23.7.14

ഒനിഡാ ജിന്ന് !


നുഷ്യന്‍ എത്ര പുരോഗമിച്ചാലും സമൂഹത്തിനിടയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ലെന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. ജിന്നും പിശാചും ചേക്കുട്ടിപ്പാപ്പയും ഭദ്രകാളിയും മറുതയും പൊട്ടിയും കുന്തവും കൊടച്ചക്രവും ഒലക്കപ്പുണ്ണാക്കുകളുമായി ആളുകളെ പറ്റിച്ച് പണം തട്ടാനിറങ്ങിയ മന്ത്രവാദിത്തെണ്ടികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നു. എല്ലാ മതക്കാരിലും ഇതുണ്ടെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ വ്യാപകമാണെന്നത് പറയാതിരിക്കാനാവില്ല, ഇതു വേണമെങ്കില്‍ ഞാനുള്‍പ്പെട്ട സമുദായത്തിന്റെ ഒരു  ആത്മവിമര്‍ശനമായി കണക്കാക്കാം.

ജലദോഷമുണ്ടായാല്‍ പോലും ചിലര്‍ മന്ത്രവാദികളുടെ അടുത്തേക്ക് പായുകയായി. 'ഈ ജലദോഷം ഒരു സാധാരണ ജലദോഷമല്ല, നിങ്ങള്‍ക്ക് ആരോ എന്തോ ചെയ്തിട്ടുണ്ട്, ഇത് നിങ്ങളേം കൊണ്ടേം പോകൂ..' എന്ന് മന്ത്രവാദി പറയുന്നതോടെ 'രോഗി'യുടെ കീശ കാലിയാകുന്നതിന്റേയും മന്ത്രന്റെ മടിശ്ശീലക്കനമേറുന്നതിന്റേയും ആരംഭമായി. ഈ മന്ത്രവാദിയുടെ അടുത്തേക്ക് ഓടുന്നതിന്റെ മുമ്പ് ഈ രോഗം നല്‍കിയ സര്‍വശക്തനോട് മനമുരുകി ഒരൊറ്റ പ്രാവശ്യമെങ്കിലും നാഥാ, നീ ശിഫയാക്കണേ എന്നു പറയാനുള്ള സന്മനസ്സുപോലുമില്ലാത്തവരായിരിക്കും മിക്കവാറും ഇവര്‍.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് പള്ളിയില്‍ നിന്ന് നിസ്‌കരിച്ചുവരുമ്പോള്‍ കൂടെ വന്ന എന്റെ അകന്ന ബന്ധത്തിലെ ഒരു സാധുമനുഷ്യന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ഭക്ഷണത്തിനു ക്ഷണിച്ചു. പതിവില്ലാത്ത ഈ വിളിക്കു കാരണമെന്തെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം വളരെ രഹസ്യമായി എന്റെ ചെവിയില്‍ പറഞ്ഞു:

'മാനേ, കൊറച്ചായി താത്താക്കൊരു (താത്തഅദ്ദേഹത്തിന്റെ ഭാര്യ)  അസ്വസ്ഥത. വീടുപണികളിലൊന്നും ശ്രദ്ധയില്ല. ഇടക്കിടെ തലവേദനീം ശ്വാസം മുട്ടൂം...! പങ്കജാക്ഷന്‍ ഡാക്ടറെ കാണിച്ചു. ഒരു കൊറവൂല്ല. ശിവദാസന്‍ ഡാക്ടറുടടുത്തൂം പോയി. ന്നിട്ടും അങ്ങനെത്തന്നെ..'

'അതിന് ഞാന്‍ അവിടെ ഭക്ഷണം കഴിക്കാന്‍ വന്നിട്ടെന്താ കാക്കേയ്..? :) '

'കുട്ട്യേ, അതല്ല. ഒരു പേദോം (ഭേദം) കാണാഞ്ഞിട്ട് ഞാനിന്നലെ മറ്റേ ഇയ്യാളെ കണ്ടു. (മേലാറ്റൂരിനടുത്തുള്ള ഒരു മന്ത്രവാദിയുടെ പേരും പറഞ്ഞു.) ഓളെ മേത്ത് എന്തോ കേറീക്ക്ണൂന്നാ മൂപ്പര് പറയ്‌ണെ...!'

സാധുവിന്റെ മുഖം വല്ലാതായി... പാവം!

'ന്നിട്ട് ..?'

'മൂപ്പര് ഒരു എഴുത്തും കൊറച്ച് സാധനങ്ങളുമൊക്കെ തന്നിട്ടുണ്ട്. അതെന്തൊക്കെ ചെയ്യണമെന്ന് അതിലെഴുതീട്ട്ണ്ട്. ഇച്ച് വായിക്കാനറീലാ. അറബീലാ... അതൊന്നു പറഞ്ഞുതരാനാ അന്നെ വിളിക്ക്‌ണെ...! ന്റുട്ടി  ദ് ആരോടും പറേണ്ടട്ടാ...'

