25.7.14

ബനാത് വാല


തൊള്ളായിരത്തി എഴുപത്തിയേഴിലാണ് ഗുലാം മഹ്മൂദ് ബനാത് വാലാ സാഹിബ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളത്തിലെത്തുന്നത്.  ന്യൂനപക്ഷത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുകയും അവകാശനിഷേധികളുടെ കരണത്തടിക്കാന്‍ പാകത്തിലുള്ള മൂര്‍ച്ചയേറിയ വാക്കുകളെക്കൊണ്ട് നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ ബനാത് വാല പ്രസംഗിക്കുമ്പോള്‍ എതിരാളികള്‍ പോലും ക്ഷമയോടെ കേട്ടിരിക്കുമായിരുന്നു, ആ കാവ്യംതുളുമ്പുന്ന വാക്കുകള്‍!

ഇന്ത്യന്‍ രാഷ്ട്രീയവും ഇന്ത്യന്‍ സമൂഹവും എന്തെന്ന് വ്യക്തമായി പഠിച്ചതിന്റെയും മനസ്സിലാക്കിയതിന്റെയും വെളിച്ചത്തിലാണ് ബനാത്‌വാലയുടെ തൂലികയില്‍ നിന്ന് 'റിലീജ്യന്‍ ആന്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ' എന്ന ഗ്രന്ഥം പിറവിയെടുത്തുന്നത്.
ഇന്ത്യാ ടുഡേ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'വിക്‌ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനത്തെ പ്രതിനിധിയായ രാഷ്ട്രീയ നേതാവ്' എന്നായിരുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിന് കരുത്തും ശേഷിയുമുണ്ടെന്നു തെളിയിക്കാനും അവര്‍ക്കു ദിശാബോധം നല്‍കാനും ബനാത് വാല തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത് സമൂഹത്തിന്റെ ഉന്നമനം കാംക്ഷിച്ചുതന്നെ!

ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കി ജീവിച്ച അദ്ദേഹത്തിന്റെ പ്രസംഗവൈഭവവും വാഗ്ചാതുരിയും തൂലികാപാടവവും ഏറെ ശ്രദ്ധേയമായിരുന്നു. വാക്കുകളില്‍ മൂര്‍ച്ചയേറുമ്പോഴും പ്രതിപക്ഷ ബഹുമാനം ആവോളം നല്‍കാന്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാവ്യഭംഗിയും മനോഹാരിതയുമുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ സനദ് ദാന സമ്മേളനത്തില്‍ ഒരിക്കല്‍ പ്രസംഗിക്കവേ, തിരുനബിയെ വിശേഷിപ്പിച്ചത് 'ജിബ്‌രീലിന്റെ മഹത്ത്വം അവസാനിക്കുന്നേടത്ത് നിന്ന് എന്റെ പ്രവാചകന്റെ മഹത്ത്വം ആരംഭിക്കുന്നു'വെന്നായിരുന്നു.

മിക്ക രാഷ്ട്രീയക്കാരുടെയും പ്രസംഗങ്ങളെപ്പോലെ എല്ലാ വിഷയത്തിലും തൊട്ടും തടവിയും മാന്തിയും കോറിയുമായിരുന്നില്ല ബനാത്‌വാലയുടെ പ്രസംഗങ്ങള്‍.
പഠിച്ച വിഷയങ്ങള്‍ തികഞ്ഞ കയ്യടക്കത്തോടെ, അതിലേറെ സൂക്ഷ്മതയോടെ കൃത്യമായി ഒരു വാക്കുപോലും 'അധികപ്രസംഗ'മെന്ന് തോന്നാത്തവിധം ഭംഗിയുള്ള മുത്തുകളെക്കൊണ്ടൊരു മാലകോര്‍ത്തെടുത്ത പോലെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. നോക്കെത്താദൂരത്തേക്ക് ഓര്‍മകള്‍ ബാക്കിയാക്കി കടന്നുപോയിട്ടും നിത്യഹരിതസ്മരണകള്‍ തികട്ടിവരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാപട്യങ്ങളെക്കാണുമ്പോള്‍ !
<<<<<<<<<<<<<<< Facebook >>>>>>>>>>>>>>1 comment: