24.7.14

ചെറിയ മനസ്സിലെ വലിയ ചിന്ത

ആഡംബരക്കാറില്‍ നിന്നിറങ്ങിയ തന്നെയും വിലകൂടിയ
തന്റെ കാറിനെയും സാകൂതം വീക്ഷിച്ച് കാര്യമായെന്തോ
ആലോചിക്കുന്ന പത്തുവയസ്സുകാരനായ ബാലനെ അയാള്‍ കണ്ടു.
എന്തായിരിക്കും ഈ കുഞ്ഞുമോന്‍ ചിന്തിച്ചിട്ടുണ്ടാവുക എന്നറിയാനുള്ള
ആകാംക്ഷയില്‍ അയാള്‍ അവന്റരികിലെത്തി വാത്സല്യപൂര്‍വം കവിളില്‍ തലോടി.

"എന്താ മോനൂ...?"
അയാള്‍ ചോദിച്ചു

"അങ്കിളിന് ഈ കാറ് ആരാ വാങ്ങിത്തന്നത്...?"

"ഇതെന്റെ സഹോദരന്‍ സമ്മാനമായിത്തന്നതാ...!"

അവന്‍ വീണ്ടും ചിന്താവിഷ്ടനായി.

"മോനിപ്പോ ചിന്തിക്കുന്നതെന്തെന്ന് അങ്കിള് പറഞ്ഞോട്ടേ...?"

"ങും!"
അവന്‍ തലയാട്ടി. കുസൃതിക്കണ്ണുകളുയര്‍ത്തി അയാളെ നോക്കി.

"മോന്..... ഈ കാറ് പോലെ .... ഒരു കാറ് കിട്ടിയിരുന്നെങ്കില്‍ എന്നല്ലേ...?"
കുഞ്ഞുങ്ങളോട് പറയുന്ന അതേ ഈണത്തില്‍
നിര്‍ത്തി നിര്‍ത്തി അദ്ദേഹം പറഞ്ഞു.

"ങൂഹും!"
അവന്‍ അല്ലെന്ന് തലയാട്ടി....

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അയാളുടെ ഭാര്യ കാറില്‍
നിന്നിറങ്ങി അവന്റെ അടുത്തെത്തി.
"എന്നാ ഞാന്‍ പറഞ്ഞോട്ടേഡാ...?"

"ങും!"
അവന്‍ സമ്മതിച്ചു.

"അങ്കിളിന്.... ഈ കാറ് ..... സമ്മാനം കൊടുത്ത ... ബ്രദറിനെപ്പോലെ...
ഒരു ബ്രദര്‍... മോനൂസിനും...... ഉണ്ടായിരുന്നെങ്കില്‍ എന്നല്ലേ...?"

"ങൂഹും!"
അല്ലെന്നവന്‍ വീണ്ടും തലയാട്ടി.

"ന്നാ ഞങ്ങള് തോറ്റു. കുട്ടന്‍ തന്നെ പറ.
എന്താ മോന്‍ ചിന്തിച്ചേ...?"

അവന്‍ ഇരുവരേയും നോക്കി.
പിന്നെ അവരെയിരുവരെയും ഞെട്ടിച്ചുകൊണ്ടു പറഞ്ഞു:

"അരയ്ക്കുതാഴെ തളര്‍ന്ന എന്റെ അനിയന്‍കുട്ടന്
ഇതുപോലൊരു കാര്‍ വാങ്ങിച്ചുകൊടുക്കാന്‍
എനിക്കായെങ്കില്‍ എന്നാണ് ഞാന്‍ ചിന്തിച്ചത്...!!"

ആ ദമ്പതികളുടെ കണ്ണുകള്‍ സജലങ്ങളായി....!!


((((((((((((((((( facebook ))))))))))))))))))))))))

2 comments: