7.7.14

സൂക്ഷ്മത

ബാലനായ അബ്ദുല്ലാഹിബ്നു ആമിറി(റ)ന്റെ വീട്ടിൽ പ്രവാചകൻ മുഹമ്മദ് നബി (സ്വ) ഇരിക്കുകയായിരുന്നു. അപ്പുറത്തുനിന്ന് മാതാവ് അദ്ദേഹത്തെ വിളിക്കുന്നുണ്ട്.

" മോനേ, വരൂ.. നീ വന്നാൽ ഞാൻ നിനക്ക് ഇന്നാലിന്ന സാധനം തരാം".

കുട്ടിയായ അബ്ദുല്ലയെ തന്റെ അടുത്തേക്ക് എത്തിക്കുകയാണ് ആ ഉമ്മയുടെ ആവശ്യം. ഇതുകേട്ട നബി (സ്വ) ചോദിച്ചു:

"സഹോദരീ, നിങ്ങൾ മോന് എന്താണ് നൽകാൻ ഉദ്ദേശിക്കുന്നത്..?"

അവർ പറഞ്ഞു:
"ഞാൻ അവന്ന് കുറച്ച് കാരക്ക നൽകാൻ ഉദ്ദേശിക്കുന്നു"

ഇതു കേട്ട പ്രവാചകന്റെ മറുപടി ഇപ്രകാരമായിരുന്നു:

"നിങ്ങൾ ആ മോനെ വിളിച്ചിട്ട് ഒന്നും കൊടുക്കിന്നില്ലെങ്കിൽ നിങ്ങളുടെ മേൽ ഒരു നുണ രേഖപ്പെടുത്തപ്പെടും".

മക്കളെ അകത്തേക്കു വിളിക്കാനോ അവർ അടുത്തേക്കു വരാനോ അവരെ കിടത്തിയുറക്കാനോ അവർക്ക് ഭക്ഷണം കൊടുക്കാനോ വേണ്ടി നാമൊക്കെ പലപ്പോഴും ചെയ്യുന്ന, വളരെ ലാഘവത്തോടെ കാണുന്ന ഈ ഒരു പ്രവൃത്തിയിൽ പോലും ഒരു വിശ്വാസി ജാഗ്രത പാലിക്കണമെന്നാണ് അബ്ദുല്ലാഹിബ്നു ആമിറി(റ)ന്റെ ഉമ്മയിലൂടെ പ്രവാചകൻ നമ്മെ പഠിപ്പിച്ചത്.

കബളിപ്പിക്കുന്നതിന്റെ സകലമേഖലകളുടേയും ചെറുപഴുതുപോലും ഭദ്രമായി അടയ്ക്കത്തക്ക രീതിയിലായിരുന്നു അവിടത്തെ ഈ പ്രസ്താവ്യം..!

ഇമാം ബുഖാരി (റ) യെക്കുറിച്ച് ഒരു കഥ വായിച്ചത് ഓർമ വരുന്നു.
ആരുടെയെങ്കിലും അടുക്കൽ ഹദീസ് (പ്രവാചക വചനം) ഉണ്ടെന്നറിഞ്ഞാൽ അത് സ്വീകരിച്ച് രേഖപ്പെടുത്തിവയ്ക്കാൻ വേണ്ടി ഇമാം ബുഖാരി (റ) എത്ര ദൂരവും താണ്ടും.

ഹദീസ് ഒരാളുടെ പക്കലുണ്ടെന്നറിഞ്ഞാൽ അദ്ദേഹത്തെ സന്ദർശിച്ച് ആ ഹദീസ് ആരിൽ നിന്ന് എങ്ങനെ ലഭിച്ചുവെന്നും അതിന്റെ സനദും (പരമ്പര)മറ്റും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം.

ഒരിക്കൽ ഇമാം ബുഖാരി (റ)ദൂരെ ഒരാളുടെ അടുക്കലുള്ള ഹദീസ് സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി. കൂടെ ഏതാനും ശിഷ്യന്മാരുമുണ്ടായിരുന്നു. അവിടെച്ചെന്ന് സലാം പറഞ്ഞു, സംസാരിച്ചു, വിശേഷങ്ങൾ ആരാഞ്ഞു. പക്ഷേ, ഹദീസ് സ്വീകരിക്കാതെ മടങ്ങി. വഴിയിൽ വച്ച് ശിഷ്യന്മാരുടെ സംശയം, എന്താണ് ഗുരുവര്യർ ഇത്രദൂരം വന്നിട്ടും ഹദീസ് സ്വീകരിക്കാതെ മടങ്ങിയതെന്ന്! അവരത് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. ഗുരു അവരോട് തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത്:

"ശിഷ്യരേ, നാം അവിടെയെത്തുമ്പോൾ അദ്ദേഹം ചെയ്തിരുന്നത് എന്തായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ...?"

അവർ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു:

"അതേ. നാം ചെല്ലുമ്പോൾ ആ വ്യക്തി ഓടിപ്പോയ തന്റെ ഒട്ടകത്തെ വിളിക്കാൻ വേണ്ടി ഒരു വലിയ പാത്രം കാണിക്കുകയായിരുന്നു."

"ആ പാത്രത്തിൽ വല്ലതും ഉണ്ടായിരുന്നോ?"

"ഇല്ല. അത് ശൂന്യമായിരുന്നു.."

"അതേ. അതുകൊണ്ട് തന്നെയാണ് അയാളിൽ നിന്ന് ഹദീസ് സ്വീകരിക്കാതെ നമ്മൾ മടങ്ങിയതും. കാലിപ്പാത്രം കാണിച്ചുകൊണ്ടൊരു മിണ്ടാപ്രാണിയെ വഞ്ചിക്കുന്നവന്റെ പക്കൽ നിന്നും ഹദീസ് സ്വീകരിച്ച് സമുദായത്തിനു സമർപ്പിക്കാൻ എനിക്കു ഇത്തിരിപോലും ധൈര്യമില്ല"
ഉസ്താദിന്റെ മറുപടി ശിഷ്യന്മാരെ മാത്രമല്ല, വരും തലമുറയേയും ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു.

ഇതും നമ്മളൊക്കെ വളരെ ലഘുവായിക്കാണുന്നതാണ്. കോഴിയേയും വളർത്തു മൃഗങ്ങളേയും മറ്റും കൂട്ടിലടക്കാനും ഭക്ഷണം നൽകാനുമൊക്കെ നമ്മളും ഇപ്രകാരം ചെയ്യാറില്ലേ..?
വിശ്വാസിക്ക് ആരെയും കബളിപ്പിക്കാനാവില്ല. ഞാനടക്കം നാമെല്ലാവരും ശ്രദ്ധപതിപ്പിക്കേണ്ട ഒരു വിഷയം പറഞ്ഞുവെന്ന് മാത്രം. എന്തുകാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം ആലോചിക്കാൻ നാം സമയം കണ്ടെത്തണം. ദൈവഭക്തിയുണ്ടെങ്കിൽ സൂക്ഷ്മത നാമറിയാതെ നമ്മിൽ പ്രവർത്തിക്കും. ഏതു ജാതിയും ഏതു മതവുമായാലും ശരി, ദൈവ വിശ്വാസം മനസ്സിൽ രൂഢമൂലമായാൽ സഞ്ചരിക്കുന്ന പാതകളിൽ നന്മയുടെ സുഗന്ധം വിതറാൻ അവനു കഴിയും.

                        <<<<<<<<<<<<<<<< Facebook >>>>>>>>>>>>>>>>>

1 comment:

  1. ഓര്‍ത്തിരിക്കേണ്ട വചനങ്ങള്‍
    ആശംസകള്‍

    ReplyDelete