1.7.14

ഹര്‍ത്താലും ബണ്ണും :/

ഇന്നലെ കോഴിക്കോട്‌ ജില്ലയിൽ പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. വീടുവിട്ട്‌ ടൗണിൽ താമസിക്കുന്ന എന്നെപ്പോലെയുള്ളവരെയാണ്‌ ഈ നോമ്പുകാലത്തുള്ള ഹർത്താൽ ഏറെ കഷ്ടത്തിലാക്കിയത്‌. ഭക്ഷണത്തിനു ഹോട്ടലിനെ ആശ്രയിക്കുന്ന ഞങ്ങൾക്ക്‌ നോമ്പ്‌ തുറന്ന ശേഷം വല്ലതും കഴിക്കണമെങ്കിലും ഹോട്ടലുകളിൽ പോകണം. പക്ഷേ, ഇന്നലെ മഗ്‌രിബ്‌ നിസ്കാരവും കഴിഞ്ഞ്‌ നടക്കാവിലേക്കു വന്നപ്പോൾ അന്നപൂർണ്ണ, ഒജീൻ, സൽക്കാരാദി ഹോട്ടലുകളെല്ലാം അടഞ്ഞുകിടക്കുന്നു. വിശന്നിട്ടുവയ്യ! ടൗണിലേക്കു പോകാൻ വാഹനങ്ങളും ഇല്ല. ഞാൻ നാലുപുറവും തിരഞ്ഞു നടന്നു, വല്ല പെട്ടിക്കടയോ തട്ടുകടയോ ഉണ്ടെന്ന്... !
ഒടുവിൽ ഒരു ചെറുവെളിച്ചവുമായി 'ചിക്കൻ ഹട്സ്‌' തുറന്നു കിടക്കുന്നതായിക്കണ്ടു. ഇതുവരെ അതിനുള്ളിൽ കയറിയിട്ടില്ല. അവിടെ എന്തു കുന്ത്രാണ്ടമാ ഉള്ളതെന്നും പിടിയില്ല. രണ്ടും കൽപ്പിച്ച്‌ കയറിയിരുന്നു. യൂണിഫോമിട്ട 'ജീവനക്കാർ പയ്യൻസ'ല്ലാതെ മറ്റൊരു മനുഷ്യജീവിയും അതിനുള്ളിലില്ല. 'മെനു'വുമായി ഒരുത്തൻ വന്ന് സാർ വിളി തുടങ്ങി. അവിടെ കുറേ ബണ്ണും 'സാൻഡ്‌വിഷു'മൊക്കെയേ ഉള്ളൂവെന്നു മനസ്സിലായി. ഉള്ളതുമതിയെന്നു തോന്നലിൽ കൂട്ടത്തിൽ ഏറ്റവും വിലകുറഞ്ഞ (95 രൂപ ) ബണ്ണ്‌ ഓർഡർ ചെയ്തു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കുറേ കൊള്ളിക്കഷ്ണങ്ങളും ഒരു 'ചെറ്യേ' ബണ്ണും പെപ്സിയുമായി ചെക്കൻ വന്നുനിന്നു. നുമ്മ സാധനം തിന്നുതീർത്തു. 'അവുത്തപ്പള്ളിയിലൂടെ കൊതുകുപാറിയപോലെ' എന്നു പറയാറില്ലേ! അതുതന്നെ ഇവിടെയും സംഭവിച്ചു. നോക്കണ്ട, വിശപ്പു മാറിയില്ലെന്ന്..! യൂണിഫോം പയ്യനെ വീണ്ടും വിളിച്ചു. വിശപ്പുമാറുന്ന വല്ലതും കിട്ടുമോന്നു ചോദിച്ചു. ചെക്കൻ ഹിന്ദ്യാ. മലയാലം നഹീം മാലൂം. ഞമ്മക്കാണെങ്കി ഹിന്ദീം നഹീം മാലൂം ഹേ ഹും ഹയ്‌! സംഗതി ഇങ്ങനെ പോയാൽ വട്ടാകും.
'മെനു മെനു' എന്നു പറഞ്ഞപ്പോൾ പുള്ളിക്കാരൻ വിഭവങ്ങളുടെ ബഹുവർണ്ണ ചിത്രങ്ങളുള്ള 'കർളാസ്'‌ അല്ലേൽ വേണ്ട, 'കള്ളാസ്'‌ പിന്നേം കൊണ്ടുവന്നു. അതിൽ പരതിയപ്പോൾ അത്യാവശ്യം വലുപ്പം തോന്നിയ ഒരു 'സാൻഡ്‌വിഷ്‌' തൊട്ടുകാണിച്ചു. വില 100 !!! ചെക്കൻ തലയാട്ടിപ്പോയി അരമണിക്കൂർ കഴിഞ്ഞാണ്‌ ഒരു മീറ്റർ നീളത്തിലുള്ള വിശാലമായ ചിരിയുമായി വന്നത്‌. സാധനം കയ്യിലുണ്ട്‌. സത്യം പറയാലോ, ഇജ്ജാതി ഹലാക്കൊക്കെ ആദ്യായിട്ടു കഴിക്ക്വാ! കേൾക്കുമ്പോൾ ഇങ്ങക്ക്‌ വിശ്വാസണ്ടാവൂല. നോമ്പ്‌ നോറ്റെന്തിനാ ഞമ്മളു പൊള്ള്‌ പറീണത്‌. സത്യായിട്ടും ആദ്യാ! അതും കഴിച്ച്‌ ബില്ല് (95+100+5=) 200 ഉം കൊടുത്ത്‌ പോരുമ്പോ ഹർത്താലുകാരെ 'ആത്മാർത്ഥ'മായി പ്രാകി. കാരണം മൂന്നോ നാലോ ചപ്പാത്തിയും ഒരു മസാലക്കറിയും ഒരു ഗ്ലാസ്സ്‌ തരിക്കഞ്ഞിയും കുടിക്കുമ്പോൾ ആകെ അമ്പതോ അമ്പത്തഞ്ചോ രൂപയേ വരൂ. ആ സ്ഥാനത്ത്‌ നാലു ദിവസത്തെ നോമ്പുതുറക്കുള്ള ക്യാഷാ ഒരൊറ്റ ദിവസം കൊണ്ട്‌ ഈ വി.ഐ.പി ഫുഡ്ഡിനു നൽകേണ്ടിവന്നത്‌.
ഈ ഹർത്താല്‌ കണ്ടുപിടിച്ചവനെ എന്റെകയ്യിൽ കിട്ടിയാൽ! ഹും... റമളാനായിപ്പോയി. അല്ലെങ്കിലുണ്ടല്ലോ! :) :D


                     <<<<<<<<<<<<<<< facebook>>>>>>>>>>>>>>>>>>

1 comment:

  1. ഹര്‍ത്താലിനെ ശപിക്കും നിമിഷങ്ങള്‍.............
    ആശംസകള്‍

    ReplyDelete