ഉള്ളില്‍ ചിരിയും സങ്കടവുമൊക്കെയുണ്ടെനിക്ക്. ഒന്നും പുറത്തുകാണിക്കാതെ ഞാന്‍ തലയാട്ടി. സംഭവമെന്തെന്ന് കാണാനും അറിയാനുമുള്ള കൗതുകത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

 ഇത്ത അകത്തൊരു കട്ടിലില്‍ കിടക്കുന്നുണ്ട്. ശ്വാസം മുട്ടല്‍ കഠിനമാണെന്നു തോന്നുന്നു. വലിവ് വല്ലാതെയുണ്ട്. ഞാന്‍ വരാന്തയിലൊരു കസേരയിലിരുന്നു.

അകത്തേക്കു പോയ ഇക്ക ഒരു സഞ്ചിയുമായി എന്റെ അടുത്തേക്കുവന്നു. അതു തുറന്നുനോക്കിയപ്പോള്‍ ഒരു ചെറിയ മണ്‍കുടം. അത് ഭദ്രമായി മൂടിയിട്ടുണ്ട്. കൂടെ ഒരു ലിസ്റ്റും അതില്‍ 'ചൊല്ലാനും ചെയ്യാനു'മായി ഏറെ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പല പ്രാവശ്യം പാരായണം ചെയ്യാനും മറ്റും എഴുതിയിട്ടുണ്ട്. ലിസ്റ്റില്‍ പറയുന്ന എല്ലാ കുണ്ടാമണ്ടികളും (ഹെന്റമ്മോ, അതൊക്കെ പറയാന്‍ എന്നെക്കൊണ്ട് വയ്യ.. :/ ) ചെയ്ത് കഴിഞ്ഞ് ഈ കുടത്തിലേക്ക് ഇത്തയുടെ ശരീരത്തിലുള്ള 'ഡാഷി'നെ ആവാഹിച്ചെടുക്കുന്നതിന്റെ രൂപമാണതിലെ ചുരുക്കം. കുടം തുറന്ന് നോക്കിയപ്പോള്‍ അതില്‍ ചുരുട്ടിമടക്കി വെളുത്ത നൂലുകൊണ്ട് കെട്ടിക്കൂട്ടിയ കുറേ കടലാസു കഷ്ണങ്ങള്‍...! ഇക്കയറിയാതെ അതിലൊന്ന് എടുത്ത് തുറന്നുനോക്കിയ ഞാന്‍ ഞെട്ടിപ്പോയി!!! അതിലെഴുതിയിരിക്കന്നതെന്താണെന്നോ..! ഹോ...!!! വല്ലാത്ത സംഭവം തന്നെ! :/ അതില്‍ ഇംഗ്ലീഷില്‍ നാലു പ്രാവശ്യം വലിയ അക്ഷരത്തില്‍ 'ONIDA' എന്നെഴുതിയിട്ടുണ്ട്..!!! :D

ഞാന്‍ ഇക്കയെ വിളിച്ച് ഒരൊന്നര മണിക്കൂര്‍ പറഞ്ഞ് പാറ ചേറാക്കി, കണ്ടം കുണ്ടാക്കി :) എന്നെക്കൊണ്ട് കഴിയുന്നതുപോലെ ഈ തട്ടിപ്പിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തു. 'ONIDA' കണ്ടപ്പോള്‍ അടുത്ത കടലാസില്‍ ഫിലിപ്‌സോ വീഡിയോകോണോ ഒക്കെയുണ്ടാവുമെന്ന് തോന്നിയ കൗതുകത്തില്‍ ബാക്കിയുള്ള കടലാസുകളും തുറന്നു നോക്കി. :P ഭാഗ്യം! അതില്‍ പക്ഷേ, കുറേ തിരിച്ചും മറിച്ചും എഴുതിയ അറബിപോലുള്ള കുറേ വരയും കുറികളുമായിരുന്നു. കുറച്ചുപണിപ്പെട്ടെങ്കിലും അദ്ദേഹത്തില്‍ നിന്ന് ആ കൂടോത്രകുംഭം പിടിച്ചുവാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞ് കാര്യത്തിന്റെ ഗൗരവം ധരിപ്പിച്ചു. ഇത്തയെ ഞാനും കൂട്ടുകാരനും ഇക്കയും അന്നുതന്നെ അവന്റെ വണ്ടിയില്‍ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യഹോസ്പിറ്റലിലെത്തിച്ചു.  ഈ വകയില്‍ ഹോസ്പിറ്റലില്‍ ചെലവായത് ചെറിയൊരു സംഖ്യയായിരുന്നു. മന്ത്രവാദിക്ക് കൊടുത്തതാവട്ടെ  അതിന്റെ ഇരട്ടിയുടെ ഇരട്ടിയും!

