ണൂന്നാ മൂപ്പര് പറയ്‌ണെ...!'

സാധുവിന്റെ മുഖം വല്ലാതായി... പാവം!

'ന്നിട്ട് ..?'

'മൂപ്പര് ഒരു എഴുത്തും കൊറച്ച് സാധനങ്ങളുമൊക്കെ തന്നിട്ടുണ്ട്. അതെന്തൊക്കെ ചെയ്യണമെന്ന് അതിലെഴുതീട്ട്ണ്ട്. ഇച്ച് വായിക്കാനറീലാ. അറബീലാ... അതൊന്നു പറഞ്ഞുതരാനാ അന്നെ വിളിക്ക്‌ണെ...! ന്റുട്ടി  ദ് ആരോടും പറേണ്ടട്ടാ...'

ഉള്ളില്‍ ചിരിയും സങ്കടവുമൊക്കെയുണ്ടെനിക്ക്. ഒന്നും പുറത്തുകാണിക്കാതെ ഞാന്‍ തലയാട്ടി. സംഭവമെന്തെന്ന് കാണാനും അറിയാനുമുള്ള കൗതുകത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

 ഇത്ത അകത്തൊരു കട്ടിലില്‍ കിടക്കുന്നുണ്ട്. ശ്വാസം മുട്ടല്‍ കഠിനമാണെന്നു തോന്നുന്നു. വലിവ് വല്ലാതെയുണ്ട്. ഞാന്‍ വരാന്തയിലൊരു കസേരയിലിരുന്നു.

അകത്തേക്കു പോയ ഇക്ക ഒരു സഞ്ചിയുമായി എന്റെ അടുത്തേക്കുവന്നു. അതു തുറന്നുനോക്കിയപ്പോള്‍ ഒരു ചെറിയ മണ്‍കുടം. അത് ഭദ്രമായി മൂടിയിട്ടുണ്ട്. കൂടെ ഒരു ലിസ്റ്റും അതില്‍ 'ചൊല്ലാനും ചെയ്യാനു'മായി ഏറെ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പല പ്രാവശ്യം പാരായണം ചെയ്യാനും മറ്റും എഴുതിയിട്ടുണ്ട്. ലിസ്റ്റില്‍ പറയുന്ന എല്ലാ കുണ്ടാമണ്ടികളും (ഹെന്റമ്മോ, അതൊക്കെ പറയാന്‍ എന്നെക്കൊണ്ട് വയ്യ.. :/ ) ചെയ്ത് കഴിഞ്ഞ് ഈ കുടത്തിലേക്ക് ഇത്തയുടെ ശരീരത്തിലുള്ള 'ഡാഷി'നെ ആവാഹിച്ചെടുക്കുന്നതിന്റെ രൂപമാണതിലെ ചുരുക്കം. കുടം തുറന്ന് നോക്കിയപ്പോള്‍ അതില്‍ ചുരുട്ടിമടക്കി വെളുത്ത നൂലുകൊണ്ട് കെട്ടിക്കൂട്ടിയ കുറേ കടലാസു കഷ്ണങ്ങള്‍...! ഇക്കയറിയാതെ അതിലൊന്ന് എടുത്ത് തുറന്നുനോക്കിയ ഞാന്‍ ഞെട്ടിപ്പോയി!!! അതിലെഴുതിയിരിക്കന്നതെന്താണെന്നോ..! ഹോ...!!! വല്ലാത്ത സംഭവം തന്നെ! :/ അതില്‍ ഇംഗ്ലീഷില്‍ നാലു പ്രാവശ്യം വലിയ അക്ഷരത്തില്‍ 'ONIDA' എന്നെഴുതിയിട്ടുണ്ട്..!!! :D

ഞാന്‍ ഇക്കയെ വിളിച്ച് ഒരൊന്നര മണിക്കൂര്‍ പറഞ്ഞ് പാറ ചേറാക്കി, കണ്ടം കുണ്ടാക്കി :) എന്നെക്കൊണ്ട് കഴിയുന്നതുപോലെ ഈ തട്ടിപ്പിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തു. 'ONIDA' കണ്ടപ്പോള്‍ അടുത്ത കടലാസില്‍ ഫിലിപ്‌സോ വീഡിയോകോണോ ഒക്കെയുണ്ടാവുമെന്ന് തോന്നിയ കൗതുകത്തില്‍ ബാക്കിയുള്ള കടലാസുകളും തുറന്നു നോക്കി. :P ഭാഗ്യം! അതില്‍ പക്ഷേ, കുറേ തിരിച്ചും മറിച്ചും എഴുതിയ അറബിപോലുള്ള കുറേ വരയും കുറികളുമായിരുന്നു. കുറച്ചുപണിപ്പെട്ടെങ്കിലും അദ്ദേഹത്തില്‍ നിന്ന് ആ കൂടോത്രകുംഭം പിടിച്ചുവാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞ് കാര്യത്തിന്റെ ഗൗരവം ധരിപ്പിച്ചു. ഇത്തയെ ഞാനും കൂട്ടുകാരനും ഇക്കയും അന്നുതന്നെ അവന്റെ വണ്ടിയില്‍ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യഹോസ്പിറ്റലിലെത്തിച്ചു.  ഈ വകയില്‍ ഹോസ്പിറ്റലില്‍ ചെലവായത് ചെറിയൊരു സംഖ്യയായിരുന്നു. മന്ത്രവാദിക്ക് കൊടുത്തതാവട്ടെ  അതിന്റെ ഇരട്ടിയുടെ ഇരട്ടിയും!

ഇത്തയുടെ അസുഖം ഇപ്പോള്‍ ഭേദപ്പെട്ടു. ഒരു ജിന്നും അവരുടെ ശരീരത്തിലില്ല. വലിവിനു ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിന്റെയും  ദൈവത്തോട് അഞ്ചുനേരം മനമുരുകി പ്രാര്‍ത്ഥിച്ചതിന്റെയും ഫലമായി ആസ്ത്മയ്ക്കു ശമനമായി.

കൂണുപോലെ മുളച്ചുപൊന്തുന്ന മേല്‍പറഞ്ഞരീതിയിലുള്ള  തട്ടിപ്പുകേന്ദ്രങ്ങളെ നാമാവശേഷമാക്കാനും മന്ത്രവാദീ ക്രിമിനലുകളെ നിയമത്തിന്റെ മുമ്പിലേക്കെറിഞ്ഞുകൊടുക്കാനും മുസ്‌ലിം യുവാക്കള്‍ തന്നെ സംഘടിച്ചാലേ ഇനി പരിഹാരമുണ്ടാവുകയുള്ളൂ. അറിയുക, നമ്മുടെ പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും ദിക്‌റുകളും സ്വലാത്തുകളുമൊക്കെയാണ് ഈ വ്യാജന്മാര്‍ അവരവരുടെ സൗകര്യത്തിന് ദുരുപയോഗപ്പെടുത്തുന്നത്. പ്രവാചകന്‍ ഇഷ്ടപ്പെട്ട, ശ്രേഷ്ഠമെന്നോതിയ തൂവെള്ള വസ്ത്രത്തിന്റെയും തലപ്പാവിന്റെയും പരിശുദ്ധിയെയാണീ ക്രിമിനലുകള്‍ കളങ്കപ്പെടുത്തുന്നത്. പ്രിയ സ്‌നേഹിതരേ, ഉറക്കം വിട്ടുണരാന്‍ സമയമായി.

മുസ്‌ലിം സമൂഹത്തിന്റെ ഉത്ഥാനത്തിനും പുരോഗതിക്കും അവരെ ധാര്‍മികമായി ഉയര്‍ത്താനും വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തിലുള്ളയത്ര ഇന്ന്  ലോകത്തെവിടെയും കാണുകയില്ല. മൂത്ത സംഘടനകളും അവയുടെ യൂത്ത് ഘടകങ്ങളും യൂത്തിനും താഴെ മൂക്കളയൊലിപ്പിച്ചുനടക്കുന്ന കൊച്ചുങ്ങള്‍ക്കുവരെ സംഘടനകളുള്ള നമ്മുടെ മൂക്കിനുതാഴെയാണ് മന്ത്രവാദത്തിന്റെ പേരില്‍ കൊലപാതകം വരെ നടക്കുന്നതെന്നുപറയുമ്പോള്‍ എവിടെക്കൊണ്ടുപോയാണ് നാം നമ്മുടെ തലപൂഴ്ത്തുക!? ഈ 'ജീര്‍ണതയ്‌ക്കെതിരെ ജിഹാദ്' നടത്താന്‍ മതസംഘടനകള്‍ക്കിപ്പോള്‍ കഴിയുന്നില്ലേ...? അതോ വീണുകിട്ടുന്ന സമയമത്രയും  നാമിങ്ങനെ പരസ്പരം കലഹിച്ചും തമ്മില്‍ത്തല്ലിയും നിസ്സാര കാര്യങ്ങളുടെ പേരില്‍ പോലും രക്തച്ചൊരിച്ചിലുണ്ടാക്കിയുമുള്ള 'ഒരു സംഘടന വളര്‍ത്തല്‍' മതിയോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചില്ലേ...!?
((((((((((((((((((((((((( Facebook )))))))))))))))))))))))))))


ചിത്രം: ഗൂഗ്‌ളിനോട് കടപ്പാട്









22.7.14

അല്‍ ഹംദു ലില്ലാഹ് !

പൊട്ടിപ്പാളീസായി അങ്ങേയറ്റം
മുഫ്‌ലിസായവനാണെങ്കിലും
'കൈഫല്‍ ഹാല്‍ ?' എന്ന ചോദ്യത്തിന്
'അല്‍ ഹംദു ലില്ലാഹ്..' എന്നേ
അറബികള്‍ മറുപടി പറയൂ.
കാലങ്ങളായി തുടര്‍ന്നുവരുന്ന
ഈ ദൈവത്തിനുള്ള
സ്തുതികള്‍ കാരണമാവാം അവര്‍
ഉത്തുംഗതയിലെത്തിയതും എത്തുന്നതും!

നമ്മള്‍ മലയാളികളോട്
'എന്തുണ്ട് വിശേഷം..?'എന്നു ചോദിച്ചാല്‍
നാം പറയുന്ന വാക്കുകളില്‍ ചിലതിങ്ങനെ:
'ങ്ആ! അങ്ങനേ പോകുന്നു... '
'ങും! കുഴപ്പമില്ല... '
'സുഖമെന്ന് പറയാം.. '
'ഹെന്ത് വിശേഷം...! '
'ഞമ്മക്കൊക്കെ എന്ത് ബിസേസം? '
'എന്താടാ..! കൊണം പിടിക്ക്ണില്ല്യ!'
'കുഴപ്പമില്ലാതെ ഒപ്പിച്ച് കഴിയുന്നു... '
'ഒരു എട്ടേ പത്തിലങ്ങനെ പോണു... '

നമ്മേക്കാള്‍ ദുരിതമനുഭവിക്കുന്നവരിലേക്ക്
നമ്മുടെ കണ്ണുകളെ പായിച്ച്,
കാതുകള്‍ ചേര്‍ത്തുവച്ച്,
മനസ്സിലേക്കാവാഹിച്ച് നമുക്കും പറയാം:
'അല്‍ ഹംദു ലില്ലാഹ്!'
സര്‍വസ്തുതികളും ദൈവത്തിനാണെന്ന്...!
(((((((((((( FACEBOOK )))))))))))))))

20.7.14

പ്ര 'പാഷാണങ്ങള്‍'


മളാന്‍ മാസം മതപ്രസംഗങ്ങളുടെ കൂടി കാലമാണ്. ഒരു മാസംകൊണ്ട് സകലമാന മുസ്‌ലിംകളെയും 'നല്ലപിള്ള'കളാക്കാന്‍ വേണ്ടി കാക്കത്തൊള്ളായിരം സംഘടനകളുടേയും മതസ്ഥാപനങ്ങളുടെയും ലേബലില്‍ കവലകളായ കവലകളിലെല്ലാം മതപ്രസംഗ മാമാങ്കങ്ങളാണ്. അതിനു പുറമേ പട്ടണങ്ങളില്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് ചില താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കാട്ടിക്കൂട്ടലുകള്‍ വേറെയും!

