30.12.12

പ്ലീസ്...

രൗദ്രയായ അലയൊടുങ്ങി,
കൊടുങ്കാറ്റുമിപ്പോള്‍ ശാന്തമാണ്..
മല പോലെ വന്നത്
ഇനി മഞ്ഞുപോലെ...
മറ്റൊരു സൗമ്യയായി
ഒരു ജ്യോതിയും....!
വൈകാതെയിവിടെയും
ഗോവിന്ദച്ചാമിമാര്‍
പിടിക്കപ്പെടും..
ജയിലിലടക്കപ്പെടും ...
സുഭിക്ഷമായ
ഭക്ഷണം നല്‍കപ്പെടും...
സുഖനിദ്രയ്ക്കായ്
കൊതുകുവലയേര്‍പ്പെടുത്തും...
അഭിഭാഷകര്‍ തൊണ്ടകീറും
സംരക്ഷകര്‍ ചുറ്റിനും കൂടും...
ഫെയ്‌സ്ബുക്കര്‍മാരും
ബ്ലോഗര്‍മാരും മാധ്യമക്കാരും
രാഷ്ട്രീയക്കാരുമൊക്കെ
അടുത്ത വരി തേടും ..
അപ്പോഴേക്കും മറ്റൊരു
ജ്യോതി ഉദിച്ചിരിക്കും...
നീതിപീഠമേ, പ്ലീസ്....
കണ്ണുതുറക്കൂ.. പ്ലീസ്...
ഇനിയൊരു
ജ്യേതിയുണ്ടാവരുത്...!


27.12.12

ഇ - ലോകം Epi: 9 (27.12.2012)


                                 ബ്ലോഗര്‍:  വാഴക്കോടന്‍

23.12.12

വാരാന്തപ്പതിപ്പ് പിരാന്തന്‍ പതിപ്പായോ ..!!?


തെറ്റു കണ്ടുപിടിക്കാന്‍ വേണ്ടി കുത്തിയിരുന്നു കണ്ടെത്തുന്നതല്ല.  കണ്ണില്‍പെടുന്നവയിലുള്ള അബദ്ധങ്ങള്‍ക്കു നേരെ ഒന്നുകൂടി നോക്കുന്നു.  അത്രമാത്രം..!
'ഹോ.. ഇവനൊരു തിരുത്തല്‍വാദി' എന്നൊക്കെ നിങ്ങള്‍ പറയും. ചിലര്‍ക്ക് ഈര്‍ഷ്യ കാണും, മറ്റു  ചിലര്‍ക്ക്  ദേഷ്യവും. കഴിഞ്ഞ തവണത്തെ പോലെ മൊബൈലില്‍ വിളിച്ചു തെറി പറയാനും ഇതത്ര വലിയ തെറ്റൊന്നുമല്ലെന്ന് മുഖപുസ്തകത്തില്‍ കമന്റ്‌ ഇടാനും  ആളുണ്ടാവും.
എന്നാല്‍ ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വലിയ തെറ്റാണ് എന്ന് ഞാന്‍ പറയും.
ഇത് ഇന്നത്തെ ചന്ദ്രിക വാരാന്തപ്പതിപ്പ്. വാരാന്ത്യം വീട്ടില്‍  പോകാന്‍  ആപ്പീസ് ജീവനക്കാര്‍ക്കൊക്കെ നല്ല  തിരക്കു  കാണും. ആ ഫോണ്ട് ആംഗലേയത്തിലേക്ക് ഒന്ന് മാറ്റിയിട്ടു പോയാല്‍ പോരേ...?  എന്നാല്‍ വല്ല രചനയും മെയില്‍ വഴി (കോലവും ചേലും  കണ്ടിട്ട് ഇ-മെയില്‍ അഡ്രസ്‌ ആണെന്ന് തോന്നുന്നു. ) അയക്കാനുദ്ദേശിക്കുന്നവര്‍ നട്ടം  തിരിയാതിരുന്നേനെ...! ഞാന്‍ പറയുന്നതാണോ കുഴപ്പം..? ആ അവസാനത്തെ വരിയൊന്നു വായിച്ചേ... ആര്‍ക്കെങ്കിലും മനസ്സിലായോ..?  ശ്ശോ...!  എനിക്കു കിട്ടുന്നില്ല. ഇനി അറിയുന്നവര്‍ വല്ലവരുമുണ്ടെങ്കിലൊന്നു പറഞ്ഞു തരണം.  സര്‍ക്കാര്‍ ഇപ്പോള്‍ ഭാഷ മലയാളത്തിലാക്കി തുടങ്ങി.  ഞമ്മളെ സ്വന്തം പത്രം ഒരു പടി മുന്നിലാ. സൈബര്‍ വിലാസം വരെ മലയാളത്തിലാക്കി . മലയാളി, മലയാളം, മാതൃഭാഷാ സ്നേഹം എന്നു നാഴികക്ക് നാല്‍പതുവട്ടം പറഞ്ഞാല്‍  പോരാ.  ഇതുപോലെ പ്രവര്‍ത്തിച്ചു കാണിക്കണം. ങാ...ഹാ..! അല്ലേലും ഞമ്മളെ ചന്ദ്രിക ഒരു മഹാ സംഭവമാ ...!!22.12.12

ഏറെ...

ഏറെയാണ് ഏറെ
ഏറുന്നവരാണേറെ
ഏറിയില്ലേലുമേറെ
ഏറിയാലതിലേറെ
ഏറട്ടവരെന്നുമേറെ
ഏറുകൊള്ളുമ്പോള്‍
എരിപൊരി കൊള്ളുന്നവരേറെ

 

21.12.12

നജീബ് മൂടാടി


ബൂലോകത്ത് പലചരക്കുകട നടത്തി
വന്‍ ലാഭം കൊയ്യുന്ന
എന്റെ പ്രിയ സുഹൃത്ത്
ശ്രീ. നജീബ് മൂടാടി

20.12.12

ഇത്തവണ 'മാതൃഭൂമി'ക്കിരിക്കട്ടെ...


ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രമെന്ന് പലരും പറയാറുള്ള/അവകാശപ്പെടാറുള്ള മാതൃഭൂമിയിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ...?
ഞാന്‍ ഈ വാര്‍ത്ത കാണിച്ചുകൊടുത്തപ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചതാണിത്. ഒന്നു നോക്കണം കൂട്ടരേ, എന്താണ് ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ? ആദ്യ വാചകം വായിച്ച് പൂര്‍ത്തിയായപ്പോള്‍ ഈ സംഗതി എങ്ങനെയാണൊപ്പിക്കുക എന്ന് തലപുകഞ്ഞാലോചിച്ചു. അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
വാര്‍ത്തയുടെ ആദ്യ പാരഗ്രാഫിലെ 'പുതിയ ഫോണില്‍ കക്കൂസ് ഒഴികെ എല്ലാമുണ്ട് എന്ന് ഇനി തമാശ പറയാന്‍ പറ്റിയെന്നു വരില്ല' എന്ന ഒന്നാം വാചകം വായിച്ചാല്‍ ഫോണിനുള്ളില്‍ തന്നെ കാര്യം സാധിക്കാന്‍ കഴിയുന്ന സംവിധാനം വരുന്നു എന്നല്ലേ തോന്നുക?.
പിന്നെയാണ് കക്കൂസിനകത്തെ ഉപകരണ നിയന്ത്രണ വസ്തുവായി സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുകയാണെന്ന് മനസ്സിലാവുന്നുള്ളൂ.

വാര്‍ത്തകള്‍ ഇങ്ങനെയൊക്കെ വികലമാക്കുന്നവന്മാരെരെയെങ്ങാനും കൈയില്‍ കിട്ടിയാലുണ്ടല്ലോ...! (ഹല്ല പിന്നെ..!) എഡിറ്റര്‍മാര്‍ എന്ന ഒരു വിഭാഗം വെറും നോക്കുകുത്തികളാവുന്ന ചില പത്രങ്ങള്‍!
മുമ്പ് ചന്ദ്രികയെ തിരുത്തിയപ്പോള്‍ പലരും പറഞ്ഞു :  ചന്ദ്രികയല്ലേ, അതിന് ആ നിലവാരമൊക്കെയേ ഉള്ളൂ. അങ്ങ്ട് കണ്ണടക്ക്വാന്ന്. ഇതിപ്പോ മുത്തശ്ശിപ്പത്രങ്ങള്‍ക്കും
പിഴച്ചാലോ... ? ഞമ്മളില്ലേ.... ഞമ്മളൊന്നും പറീണില്ല. പറഞ്ഞാ പറഞ്ഞൂന്നാവും...!

ഇ - ലോകം Epi: 8 (20.12.2012)

                                  ബ്ലോഗര്‍: അരീക്കോടന്‍

16.12.12

അജിത്തേട്ടന്‍


പുതിയ ബ്ലോഗര്‍മാര്‍ക്ക് ആവേശമാണ് ഇദ്ദേഹം.
എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ട
അജിത്തേട്ടന്‍ . എന്ന് സ്വന്തം എന്ന ബ്ലോഗിലൂടെ
എഴുത്തു പങ്കുവെയ്ക്കുന്നു..

13.12.12

ഇ - ലോകം Epi: 7 (13.12.2012)

                                  ബ്ലോഗര്‍: പടന്നക്കാരന്‍

10.12.12

ചതി

മോണിറ്ററിലേക്കാഴ്ന്നിറങ്ങിയ
കണ്ണുകളെ പറിച്ചെടുക്കുമ്പോള്‍
പാതിയുറക്കത്തിലായ എന്നെ
മടിയില്‍ പിടിച്ചു കിടത്തുന്നത്
നീ... നീയായിരുന്നല്ലോ...
നിന്‍ വിരല്‍ത്തുമ്പുകളല്ലേ എന്റെ
ചിതറിക്കിടന്ന മുടിയിഴകളെ
മെല്ലെത്തഴുകിത്തലോടിയത്...
നിന്‍ സുന്ദരശബ്ദത്തിലൂടൊഴുകിയ
മധുര ഗാനങ്ങളായിരുന്നല്ലോ
ഉറക്കത്തിലെന്നെ ലയിപ്പിച്ചത് ...
ഉറക്കത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍
ഒരു മധുര  സ്വപ്‌നം  കാണുന്നയെന്നെ
നീ ... നീ കഴുത്തു ഞെരിച്ചുകൊന്നു...!

തേട്ടം

മഴയേ,
രജനിയെ തണുപ്പിക്കുന്ന  മഴയേ ...!
നീയെന്റെ സ്വപ്‌നങ്ങളില്‍
വശ്യമായ്  ചിരിക്കുന്നൂ...
ക്രൂരമായ് ഇരമ്പിവരുന്ന
കറുത്ത മേഘങ്ങളെ
വസന്തമാക്കി പൊഴിക്കുന്നൂ...
നനഞ്ഞ കരിയിലകള്‍
വീണുകിടക്കുന്ന ഈ
വിജനമാം വഴിത്താരയിലൂടെ
മെല്ലെ നടന്നു  ഞാന്‍  
വിഹായസ്സിലേക്ക് കണ്ണുനട്ട്
നിന്നെത്തേടുകയാണ്‌
നിന്നെത്തന്നെ....!


മഴത്തുള്ളിയുടെ സങ്കടം


                                                         ഞാന്‍ , തളിരിലത്തുമ്പില്‍
                                                         പറ്റിപ്പിടിച്ച ഒരു മഴത്തുള്ളി !
                                                         പിടിവിടാനാവുന്നില്ലെനിക്ക്
                                                         തളിരിലയോടത്രയും ഇഷ്ടം..
                                                         പക്ഷേ, ഒരു നേര്‍ത്ത കാറ്റുമതി
                                                         ചിതറിത്തെറിക്കാന്‍ ...!

                                  <<<<<<<<<<<<<<<<<< FB >>>>>>>>>>>>>>>>>>>>

7.12.12

ചന്ദ്രികേ, ക്ഷമിച്ചാലും...!


'പന മുറിക്കുന്നതിനിടെ ഓട്ടോക്ക് മുകളില്‍ വീണ് യുവാവ് മരിച്ചു'
ഇന്നു രാവിലെ പത്രമെടുത്ത്‌  മറിച്ചപ്പോള്‍ കണ്ണിലുടക്കിയ ഒരു ചരമവാര്‍ത്തയുടെ തലക്കെട്ട്.
മാന്യ വായനക്കാര്‍ക്ക് എന്തു മനസ്സിലായി...? പന മുറിക്കാന്‍ കയറിയ യുവാവ് ഓട്ടോയുടെ മുകളിലേക്ക് വീണുമരിച്ചു എന്നല്ലേ...? ഈ തലവാചകം കണ്ടപ്പോള്‍ എനിക്കും തോന്നിയത് അങ്ങനെത്തന്നെ. ബാക്കി വായിച്ചപ്പോഴോ. ആകെ കണ്‍ഫ്യൂഷന്‍ ..!


"..........ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശശിധരന്‍ ഓട്ടോയില്‍ കുട്ടികളുമായി ഒറ്റപ്പാലം എല്‍.എസ്.എന്‍ കോണ്‍വെന്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. വഴിയില്‍ വെച്ച് മുറിക്കുന്ന പന ദിശമാറി ഓട്ടോറിക്ഷക്ക് മുകളില്‍ വീഴുകയായിരുന്നുവത്രേ."
 പ്രിയപ്പെട്ടവരേ, ഇപ്പോള്‍ എന്താണു മനസ്സിലായത്...?
ശശിധരന്‍ സഞ്ചരിച്ചിരുന്ന ഓട്ടോക്കുമുകളിലാണ്‌ പനവീണത്. എന്നാല്‍ തലക്കെട്ടു വായിക്കുമ്പോഴോ...? പനമുറിക്കാന്‍ കയറിയ ശശിധരനാണ് ഓട്ടോക്കു മുകളില്‍ വീണതെന്നല്ലേ തോന്നുക..? ഒരാവര്‍ത്തികൂടി വായിച്ചു. അപ്പോള്‍ വീണ്ടുമെന്തൊക്കെയാ ചേരായ്ക പോലെ...!

'.........ഓട്ടോയില്‍ കുട്ടികളുമായി' എന്ന സ്ഥലത്തും എന്തോ ശരികേടില്ലേ..? 'കുട്ടികളുമായി ഓട്ടോയില്‍...... '  എന്നല്ലേ ശരിയായ രൂപം...?


 അല്‍പം താഴെയായി  'വഴിയില്‍ വെച്ച് മുറിക്കുന്ന പന' എന്നതിലെ 'വഴിയില്‍ വെച്ച്' ആവശ്യമുണ്ടായിരുന്നോ..? കോണ്‍വെന്റിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്നു പറഞ്ഞസ്ഥിതിക്ക് പിന്നെയുമൊരു 'വഴിയില്‍ വെച്ച്' എന്തിനിയാരുന്നു പത്രാധിപരേ...? വഴിയില്‍, കുറുകെ വെച്ചാണ് പനമുറിക്കുന്നതെന്നു തോന്നാനും ഇത് വഴിയൊരുക്കിയില്ലേ...?
എല്ലാം സഹിച്ചും ക്ഷമിച്ചും വായിച്ച് തീര്‍ക്കുമ്പോഴതാ മുതുകാടിന്റെ മാജിക്കിലെ പോലെ പന തെങ്ങായി രൂപാന്തരം പ്രാപിക്കുന്നു..പത്രം ഏതെന്നു ചോദിച്ചാല്‍ പറയാനിത്തിരി വിഷമമുണ്ട്.  ഞാനേറെ സ്‌നേഹിക്കുന്ന പത്രമാണത്. ചന്ദ്രിക! കാരണം, ബാല്യകാലത്ത് അക്ഷരങ്ങള്‍ കൂട്ടിവായിച്ചു പഠിച്ചത് ഈ ചന്ദ്രികയില്‍ നിന്നാണെന്നത് കൊണ്ടുതന്നെ. ഒരുനേരത്തെ ആഹാരം മുടങ്ങിയാലും ചന്ദ്രികപത്രം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന  ചായക്കച്ചവടക്കാരനായ ഉപ്പയുടെ മകനാണ് ഞാന്‍ .  ഏറെ ഇഷ്ടപ്പെടുന്ന ഒരു പത്രത്തില്‍ ഇയ്യിടെയായി പലപ്പോഴും ഇങ്ങനെയുള്ള പിശകുകളും അക്ഷരത്തെറ്റുകളും കാണുമ്പോള്‍ പറയാതിരിക്കാനാവുന്നില്ല. അത് ഇവിടെ കുറിച്ചുവെന്നു മാത്രം.പണ്ടൊരിക്കല്‍   'ബലാല്‍സംഗം'എന്ന വാക്ക് ചന്ദ്രികയില്‍ 'ബലാല്‍സംഘ'മായപ്പോള്‍ സി.എച്ച് മുഹമ്മദ് കോയ പത്രാധിപരെ വിളിച്ചു കണക്കിനു കളിയാക്കിയ കഥ പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നു രാവിലെ അതാണെനിക്ക് ഓര്‍മ വന്നത്.
അച്ചടിമാധ്യമരംഗത്ത് തിളക്കമാര്‍ന്ന വിജയം കൊയ്ത് അക്ഷരസ്‌നേഹികളുടെ അങ്കത്തട്ടായി പേരെടുത്ത ചന്ദ്രികയുടെ സേവനങ്ങള്‍ എക്കാലത്തും പ്രശംസാര്‍ഹമാണ്. എം.ടി വാസുദേവന്‍ നായരെപ്പോലെയുള്ള പ്രതിഭകള്‍ക്ക് അരങ്ങേറ്റം കുറിക്കാന്‍ തുറക്കപ്പെട്ട വാതായനങ്ങള്‍ ചന്ദ്രികയുടേതാണെന്ന് പറയുന്നതില്‍ അഭിമാനവുമുണ്ട്. പക്ഷേ...., (ഈ പക്ഷേയില്‍ എല്ലാം ഒതുക്കുന്നു...)
പ്രിയപ്പെട്ട ചന്ദ്രികേ, നിന്നെ തിരുത്താനുള്ള അറിവൊന്നുമില്ലെനിക്ക്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തിരുത്തിത്തന്നാലും. മറുകുറിപ്പ് മാപ്പാക്കി പോസ്റ്റാന്‍ എനിക്ക് യാതൊരു മടിയുമില്ല. കാരണം, എന്റെ ബ്ലോഗ് വായനക്കാരോട് ഞാനൊരു മുന്‍കൂര്‍ജാമ്യം എടുത്തിട്ടുണ്ട്. എന്റെ ബ്ലോഗിന്റെ ഇടതുവശത്ത് അത് ഇമ്മിണിബല്യ അക്ഷരത്തിലെഴുതിച്ചേര്‍ത്തിട്ടു
മുണ്ട്. ഞമ്മള് ബെറുമൊരു ഏഴാം ക്ലാസേരന്‍ ...!

6.12.12

ഇ - ലോകം Epi: 6 (06.12.2012)


5.12.12

"ച്ച്‌ജ്ജും...!"

അയാള്‍ അച്ചടി ഭാഷയേ സംസാരിക്കൂ....
നല്ല ശുദ്ധമലയാളം... മലപ്പുറത്തെ സൈദാലിയോട്‌
ഒരിക്കല്‍ ദേഷ്യപ്പെടേണ്ടി വന്നു..... അയാള്‍ തുടങ്ങി.
"എട മരക്കഴുതേ.... തെണ്ടീ.... പരട്ടേ.....
നീയെനിക്ക്‌ പുല്ലാണെടാ... നീയെനിക്കു വെറും കീടമാണ്‌....
നീയെനിക്ക്‌ അണുവാണ്‌.. അണു..! "
 സൈദാലി അതിനു മറുപടി പറഞ്ഞു നിര്‍ത്തി...
"ച്ച്‌ജ്ജും...!"

(അതായത്‌ എനിക്ക്‌ നീയും അപ്പറഞ്ഞതൊക്കെത്തന്നെയാണെന്ന്‌ സാരം.....)
*ച്ച്‌, ഇച്ച്‌ = എനിക്ക്‌
*ജ്ജും, ഇജ്ജും = നീ
****************************************************
നാലു മലബാറുകാരും ഒരു കൊല്ലം
ജില്ലക്കാരനും ചായക്കടയില്‍ കയറി.
കൊല്ലക്കാരന്‍ പറഞ്ഞു:
എനിക്കൊരു ചായ...!
അപ്പോള്‍ മലബാറുകാര്‍ വരിവരിയായി പറഞ്ഞു:
" ച്ചും .....!"
" ച്ചും .....!"
" ച്ചും .....!"
" ച്ചും .....!"

*ച്ചും = എനിക്കും...
________________________________

നാമാവശേഷന്‍

                                                           എരിഞ്ഞടങ്ങാനുള്ള 
                                                           ആവേശത്തില്‍                                                                                                                      ജീവിതം ആളിക്കത്താന്‍
                                                           തുടങ്ങിയിരിക്കുന്നു
                                                           ഒരു നേര്‍ത്ത കാറ്റു മതി
                                                           മാലോകര്‍ പേരു മാറ്റി
                                                           മയ്യിത്തെന്നു വിളിക്കാന്‍ ..
                                                           വാതില്‍പ്പാളിക്ക് പുറകില്‍
                                                           അല്പം വെള്ളവുമായി
                                                           അന്ത്യ വസിയ്യത്തിനായി
                                                           കാക്കുന്ന ബന്ധുക്കള്‍..
                                                           ഒരു വശത്തു മറ്റൊരാള്‍ക്കൂട്ടം ...
                                                           അവര്‍ക്കു വേണ്ടത്
                                                           മൃതപ്രായന്റെ ആധാരവും
                                                           താക്കോല്‍ക്കൂട്ടവും....
                                                           എമ്പാടുമുണ്ടായിരുന്നു
                                                           എടുത്തുപറയാന്‍ ...
                                                           പേരായും പ്രശസ്തിയായും
                                                           ഇട്ടുമൂടാനുള്ള ധനമായും..
                                                           ഒടുവില്‍....
                                                           ഒരു കാല്‍ മറുകാലിനെയിട്ടുരച്ചു
                                                           കൈകള്‍ വശങ്ങളെയാക്രമിച്ചു
                                                           കണ്ണുകള്‍ മലക്കം മറിഞ്ഞു
                                                           ശ്വാസോച്ഛാസം ഉച്ചസ്ഥ പ്രാപിച്ചു
                                                           പിന്നെയൊരു ഞരക്കം
                                                           അതാ ജീവന്റെയൊടുക്കം
                                                           അന്യര്‍ക്കന്നേരം തിടുക്കം
                                                           മണ്ണിലേക്കിനിയൊരു മടക്കം...
                                                           വാപ്പാ ... മകന്‍ വിളിക്കില്ല
                                                           മോനേ .. ഉമ്മ വിളിക്കില്ല
                                                           നേതാവേ .. ജനം വിളിക്കില്ല
                                                           എല്ലാവര്‍ക്കും ഒരൊറ്റ പേര്
                                                           വിളിച്ചു സായൂജ്യമടയാം
                                                           മയ്യിത്ത്.... !

ഉസ്മാന്‍ മാഷ്‌


മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങളുടെ
ആദായവില്‍പന.
ബൂലോകത്തെ നിറസാന്നിധ്യം.
പ്രിയങ്കരനായ
ഉസ്മാന്‍ ഇരിങ്ങാട്ടിരി

4.12.12

അവള്‍

തുലാവര്‍ഷത്തിന്റെ മഴദിനങ്ങള്‍ക്കിടയില്‍
വല്ലപ്പോഴും പെയ്തിരുന്ന ഒറ്റമഴയാണവള്‍...
പിന്നെയവള്‍  പലപ്പോഴും പെയ്തു ...
ചെറുചാറലായ് എന്നെ പൊതിഞ്ഞു..
പേമാരിയായ് എന്നില്‍ പടര്‍ന്നു...
ഒടുവില്‍ പെയ്തുതീരുമ്പോള്‍
മനസ്സിന്നും മേനിക്കുമൊരു
മേടച്ചൂടിലെ ദാഹം പോലെ ...!

3.12.12

നോവ്‌

പൊടുന്നനെയാണ്
ശോഭിച്ചുനിന്നിരുന്ന
നിലാവസ്തമിച്ചത്...
അന്ധകാരമാണിനി,
ഘനാന്ധകാരം ...!
ഇരുട്ടും നിലാവും
പിരിയുന്നേടത്ത്
സ്‌നേഹത്തിനു
വല്ലാത്ത നോവ്...!

2.12.12

സദാചാരം

അപരനു നേരെ പല്ലിളിച്ചു
സദാചാരം ചൊല്ലി ...
സ്റ്റേജില്‍ ഘോരഘോരം
പ്രസംഗിച്ചതും സദാചാരം
പേജില്‍ നിരന്തരം
കുറിച്ചതും സദാചാരം
സ്വന്തം കാര്യമെത്തിയപ്പോള്‍
സദാചാരം തലകുത്തി നിന്നു ...

റോസിലി ജോയ്‌


റോസാപ്പൂക്കള്‍ വിടരുന്ന
പൂന്തോട്ടത്തിന്റെ ഉടമസ്ഥ
ശ്രീമതി. റോസിലി ജോയ്‌

1.12.12

'എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? '

ഒരു പെണ്‍മണി രാവിലെത്തന്നെ ഒരു മുഖപുസ്തക ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു:
'ഹെല്‍പ് മീ .. ഹെല്‍പ് മീ .! എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? '
എല്ലാ ആണ്‍മണികളും അതിനു കമന്റോടു കമെന്റ്.....

മാംസഭുക്കാണെന്നു ചിലര്‍
അല്ല സസ്യഭുക്കാണെന്ന് മറ്റു ചിലര്‍..
രണ്ടുമല്ല, മിശ്രഭുക്കാണെന്ന് ഒരു കാരണവര്‍ ..
ഇതൊന്നുമല്ല ഫേസ്ബുക്കാണെന്ന് ഒരു പയ്യന്റെ തമാശ..
ഏയ്.. എന്തായാലും ഫേസ്ബുക്കല്ലെന്ന് ഒരുത്തന്‍ ..!
മറ്റൊരാള്‍ വിക്കിപീഡിയയില്‍ തപ്പി, എലി എന്തു ഭുക്കാണെന്ന് അറിയാനുള്ള ലിങ്കാണ് ഇട്ടത്...
സസ്യഭുക്കെന്നു പറഞ്ഞവനോട് എലി മീന്‍ തിന്നാറുണ്ടെന്ന് പെണ്‍കുട്ടി..
മാംസഭുക്കെന്നു പറഞ്ഞവനോട് എലി നെല്ല് തിന്നാറുണ്ടെന്നും അവള്‍ ..
കമെന്റുകളങ്ങനെ നിറയുകയാണ് ...
കമെന്റുകളുടെ എണ്ണം കൂടിക്കൂടി വന്നു...
ലൈക്കുകളേറിയേറി വന്നു...
കമെന്റുകള്‍ കൂമ്പാരമാവുമ്പോള്‍ ഒരാള്‍ വന്നിട്ടിങ്ങനെ ചോദിച്ചു:
അല്ല, എന്താണിപ്പോ ഇങ്ങനെയൊരു സംശയം...?
ഉടനെ വന്നു അവളുടെ കമെന്റ്...
"എന്നെ എലി പിടിച്ചു തിന്നുമെന്ന് എന്റെ കെട്ട്യോന്‍ പറയുന്നു.
തിന്നുമോന്നു നോക്കാനാ ..! "
ശേഷം നാവുനീട്ടിപ്പിടിച്ച ഈ ഐക്കണും...!

30.11.12

എഴുത്ത്

കൈ കാലുകളില്‍
അജ്ഞതയുടെ
വിലങ്ങിടപ്പെട്ട ഞാന്‍
കേള്‍വിയുടെ
ചാരുകസേരയിലിരുന്ന്
കാഴ്ചയുടെ
അനന്തതയെ ആവാഹിച്ച്
നോവിന്റെ മഷിയില്‍ മുക്കി
കിനാവിന്റെ തൂലികയാലൊരു
കഥയെഴുതുകയാണ്,
മനത്താളുകളിലൂടെ...!

29.11.12

ജയന്‍ ഏവൂര്‍


എന്നീ ബ്ലോഗുകളുമായി ബൂലോകത്ത് തിളങ്ങുന്ന 

ഇ - ലോകം Epi: 5 (29.11.2012)


രാമഴ

ഒതുക്കിവെച്ച കാര്‍കൂന്തല്‍
അഴിഞ്ഞുലഞ്ഞ് രൗദ്രയായ
കാര്‍മുകില്‍ - അവള്‍
വീശിയെറിഞ്ഞ ഉറുമി
തീപ്പൊരികളായ് ചിതറി...
വാനനടയില്‍ കതിന  പൊട്ടി..
ശബ്ദഘോഷങ്ങള്‍ക്കിടയില്‍
മഴയുടെ കരംകവര്‍ന്ന്
പൗര്‍ണമി ഒളിച്ചോടി...

25.11.12

ബെര്‍ളി


നവലോകത്തെ പൊട്ടത്തരങ്ങള്‍ക്കെതിരെ
ബൂലോകത്തെ ബെര്‍ളിത്തരങ്ങള്‍ ....!

ബ്ലോഗര്‍ ബെര്‍ളി തോമസ്
 

22.11.12

വള്ളിക്കുന്ന്.കോം


തനിക്കു പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും 
അശേഷം മടിയില്ലാതെ പറഞ്ഞ് ബൂലോകത്ത് 
കാലുറപ്പിച്ച പ്രശസ്തനായ 
വള്ളിക്കുന്ന്.കോമിന്റെ മുതലാളി

ഇ - ലോകം 4 (22.11.2012)


20.11.12

നിരക്ഷരന്‍ നിരക്ഷരന്‍ , ചില യാത്രകള്‍ 
എന്നീ ബ്ലോഗുകളുടെ ഉടമ  
ബൂലോകത്ത് പ്രസിദ്ധനായ
ശ്രീ. മനോജ് രവീന്ദ്രന്‍  

എന്ന നിരക്ഷരന്‍

18.11.12

ചിന്താവിഷയം


kevin-carter ടെ പ്രശസ്തവും വളരെയധികം ചര്‍ച്ചാ വിധേയമാവുകയും വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത ചെയ്ത ചിത്രം ആരും മറന്നു കാണില്ല. വിശന്നു വലഞ്ഞു ഒരിറ്റു ദാഹജാലം പോലെ കിട്ടാതെ മരണത്തോട് മല്ലടിച്ച് പച്ചമണ്ണില്‍ ഇഴഞ്ഞു നീങ്ങുന്ന ഇളം ബാല്യത്തെ കൊത്തി വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ .....!


ഫോട്ടോ പ്രസിദ്ധീകൃതമായത്തോടെ വിവാദങ്ങളും കത്തിപ്പടര്‍ന്നു. ഒരു ഫോട്ടോഗ്രാഫറുടെ മനുഷ്യപ്പറ്റില്ലായ്മ
യുടെയും നിര്‍ദ്ദയ സമീപനത്തിന്റെയും കഥകള്‍ നിറം പുരട്ടിയും പൊടിപ്പും തൊങ്ങലും വെച്ചും ജനങ്ങള്‍ അങ്ങാടിപ്പാട്ടാക്കി. ആ വിവാദത്തിനു തിരശീല വീണത്‌ അദ്ദേഹത്തിന്‍റെ ആത്മഹത്യയ്ക്കു ശേഷമാനെന്നാണ് കേള്‍വി. ഒടുവില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡും ടി ചിത്രം തന്നെ വാങ്ങിക്കൂട്ടിയെന്നു പറയുമ്പോള്‍ അതൊരു വിധി വൈപരീത്യമെന്നല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാന്‍ ...!
വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍, അത് ഏതു ലേബലില്‍ പ്രവര്‍ത്തിക്കുന്ന പ്രോഫഷണലിസ്റ്റുകളായാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റാത്തതത്രെ. എതിര്‍ രാഷ്ട്രീയക്കാരന്റെ ചോരക്കു വേണ്ടി കത്തി മൂര്‍ച്ചകൂട്ടുന്ന വര്‍ത്തമാനകാല മലയാളിയുടെ ഇച്ഛകള്‍ ക്രൂരതയുടെ ആലയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ മുഖമൂടികള്‍ ആണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. മനുഷ്യനെ ഇന്ന് നയിക്കുന്നത് കേവലം സ്വാര്‍ത്ഥമായ കുറേ ആഗ്രഹങ്ങളാണ്. അവ പച്ച പിടിപ്പിക്കാന്‍ തന്നാലാവുന്നത് ചെയ്തു തീര്‍ത്ത്‌ തന്റെ "സ്വന്തം" ദിനങ്ങളെ അവന്‍ വര്‍ണ്ണാഭമാക്കുന്നു...!
ന്യൂസ്‌ ഡെസ്കില്‍ അന്യന്റെ മാനം പിച്ചിച്ചീന്തുന്ന ചില മാധ്യമ തമ്പുരാക്കന്മാര്‍ അറിയുന്നില്ല, അത് തന്റെ സഹോദരന്റെ ദയനീയമായ വിലാപത്തിന്റെ ബാക്കിപത്രമാണെന്ന്.
"ചൂടുള്ള" എക്സ്ക്ലൂസീവുകള്‍ക്കു വേണ്ടി നമ്മുടെ വാര്‍ത്താ ലേഖകന്മാര്‍ അങ്ങനെ പായുകയല്ലേ..... എന്നാലല്ലേ തങ്ങളുടെ ചാനലിന്റെ വാട്ടര്‍ മാര്‍ക്ക്‌ ഇട്ടു അതാഘോഷിക്കാന്‍ സാധിക്കൂ..... ! വാഹനാപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ചു മരണത്തോട് മല്ലടിക്കുന്ന യുവാവിനെ ധ്രുതഗതിയില്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നതിന് പകരം ആ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന യുവസമൂഹത്തിന്റെ കാരുണ്യ രഹിത പെരുമാറ്റങ്ങളില്‍ നിന്ന് വേണം തിരുത്ത് ആരംഭിക്കാന്‍ . സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് യുവതലമുറ ഇപ്രകാരം ചെയ്യുന്നതെങ്കില്‍ മറുഭാഗത്ത് മാധ്യമ മുതലാളിമാരുടെ കീശ വീര്‍പ്പിക്കുക വഴി കാശു കൈക്കലാക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അമിതമായ ഉത്സാഹം...! രണ്ടായാലും ഇരകളുടെ വിലാപം  കാണാതെ പോകുന്നവരുടെ  ആക്രോശങ്ങള്‍ തന്നെ ....! എന്താ നാം നന്നാവാത്തെ...?

17.11.12

ഇ-ലോകം- Epi: 3 (15.11.2012)


10.11.12

അമ്മ

സര്‍വ്വ വിജ്ഞാനപീഠമേറിയ ശ്രീ ശങ്കരനോട് മരണാസന്നയായിക്കിടക്കുന്ന അമ്മ ആര്യാംബ ചോദിച്ചുവത്രേ: മകനേ..., നിന്നെ ഞാന്‍ നൊന്തു പ്രസവിച്ചു. പോറ്റിവളര്‍ത്തിയീ നിലയിലെത്തിച്ചു. എന്താണെനിക്കു നീ പകരം നല്‍കുക....?
വിജ്ഞാനത്തിന്റെ ഏഴാകാശവും ജയിച്ചടക്കിയ ശങ്കരന്‍ മറുപടിയായി മൊഴിഞ്ഞത് ഒരു ശ്ലോകമായിരുന്നു.
'നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ, '
അമ്മേ... എന്നെ ഗര്‍ഭം ചുമന്നപ്പോള്‍ അമ്മയ്ക്കു ഭക്ഷണത്തോട് രുചിയില്ലായ്മ തോന്നിയിരുന്നോ അമ്മേ.... തത്ഫലമായി ഭക്ഷണം വേണ്ടത്ര കഴിക്കാത്തതു കൊണ്ടു അമ്മ മെലിഞ്ഞു പോയിരുന്നോ .. എന്റെ മലമൂത്രത്തെ അമ്മ കൊല്ലക്കണക്കിനു കാലം ശയ്യയാക്കിയിരുന്നോ....
അമ്മയുടെ ചോദ്യഭാവം കലര്‍ന്ന നോട്ടം ആ മകന്റെ മുഖത്തേക്കു തന്നെ നോക്കിയപ്പോള്‍ വീണ്ടും വരികള്‍ പിറന്നു, അമ്മയോടു പറഞ്ഞറിയിക്കാനാകാത്ത നന്ദിയുടെ വരികള്‍....
                                    'നമസ്‌തേ നമസ്‌തേ ജഗന്നാഥ വിഷ്‌ണോ
                                     നമസ്‌തേ നമസ്‌തേ ഗദാചക്ര പാണേ....
                                     നമസ്‌തേ നമസ്‌തേ പ്രപന്നാര്‍ത്തി ഹാരിന്‍
                                     സമസ്താപരാധം ക്ഷമസ്വാഖിലേശം
                                     മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം
                                     കരേചാരു ചക്രം സുരേശാഭി ചക്രം
                                     ഭുജംഗേ ശയാനം ഭജേ പത്മനാഭം
                                     ഹരേരന്യ ദൈവം നമന്യേ നമന്യേ.....
എന്നു മകന്‍ ചൊല്ലുമ്പോള്‍ ആ പുണ്യം ചെയ്ത അമ്മയുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു... ആ നന്ദി വാക്കുകള്‍ കേട്ടാണ് ആര്യാംബയുടെ കണ്ണുകളടയുന്നത്; എന്നെന്നേക്കുമായി...! അമ്മയെ അടുത്തറിയുക ....!അമ്മയോടുള്ള കടപ്പാടുകള്‍ തീരുന്നില്ല...!

9.11.12

ഹോട്ട് ചില്ലി സ്‌മൈല്‍സ്

                                                 കീറിപ്പറിഞ്ഞ സ്വപ്‌നങ്ങളുള്ള
                                                 പാവം നിരാശാ മാലാഖയെ
                                                 സ്‌നേഹമെന്ന സ്‌നേഹിതന്‍
                                                 പുഞ്ചിരിച്ച് വശീകരിച്ചു
                                                 ആശയുടെ കിനാവുകള്‍
                                                 മോഹമേകി ആശ്ലേഷിച്ചു
                                                 പ്രണയമെന്ന കാമുകന്‍
                                                 കണ്ണുകളോടു കിന്നരിച്ചു
                                                 അങ്ങനെയങ്ങനെ നിരാശ,
                                                 വര്‍ണമുള്ള ആശകളാല്‍
                                                 നിറമുള്ള സ്വപ്‌നങ്ങള്‍
                                                 നെയ്തുകൂട്ടി, ഒരുനാള്‍...
                                                 സ്‌നേഹവും ആശയും
                                                 പ്രണയവും സ്വപ്‌നവും
                                                 കാമത്തിന്റെ കറുത്ത
                                                 കുപ്പായമണിഞ്ഞുകൊണ്ട്
                                                 നിരാശയെ വഞ്ചിച്ചു ..!
                                                 നഖക്ഷതങ്ങളേറ്റ പൂമേനി
                                                 പനിച്ചുപേടിച്ചുവിറച്ചു
                                                 സ്വപ്നാലംകൃത ഹൃദയം
                                                 വീണ്ടും ക്ഷയിച്ചു തകര്‍ന്നു
                                                 കണ്ണുപുറത്തേക്കു തള്ളി
                                                 അരുതെന്നു യാചിച്ചു
                                                 ശ്വാസംനിലച്ചു; ജീവും...!
                                                 രമിച്ചു രസിച്ചാസ്വദിച്ച
                                                 ഘാതകര്‍ക്കപ്പോഴും
                                                 ചുണ്ടിലെരിയുന്നു
                                                 എരിവുള്ള, ചൂടുള്ള
                                                 ഗൂഢസ്മിതം..!

8.11.12

ഇ-ലോകം- Epi: 2 (08.11.2012)


1.11.12

ഇ-ലോകം- Epi-1(01.11.2012)


31.10.12

ദര്‍ശന ടി. വി ഇ-ലോകം promo


30.10.12

വയല്‍


29.10.12

നവാസാക്ക ..


കൂടാരങ്ങള്‍ നിര്‍മിച്ച് ആളെ മയക്കുന്ന
ഗ്ലാമര്‍ താരം മ്മടെ നവാസാക്ക ..

25.10.12

മാരിയത്ത്‌

     മാരിയത്ത്...
          മാരിയായ് വരി പെയ്തിറങ്ങിയ സുഗന്ധം
          മാരിവില്ലായ് വര വര്‍ണം വിരിയിച്ച വസന്തം
          തളരാത്ത മാനസത്താല്‍ നേടിയ സ്ഥൈര്യം
          തളര്‍ന്ന പാദങ്ങളോടു പോരാടിയ ധൈര്യം

     മാരിയത്ത് ...
          വേദന മറന്നു കോര്‍ത്തെടുത്തു സര്‍ഗമാല്യം
          വേധ്യം മറക്കാതെയാര്‍ജിച്ചെടുത്തു ജീവകാവ്യം
          സുസ്‌മേരയായ് നെയ്‌തെടുക്കുന്നു ആലേഖ്യം
          സുകൃത വൈഭവം മാറ്റിനിര്‍ത്തുന്നു വൈചിത്യം

14.10.12

ഫസ്‌ലുല്‍ ഹഖ്‌ (കുഞ്ഞാക്ക)


'ഫോട്ടോഷോപ്പി' എന്ന ബ്ലോഗിന്റെ ഉടമ.
ഫോട്ടോഷോപ്പ് മലയാളത്തില്‍ പഠിപ്പിയ്ക്കുന്ന 
മുഖപുസ്തക കൂട്ടായ്മയുടെ അധിപന്‍ .
കൂട്ടുകാര്‍ക്കിടയില്‍ കുഞ്ഞാക്കയെന്ന പേരില്‍
പ്രസിദ്ധനായ ഫസ്‌ലുല്‍ ഹഖ്‌

13.10.12

വിധിനഗരത്തിലെ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ ഈ മുടിഞ്ഞതിരക്കുള്ള ബസ്സില്‍ കയറിയപ്പൊഴേ സ്വയം പ്രാകാന്‍ തുടങ്ങിയതാണ്‌... വേണ്ടീലായിരുന്നു... ഇന്നിനി മൂന്ന്‌ മൂന്നര മണിക്കൂര്‍ എങ്ങനെ കഴിച്ചുകൂട്ടാനാണാവോ റബ്ബേ വിധി...! സ്‌കൂള്‍ വിടുന്ന സമയമായതിനാല്‍ ഇനി പറയുകയും വേണ്ട. വിദ്യാര്‍ഥികള്‍ കൂടി ഇതില്‍ കയറിയാലുള്ള അവസ്ഥയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. അല്ലെങ്കിലേ സൂചികുത്താനിടമില്ല. ഇനി ബസ്സ്‌ നീങ്ങിത്തുടങ്ങി ഒന്ന്‌ രണ്ട്‌ സഡന്‍ബ്രേക്കിട്ടാലേ ഒന്ന്‌ സെറ്റായിക്കിട്ടൂ...അതുവരെ ഈ 'കുഞ്ഞിരായിന്‍ കുടുക്കി'ല്‍ തന്നെ താന്‍ കഴിയണമല്ലോ.....
ഓരോന്നോര്‍ത്തും അസ്വസ്ഥത പ്രകടിപ്പിച്ചും വലിയൊരു ബാഗും തോളിലേറ്റി അങ്ങനെ നില്‍ക്കുമ്പോള്‍ ബസ്സ്‌ ഒന്നിളകി. പിന്നെ ഒന്ന്‌ മുരണ്ടു. പോവാനുള്ള മണിയും മുഴങ്ങിയപ്പോള്‍ ആടിയുലഞ്ഞ്‌ സ്‌റ്റാന്‍ഡില്‍ നിന്ന്‌ ശകടം നീങ്ങിത്തുടങ്ങി.
" ഏ....യ്‌ .... പോവല്ലേ പോവല്ലേ ...ആള്‌.... കൂയ്‌... ആള്‌ കയറാന്‌ണ്ട്‌...." പിന്നില്‍ നിന്നു കുറേ യാത്രക്കാരുടെ ഒന്നിച്ചുള്ള സ്വരം. വണ്ടി ഒന്ന്‌ മുക്കിമുക്കി നിന്നു. 25 വയസ്സു തോന്നിക്കുന്ന ചെറുപ്പക്കാരന്റെ കൈയും പിടിച്ച്‌ ഒരു വൃദ്ധന്‍ ബസ്സിനു നേരെ ഓടിവരുന്നു... യാത്രക്കാര്‍ മുറുമുറുപ്പു തുടങ്ങി. "ഈ തെരക്കിനിടീല്‍ അതും കൂട്യേ വേണ്ടു.. ങ്ങള്‌ ബണ്ടിട്‌ക്കിന്‍ ഡൈവറേ...." ഒരാളുടെ ശബ്ദം അങ്ങനെയായിരുന്നു. എന്റെയും ആഗ്രഹം മറിച്ചല്ലായിരുന്നു. ഞാനും അയാളെ പിന്താങ്ങിക്കൊണ്ടു ചിരിച്ചു....
അവര്‍ ബസ്സില്‍ കയറിയയുടന്‍ വീണ്ടും മണിമുഴങ്ങി. ബസ്സ്‌ നീങ്ങിത്തുടങ്ങി. പിന്നില്‍ നിന്ന്‌ ഇനിയാരും വിളിക്കാതിരുന്നാല്‍ മതിയായിരുന്നുവെന്ന്‌ മനസ്സ്‌ പറഞ്ഞു....
"ഉപ്പാ..... ഔ... അടിപൊളി...! സൂപ്പര്‍ ബസ്സ്‌ ....." വൈകിക്കയറിയ വൃദ്ധന്റെ കൂടെയുള്ള യുവാവിന്റെ ഉറക്കെയുള്ള, സന്തോഷത്തോടെയുള്ള കമന്റ്‌... കൂടെ വെളുക്കെ ചിരിക്കുന്നുമുണ്ട്‌്‌ അവന്‍....
ലെവനെന്താ ബസ്സ്‌ ആദ്യായിട്ടു കാണുകയാണോ.... ഹയ്‌..! കൊച്ചുകിടാങ്ങളെപ്പോലെ....? എല്ലാവരേയും പോലെ ഞാനും ചിന്തിച്ചു.
ഉപ്പ തലയാട്ടി അവന്റെ ആഹ്ലാദം മനസ്സിലുള്‍ക്കൊണ്ട്‌ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു....
വണ്ടി വീണ്ടും നീങ്ങി.
ബസ്സിന്റെ കമ്പിയില്‍ 'തൂക്കാന്‍ വിധിക്കപ്പെട്ട' ഞാനടക്കമുള്ളവര്‍ ആകെ അസ്വസ്ഥരാണ്‌. സൗഹൃദം അന്യം നിന്നു പോവുന്ന ഇക്കാലത്ത്‌ ആരും ആരെയും പരിചയപ്പെടാനും സംസാരിക്കാനുമൊന്നും തുനിയാത്തതിനാല്‍ ബസ്സിനുള്ളില്‍ മൂകത തന്നെ.... അതിനെ ഭഞ്‌ജിച്ചുകൊണ്ട്‌ "പ്പാ ..... ആന. ഹയ്യടാ എനിക്ക്‌ വയ്യ.... ആന.. ആന...."
ചെറുക്കന്‍ ഒച്ചയിട്ടു. റോഡ്‌ സൈഡിലൂടെ രണ്ടു പാപ്പാന്മാര്‍ ഒരു അനയുമായി പോകുന്നുണ്ട്‌. ഒരു ആനയെക്കണ്ടതിന്‌ ഇത്രയും ചാടിക്കളിക്കണോ... എല്ലാവര്‍ക്കും ശരിക്കും ചിരിപൊട്ടി. ചെറുപ്പക്കാരന്‍ അതൊന്നും ഗൗനിക്കാതെ കരഘോഷത്തോടെ വീണ്ടും തുടര്‍ന്നു ... "ആന ... ആന ...." അപ്പോഴും ആ പിതാവ്‌ മോനെ പ്രോത്സാഹിപ്പിച്ച്‌ അവന്റെ ആഹ്ലാദത്തില്‍ പങ്കു ചേര്‍ന്നു. കൂടെ യാത്രക്കാരെയൊക്കെ നോക്കി ദയനീയമായ ഒരു ചിരിയും പാസാക്കി.
"അപ്പോ... തന്തയ്‌ക്കു കൊഴപ്പൊന്നൂല്ല... ചെറുക്കന്റെ ഒരു പിരി ലൂസാ....അതുറപ്പാ...." ഒരു യാത്രക്കാരന്‍ അങ്ങനെയാണ്‌ പറഞ്ഞത്‌....
ഇടക്കിടെ നിര്‍ത്തിയും നാലാളെ ഇറക്കിയും അഞ്ചാളെക്കയറ്റിയുമൊക്കെ വണ്ടി മുന്നോട്ടു നീങ്ങി....
യുവാവ്‌ എന്തൊക്കയോ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.
ചിരിക്കുന്നു...
ഇടക്കു കരയുന്നു...
കണ്ണീര്‍ തുടക്കുന്നു....
എല്ലാറ്റിനുമൊപ്പം പിതാവും പങ്കു ചേരുന്നുണ്ട്‌....
ഫറോക്ക്‌ പാലത്തിനു മീതെ വണ്ടിയെത്തി... ശാന്തസുന്ദരമായി ഒഴുകുന്ന ഫറോക്ക്‌ പുഴയുടെ മുകളില്‍ കൂടിയുള്ള യാത്ര....
ആ സൗന്ദര്യം തല പുറത്തേക്കിട്ടുകൊണ്ടു തന്നെ പലരും ആസ്വദിക്കുന്നുണ്ട്‌... ചിലരൊക്കെ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്‌.
"അല്ലോഹ്‌ .... പുഴ...!!! ഉപ്പാ ..... "യുവാവിന്റെ സ്വരം പെട്ടെന്നാണുയര്‍ന്നത്‌....
ആളുകള്‍ ചിരിക്കാന്‍ തുടങ്ങി.
അങ്ങ്‌ട്‌ നോക്കിം... വെള്ളം ബര്‌ണ ബരവേ.....യ്‌" അവന്‍ നിര്‍ത്താതെ പറയുകയാണ്‌...
അതുകൂടികേട്ടപ്പോള്‍ ആളുകള്‍ക്ക്‌ സകല നിയന്ത്രണവും വിട്ടു.. എല്ലാവരും പൊട്ടിച്ചിരിച്ചു.
ആ പിതാവ്‌ ആളുകളെ നിസ്സഹായനായി നോക്കി...