ഇത്തയുടെ അസുഖം ഇപ്പോള്‍ ഭേദപ്പെട്ടു. ഒരു ജിന്നും അവരുടെ ശരീരത്തിലില്ല. വലിവിനു ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിന്റെയും  ദൈവത്തോട് അഞ്ചുനേരം മനമുരുകി പ്രാര്‍ത്ഥിച്ചതിന്റെയും ഫലമായി ആസ്ത്മയ്ക്കു ശമനമായി.

കൂണുപോലെ മുളച്ചുപൊന്തുന്ന മേല്‍പറഞ്ഞരീതിയിലുള്ള  തട്ടിപ്പുകേന്ദ്രങ്ങളെ നാമാവശേഷമാക്കാനും മന്ത്രവാദീ ക്രിമിനലുകളെ നിയമത്തിന്റെ മുമ്പിലേക്കെറിഞ്ഞുകൊടുക്കാനും മുസ്‌ലിം യുവാക്കള്‍ തന്നെ സംഘടിച്ചാലേ ഇനി പരിഹാരമുണ്ടാവുകയുള്ളൂ. അറിയുക, നമ്മുടെ പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും ദിക്‌റുകളും സ്വലാത്തുകളുമൊക്കെയാണ് ഈ വ്യാജന്മാര്‍ അവരവരുടെ സൗകര്യത്തിന് ദുരുപയോഗപ്പെടുത്തുന്നത്. പ്രവാചകന്‍ ഇഷ്ടപ്പെട്ട, ശ്രേഷ്ഠമെന്നോതിയ തൂവെള്ള വസ്ത്രത്തിന്റെയും തലപ്പാവിന്റെയും പരിശുദ്ധിയെയാണീ ക്രിമിനലുകള്‍ കളങ്കപ്പെടുത്തുന്നത്. പ്രിയ സ്‌നേഹിതരേ, ഉറക്കം വിട്ടുണരാന്‍ സമയമായി.

മുസ്‌ലിം സമൂഹത്തിന്റെ ഉത്ഥാനത്തിനും പുരോഗതിക്കും അവരെ ധാര്‍മികമായി ഉയര്‍ത്താനും വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തിലുള്ളയത്ര ഇന്ന്  ലോകത്തെവിടെയും കാണുകയില്ല. മൂത്ത സംഘടനകളും അവയുടെ യൂത്ത് ഘടകങ്ങളും യൂത്തിനും താഴെ മൂക്കളയൊലിപ്പിച്ചുനടക്കുന്ന കൊച്ചുങ്ങള്‍ക്കുവരെ സംഘടനകളുള്ള നമ്മുടെ മൂക്കിനുതാഴെയാണ് മന്ത്രവാദത്തിന്റെ പേരില്‍ കൊലപാതകം വരെ നടക്കുന്നതെന്നുപറയുമ്പോള്‍ എവിടെക്കൊണ്ടുപോയാണ് നാം നമ്മുടെ തലപൂഴ്ത്തുക!? ഈ 'ജീര്‍ണതയ്‌ക്കെതിരെ ജിഹാദ്' നടത്താന്‍ മതസംഘടനകള്‍ക്കിപ്പോള്‍ കഴിയുന്നില്ലേ...? അതോ വീണുകിട്ടുന്ന സമയമത്രയും  നാമിങ്ങനെ പരസ്പരം കലഹിച്ചും തമ്മില്‍ത്തല്ലിയും നിസ്സാര കാര്യങ്ങളുടെ പേരില്‍ പോലും രക്തച്ചൊരിച്ചിലുണ്ടാക്കിയുമുള്ള 'ഒരു സംഘടന വളര്‍ത്തല്‍' മതിയോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചില്ലേ...!?
((((((((((((((((((((((((( Facebook )))))))))))))))))))))))))))


ചിത്രം: ഗൂഗ്‌ളിനോട് കടപ്പാട്

5 comments:

 1. എത്ര കിട്ടിയാലും പഠിക്കാത്ത വിദ്യാ സമ്പന്നരായ മലയാളി സമൂഹം

  ReplyDelete
 2. ഇതൊരു മനോ രോഗമാണ്. അന്തവിശ്വാസം എന്ന മനോരോഗം .അതിനെ ചൂഷണം ചെയ്തു ജീവിക്കുന്നു കുറെ മന്ത്ര വാദികൾ..നല്ല പോസ്റ്റ്‌ റിയാസ് ഭായി..അവസരോചിതം..

  ReplyDelete
 3. പാവങ്ങളില്‍ അന്ധവിശ്വാസം കുത്തിച്ചെലുത്തി
  പണംതട്ടി മുങ്ങുന്നവര്‍........................

  ReplyDelete
 4. ഒനീഡാ ജിന്‍!!!!!!!!!!

  ReplyDelete
 5. പ്രസക്തം.. ഭാവുകങ്ങൾ.. :)

  ReplyDelete