25.7.14

ആറാമിന്ദ്രിയം

ഘോരവനത്തിനുള്ളില്‍ തപസ്സിലായിരുന്നു മഹര്‍ഷി വര്യന്‍.
കാടുകുലുക്കിയെത്തിയ അശ്വാരൂഢന്‍ മഹര്‍ഷിയുടെ
അരികിലെത്തി കര്‍ക്കശ സ്വരത്തില്‍ ചോദിച്ചു:
"ഹേയ്! ഇതുവഴി വല്ലവരും പോയോ...?"

"ഞാന്‍ കണ്ടില്ലല്ലോ മകനേ...."
മഹര്‍ഷി വിനയാന്വിതനായി പ്രതിവചിച്ചു.

മഹര്‍ഷിയെ രൂക്ഷമായി  നോക്കി അയാള്‍ വന്നതിനേക്കാള്‍
വേഗതയില്‍ കുതിച്ചു.

അല്‍പം കഴിഞ്ഞ് മറ്റൊരാള്‍ അതുവഴി വന്നു:
അല്‍പം മാന്യമായാണ് അയാള്‍ ചോദിച്ചത്
"നോക്കൂ, ഇതുവഴി ആരെങ്കിലും പോയോ...?"

ആരെങ്കിലും ഇതുവഴി പോയോ എന്നു ചോദിച്ച് ഒരാളിതുവഴി പോയി.
മഹര്‍ഷിയ്ക്ക് സുസ്‌മേരവദനം!

അയാളും പോയി.

മഹര്‍ഷി ധ്യാനത്തിലാണ്. സമയമേറെക്കഴിഞ്ഞു.
കരിയിലകളിലൊരനക്കം കേട്ടപ്പോഴാണ് അദ്ദേഹം മിഴിതുറന്നത്.
മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ മഹര്‍ഷിക്കരികില്‍
പുഞ്ചിരിയോടെ നില്‍ക്കുന്നു. മഹര്‍ഷി ധ്യാനത്തില്‍
നിന്നുണര്‍ന്നുവെന്ന് ബോധ്യമായപ്പോള്‍ അയാള്‍
അഞ്ജലീബദ്ധനായി പറഞ്ഞു:

" മഹര്‍ഷേ, താപസ ശ്രേഷ്ഠാ!
അങ്ങയുടെ തപസ്സിനു ഭംഗം വന്നെങ്കില്‍ ക്ഷമിച്ചാലും!
മണിക്കൂറുകളായി ഞാന്‍ അങ്ങേക്കരികിലുണ്ടായിരുന്നു.
ധ്യാനമുണരാന്‍ കാത്തുനിന്നതാണു ഞാന്‍!
അങ്ങ് ഈ വഴി ആരെങ്കിലും പോകുന്നതായി കണ്ടോ...? "

മഹര്‍ഷി വിനയത്തിന്റെ പര്യായമായി.
സ്‌നേഹമസൃണമായ ഭാഷയില്‍ പറഞ്ഞു:
"മഹാരാജാവേ, രണ്ടുപേര്‍ ഇതേ ചോദ്യവുമായി
മണിക്കൂറുകള്‍ക്കു മുമ്പ് ഈ വഴികടന്നുപോയി!"

"ഞാന്‍ രാജാവാണെന്ന് എങ്ങനെ മനസ്സിലായി...! ?
പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം ഒരു ആറാമിന്ദ്രിയമുണ്ടോ അങ്ങേക്ക്...? "

"ഇല്ല മഹാരാജാവേ! അങ്ങയുടെ സംസാരത്തില്‍,
പെരുമാറ്റത്തില്‍, എന്തിനേറെ, നോട്ടത്തില്‍ പോലുമുണ്ടല്ലോ
രാജകീയത! ഇതു മനസ്സിലാക്കാന്‍ ആറാമിന്ദ്രിയം വേണ്ടാ..!
ഉള്ള ഇന്ദ്രിയങ്ങളിലൊന്നെങ്കിലും കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മതി...!"

#പാഠപ്പെരുമഴയുള്ളൊരു കഥ!
(((((((((((((( Facebook )))))))))))))))))))))))


3 comments:

  1. ഗുണപാഠം ...കൊള്ളാം

    ReplyDelete
  2. രാജകീയം!

    ReplyDelete
  3. ആശംസകള്‍

    ReplyDelete