അതൊന്നും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല.
അവന്‍ പിന്നെയും എന്തൊക്കെയോ പറയുന്നു.
പൊട്ടിച്ചിരിക്കുന്നു...
ആളുകള്‍ക്കിടയില്‍ അവനൊരു പരിഹാസ്യ കഥാപാത്രമായി മാറി...
തിരക്കിന്റെ അസ്വസ്ഥതയൊക്കെ ജനം മറന്നു തുടങ്ങി.
ഇപ്പോള്‍ അവന്റെ സംസാരങ്ങളും ചേഷ്ടകളും ശ്രദ്ധിക്കുകയാണവര്‍...
അവനെ കളിയാക്കി കമന്റിടാനും അവന്റെ സംസാരങ്ങള്‍ക്കു ലൈക്കാനും അവര്‍ മത്സരിച്ചു തുടങ്ങി....
അവര്‍ക്കിരിക്കാന്‍ സീറ്റ്‌ കിട്ടിയപ്പോള്‍ അവന്‍ സീറ്റിന്റെ അരികിലിരിക്കുന്നയാളോട്‌
'ചേട്ടാ ഞാന്‍ അവിടെയിരിക്കട്ടെ' എന്നാരാഞ്ഞു..
അയാള്‍ കേള്‍ക്കാത്ത പോലെ ഇരുന്നപ്പോള്‍ അവന്റെ മുഖം പെട്ടെന്നു മ്ലാനമായി....
പിതാവ്‌ ഇടപെട്ടു.
"സാറേ... മോന്‍ അവിടെയിരുന്നോട്ടെ ..... അവനീ കാഴ്‌ചകളൊക്കെ ഒന്ന്‌ കാണാനാ...."
ഇപ്പോള്‍ ആ വി.ഐ.പിക്ക്‌ ശരിക്കും കോപം വന്നു..
"അവിടെയിരുന്നാല്‍ മതി...." അയാള്‍ നെറ്റിചുളിച്ചു.
"നാശങ്ങള്‍" എന്നു പിറുപിറുത്തു.
ഇപ്പോള്‍ പിതാവിനും മകനും ഒരുപോലെ സങ്കടം വന്നു.
ആമുഖങ്ങള്‍ അത്‌ വ്യക്തമാക്കുന്നുണ്ടായിരുന്നു...
ബസ്സ്‌ വീണ്ടും നീങ്ങുകയാണ്‌.....
ഇപ്പോള്‍ കുറേ നേരമായി അവന്റെ ഉറക്കെയുള്ള സ്വരമൊന്നും കേള്‍ക്കുന്നില്ല.
ഇടക്കിടെ അങ്ങനെ തലയുയര്‍ത്തിയും തിരിഞ്ഞും മറിഞ്ഞും തല പുറത്തേക്കിട്ടുമൊക്കെ അങ്ങനെ നോക്കും....
തല പുറത്തേക്കിടുമ്പോള്‍ അരികിലിരിക്കുന്നയാള്‍ ഒന്നുകൂടി ബലം പിടിച്ചിരുന്ന്‌ തന്റെ പ്രതിഷേധം അറിയിച്ചു....
"അനുരാഗ വിലോചനനായി... അതിലേറെ...." അരികിലിരുന്ന മാന്യന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു....
യുവാവും അങ്ങോട്ടു ശ്രദ്ധിച്ചു.
മാന്യന്‍ ഫോണ്‍ എടുത്തു.
വില കൂടിയ ഒരു ഐ ഫോണ്‍....
"ഹലോ"
അയാള്‍ സംസാരിച്ചു തുടങ്ങിയതും യുവാവ്‌ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത്‌ 'ചേട്ടാ... ദാ ഇപ്പൊത്തരാം. ഒന്ന്‌ നോക്കീട്ട്‌ പ്പൊ ത്തരാട്ടോ......' എന്നു പറഞ്ഞതും അവന്റെ ചെകിട്ടത്ത്‌ ഒരു ഘനത്തിലുള്ള അടിവീണതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം...
കണ്ടു നിന്നവരൊക്കെ ഒന്നു പകച്ചു.
പിതാവിന്റെ മുഖം വിവര്‍ണ്ണമായി...
മകന്റെ മുഖം ചുവന്നതോടൊപ്പം കണ്ണുകള്‍ സജലങ്ങളായി.....
വണ്ടിക്കുള്ളില്‍ ആ അടിയെ ന്യായീകരിച്ചും എതിര്‍ത്തും സംസാരങ്ങള്‍ തുടങ്ങി....
(അമ്മയെ തല്ലിയാലും ആ തള്ളയ്‌ക്കതു വേണ്ടതാ എന്നും ചെയ്‌തതു തെറ്റായിപ്പോയെന്നും പറയാന്‍ അളണ്ടാവുമല്ലോ.....)
"ഭ്രാന്താണെങ്കില്‍ അതിനു നല്ല ചികിത്സ കൊടുക്കണം... ഇതു മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ബസ്സില്‍ കയറ്റിയിരിക്കുന്നു. നാശം.... കുറേ നേരമായി തൊടങ്ങീട്ട്‌.... വേണ്ടാ വേണ്ടാന്ന്‌ വിചാരിക്കുമ്പം ആളെ തലീല്‍ കേറുന്നോ...." അരികിലിരുന്ന മാന്യന്റെ സ്വരം ഉയര്‍ന്നു....
"എവിടുന്നു കൊണ്ടുവര്വാ തന്തേ ഈ സാധനത്തെ? ഭ്രാന്താശൂത്രീന്നാണോ...?" മാന്യന്‍ ആ പിതാവിന്റെ നേരെ തിരിഞ്ഞു കയര്‍ക്കുന്നു..
സ്വരത്തിനു ശക്തികൂടിക്കൂടി വന്നു....
കുറേ തെറികളും.....
പിതാവ്‌ പറഞ്ഞു:
"മക്കളേ.... ഇങ്ങളോടൊക്കെ ഞാന്‍ മാപ്പു ചോദിക്ക്യാ....
ന്റെ മോന്‍ കാട്ടിക്കൂട്ടിയതൊക്കെ ഇങ്ങക്ക്‌ വെര്‍പ്പ്‌ണ്ടാക്കീന്ന്‌ .... നിക്കറ്യാം...
ന്റെ കുട്ടിക്ക്‌ ഇരുപത്തിനാലു കൊല്ലായി കണ്ണുകാണൂലാര്‌ന്നു.
ജനിച്ചിട്ട്‌ ഈ ദുന്യാവെന്താന്ന്‌ ഓന്‍ കണ്ടിട്ടില്ല....
ഒര്‌ മന്‍സന്‍ ദാനം ചെയ്‌ത കണ്ണ്‌ ഫിറ്റ്‌ ചീതിട്ട്‌ ദാ... ദിപ്പൊ രണ്ടീസായിട്ടൊള്ളൂ...
ഇന്നാണ്‌ ഓന്‍ ഈ ആലം ദുനിയാവിലുള്ളതൊക്കെ കണ്ടു തൊടങ്ങീത്‌......" വൃദ്ധന്‍ ഗദ്‌ഗദ കണ്‌ഠനായി ത്തുടര്‍ന്നു.
"അതിനോന്‌ സന്തോസം വന്നപ്പോ ങ്ങനെക്കെ ആയിപ്പോയി കുട്ട്യോളേ ...."
ങ്ങള്‌ മാപ്പാക്കീം....
മന്‍സമ്മാര്‌ടെ അട്‌ത്തല്ലേ തെറ്റും സരീമൊക്കെ പറ്റൂ...
ങ്ങള്‌ പൊറുക്കിം....." അയാള്‍ പറഞ്ഞുനിര്‍ത്തി.
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... മകന്‍ ആ വൃദ്ധന്റെ ശുഷ്‌കിച്ച ചുമലിലേക്കു തല ചായ്‌ച്ചു കണ്ണുകള്‍ പൂട്ടി....
ബസ്സ്‌ ഒന്ന്‌ ആടിയുലഞ്ഞു...
വീണ്ടും വീണ്ടും മുരണ്ടു.....
പടിഞ്ഞാറെ മാനത്ത്‌ ചെഞ്ചായമണിഞ്ഞ അരുണന്‍ വിടപറയാന്‍ വെമ്പി നില്‍ക്കുന്നത്‌ ബസ്സിന്റെ അഴികളിലൂടെ കാണാം.
അതിനെയും പിന്നിലാക്കി ബസ്സ്‌ നീങ്ങുകയാണ്‌.
അപ്പോഴേക്കും റോഡ്‌ സൈഡിലെ വിളക്കുകാലുകളില്‍ മഞ്ഞനിറത്തില്‍ ബള്‍ബുകള്‍ പ്രകാശിക്കാന്‍ തുടങ്ങിയിരുന്നു.....