കേരളീയ മുസ്‌ലിം സമൂഹത്തിനിടയിലെ അജ്ഞതയകറ്റാനും അവരെ ധാര്‍മികതയുടെ പാതയിലുറപ്പിച്ചുനിര്‍ത്താനും വേണ്ടി കാലാകാലങ്ങളായി നിലനിന്നിരുന്ന മതപ്രസംഗ പരമ്പരകളുടെ സംഘാടകര്‍ക്കും വേദി കൈകാര്യം ചെയ്തിരുന്ന പ്രഭാഷകര്‍ക്കും ഇന്നലെകളിലുണ്ടായിരുന്ന ആത്മാര്‍ത്ഥതയുടെ തെല്ലൊരംശംപോലും തൊട്ടുതീണ്ടിയിട്ടില്ല ഇന്നത്തെ പ്രഭാഷണപ്പെരുമഴകളിലെന്നത് സുതരാം വ്യക്തമാണ്. ഇതിനപവാദമായി വിരലിലെണ്ണാവുന്ന പരിപാടികളും ഇഖ്‌ലാസ്വുള്ള സംഘാടകരുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നുമില്ല.

പാലക്കാട് ജില്ലയിലെ ഒരു മുസ്‌ലിം ഭൂരിപക്ഷപ്രദേശത്ത് പള്ളിമദ്‌റസാ സംയുക്ത കമ്മിറ്റി സംഘടിപ്പിച്ച മതപ്രഭാഷണവേദിയില്‍ 'പ്രൗഢോജ്വലവാഗ്മിയും വിശ്വാസികളുടെ ഹൃദയങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുന്ന അനുഗൃഹീത പണ്ഡിതനു'മെന്ന് അനൗണ്‍സ്‌മെന്റിലൂടെ കേട്ട മാന്യദേഹമായിരുന്നു പ്രഭാഷകന്‍. വിശ്വാസിവൃന്ദത്തിന്റെ ആത്മാര്‍ത്ഥതകൊണ്ടും പരിശുദ്ധ റമളാനിലെങ്കിലും സര്‍വശക്തനിലേക്ക് അടുക്കാനുള്ള അദമ്യമായ മോഹംകൊണ്ടും കൈക്കുഞ്ഞുങ്ങളെ വരെയെടുത്ത് ഓടിയണഞ്ഞ സഹോദരിമാരടക്കമുള്ള വന്‍ജനാവലി..! പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രഭാഷകന്റെ 'കോള്‍മയിര്‍ കൊള്ളിക്കല്‍' ആരംഭിച്ചു. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ നിഷ്‌കളങ്കമാനസങ്ങളിലേക്ക് ഉദാരമനസ്‌കരായ പ്രവാചകപത്‌നി ഖദീജാബീവി (റ)യുടേയും ദുന്നൂറൈനി ഉസ്മാ(റ)ന്റേയും കഥകള്‍ പറഞ്ഞ് പിരിവിന്റെ പുതുപുത്തന്‍ രീതിശാസ്ത്രപരീക്ഷണങ്ങള്‍ നടത്താനാരംഭിക്കുന്നതിന്റെ ലക്ഷണമാണ് പിന്നീട് കണ്ടത്. കൈയിലുള്ളവര്‍ കൊടുത്തോട്ടെ, അതിനവര്‍ക്ക് പടച്ചോന്റട്ത്ത്ന്ന് പ്രതിഫലവുമുണ്ടല്ലോ എന്നൊക്കെ നമുക്കു തോന്നുമെങ്കിലും ഇവിടെ അരങ്ങേറുന്ന ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ നാടകത്തിന്റെ കഥകേള്‍ക്കുമ്പോള്‍ നാം അറിഞ്ഞൊന്നന്തം വിടുമെന്നതില്‍ സംശയമില്ല.

ഉമ്മമാരേ..... സഹോദരികളേ.... സഹോദരങ്ങളേ... എന്നിങ്ങനെ നീട്ടിവിളിച്ച് സ്വര്‍ഗീയാരാമത്തിന്റെ ശ്രേഷ്ഠതകളും മഹത്ത്വങ്ങളും പുതുശൈലിയിലിവതരിപ്പിച്ച് ഈ പരിപാടിയിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറുള്ള ഏത് ഖദീജയുണ്ടിവിടെ, ഏത് അബൂബക്‌റുണ്ടിവിടെ, ഏത് ഉസ്മാനുണ്ടിവിടെ.... എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്കുശേഷം സദസ്സിലേക്കു കണ്ണുപായിക്കുമ്പോള്‍ അതാ സദസ്സില്‍ നിന്നുയരുന്നു, കുറേ അബൂബക്ര്!മാരുടെയും ഉസ്മാനുമാരുടെയുമൊക്കെ തലകള്‍...! അവര്‍ ചെറിയ സംഖ്യയൊന്നുമല്ല 'വാഗ്ദാനിക്കു'ന്നത്. ഒരു ലക്ഷവും അര ലക്ഷവും പതിനായിരങ്ങളുമൊക്കെയായി അവര്‍ പ്രഖ്യാപിക്കുമ്പോള്‍ സദസ്സ് സ്വലാത്തുകളും തക്ബീറുകളുംകൊണ്ട് മുഖരിതമാവുന്നു. സദസ്സിന്റെ പല ഭാഗങ്ങളിലുള്ള നാലഞ്ചുപേരുടെ വലിയ സംഖ്യാവാഗ്ദാനത്തോടെ പട്ടിണിപ്പാവങ്ങളുടെ പോലും മനസ്സുലഞ്ഞുമലിഞ്ഞും സംഭാവനകള്‍ കൂമ്പാരമാവുമ്പോള്‍ പരിപാടി ഗംഭീരമാവുകയായി...! പ്രാര്‍ത്ഥനയും കരച്ചിലും പിഴിച്ചിലുമൊക്കെയായി രംഗം ശാന്തമാവുമ്പോള്‍ വലിയൊരു സംഖ്യ വാഗ്ദാനമായി ലഭിക്കുന്നു. 'സ്ത്രീകള്‍ക്കു പ്രത്യേകം സജ്ജമാക്കിയ' ഭാഗത്ത് നിന്നും വരുന്ന ബക്കറ്റുകളില്‍ സ്വര്‍ണാഭരണങ്ങളാണ്. കൈയിലെ മോതിരവും കഴുത്തിലെ മാലയും മാലകൊടുക്കാന്‍ വല്യ താത്പര്യമില്ലാത്തവരുടെ മാലലോക്കറ്റുകളും കുഞ്ഞുങ്ങളുടെ കാലില്‍ നിന്നൂരിയെടുക്കുന്ന പാദസരങ്ങളുമങ്ങനെയങ്ങനെ.....! കല്യാണത്തിനു പോകാന്‍ വായ്പ വാങ്ങിയ അയല്‍പക്കക്കാരിയുടെ മാല വരെ ഊരിക്കൊടുത്ത സംഭവങ്ങളുണ്ട്. എന്നിട്ട് ആ മാലയ്ക്കു പകരം കൊടുക്കാന്‍ ഭര്‍ത്താവിനെക്കൊണ്ട് മാലവാങ്ങിപ്പിക്കുന്നുസഹധര്‍മിണി. ഈ നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ പ്രതിഫലമുണ്ടെന്നതില്‍ ഒരു ശങ്കയുമില്ല. പക്ഷേ, ഇതിന്റെ പിന്നിലുള്ള നാടകത്തിന്റെ ചുരുളഴിയുന്നത് പ്രസംഗ ശേഷം പ്രഭാഷകന്റെ വക കമ്മിറ്റിക്കാരോടുള്ള 'ഒരൊറ്റ വര്‍ത്താന'ത്തോടെയാണ്. അദ്ദേഹം പറയും: ആ ആദ്യം വാഗ്ദാനിച്ച അഞ്ചാളുടെ പേരങ്ങ്ട് വെട്ടിക്കാളാ...! വലിയൊരു സംഖ്യ സംഭാവന ലഭിച്ച സംഘാടകരെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്‌നമല്ലാതെ അവര്‍ ചിരിച്ചുമണ്ണുകപ്പും, ഉസ്താദിന്റെ ഈ ഒടുക്കത്തെ ബുദ്ധിയിലും ഐഡിയയിലും സായൂജ്യമടഞ്ഞ്..! സംഭവം മനസ്സിലായില്ലേ..? ആദ്യത്തെ ആ അഞ്ചുപേര്‍ മൂപ്പരുടെ ശിങ്കിടികള്‍ തന്നെയായിരുന്നു. ഇപ്പോഴാണ് നേരത്തെ ഫെയ്‌സ്ബുക്കില്‍ വൈറലായിരുന്ന ആ ഇബ്‌ലീസിനെ പിടിച്ചുകെട്ടുന്നതിന്റെയും 'മെരട്ടി' വിടുന്നതിന്റെയുമൊക്കെ ഫോണ്‍ സംഭാഷണ നര്‍മത്തിന്റെ മര്‍മം മനസ്സിലാവുന്നത്. :D

തീര്‍ന്നില്ല, പ്രഭാഷണ (നാടക) ത്തിനു ശേഷം പ്രഭാഷകന്റെ രണ്ടര മണിക്കൂര്‍ നേരത്തെ അഭിനയത്തിനുള്ള തുക അമ്പതിനായിരത്തിന്റെ നോട്ടുകെട്ടുകളും വണ്ടിവാടകയായി പതിനായിരത്തിന്റെ വേറൊരു കെട്ടും കൊടുത്ത് യാത്രയാക്കുകയാണ് സംഘാടകര്‍. കക്ഷി പോകുന്നത് തമിഴ്‌നാട്ടിലേക്കാണെന്നാണ് സംഘാടകരോടു പറയുന്നത്. ഉസ്താദും ശിങ്കിടികളും യാത്രയായപ്പോള്‍ പെരുമഴ തോര്‍ന്നൊഴിഞ്ഞ പ്രതീതിയായി.

തീര്‍ന്നോ..? ഏബടെ തീരാന്‍...! ഇനിയല്ലേ ആറടിമണ്ണും അതിലെ പച്ചമണ്ണില്‍ കിടക്കേണ്ട ദുരവസ്ഥയുമൊക്കെ വിശദീകരിച്ച് കരഞ്ഞ, നമ്മെ കരയിച്ച ഉസ്താദവര്‍കളുടെ വിശേഷം നാമറിയാന്‍ പോകുന്നത്! പരിപാടി കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം പ്രഭാഷകനെ ഏല്‍പിച്ചുകൊടുത്ത നാട്ടിലെ ഒരു ചെറുപ്പക്കാരന് ഒരു ഫോണ്‍കാള്‍.
പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ നിന്നാണ്. റൂം റെന്റ് വകയില്‍ എഴായിരത്തഞ്ഞൂറ് രൂപ അടയ്ക്കണമത്രേ. അയാള്‍ക്ക് ആദ്യം ഒന്നും പിടികിട്ടിയില്ല. സംഭവമെന്തെന്നോ? ഉസ്താദവര്‍കള്‍ പ്രഭാഷണം കഴിഞ്ഞ് നേരെ പോയത് തമിഴ് നാട്ടിലേക്കല്ല. നാടകത്തിനു ശേഷമുള്ള വിശ്രമത്തിനായി ആധുനിക സുഖസൗകര്യങ്ങളുള്ള മുന്ത്യേ ഹോട്ടലിലേക്കാണ്. അതിന്റെ ചെലവും സംഘാടകരുടെ തലയില്‍!

പ്രവാചകന്‍ (സ്വ) പറഞ്ഞിട്ടുണ്ട്: 'ഇന്ന മിനല്‍ ബയാനി ല സിഹ്‌റാ..!'
ഈ വചനം ആളുകളെ ഒരു കാര്യം പറഞ്ഞുപറഞ്ഞ് മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നതിനെ സംബന്ധിച്ചുതന്നെയാണ്. ഇങ്ങനെ ചെയ്യുന്നതില്‍ ആഭിചാരമുണ്ടെന്നാണ് അവിടുന്ന് പഠിപ്പിച്ചത്. മാത്രവുമല്ല, അല്‍പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമല്ലോ, ഇതൊരുതരം കബളിപ്പിക്കലാണെന്ന്. (ആളുകളെ കബളിപ്പിക്കുന്നതിനെ സംബന്ധിച്ച് നേരത്തെ അബ്ദുല്ലാഹിബ്‌നു ആമിര്‍ (റ) ന്റെ ഉമ്മയുടെ ചരിത്രമുദ്ധരിച്ചിരുന്ന് ഒരു കുറിപ്പ് ഇട്ടിരുന്നല്ലോ. കളവു പറഞ്ഞും പറ്റിച്ചും ദീനീസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പണമുണ്ടാക്കാമെന്ന് ഇവരെയൊക്കെ പഠിപ്പിച്ചത് ഏത് ഇസ്‌ലാമാണ്..? ഏത് ഖബ്‌റിനെക്കുറിച്ചാണ് ഇവര്‍ പറഞ്ഞുപേടിപ്പിക്കുന്നത്..? ഏത് ഹിസാബിന്റെ കഥ പറഞ്ഞാണ് ഇവര്‍ കണ്ണീരൊഴുക്കുന്നത്..? ഏതു മീസാനാണ് ഇവരെ ഭയചകിതരാക്കുന്നത്..? ഏതു മഹ്ശറയിലെ കത്തിജ്വലിക്കുന്ന സൂര്യനാണിവരെ ഇപ്പോള്‍തന്നെ വിയര്‍പ്പിക്കുന്നത്..? അറിവുള്ളവര്‍ തന്നെ ഇങ്ങനെയുള്ള കോപ്രായങ്ങളാടിത്തിമര്‍ക്കുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...?

ഇവര്‍ക്കറിയുമോ ആവോ മര്‍ഹൂം സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാരെന്ന മതപ്രഭാഷകനെ..!
അറിയില്ലെങ്കില്‍ ആ മഹാമനുഷ്യനില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനുമുണ്ടെന്ന് അറിയേണ്ടതാണ്. കിലോമീറ്ററുകളോളം കാല്‍നടയായി കേരളത്തിലെ വിവിധ മഹല്ലുകളിലേക്കിറങ്ങിച്ചെന്ന് 'ശൈഖുനാന്ന് പറഞ്ഞാല്‍ ഖുനാ ഖുനാ എന്നു പറയുന്ന മൈക്ക്‌സെറ്റ് വേണ'മെന്ന വാശിയില്ലാതെ, എ.സി റൂമുകളും സുഭിക്ഷമായ ഭക്ഷണവും വേണമെന്ന ശാഠ്യമില്ലാതെ ഇസ്‌ലാമിന്റെ ശബ്ദം ജനഹൃദയങ്ങളിലേക്കെത്തിച്ചിരുന്ന ഹൈദ്രൂസ് മുസ്‌ലിയാര്‍ ഒരു ദിവസം പ്രഭാഷണം കഴിഞ്ഞ് അര്‍ദ്ധരാത്രി വിശ്രമിക്കാനെത്തിയത് ഒരു പഴയ പള്ളിയുടെ ചെരുവി (വരാന്ത)ലായിരുന്നു. തന്റെ ഹാന്‍ഡ് ബാഗ് തലയിണയാക്കി വിശ്രമിക്കുമ്പോള്‍ പള്ളിയിലെ മുക്രി, ഇദ്ദേഹം ആരെന്നു മനസ്സിലാകാത്തതിനാല്‍ എല്ലാ അപരിചിതരോടും പറയുന്നതുപോലെ പള്ളി വരാന്തയില്‍ നിന്നു മാറണമെന്ന് കുറച്ച് കര്‍ശനമായിത്തന്നെ ആവശ്യപ്പെട്ടു. മറുത്തൊന്നും പ്രതികരിക്കാതെ പാണ്ഡിത്യത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന ആ മഹാമനുഷ്യന്‍ ഹൗളി (അംഗസ്‌നാനത്തിനുള്ള വെള്ളക്കെട്ട്)ന്റെ ഓരത്ത് നനഞ്ഞുതണുത്ത പ്രതലത്തില്‍ ഒരു കീറത്തുണിയും വിരിച്ചുറങ്ങിയത് മറക്കാനാവാത്ത ചരിത്രമാണ്. പിറ്റേന്ന് രാവിലെ മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് ഇത് ഹൈദ്രോസ് മുസ്‌ലിയാരാണെന്ന് മനസ്സിലാക്കിയ മുക്രി, അദ്ദേഹത്തോട് ക്ഷമാപണം നടത്താന്‍ മുതിര്‍ന്നപ്പോള്‍ 'താങ്കള്‍ ഒരിക്കലും ക്ഷമ പറയേണ്ട ആവശ്യമില്ല, അങ്ങ് അങ്ങയുടെ ജോലി ഭംഗിയായി നിര്‍വഹിച്ചെന്നും ഇങ്ങനെ കര്‍ത്തവ്യബോധം നമുക്കുണ്ടാവണ'മെന്നും പുഞ്ചിരിയോടെ പറഞ്ഞ ഉസ്താദിനെപ്പോലെ നിഷ്‌കളങ്കരും നാഷ്‌കാമകര്‍മികളും ജീവിച്ചുപോന്ന പാരമ്പര്യത്തിന്റെ കണ്ണികളെന്നവകാശപ്പെടാന്‍ പുതുപ്രഭാഷകര്‍ക്ക് കഴിയുമോ..? ഒരിക്കലുമില്ല. അന്ന് ഇന്നത്തെയത്ര ഇലക്ട്രോണിക് സംവിധാനങ്ങളില്ലെങ്കിലും അത്യാവശ്യം വേണ്ടത്ര സൗകര്യങ്ങളും രാജകീയസ്വീകരണങ്ങളും വേണമെങ്കില്‍ അവര്‍ക്ക് ലഭ്യമായിരുന്നു. അതിനെല്ലാം തയ്യാറായിരുന്ന വലിയ തറവാടുകളിലെ ധനികസമൂഹം അക്കാലത്തുമുണ്ടായിരുന്നു. പക്ഷേ, ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അവര്‍ ആര്‍ഭാടങ്ങളുപേക്ഷിച്ചതായിരുന്നു.

നിയ്യത്ത് നന്നാവാതെ ചില ഭൗതികതാത്പര്യങ്ങള്‍ക്കു വേണ്ടി പ്രത്യക്ഷപ്പെട്ട സകല പ്രഭാഷകരും വന്നതിലും വേഗത്തില്‍ ചിത്രത്തില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ചരിത്രമാണ് മലയാളക്കരക്കുള്ളത്. ആര്‍ത്തട്ടഹസിച്ച് ജയ് വിളിക്കുന്ന അണികളെക്കണ്ടപ്പോള്‍ ഇതൊക്കെ ഞമ്മന്റെ സ്വന്തക്കാരാണെന്നു തോന്നിയപ്പോള്‍ പൊന്നുപോലെയുള്ള ഇസ്‌ലാമിന്റെ സുന്ദരാശയപ്പൂമുഖത്ത് തീവ്രവാദത്തിന്റെ പാണ്ടുണ്ടാക്കാന്‍ ശ്രമിച്ചവരും, അഹങ്കാരത്തിന്റെ മൂര്‍ത്തീമദ്ഭാവമായി, എന്നിലപ്പുറം മറ്റാര്‍ക്കുമൊന്നുമറിയില്ലെന്നു വിശ്വസിച്ചവരുമൊക്കെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളനുഭവിക്കുന്നവരും ഒരു വേദിയെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ചാന്‍സ് അന്വേഷിക്കുന്നവരുമൊക്കെയായി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ ഇപ്പോള്‍ കിട്ടുന്ന ഈ അംഗീകാരങ്ങള്‍ക്കൊക്കെ പരിധിയും പരിമിതിയും നിശ്ചയിക്കുന്ന സര്‍വശക്തനുണ്ടെന്നത് വിസ്മരിക്കാതിരുന്നാല്‍ വരുംകാലത്തും ചവറ്റുകുട്ടയിലെറിയപ്പെടാത്തവരായി വേദികളെ കോള്‍മയിര്‍ കൊള്ളിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന് പ്രത്യാശിക്കാം.

((((((((((((((((facebook )))))))))))))))))))))

മദര്‍ കെയര്‍

അമ്മ മരിച്ചതറിഞ്ഞ്
അമേരിക്കയിലുള്ള മോനെത്തി,
ആഫ്രിക്കയിലുള്ള മോളുമെത്തി,
ആര്‍ത്തനാദത്തോടലമുറയിട്ട്!!
ജീവിതകാലത്തെത്തിനോക്കാത്ത
മക്കളുടെ മുതലക്കണ്ണീര്‍,
പ്രകാശമില്ലാത്തതിനാല്‍
അമ്മക്കണ്ണില്‍ പതിഞ്ഞില്ല!
സ്‌നേഹവാത്സല്യത്തിനമൃത്
അടങ്ങിയൊരിത്തിരി മണ്ണില്‍
ഒത്തിരി മണ്ണിനിയും ബാക്കി
ആ മണ്ണിലാണ് മക്കള്‍ക്കു കണ്ണ്!
ശേഷക്രിയകള്‍ തീരും മുമ്പേ
ശേഷിപ്പുകളും സ്വത്തുകളും
ഓഹരി വെച്ചിട്ടവിടെത്തന്നെ
വിറ്റൊഴിവാക്കി മടങ്ങുന്നേരം
അമ്മയുറങ്ങുമൊരു തുണ്ടുഭൂമി
അല്ലാത്തതെല്ലാം അന്നന്യമായി!
വഴിയില്‍ നിന്നാണറിയുന്നത്,
അമ്മയുറങ്ങുന്ന ഭൂമിക്ക്
കോടികളുടെ ലാഭക്കണക്ക്!
അവരതും മുദ്രപ്പത്രത്തിലാക്കി!!!
അങ്ങനെ,
അമ്മയുടെ നെഞ്ചിലാണ്
'മദര്‍ കെയര്‍' 
ഹോസ്പിറ്റലുയര്‍ന്നത് !
((((((((((( Facebook )))))))))))

ഗുരുനാദം

"നമ്മൾ നിങ്ങൾക്ക്‌
കുറേ അറിവ്‌ വർദ്ധിപ്പിച്ച്‌ നിങ്ങളെ
ഒരു 'ജീനിയസ്സ്‌' ആക്കാനൊന്നുമല്ല
ഈ ട്യൂഷൻ ക്ലാസ്സ്‌ തുടങ്ങിയത്‌,
മുഴുവൻ വിഷയങ്ങളിലും
'എ പ്ലസ്‌' നേടാൻ മാത്രമാണ്‌!
നിങ്ങളെ ഇവിടെയെത്തിച്ച
രക്ഷിതാക്കളുടേയുംഉദ്ദേശ്യം മറ്റൊന്നല്ല!
അതുതന്നെയാവണംനമ്മുടെ ലക്ഷ്യവും!"
( ഇന്നത്തെ സൻഡേ ക്ലാസ്സിൽ
ഒരു ട്യൂഷൻ സെന്ററിൽ നിന്ന്
ഉയർന്നു കേട്ട 'ഗുരുനാദം!')
((((((((((((( Facebook ))))))))))))

18.7.14

മഹാവീറിന്റെ വീറ്‌

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭ.

പാര്‍ലമെന്റ് പ്രക്ഷുബ്ധമാണ്...

പ്രധാനമന്ത്രിക്കെതിരെയാണ് ശബ്ദമുയരുന്നത്.

അക്‌സായിചിന്‍ പ്രദേശം ഇന്ത്യക്ക് നഷ്ടമായത്
ഗവണ്‍മെന്റും പ്രധാനമന്ത്രിയും വളരെ ലാഘവത്തോടെ
കണ്ടുവെന്നതാണ് പാര്‍ലമെന്റംഗങ്ങളെ ചൊടിപ്പിച്ചത്.

ബഹളങ്ങള്‍ക്കിടയില്‍ രംഗം ശാന്തമാക്കാന്‍ വേണ്ടി
പ്രധാനമന്ത്രി പറഞ്ഞതാവട്ടെ കൂനിന്മേല്‍ കുരുവുമായി
'ഒരു തരി പുല്ലുപോലും കിളിര്‍ക്കാത്ത അക്‌സായിചിന്‍
കൊണ്ട് നമ്മുടെ രാജ്യത്തിന് എന്ത് പ്രയോജന'മെന്നായിരുന്നു
നെഹ്‌റുവിന്റെ ന്യായീകരണം!

ഇത് കേള്‍ക്കേണ്ട താമസം, മുതിര്‍ന്ന പാര്‍ലമെന്റേറിയനായിരുന്ന
മഹാവീര്‍ ത്യാഗി ചാടിയെഴുന്നേറ്റുകൊണ്ട് പറഞ്ഞ 'ഒരൊന്നൊന്നര
വര്‍ത്താന'ത്തിനു മുന്നില്‍ നെഹ്‌റു മന്ത്രിസഭയും പ്രധാനമന്ത്രിയും
മറുപടിയില്ലാതെ കുഴങ്ങി.

മഹാവീര്‍ തന്റെ കഷണ്ടിത്തല തഴുകിക്കൊണ്ടു പറഞ്ഞു:
"എന്റെ കഷണ്ടിത്തലയില്‍ ഒന്നും കിളിര്‍ക്കുന്നില്ലെന്നു
കരുതി ഈ തലമണ്ട വെട്ടിമാറ്റി ശത്രുവിന് കൊടുക്കാന്‍
പറ്റുമോ നെഹ്‌റുജീ...!?"

(((((((((((((((((( Facebook ))))))))))))))))))))))))

17.7.14

ഇമാം ഗസ്സാലി













പാഠശാലയില്‍
എലി ശല്യം രൂക്ഷമായപ്പോള്‍
പൂച്ചയെ വളര്‍ത്താമെന്നൊരു
ഉപായം കണ്ടെത്തിയ ശിഷ്യരോട്
അരുതെന്നോതി, ഇമാം ഗസ്സാലി..!
കാരണമെന്തെന്നറിയാന്‍
ഗുരുമുഖത്തേക്കു നോക്കിയ
ശിഷ്യരോടവിടന്ന് പറഞ്ഞുവത്രേ,
"എലികള്‍ ഓടിമറഞ്ഞേക്കാം
പൂച്ചപ്പേടിയാല്‍ അയല്‍പക്കത്ത്!
അന്നവിടെയുമിവിടത്തെപ്പോല്‍
മൂഷികശല്യമസഹ്യമാവുകില്‍
അനീതി ചെയ്തരായി നാം
നമ്മുടെ അയല്‍പക്കക്കാര്‍ക്ക്!"
ഇമാം ഗസ്സാലി വാഴ്ത്തപ്പെടട്ടെ!!!
((((((((( facebook ))))))))))))))))

Photo courtesy: google

ഒരു വാക്ക്...


ഗുരു നിത്യചൈതന്യയതി റെയില്‍വേ സ്‌റ്റേഷനിലൂടെ നടക്കുമ്പോള്‍ അന്നും അന്ധനായ ആ യാചകനെ കണ്ടു. പലപ്പോഴും റെയില്‍വേ സ്‌റ്റേഷനില്‍ അയാളെകാണാറുണ്ടായിരുന്ന ഗുരു, അന്ന് അദ്ദേഹത്തിന്റെ അരികിലെത്തി ഹസ്തദാനം ചെയ്തു പരിചയപ്പെട്ടു. തീവണ്ടി പുറപ്പെടാനായി എന്ന അനൗണ്‍സ്മെന്റ് കേട്ടപ്പോള്‍ ഗുരു അദ്ദേഹത്തോട് .യാത്ര പറഞ്ഞു. പക്ഷേ, അദ്ദേഹം ഗുരുവിന്റെ കൈ വിടുന്നില്ല. ഇത്രയും നേരം ഗുരുവിന്റെ കരങ്ങള്‍ ആ യാചകന്റെ കരങ്ങള്‍ക്കുള്ളിലായിരുന്നു.

"നിങ്ങളെന്താ എന്റെ കൈ വിടാത്തത് "
സൗമ്യനായി ഗുരു ചോദിച്ചു.

അദ്ദേഹത്തിന്റെ മറുപടി ഗുരുവിന്റെ മനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു.
ഗുരുവിന്റെ മാത്രമല്ല, ആരുടെ മനസ്സിലാണ്‌ ആ വാക്കുകള്‍ ഒരു കുഞ്ഞുനോവെങ്കിലും കോറിയിടാതിരിക്കുക!?

"എന്റെ കൈകളിലിന്നുവരെയാരും ഇത്ര സാന്ത്വനത്തോടെ സ്പര്‍ശിച്ചിട്ടില്ല. എനിക്കറിയുകയില്ല അങ്ങാരെന്നും എന്തിനെന്റെ കരം കവര്‍ന്നെന്നും. പക്ഷേ, ഞാനിപ്പോള്‍ ആഹ്ലാദത്തിന്റെ നിറവിലാണ്. ആനന്ദത്തിന്റെ കൊടുമുടിയിലാണ്."
((((((((((((((((((((((((((((( Facebook ))))))))))))))))))))))))))))))

ചിത്രം: ഗൂഗ്ള്‍


ഹലോ

'ഹലോ'യില്‍ തുടങ്ങി
'ഹലോ' തിരിച്ചുവാങ്ങി
മറ്റൊന്നും പറയാനില്ലാതെ
കുറേ 'പിന്നെന്താ?'യും
കുറേ 'സുഖ'ങ്ങളും
പിന്നെ  'നീ പറയൂ..' വും
'അല്ല, നീ പറയൂ..' കളും
പ്രപഞ്ചവിശാലതയിലൂടെ
പരന്നൊഴുകുന്നു...!
ഒടുവില്‍,
'എന്നാ നാളെ വിളിക്കാട്ടോ..'
കൊണ്ടൊരേറുമായി
മൊബൈല്‍ ഫോണിലെ
ചുവന്ന എന്‍ഡ് ബട്ടണ്‍
ഞെരിഞ്ഞമരുന്നതാണ്
'വിശേഷ'ത്തിന്റെ
പുതുവിശേഷം...! :)
(((((( Facebook )))))))))))))

16.7.14

ഭാര്യയെ 'സാറേ'ന്ന് വിളിക്കാമോ ?


നാട്ടിക വി. മൂസ മുസ്‌ലിയാര്‍ ജീവിച്ചിരുന്ന കാലം!
മത-രാഷ്ട്രീയ സാമൂഹ്യ വേദികളില്‍ നര്‍മവും മര്‍മവും അനായാസം
കൈകാര്യം ചെയ്തിരുന്ന മൂസ മുസ്‌ലിയാര്‍ക്ക് അന്ന് മണ്ണാര്‍ക്കാട്
കോട്ടോപ്പാടത്തായിരുന്നു പ്രഭാഷണം. പ്രസംഗം കഴിഞ്ഞ ശേഷം
അന്നത്തെ എം.എല്‍.എ യായിരുന്ന കല്ലടി മുഹമ്മദ് സാഹിബിന്റെ
വീട്ടിലായിരുന്നു ഭക്ഷണം.

കല്ലടിമുഹമ്മദുമായി  നേരത്തെ തന്നെ നല്ല ബന്ധമായിരുന്നതിനാല്‍
എം.എല്‍.എയുടെ വീട്ടുവിശേഷങ്ങളൊക്കെ നാട്ടികയ്ക്കറിയാം.
അതിഥിയും പൊതുയോഗത്തിനെത്തിയ പ്രമുഖരും
ആതിഥേയന്റെ സുഹൃത്തുക്കളുമൊക്കെ ഭക്ഷണഹാളില്‍
ഒരുമിച്ചിരുന്ന്  ഭക്ഷണം കഴിക്കുമ്പോള്‍ നാട്ടിക, 
കല്ലടി മുഹമ്മദ് സാഹിബിനോട് ഗൗരവപൂര്‍വം പറഞ്ഞു:

"വാപ്പൂട്ടിക്കാ, (ഇഷ്ടമുള്ളവര്‍ കല്ലടി മുഹമ്മദ് സാഹിബിനെ
അങ്ങനെയും വിളിക്കാറുണ്ട്.) ഇങ്ങളൊര് എം.എല്‍.എയാണ്.
അതും പാലക്കാട് ജില്ലയിലെ വലിയൊരു മണ്ഡലമായ മണ്ണാര്‍ക്കാടിനെ
പ്രതിനിധീകരിക്കുന്ന എം.എല്‍.എ!"
എല്ലാവരും നാട്ടികയെ നോക്കി. എന്താണിദ്ദേഹം ഇത്ര ഗൗരവമായി
പറയാന്‍ പോകുന്നതെന്ന്..!

നാട്ടിക തുടര്‍ന്നു:
"അട്ടപ്പാടിയിലെ ആദിവാസ്യേള് മുതല്‍ അസംബ്ലീലെ വല്യേ ഉദ്യോഗസ്ഥര്
വരെ ഇങ്ങളെ സാറേ ന്നാണ് വിളിയ്ക്ക്ണത്. അത് ഇങ്ങളെ നെലീം
വെലീംമുന്ത്യേതായതോണ്ടാ...!"

ആളുകള്‍ക്ക് ഇപ്പോഴും ഒന്നും പിടികിട്ടിയില്ല. എല്ലാവരും നാട്ടികയെത്തന്നെ
നോക്കുകയാണ്. നാട്ടിക ഒരു പത്തിരിക്കഷ്ണം വായിലേക്കു വെച്ചു. കുറച്ചുനേരം
മൗനമായി ഇരുന്നു.

'നിങ്ങള് കാര്യം ഇതുവരേം പറഞ്ഞില്ല?'
വാപ്പുട്ടിക്ക ചോദ്യഭാവത്തില്‍ നാട്ടികയെ നോക്കി.

നാട്ടിക പറഞ്ഞു:
"ഇത്രേം നെലേം വെലേം പത്രാസും ഉള്ള ഇങ്ങള്,
ഇങ്ങളെ ഭാര്യയെ 'സാറേ'ന്ന് വിളിക്കാന്‍ പറ്റ്വോ...? :/
അതൊരു ഉചിതമായ പരിപാടിയല്ലല്ലോ..! ആണോ..?"

നാട്ടികയും വാപ്പുട്ടിക്കയും വാപ്പുട്ടിക്കയെ അടുത്തറിയുന്നവരൊക്കെ
അമിട്ടിനു തീകൊടുത്തപോലെ പൊട്ടിച്ചിരിച്ചു. :D

വായനക്കാരെപ്പോലെ അദ്ദേഹത്തെ അറിയാത്ത ചിലര്‍ അപ്പോഴും
അന്തംവിടലില്‍ നിന്ന് മുക്തരായില്ല. അവര്‍ വാപ്പുട്ടിക്കയെ നോക്കി
'ശ്ശോ. വാപ്പുട്ടിക്കയ്ക്ക് ഭാര്യേ പേട്യാ, മോശം മോശം'  എന്നൊക്കെ ചിന്തിച്ചു. :)

കൂട്ടത്തില്‍ ആരോ ആ രഹസ്യം ഉറക്കെ പറഞ്ഞു:
പിന്നെ അതോടെ ബാക്കിയുള്ളവരുംകൂടി ആ ചിരിയില്‍ പങ്കുചേര്‍ന്നു
"വാപ്പുട്ടിക്കയുടെ ഭാര്യയുടെ പേര് സാറ എന്നാണ്."
((((((((((((((((((((((((((( facebook )))))))))))))))))))))))))))))

15.7.14

ഉരുളയ്ക്കുപ്പേരി!

'നീയെന്താ നിങ്ങളുടെ യൂണിയനിലൊന്നും സജീവമല്ലാത്തത്?'
യൂണിയന്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍
സ്‌കൂള്‍ അദ്ധ്യാപകനായ പ്രിയസുഹൃത്ത്
മുജീബിനോട്‌ ചോദിച്ചു.
"എവിടെയാ അതിനൊക്കെ സമയം!
ജീവിതമെന്ന പുഴ, തോട് കടക്കാന്‍ സമ്മതിക്കണ്ടേ"
ചിന്തിപ്പിക്കുന്ന മറുപടി തന്നെ!! ഇഷ്ടായി!
കൂട്ടത്തില്‍ അദ്ധ്യാപക സംഘടനയുടെ
പ്രാദേശികനേതാക്കള്‍ ആരൊക്കെയാന്ന് വെറുതെ ചോദിച്ചതാ
അവന്‍ പറഞ്ഞു:
"കരീം പടുകുണ്ടില്‍"
"ശ്ശോ. മൂപ്പരെന്തേ ഇമ്മാതിരി കുഴിയിലകപ്പെട്ടു ?"
അവനെ ഒന്ന് ആക്കിയതാണ്‌.
പക്ഷേ, പൊടുന്നനെയുള്ള മറുപടിയില്‍ എനിക്ക് ഉത്തരം മുട്ടി:
"അതിനിജ്ജ് ബേജാറാവണ്ട,
കരീം പടു'കുണ്ടി'ലാണെങ്കിലും
ഹമീദ് 'കൊമ്പത്തും' കാസിം 'കുന്നത്തു'മുണ്ട്."
ഠിം!
എനിക്കങ്ങനെത്തന്നെ വേണം...! :P

(((((((((((((((((((((((((((((( facebook )))))))))))))))))))))

14.7.14

അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി

വരുന്നു !!!
'അഴിമതി വിരുദ്ധ
ജനാധിപത്യ മുന്നണി !'
പി.സി. ജോർജിന്റെ നേതൃത്വം! 
എന്തായിരിക്കും
രാഷ്ട്രീയ കേരളത്തിന്റെ
ഭാവി? 
((((((( FB ))))))))

69

ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യക്ക് ബാങ്ക് മാനേജരോട് പ്രണയമുണ്ടെന്ന് സംശയം തോന്നിയ ഭര്‍ത്താവ് ശ്രീകുമാരന്‍ മാഷ് ഭാര്യയുടെ മൊബൈലില്‍ നിന്ന് മാനേജര്‍ക്ക് 'ലവ് യു' എന്ന് മെസ്സേജ് അയച്ചു!
ഇതേ സംശയവുമായി കഴിഞ്ഞിരുന്ന മാനേജരുടെ ഭാര്യ റോസക്കുട്ടിയാണ് അപ്പുറത്ത് മെസ്സേജ് തുറന്നത്. തുടര്‍ന്നുള്ള മെസ്സേജുകള്‍ കാണാനുള്ള ജിജ്ഞാസയില്‍ അവര്‍ 'ലവ് യു ടൂ' എന്ന് മറുപടിയും അയച്ചു.
പോരേപൂരം! പിന്നെ അങ്ങോട്ടുമിങ്ങോട്ടും പ്രണയ സാഹിത്യ സന്ദേശങ്ങളുടെ പറപറക്കലായിരുന്നു! :P
ഇതൊന്നും പക്ഷേ, മൊബൈലിന്റെ അവകാശികള്‍ അറിഞ്ഞില്ല. അവര്‍ കളങ്കമില്ലാത്ത കൂട്ടുകാര്‍ മാത്രമായിരുന്നു. എന്നാല്‍ രണ്ടുവീട്ടിലും അന്ന് പൂരം കൊടിയേറി.  :D
പിറ്റേന്നാണ് ഉണ്ടായതെന്തെന്ന് സാറന്മാര്‍ക്കെല്ലാം ബോധ്യമായത്.
ഇതൊന്നുമല്ല കഥയുടെ ക്ലൈമാക്‌സ്:
ഇന്നു രാവിലെ കേട്ടു: ശ്രീകുമാരന്‍ മാഷും റോസക്കുട്ടീം ഒളിച്ചോടിയത്രേ!!! :O :D 
feeling പ്രണയ സാഹിത്യത്തിന്റെയൊരു ശക്‌ത്യേ !!! :p

12.7.14

നാലാം സ്തംഭം

ജനാധിപത്യത്തിന്റെ
നാലാം സ്തംഭം
ഗീബല്‍സിന്റെ
ചൊല്‍പ്പടിക്കു
വിധേയമാവുമ്പോഴാണ്
വാര്‍ത്തകളും
വീക്ഷണങ്ങളും
ന്യൂസ് ഡസ്‌കിലെ
എരിവും പുളിയുമുള്ള
വിഭവങ്ങളാകുന്നത്!
പക്ഷേ,
അതിന്റെയൊപ്പം
സത്യത്തിന്റെ
കടുകുമണിയംശം പോലും
'കുളിപ്പിച്ചു കിടത്ത'പ്പെടുന്നു!!!
(((((((( Facebook))))))))))))

11.7.14

മഅ്ദനി

മഅ്ദനി
ഒരു ആവേശമാണ്
പിന്നാക്കക്കാരുടെ
മര്‍ദ്ദിതരുടെ
പീഡിതരുടെ
ഇരകളുടെ....
മഅ്ദനി
ഒരു സിംബലാണ്
ഭരണകൂട ഭീകരതയുടെ
ഗൂഢാലോചനയുടെ
കെട്ടിച്ചമക്കലിന്റെ
ഒറ്റപ്പെടുത്തലിന്റെ
ഒറ്റിക്കൊടുക്കലിന്റെ
വേട്ടയാടലിന്റെ....
എങ്കിലും,
മഅ്ദനി
ഒരു പാഠമാണ്
ആള്‍പ്പെരുപ്പം കാണുമ്പോള്‍
ആവേശം കൊള്ളുന്നവര്‍ക്ക്
മതം 'മദ'മാക്കാന്‍
ആര്‍ത്തട്ടഹസിക്കുന്നവര്‍ക്ക്
മതത്തിന്റെ പേരില്‍
മതില്‍ക്കെട്ട് തീര്‍ക്കുന്നവര്‍ക്ക്
പോരാ പോരാ തീവ്രതയെന്ന്
യുവാക്കളോടുദ്‌ഘോഷിക്കുന്നവര്‍ക്ക്‌ ...

<<<<<<<<<<<< FACEBOOK >>>>>>>

മരണമെത്തുന്ന നേരത്ത്‌...

                        ഇസ്‌ലാമിക ചരിത്രം 'ആഗോളചക്രവര്‍ത്തി' എന്ന് വിശേഷിപ്പിച്ച സുലൈമാന്‍  നബി (അ) യുടെ കാലഘട്ടം. മനുഷ്യരുടെ റൂഹ് (ആത്മാവ്) എടുക്കാന്‍ ഏല്‍പിക്കപ്പെട്ട മലക് (മാലാഖ) അസ്‌റാഈല്‍ (അ) ഇടക്കിടെ സുലൈമാന്‍ നബി(അ)യെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സുലൈമാന്‍ നബിയുടെ സദസ്സില്‍ അദ്ദേഹം നടത്തുന്ന മൂല്യമേറിയ സാരോപദേശങ്ങള്‍ ശ്രവിക്കാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം. മറ്റുള്ളവരൊന്നും അറിയാതെ മനുഷ്യരൂപത്തിലായിരുന്നു ഈ ആഗമനമത്രയും.

                        സദസ്സില്‍ വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ പൊഴിയുകയാണ്. സുലൈമാന്‍ നബിയുടെ വാക്കുകള്‍ ശ്രവിക്കുന്ന സദസ്യരുടെ മുഖങ്ങളില്‍ വ്യത്യസ്ത വികാരങ്ങള്‍ മിന്നിമറയുന്നുണ്ട്. മലക് അസ്‌റാഈലും സദസ്സില്‍ മനുഷ്യരൂപം പൂണ്ടിരിക്കുന്നുണ്ട്. ഇടയ്‌ക്കെപ്പോഴോ, ഒരാള്‍ തന്നെ രൂക്ഷമായി നോക്കുന്നതായി സദസ്സിലെ മറ്റൊരാള്‍ക്ക് അനുഭവപ്പെട്ടു. ഈ  വിവരം സുലൈമാന്‍ നബിയോട് അദ്ദേഹം പരാതിയായി ബോധിപ്പിച്ചു:

"നബിയേ, ഒരാള്‍ കുറേ നേരമായി എന്നെ തുറിച്ചുനോക്കുന്നു. എനിക്ക് പരിചയമില്ലാത്തൊരാളാണ്. എന്തിനാണയാളെന്നെയിങ്ങനെ നോക്കുന്നതെന്ന് എനിക്കു പിടികിട്ടുന്നില്ല. ഞാനാകെ അസ്വസ്ഥനാണ്. ആരാണ് നബിയേ അത് ?"

സുലൈമാന്‍ നബി അയാളിലേക്കു കണ്ണ് പായിച്ചു. അത് മറ്റാരുമല്ല. മരണംകൊണ്ട് ഏല്‍പിക്കപ്പെട്ട മാലാഖ തന്നെ! അസ്‌റാഈല്‍!

                        ഈ വിവരം ആ മനുഷ്യനോട് നബി പറയുകയും ചെയ്തു. സ്വാഭാവികമായും അയാളുടെ അസ്വസ്ഥത ശതഗുണീഭവിക്കുമല്ലോ. മരണമടുത്തെത്തിയെന്നു തോന്നുമ്പോള്‍ നമുക്കായാലും ആര്‍ക്കായാലും വേവലാതിയുണ്ടാവുമെന്നതിലാര്‍ക്കാണു ശങ്ക!!? :)  ജീവിതവിഭവങ്ങള്‍ എത്ര ആസ്വദിച്ചാലും മതിയാവാത്ത മനുഷ്യന് മരണമൊരു പേടിസ്വപ്‌നമാണ്. മരിക്കാനെനിക്കു പേടിയില്ലെന്നൊക്കെ ചിലര്‍ പറയുന്നത് വൃഥാ അധരവ്യായാമം മാത്രം.

                        എന്താവട്ടെ, മലക്കുല്‍മൗത്താണ് തന്നെയിങ്ങനെ രൂക്ഷമായി നോക്കുന്നതെന്നു മനസ്സിലാക്കിയ ആളുടെ അസ്വസ്ഥതയും ഭയവും കൂടിക്കൂടിവരികയാണ്. അദ്ദേഹം സുലൈമാന്‍ നബിയോട് ദുഃഖത്തോടെ പറഞ്ഞു:

"നബിയേ, തത്കാലം ഇദ്ദേഹത്തിനടുത്തുനിന്ന് എന്നെയൊന്ന് രക്ഷപ്പെടുത്തിത്തരണം"
നബി ആശ്ചര്യഭരിതനായി ചോദിച്ചു:

"ങാഹാ! അതെങ്ങനെ ? അസ്‌റാഈലിനെ ദൈവം നിയോഗിച്ചതാണല്ലോ, അദ്ദേഹത്തിന്റെ ജോലിയും മറ്റൊന്നല്ലല്ലോ. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്..."

അയാള്‍ വിടാന്‍ ഭാവമില്ല. തുടര്‍ന്നു:
"നബിയേ, അങ്ങേക്ക് ദൈവം കാറ്റിനെ വിധേയമാക്കിത്തന്നിട്ടുണ്ടല്ലോ. കാറ്റിനോടൊന്ന് എന്നെ ദൂരെയൊരു സ്ഥലത്ത് എത്തിച്ചുതരാന്‍ പറഞ്ഞുകൂടേ...?"

അയാളെ സംബന്ധിച്ചിടത്തോളം മരണത്തില്‍ നിന്നൊരു താത്കാലിക ഒളിച്ചോട്ടമാണാവശ്യം!

അയാളുടെ നിരന്തരമായ അപേക്ഷ മാനിച്ച് സുലൈമാന്‍ നബി (അ) അയാള്‍ പറഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോവാന്‍ കാറ്റിനോടു പറഞ്ഞു.

അങ്ങനെ  ആവശ്യപ്പെട്ടപ്രകാരം സുലൈമാന്‍ നബി (അ) യുടെ നിര്‍ദേശമനുസരിച്ച് ശാമി(ഫലസ്ത്വീന്‍)ലുള്ള നബിയുടെ സദസ്സില്‍ നിന്ന് ജസീറത്തുല്‍ ഹിന്ദി (ഇന്ത്യന്‍ ഉപദ്വീപ്) ലേക്ക് വായുവേഗതയില്‍ അയാളെത്തി.
സദസ്സ് പിരിഞ്ഞു.
                                              *******************

                        മറ്റൊരിക്കല്‍ മാലാഖയെ കണ്ടപ്പോള്‍ സുലൈമാന്‍ നബി, പഴയ സംഭവമുദ്ധരിച്ച് ചോദിച്ചു:
"താങ്കളെ അല്ലാഹു നിയോഗിച്ചത് മനുഷ്യരുടെ റൂഹ് പിടിക്കാനാണല്ലോ.
സമയവും സന്ദര്‍ഭവുമെത്തിയാല്‍ അതങ്ങ് ചെയ്താല്‍ പോരേ?
നിങ്ങളെന്തിനാണ് മനുഷ്യരെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നത് ? "

മലക് പറഞ്ഞു:
"നബിയേ, ഞാനൊരിക്കലും ആ മനുഷ്യനെ നോക്കിപ്പേടിപ്പിച്ചതല്ല. സത്യത്തില്‍ ഞാനാണ് ഭയപ്പെട്ടത്. ഞാന്‍ ഭയപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ നോക്കിയത്."

'താങ്കളെന്തിനാണ് ഭയക്കുന്നത്..?  അയാളുടെ ആത്മാവെടുക്കാന്‍ താങ്കള്‍ക്കൊരിക്കലും ഭയപ്പെടേണ്ടതില്ലല്ലോ..ഇത് അദ്ഭുതമാണല്ലോ."

"കാര്യം അതൊന്നുമല്ല നബിയേ, ഓരോരുത്തരുടേയും റൂഹ് പിടിക്കേണ്ട സമയവും സ്ഥലവുമൊക്കെ അല്ലാഹു ഓരോ ശഅ്ബാന്‍ 15 ലും എനിക്ക് രൂപരേഖ നല്‍കും.  അതനുസരിച്ച് ആ മനുഷ്യന്റെ റൂഹ് പിടിക്കേണ്ട സമയം അടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, റൂഹ് പിടിക്കേണ്ട സ്ഥലമാണെങ്കില്‍ ദൂരെ ഇന്ത്യയിലുമാണ്. അയാള്‍ പക്ഷേ ഇങ്ങ് ശാമില്‍ അങ്ങയുടെ സദസ്സിലിരിക്കുന്നു. അയാളുടെ സമയമടുത്തിട്ടും ഇനി കുറഞ്ഞ സമയത്തിനുള്ളിലെങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്തു വാഹനത്തില്‍ പോയാലും  നിശ്ചിത സമയത്തിനുള്ളില്‍ അയാള്‍ അവിടെയെത്തുകയില്ല. എനിക്കാണെങ്കില്‍ ദൈവത്തിന്റെ കല്‍പന നടപ്പാക്കുകയും വേണം. ആ വേവലാതിയോടെയാണ് ഞാനയാളെ നോക്കിയത്. അപ്പോഴാണ് അങ്ങയുടെ അരികിലയാളെത്തിയതും അന്നത്തെ സംഭവങ്ങളുണ്ടാകുകയും ചെയ്തത്. പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട എനിക്ക് അടുത്ത നിമിഷത്തിലവിടെയെത്താനും ദൈവം നിശ്ചയിച്ച പ്രകാരം കൃത്യസമയത്തുതന്നെ, കൃത്യസ്ഥലത്ത് വച്ചുതന്നെ അയാളുടെ റൂഹ് പിടിക്കാനും കഴിഞ്ഞു."

പിന്‍കുറിപ്പ്:  വിശുദ്ധ  ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്:  നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാല്‍പോലും..!' (അന്നിസാഅ്: 78)

7.7.14

പരിചയ 'സമ്പന്നന്‍'

കുറേ മാസങ്ങൾക്കു ശേഷം യാദൃച്ഛികമായാണ്‌ ഇന്നവനെ കണ്ടത്‌. അതും ബസിൽ വച്ച്‌. നടക്കാവിൽ ഞാൻ താമസിക്കുന്ന റൂമിന്റെ അടുത്ത്‌ അവനൊരു ചെറിയ ഷോപ്പുണ്ടായിരുന്നു. വലിയ മെച്ചമില്ലാത്തതിനാലാണത്രേ അത്‌ നിർത്തിയത്‌. അവന്റെ കാര്യം വളരെ രസകരവും തമാശ നിറഞ്ഞതും പിന്നെയും എന്തൊക്കെയോ ആണ്‌.
ആരെയും പെട്ടെന്ന് പറഞ്ഞു വീഴ്ത്താൻ കക്ഷിക്കു നന്നായി അറിയാം. പത്തു മിനുട്ട്‌ ഒരാളോട് സംസാരിച്ചാൽ മതി, അയാൾക്കു പിന്നെ ഇടയ്ക്കിടക്ക്‌ അവനെ കാണാനും വിളിക്കാനുമൊക്കെ തോന്നും. അത്രയ്ക്ക്‌ വശീകരണ ശക്തി അവന്റെ വാക്കുകളിലുണ്ട്‌. അവൻ ആരെയും അങ്ങോട്ടു വിളിക്കാറില്ല. വിളിച്ചവരെ നിരാശപ്പെടുത്താറുമില്ല. അഥവാ, വല്ല തിരക്കിലുമാണെങ്കിലും അവൻ മധുരമായേ പ്രതികരിക്കൂ. വിളിയ്ക്കപ്പുറത്തുള്ളത്‌ ആരായാലും അയാൾക്കു തൃപ്തിയായെന്നു അവന്റെ സംസാരം കേൾക്കുന്ന നമുക്കും മനസ്സിലാവും. എന്നിട്ടും അവന്റെ ഷോപ്‌ എങ്ങനെ നഷ്ടത്തിലായെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല.

കക്ഷി എന്റെ സീറ്റിന്റെ എതിർ സൈഡിലായിരുന്നു, എന്നെക്കണ്ടപ്പോൾ ചാടിപ്പിടഞ്ഞ്‌ എന്റടുത്ത്‌ വന്നിരുന്ന് വിശേഷങ്ങൾ പറയാൻ തുടങ്ങി; ചോദിക്കാനും.
കൂട്ടത്തിൽ 'നിർത്തിയ ഷോപി'നെക്കുറിച്ചും അവൻ പറഞ്ഞു:

"ഇക്കാ, അവിടെ പരമസുഖം തന്നെയായിരുന്നു. ഷോപ്‌ തുടങ്ങി ഒരു മാസത്തിനു ശേഷം കട നിർത്തുംവരെ ഭക്ഷണത്തിനും താമസത്തിനും എനിക്ക്‌ അഞ്ചുപൈസ ചെലവായിട്ടില്ല "

"ങേ! ആ മായാജാലം എങ്ങനെ?"
ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. (റൂം റെന്റ്‌, ഫുഡ്‌ എന്നീ വകയിൽ നല്ലൊരു സംഖ്യ മാസാമാസം ആവുന്നുണ്ടെനിക്ക്‌. അതുകൊണ്ട്‌ തന്നെ എന്റെ ആശ്ചര്യത്തിനു നല്ല കട്ടിയും ഘനവും ഉണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ )

"അവിടെയടുത്തുള്ള ഒരു അമ്മച്ചിയുടെ ഹോട്ടലിലായിരുന്നു ബ്രേക്ഫാസ്റ്റ്‌. ഒരാഴ്ച സ്ഥിരമായി പോയപ്പോൾ ഞാൻ അവർക്കു മകനെപ്പോലായത്രേ എത്ര നിർബന്ധിച്ചാലും പൈസ വാങ്ങൂല. 'അമ്മച്ചി ഇനി പൈസ വാങ്ങിയില്ലെങ്കിൽ ഞാനിവിടെ വരൂല്ല' എന്നു പറഞ്ഞപ്പോൾ അവർ ഒറ്റക്കരച്ചിൽ! പിന്നെന്തു ചെയ്യാനാ! അങ്ങനെ രാവിലെയും ഉച്ചയ്ക്കും അവിടെ നിന്ന് ഫ്രീ! "

"അപ്പൊ രാത്രി ?"

"രാത്രി അവിടെ നിക്കട്ടെ,
വൈന്നാരത്തേത്‌ കഴിയട്ടെ "

" പറയ്‌"

" ……… നടുത്ത്‌ (സ്ഥലം ഞാൻ പറയുന്നില്ല. ഇതു വായിച്ചിട്ട്‌ അവിടെയൊന്നു പോയാലോ എന്നാർക്കും തോന്നണ്ട! ) ഒരു കൂൾബാറില്ലേ? അവിടത്തെ ചേച്ചിയ്ക്ക്‌ എന്നോട്‌ പ്രേമം! 'കുടിയനും സ്നേഹശൂന്യനു'മെന്ന് അവർ പറയുന്ന ഭർത്താവിനോടുള്ള ഇഷ്ടക്കേടും പുച്ഛവുമായിരിക്കാം എന്നോട്‌ ഇഷ്ടം തോന്നാൻ ഒരു കാരണം. എന്താവട്ടെ, അവർ ദിവസവും വൈകുന്നേരം ഒരു ഗ്ലാസ്സ്‌ പാലോ ജ്യൂസോ ഒക്കെ തരും, അവിവാഹിതനായ ഞാൻ എന്റെ 'ചാരിത്ര്യം' ഒരുവിധത്തിലാണ്‌ സംരക്ഷിച്ചതിക്കാ...! "

അവൻ മനോഹരമായി ചിരിച്ചു. അവന്റെ കൂടെ ഞാനും പങ്കു ചേർന്നു.
അവൻ തുടർന്നു :

" ഷോപിന്റെ അപ്പുറത്തൊരു എംബ്രോയിഡറി വർക്ക്‌ ചെയ്യുന്ന സ്ത്രീ ഉണ്ടായിരുന്നില്ലേ?"

"ങും! അവർ?"

"അവർ രാത്രി ഭക്ഷണം പൊതിഞ്ഞുകെട്ടി മതിലിനു മുകളിലൂടെ കൊണ്ടുത്തരും ദിവസോം! വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. വിഭവ സമൃദ്ധമായിരുന്നു അതും! "

"അപ്പോ മൊത്തം.പെണ്ണുങ്ങളോടാ കൂട്ട്‌ അല്ലേടാ? "

"അല്ലിക്കാ, താമസിക്കാൻ ഇടം തന്നത്‌ കൃഷ്ണേട്ടനല്ലേ! മൂപ്പരു പെണ്ണാ? അദ്ദേഹത്തിന്റെ കടയിലെ വിശ്രമ മുറിയിലായിരുന്നു കിടത്തം. ബെഡ്‌ഷീറ്റും തലയിണയും കട്ടിലും എന്തിനേറെ ഏസി വരെ അവിടെയുണ്ടായിരുന്നു. അത്‌ വേറെ കഥ. അതു പിന്നെപ്പറയാം"

"ഹെന്റമ്മോ! എടാ, നീയെന്തു കൈവിഷമാ ആൾക്കാർക്കു നൽകുന്നത്‌!?"

"ഒന്നുമില്ലിക്കാ, ആൾക്കാരോട്‌ ഞാൻ മിണ്ടിയാൽ കുഴപ്പമാ. ഞാനിനി വായ തുറക്കുന്നില്ലാന്ന് തീരുമാനിച്ചു, പ്രത്യേകിച്ചും പെണ്ണുങ്ങളോട്‌! "

"ങും! അതു പോട്ടെ, നീയിപ്പൊ എങ്ങോട്ടാ?"

"കൊയിലാണ്ടി.
ഒരു ഫ്രണ്ടിന്റെ വീട്‌ അവിടെയാ. അവനൊരു വിസ വന്നിട്ടുണ്ട്‌. കുറച്ച്‌ പൈസ കൊടുത്ത്‌ സഹായിക്കാംന്നു വിചാരിച്ചു. പാവങ്ങളാ! പതിനായിരം രൂപയ്ക്ക്‌ ഇനി ആയിരത്തിന്റെ കുറവുണ്ട്‌. അതുകൂടി ഞാനൊപ്പിക്കും."

"ഇനിയിപ്പൊ എങ്ങനെ? കൊയിലാണ്ടീൽ പരിചയക്കാരുണ്ടോ?"

"ഏയ്‌. ഇല്ല."

"പിന്നെ ?"

അവൻ കുറച്ചുനേരം ആലോചിച്ചിരുന്നു. പിന്നെ നടക്കാവിലെത്തുന്നതു വരെ കൂട്ടുകാരന്റെ കഥകളാണ്‌ പറഞ്ഞത്‌. കൂട്ടുകാരന്റെ അച്ഛനു ആക്സിഡെന്റായതും അമ്മയ്ക്കു നടുവേദന വന്നു കിടപ്പിലായതും അങ്ങനെയങ്ങനെ...!

ഞാൻ നടക്കാവിൽ ഇറങ്ങുമ്പോൾ അവന്റെ പേഴ്സിലെ ഒമ്പതിനായിരത്തിലേക്ക്‌ അവൻ അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ തിരുകി വയ്ക്കുന്നുണ്ടായിരുന്നു!
ബസ്‌ ഇറങ്ങി യാത്ര പറഞ്ഞപ്പോൾ റോഡിൽ നിൽക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു:
"ഇക്കാ, ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചു തരാട്ടോ! "

<<<<<<<<<<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>>>>

സൂക്ഷ്മത

ബാലനായ അബ്ദുല്ലാഹിബ്നു ആമിറി(റ)ന്റെ വീട്ടിൽ പ്രവാചകൻ മുഹമ്മദ് നബി (സ്വ) ഇരിക്കുകയായിരുന്നു. അപ്പുറത്തുനിന്ന് മാതാവ് അദ്ദേഹത്തെ വിളിക്കുന്നുണ്ട്.

" മോനേ, വരൂ.. നീ വന്നാൽ ഞാൻ നിനക്ക് ഇന്നാലിന്ന സാധനം തരാം".

കുട്ടിയായ അബ്ദുല്ലയെ തന്റെ അടുത്തേക്ക് എത്തിക്കുകയാണ് ആ ഉമ്മയുടെ ആവശ്യം. ഇതുകേട്ട നബി (സ്വ) ചോദിച്ചു:

"സഹോദരീ, നിങ്ങൾ മോന് എന്താണ് നൽകാൻ ഉദ്ദേശിക്കുന്നത്..?"

അവർ പറഞ്ഞു:
"ഞാൻ അവന്ന് കുറച്ച് കാരക്ക നൽകാൻ ഉദ്ദേശിക്കുന്നു"

ഇതു കേട്ട പ്രവാചകന്റെ മറുപടി ഇപ്രകാരമായിരുന്നു:

"നിങ്ങൾ ആ മോനെ വിളിച്ചിട്ട് ഒന്നും കൊടുക്കിന്നില്ലെങ്കിൽ നിങ്ങളുടെ മേൽ ഒരു നുണ രേഖപ്പെടുത്തപ്പെടും".

മക്കളെ അകത്തേക്കു വിളിക്കാനോ അവർ അടുത്തേക്കു വരാനോ അവരെ കിടത്തിയുറക്കാനോ അവർക്ക് ഭക്ഷണം കൊടുക്കാനോ വേണ്ടി നാമൊക്കെ പലപ്പോഴും ചെയ്യുന്ന, വളരെ ലാഘവത്തോടെ കാണുന്ന ഈ ഒരു പ്രവൃത്തിയിൽ പോലും ഒരു വിശ്വാസി ജാഗ്രത പാലിക്കണമെന്നാണ് അബ്ദുല്ലാഹിബ്നു ആമിറി(റ)ന്റെ ഉമ്മയിലൂടെ പ്രവാചകൻ നമ്മെ പഠിപ്പിച്ചത്.

കബളിപ്പിക്കുന്നതിന്റെ സകലമേഖലകളുടേയും ചെറുപഴുതുപോലും ഭദ്രമായി അടയ്ക്കത്തക്ക രീതിയിലായിരുന്നു അവിടത്തെ ഈ പ്രസ്താവ്യം..!

ഇമാം ബുഖാരി (റ) യെക്കുറിച്ച് ഒരു കഥ വായിച്ചത് ഓർമ വരുന്നു.
ആരുടെയെങ്കിലും അടുക്കൽ ഹദീസ് (പ്രവാചക വചനം) ഉണ്ടെന്നറിഞ്ഞാൽ അത് സ്വീകരിച്ച് രേഖപ്പെടുത്തിവയ്ക്കാൻ വേണ്ടി ഇമാം ബുഖാരി (റ) എത്ര ദൂരവും താണ്ടും.

ഹദീസ് ഒരാളുടെ പക്കലുണ്ടെന്നറിഞ്ഞാൽ അദ്ദേഹത്തെ സന്ദർശിച്ച് ആ ഹദീസ് ആരിൽ നിന്ന് എങ്ങനെ ലഭിച്ചുവെന്നും അതിന്റെ സനദും (പരമ്പര)മറ്റും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം.

ഒരിക്കൽ ഇമാം ബുഖാരി (റ)ദൂരെ ഒരാളുടെ അടുക്കലുള്ള ഹദീസ് സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി. കൂടെ ഏതാനും ശിഷ്യന്മാരുമുണ്ടായിരുന്നു. അവിടെച്ചെന്ന് സലാം പറഞ്ഞു, സംസാരിച്ചു, വിശേഷങ്ങൾ ആരാഞ്ഞു. പക്ഷേ, ഹദീസ് സ്വീകരിക്കാതെ മടങ്ങി. വഴിയിൽ വച്ച് ശിഷ്യന്മാരുടെ സംശയം, എന്താണ് ഗുരുവര്യർ ഇത്രദൂരം വന്നിട്ടും ഹദീസ് സ്വീകരിക്കാതെ മടങ്ങിയതെന്ന്! അവരത് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. ഗുരു അവരോട് തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത്:

"ശിഷ്യരേ, നാം അവിടെയെത്തുമ്പോൾ അദ്ദേഹം ചെയ്തിരുന്നത് എന്തായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ...?"

അവർ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു:

"അതേ. നാം ചെല്ലുമ്പോൾ ആ വ്യക്തി ഓടിപ്പോയ തന്റെ ഒട്ടകത്തെ വിളിക്കാൻ വേണ്ടി ഒരു വലിയ പാത്രം കാണിക്കുകയായിരുന്നു."

"ആ പാത്രത്തിൽ വല്ലതും ഉണ്ടായിരുന്നോ?"

"ഇല്ല. അത് ശൂന്യമായിരുന്നു.."

"അതേ. അതുകൊണ്ട് തന്നെയാണ് അയാളിൽ നിന്ന് ഹദീസ് സ്വീകരിക്കാതെ നമ്മൾ മടങ്ങിയതും. കാലിപ്പാത്രം കാണിച്ചുകൊണ്ടൊരു മിണ്ടാപ്രാണിയെ വഞ്ചിക്കുന്നവന്റെ പക്കൽ നിന്നും ഹദീസ് സ്വീകരിച്ച് സമുദായത്തിനു സമർപ്പിക്കാൻ എനിക്കു ഇത്തിരിപോലും ധൈര്യമില്ല"
ഉസ്താദിന്റെ മറുപടി ശിഷ്യന്മാരെ മാത്രമല്ല, വരും തലമുറയേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു.

ഇതും നമ്മളൊക്കെ വളരെ ലഘുവായിക്കാണുന്നതാണ്. കോഴിയേയും വളർത്തു മൃഗങ്ങളേയും മറ്റും കൂട്ടിലടക്കാനും ഭക്ഷണം നൽകാനുമൊക്കെ നമ്മളും ഇപ്രകാരം ചെയ്യാറില്ലേ..?
വിശ്വാസിക്ക് ആരെയും കബളിപ്പിക്കാനാവില്ല. ഞാനടക്കം നാമെല്ലാവരും ശ്രദ്ധപതിപ്പിക്കേണ്ട ഒരു വിഷയം പറഞ്ഞുവെന്ന് മാത്രം. എന്തുകാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം ആലോചിക്കാൻ നാം സമയം കണ്ടെത്തണം. ദൈവഭക്തിയുണ്ടെങ്കിൽ സൂക്ഷ്മത നാമറിയാതെ നമ്മിൽ പ്രവർത്തിക്കും. ഏതു ജാതിയും ഏതു മതവുമായാലും ശരി, ദൈവ വിശ്വാസം മനസ്സിൽ രൂഢമൂലമായാൽ സഞ്ചരിക്കുന്ന പാതകളിൽ നന്മയുടെ സുഗന്ധം വിതറാൻ അവനു കഴിയും.

                        <<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>

4.7.14

വരമൊഴിയിലെ വിസര്‍ഗം

"ഹായ്‌"

" :) "

"ഒരു ഹെൽപ്‌ വേണം"

"എന്താ? പ്രധാനമന്ത്രിയാവാനാ? എനിക്കൊന്നും വയ്യ! അയ്യേ..!"

"കുന്തം! ഒരു സംശയം ചോദിക്കാനാ…"

"ങും! ചോദിക്കൂ, അറിയുന്നതെങ്കിൽ പറയാം"

"അന്ന് വരമൊഴിയിൽ മംഗ്ലീഷ്‌ എഴുതുമ്പോൾ ഹൃദയം എന്നും മറ്റും വരുന്ന രീതി എഫ്ബിയിൽ ഇട്ടിരുന്നില്ലേ?"

"അതേ. എന്താ അതു വല്ല മഹാപാപവുമാണോ?"

"ഹും, തർക്കുത്തരം പറയാതെ മാഷേ, ഒരു സംശയം തീർക്കാനാ"

"ഹഹ! പറയൂന്നേ"

ഈ 'ദു:ഖം' എന്നെഴുതുമ്പോൾ 'ദു' യുടേയും 'ഖ' യുടെയും
ഇടയിലുള്ള ആ രണ്ടു കുത്ത്‌ എങ്ങനെ ഇടും ? ഞാൻ ഇട്ടത്‌ നോക്കൂ,
'കോളൻ' ആണത്‌. അതു തെറ്റല്ലേ? ശരിയായ രൂപം ഏതാണ്‌ ?"

"അതിനു 'രണ്ടു കുത്ത്‌' എന്നല്ല പറയുക, 'വിസർഗം' എന്നാണ്‌ പേര്‌. "

"നന്ദി, ഇപ്പോഴും അതെങ്ങനെ എഴുതുമെന്നു പറഞ്ഞില്ല "

" ദുഃഖിക്കേണ്ട, പറയം"

"ആഹാ, വന്നല്ലോ! ഇതെങ്ങനെ?"

"സിമ്പ്‌ൾ! ക്യാപിറ്റൽ 'എച്ച്'‌ ആണ്‌ മംഗ്ലീഷിലെ വിസർഗം.
നോക്കൂ, duHkham = ദുഃഖം"

"നന്ദി നന്ദി…"

" :) "

<<<<<<<<<<<<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>

2.7.14

ഷറപ്പോവയുടെ എഫ്.ബി പേജിലെ മലയാളിത്തം!

'ദേശസ്നേഹ'മെന്നത്
സംസ്കാരം
പണയംവെക്കലല്ല,
'മലയാളി' എന്നാൽ
'തരംതാണവനെ'ന്നു
വിളിക്കപ്പെടേണ്ടവനുമല്ല..!
പൂർവ്വീകരുടെ
പെരുമയുമുള്ള പെരുമാറ്റം
മാതൃകയാക്കേണ്ടവനും
അവരുടെ
ചോർന്നുപോകാത്ത
ആർജവത്തിൽ നിന്ന്
ഊർജമാവാഹിച്ച്
ഉത്തുംഗതയിൽ
എത്തേണ്ടവനുമാണ്...!


<<<< Facebook >>>>>>>

1.7.14

ഹര്‍ത്താലും ബണ്ണും :/

ഇന്നലെ കോഴിക്കോട്‌ ജില്ലയിൽ പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. വീടുവിട്ട്‌ ടൗണിൽ താമസിക്കുന്ന എന്നെപ്പോലെയുള്ളവരെയാണ്‌ ഈ നോമ്പുകാലത്തുള്ള ഹർത്താൽ ഏറെ കഷ്ടത്തിലാക്കിയത്‌. ഭക്ഷണത്തിനു ഹോട്ടലിനെ ആശ്രയിക്കുന്ന ഞങ്ങൾക്ക്‌ നോമ്പ്‌ തുറന്ന ശേഷം വല്ലതും കഴിക്കണമെങ്കിലും ഹോട്ടലുകളിൽ പോകണം. പക്ഷേ, ഇന്നലെ മഗ്‌രിബ്‌ നിസ്കാരവും കഴിഞ്ഞ്‌ നടക്കാവിലേക്കു വന്നപ്പോൾ അന്നപൂർണ്ണ, ഒജീൻ, സൽക്കാരാദി ഹോട്ടലുകളെല്ലാം അടഞ്ഞുകിടക്കുന്നു. വിശന്നിട്ടുവയ്യ! ടൗണിലേക്കു പോകാൻ വാഹനങ്ങളും ഇല്ല. ഞാൻ നാലുപുറവും തിരഞ്ഞു നടന്നു, വല്ല പെട്ടിക്കടയോ തട്ടുകടയോ ഉണ്ടെന്ന്... !
ഒടുവിൽ ഒരു ചെറുവെളിച്ചവുമായി 'ചിക്കൻ ഹട്സ്‌' തുറന്നു കിടക്കുന്നതായിക്കണ്ടു. ഇതുവരെ അതിനുള്ളിൽ കയറിയിട്ടില്ല. അവിടെ എന്തു കുന്ത്രാണ്ടമാ ഉള്ളതെന്നും പിടിയില്ല. രണ്ടും കൽപ്പിച്ച്‌ കയറിയിരുന്നു. യൂണിഫോമിട്ട 'ജീവനക്കാർ പയ്യൻസ'ല്ലാതെ മറ്റൊരു മനുഷ്യജീവിയും അതിനുള്ളിലില്ല. 'മെനു'വുമായി ഒരുത്തൻ വന്ന് സാർ വിളി തുടങ്ങി. അവിടെ കുറേ ബണ്ണും 'സാൻഡ്‌വിഷു'മൊക്കെയേ ഉള്ളൂവെന്നു മനസ്സിലായി. ഉള്ളതുമതിയെന്നു തോന്നലിൽ കൂട്ടത്തിൽ ഏറ്റവും വിലകുറഞ്ഞ (95 രൂപ ) ബണ്ണ്‌ ഓർഡർ ചെയ്തു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കുറേ കൊള്ളിക്കഷ്ണങ്ങളും ഒരു 'ചെറ്യേ' ബണ്ണും പെപ്സിയുമായി ചെക്കൻ വന്നുനിന്നു. നുമ്മ സാധനം തിന്നുതീർത്തു. 'അവുത്തപ്പള്ളിയിലൂടെ കൊതുകുപാറിയപോലെ' എന്നു പറയാറില്ലേ! അതുതന്നെ ഇവിടെയും സംഭവിച്ചു. നോക്കണ്ട, വിശപ്പു മാറിയില്ലെന്ന്..! യൂണിഫോം പയ്യനെ വീണ്ടും വിളിച്ചു. വിശപ്പുമാറുന്ന വല്ലതും കിട്ടുമോന്നു ചോദിച്ചു. ചെക്കൻ ഹിന്ദ്യാ. മലയാലം നഹീം മാലൂം. ഞമ്മക്കാണെങ്കി ഹിന്ദീം നഹീം മാലൂം ഹേ ഹും ഹയ്‌! സംഗതി ഇങ്ങനെ പോയാൽ വട്ടാകും.
'മെനു മെനു' എന്നു പറഞ്ഞപ്പോൾ പുള്ളിക്കാരൻ വിഭവങ്ങളുടെ ബഹുവർണ്ണ ചിത്രങ്ങളുള്ള 'കർളാസ്'‌ അല്ലേൽ വേണ്ട, 'കള്ളാസ്'‌ പിന്നേം കൊണ്ടുവന്നു. അതിൽ പരതിയപ്പോൾ അത്യാവശ്യം വലുപ്പം തോന്നിയ ഒരു 'സാൻഡ്‌വിഷ്‌' തൊട്ടുകാണിച്ചു. വില 100 !!! ചെക്കൻ തലയാട്ടിപ്പോയി അരമണിക്കൂർ കഴിഞ്ഞാണ്‌ ഒരു മീറ്റർ നീളത്തിലുള്ള വിശാലമായ ചിരിയുമായി വന്നത്‌. സാധനം കയ്യിലുണ്ട്‌. സത്യം പറയാലോ, ഇജ്ജാതി ഹലാക്കൊക്കെ ആദ്യായിട്ടു കഴിക്ക്വാ! കേൾക്കുമ്പോൾ ഇങ്ങക്ക്‌ വിശ്വാസണ്ടാവൂല. നോമ്പ്‌ നോറ്റെന്തിനാ ഞമ്മളു പൊള്ള്‌ പറീണത്‌. സത്യായിട്ടും ആദ്യാ! അതും കഴിച്ച്‌ ബില്ല് (95+100+5=) 200 ഉം കൊടുത്ത്‌ പോരുമ്പോ ഹർത്താലുകാരെ 'ആത്മാർത്ഥ'മായി പ്രാകി. കാരണം മൂന്നോ നാലോ ചപ്പാത്തിയും ഒരു മസാലക്കറിയും ഒരു ഗ്ലാസ്സ്‌ തരിക്കഞ്ഞിയും കുടിക്കുമ്പോൾ ആകെ അമ്പതോ അമ്പത്തഞ്ചോ രൂപയേ വരൂ. ആ സ്ഥാനത്ത്‌ നാലു ദിവസത്തെ നോമ്പുതുറക്കുള്ള ക്യാഷാ ഒരൊറ്റ ദിവസം കൊണ്ട്‌ ഈ വി.ഐ.പി ഫുഡ്ഡിനു നൽകേണ്ടിവന്നത്‌.
ഈ ഹർത്താല്‌ കണ്ടുപിടിച്ചവനെ എന്റെകയ്യിൽ കിട്ടിയാൽ! ഹും... റമളാനായിപ്പോയി. അല്ലെങ്കിലുണ്ടല്ലോ! :) :D


                     <<<<<<<<<<<<<<< facebook>>>>>>>>>>>>>>>>>>