10.10.12

കൂട്ട്


ധൃതിഓഫീസിലെത്താന്‍ ടൈം ഇപ്പൊഴേ അരമണിക്കൂര്‍ വൈകി. ഇനി കുളിയും ഡ്രസ്സ്‌ ചെയ്‌ഞ്ചിംഗും മറ്റു ഒരുക്കങ്ങളുമൊക്കെ കഴിയുമ്പോഴേക്ക്‌ സമയം ഒത്തിരിയാകുമല്ലോ ദൈവമേ... അയാള്‍ ധൃതികൂട്ടി.
പെട്ടെന്നൊരു കാക്കക്കുളി പാസാക്കി. ഭാര്യ കൃത്യസമയത്തു തന്നെ ഇറങ്ങി. താനും അവളും ഒരു സ്ഥാപനത്തിലാണെന്ന വിചാരം പോലും അവള്‍ക്കില്ല. എന്താ ഒപ്പം പോയ...ാല്‍...! ഇത്തിരി നേരം കാത്തുനിന്നാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ? എന്തിനാ റിസ്‌കെടുത്ത്‌ ബസ്സില്‍ പോകുന്നത്‌? ഒരു പത്തുമിനിറ്റ്‌ കൂടി നിന്നാല്‍ ഒരുമിച്ച്‌ കാറില്‍ പോകാമല്ലോ. ഈ തലനരച്ചവന്റെ കൂടെ യാത്ര ചെയ്യാന്‍ അവളുടെ "സ്റ്റാറ്റസ്‌" അനുവദിക്കുന്നുണ്ടാവില്ല. പോട്ടെ... ഒക്കെ ഇഷ്ടം പോലെ ചെയ്യട്ടെ.!
മോനൊരുത്തനുണ്ടായിട്ടെന്താ...! അവനും അമ്മേടെ സ്വഭാവം തന്നെ വരദാനമായി കിട്ടിയിട്ടുണ്ടല്ലോ. ബൈക്കുമെടുത്ത്‌ അടിച്ചുപൊളിക്കലാണല്ലോ ഇഷ്ടവിനോദം. അതിനു പറ്റിയ കുട്ടിക്കുരങ്ങന്‍ കമ്പനികളുമുണ്ടല്ലോ. എന്താന്ന്വച്ചാല്‍ ആവട്ടെ...അയാള്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. അതിനിടയില്‍ വസ്‌ത്രങ്ങള്‍ അലമാരയില്‍ നിന്നു വലിച്ചെടുത്ത്‌ അയേണ്‍ ചെയ്‌തെന്നു വരുത്തി അണിഞ്ഞു. വാതിലുപൂട്ടി കാര്‍പോര്‍ച്ചിലേക്കോടി.കാറില്‍ കയറിയിരുന്ന്‌ ലക്ഷ്യസ്ഥാനത്തേക്ക്‌ കാറിനെ തിരിച്ചു. ഗ്രാമാന്തരീക്ഷവും കഴിഞ്ഞ്‌ പട്ടണത്തിലൂടെ വാഹനം കുതിച്ചു. വലിയ കെട്ടിടങ്ങളെയും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളെയും പിന്നിലാക്കി അതിവേഗം നീങ്ങി. ഓഫീസിലെത്തിയാല്‍ ഇനി ആ മാനേജര്‍ കൊരങ്ങന്റെ കടന്നല്‍ കുത്തിയ മോന്തയും കാണേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ ആക്‌സിലേറ്ററിനോടയാള്‍ ദേഷ്യം തീര്‍ത്തു.
തൈക്കാട്‌ ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപമെത്തി. തന്റെ മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന മരം കയറ്റിയ ലോറിയെ ഓവര്‍ടേക്ക്‌ ചെയ്യാന്‍ അയാള്‍ പലവുരു ശ്രമിച്ചു ശ്രമം പരാജയപ്പെട്ടു. മനസ്സില്‍ എല്ലാവരോടും ദേഷ്യം. ദേഷ്യം അയാള്‍ കടിച്ചമര്‍ത്തി.
പെട്ടെന്നെന്തോ വലിയ ശബ്ദം കേട്ടു. ആക്‌സിഡെന്റു തന്നെ..! അതീ റോഡില്‍ വര്‍വ്വ സാധാരണയാണല്ലോ. തന്റെ മുമ്പിലുള്ള ലോറി ഒരു ബൈക്കുയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ലോറി നിര്‍ത്താതെ പാഞ്ഞു പോയി. അതും സര്‍വ്വസാധാരണ തന്നെ. അയാള്‍ ഒന്നു വേഗത കുറച്ചു. ബൈക്ക്‌ റോഡരികിലെ ഓടയിലേക്ക്‌ തൂങ്ങിനില്‍ക്കുന്നു. അതൊരു ബൈക്കായിരുന്നുവെന്നു തോന്നാത്തവിധം തകര്‍ന്നിരിക്കുന്നു. രക്തത്തില്‍ കുളിച്ച ഒരു മനുഷ്യശരീരം ഇത്തിരി രക്ഷക്കായി രക്തം പുരണ്ട കരങ്ങള്‍ നീട്ടി ആരോടെന്നില്ലാതെ യാചിക്കുന്നു. അപ്പോഴേക്കും ആളുകള്‍ എവിടെനിന്നൊക്കെയോ ഓടിക്കൂടുന്നുണ്ട്‌. അയാളുടെ ധൃതി കൂടി; ഹൃദയതാളമിടിപ്പും. അവിടെ ഇനിയും നിന്നാല്‍ ഇയാളെ തന്റെ വണ്ടിയില്‍ ഹോസ്‌പിറ്റലിലേക്കെടുക്കേണ്ടിവരും. ഉത്തരവാദിത്തങ്ങള്‍ തന്റെ തലയിലാവും. മിനക്കേട്‌..! എന്തിനാ വെറുതെ! എന്തിനാ എന്റെ ഡ്യൂട്ടി സമയം ഇനിയും വൈകിച്ച്‌ ആ മാനേജറെക്കൊണ്ടു പറയിപ്പിക്കുന്നത്‌.? അയാളുടെ മനസ്സിലപ്പോള്‍ പിശാച്‌ ധൃതി യുടെ രൂപത്തിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. അയാളുടെ കാലുകള്‍ ആക്‌സിലേറ്ററില്‍ ശക്തിയായി അമര്‍ന്നു. വണ്ടി മുന്നോട്ടു നീങ്ങി.
************************************
"ഓഫീസില്‍ ഒരാഴ്‌ചയായി ഒത്തിരി വര്‍ക്കുകളുണ്ടെന്നറിയില്ലേ.... അശോകിനിതൊരു സ്ഥിരം ഏര്‍പ്പാടായിട്ടുണ്ട്‌. ഞാനിതൊന്നും അറിയാഞ്ഞിട്ടില്ല. നിങ്ങളുടെ വീട്ടീന്നു തന്നെയല്ലേ മിസ്റ്റര്‍ നിങ്ങളുടെ വൈഫ്‌ മാലിനിയും വരുന്നത്‌? അവര്‍ നേരത്തെയെത്തുന്നുണ്ടല്ലോ... നിങ്ങളെന്താ ഇങ്ങനെ? പറയിപ്പിക്കാന്‍... ങൂം.... തത്‌കാലം ഒപ്പിട്ടു പൊയ്‌ക്കോ.. ഡോണ്ട്‌ റിപ്പീറ്റ്‌...!"
മാനേജറുടെ കാബിനില്‍ നിന്ന്‌ തലതാഴ്‌ത്തിയാണ്‌ ഇറങ്ങിവന്നത്‌. ചുറ്റുപാടുമുള്ള കൗണ്ടറുകളില്‍ ഇരിക്കുന്ന സ്‌ത്രീപുരുഷ സജ്ജനങ്ങളുടെ പരിഹാസമുഖവും കൂര്‍ത്തനോട്ടവും തന്നിലേക്കാണെന്നയാള്‍ക്കറിയാം. മുഖമുയര്‍ത്താതെ സീറ്റില്‍ വന്നിരുന്നു. മുന്‍വശത്തിരിക്കുന്ന മാലിനിയെ കൂര്‍പ്പിച്ചൊന്നു നോക്കി. മാലിനിയും വിട്ടുകൊടുത്തില്ല. തിരിച്ചും ഘനം കൂട്ടിയ നോട്ടം തന്നെയെയ്‌തു.
എല്ലാം കഴിഞ്ഞ ആശ്വാസത്തില്‍ ഒന്ന്‌ നെടുവീര്‍പ്പിട്ട്‌ അയാള്‍ തന്റെ മുമ്പിലിരുന്ന ഫയല്‍ തുറക്കുമ്പോള്‍ മൊബൈല്‍ റിംഗിംഗ്‌...! പോക്കറ്റില്‍ നിന്നെടുത്ത്‌ അയാള്‍ അറ്റന്‍ഡ്‌ ചെയ്‌തു.
"ഹലോ"
"ഹലോ" മറുതലക്കല്‍ ഒരു ഭയം കലര്‍ന്ന വിറയല്‍ സ്വരം.
``അശോക്‌ സര്‍ അല്ലേ.... നിങ്ങള്‍ പെട്ടെന്ന്‌ ജില്ലാ ഹോസ്പിറ്റലില്‍ എത്തണം ."
"എന്താ കാര്യം"
"പ്രത്യേകിച്ചൊന്നുമില്ല സര്‍... നിങ്ങളുടെ മോന്‍ ദീപുവിനൊരു ആക്‌സിഡെന്റ്‌ . നമ്മുടെ തൈക്കാട്‌ ഫുട്‌ബോള്‍ ഗ്രൗണ്ടിനു സമീപത്തു നിന്ന്‌. കുഴപ്പമൊന്നുമില്ല സര്‍..."
അയാളുടെ തടി തളരുന്ന പോലെ....
***********************************************
ഹോസ്‌പിറ്റലില്‍ വന്‍ ജനക്കൂട്ടം.
ഐ.സി.യു വിനു മുമ്പില്‍ ജനം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുന്നു.
മാലിനിയും അശോകുമെത്തുമ്പോള്‍ ഡോക്ടര്‍ ഐ.സി.യുവില്‍ നിന്നും മ്ലാനമുഖവുമായി പുറത്തേക്കു വരുന്നു.
ആളുകളെ നോക്കി ഡോക്ടര്‍ കൈ മലര്‍ത്തി.
"സോറി.... വൈകിപ്പോയി. സംഭവം നടന്ന്‌ ഇരുപതു മിനിട്ടിനുള്ളില്‍ എത്തിച്ചിരുന്നുവെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. റിയലി സോറി..."
ഡോക്ടര്‍ ഒന്നു കുരിശുവരച്ചു.
മാലിനിയുടെ തളര്‍ന്ന ശരീരം അശോകിന്റെ കൈകളിലേക്ക്‌...
കുറ്റബോധവും ദുഃഖവും താങ്ങാനാവാത്ത അയാളുടെ മനസ്സിനും ശരീരത്തിനും മാലിനിയുടെ ഭാരംകൂടി താങ്ങാന്‍ ശേഷിയില്ലായിരുന്നു.

മൊഹിയുദ്ദീന്‍ എം.പി.


'മൊഹി' എന്നു കൂട്ടുകാര്‍ 
സ്‌നേഹത്തോടെ വിളിയ്ക്കുന്ന
 എന്ന ബ്ലോഗിന്റെ കൊച്ചുമുതലാളി 

7.10.12

കോയാസ് കൊടിഞ്ഞി ...


കാര്‍ട്ടൂണിസ്റ്റും 'കോയാസ് കാര്‍ട്ടൂണ്‍സ്‌'
എന്ന ബ്ലോഗിന്റെ ഉടമയുമായ