25.9.14

ആധി സൃഷ്ടിച്ച വ്യഥ

വര്‍ഷങ്ങള്‍ക്കു ശേഷം
തറവാടും തൊടികയും
'സ്ഥാവരജംഗമ'ങ്ങളും
വീതം വയ്ക്കുന്നയന്നാണ്
മക്കള്‍ കയറിവരുന്നത്...!

ഓരോരുത്തരെയായി
ആലിംഗനം ചെയ്യുന്ന
അച്ഛന്റെ മനസ്സിലപ്പോള്‍
ഹര്‍ഷവും മോദവുമല്ലായിരുന്നു,

ആലിംഗനത്തിന്റെ മറവില്‍
ശുഷ്‌കിച്ചു വിറയാര്‍ന്ന
ആ കൈകള്‍ തിരഞ്ഞത്
'ഇവരെവിടെയെങ്കിലും
ഒളിപ്പിച്ചുവച്ചിട്ടുണ്ടോ
മാരകായുധങ്ങളെ'ന്ന
ആധി സൃഷ്ടിച്ച വ്യഥ മാത്രം!
(((((((((( Facebook ))))))))))

24.9.14

നന്നാക്കിയെഴുത്ത്‌

'അക്ഷരത്തെറ്റു വരുത്തരുത്, 
അക്ഷരത്തെറ്റു വരുത്തരുത്,
നന്നാക്കി എഴുതണ' മെന്ന് 
എപ്പോഴും പറഞ്ഞതിനാല്‍
അഞ്ചാംക്ലാസ്സുകാരന്‍ പയ്യന്‍
'നന്നാക്കി' എഴുതിത്തുടങ്ങി....
അന്നവന്‍ എഴുതിയത്
'അകഴുതവമായ നന്ദി' 
എന്നതായിരുന്നു...! 
((((((((((( FB ))))))))))

23.9.14

സൗന്ദര്യമുള്ള വാക്ക്‌

ഒരു ഇറ്റാലിയന്‍ കഥയുണ്ട്:
പതിവുപോലെ ആ അന്ധയാചകന്‍ തെരുവില്‍ തന്റെ ഭിക്ഷപ്പാത്രവുമായി യാചന തുടങ്ങി. സമീപത്തു വച്ച ഹാര്‍ഡ്‌ബോര്‍ഡ് കഷ്ണത്തില്‍
'ഞാന്‍ അന്ധനാണ്, ദയവായി സഹായിക്കുക'
എന്ന് എഴുതിയിട്ടുമുണ്ട്. തെരുവിലൂടെ പോകുന്ന ജനങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രം അയാളെ ഗൗനിക്കുകയും നാണയത്തുട്ടുകള്‍ നല്‍കുകയും ചെയ്തു.

വഴിയേപോയ വിദ്യാസമ്പന്നയും സദ്‌സ്വഭാവിയുമായ ഒരു പെണ്‍കുട്ടിയുടെ കണ്ണിലും 'ഈ കാഴ്ചയും അവിടെയെഴുതിവച്ച വചനങ്ങളു'മുടക്കി.
അന്ധയാചകനോട് സഹതാപം തോന്നിയ അവള്‍ ചില്ലറ നാണയത്തുട്ടുകളിടുന്നതിനുപകരം ആ ബോര്‍ഡിന്റെ മറുഭാഗത്ത് എന്തോ എഴുതിവച്ച് അത് ജനങ്ങള്‍ കാണുംവിധത്തില്‍ പ്രദര്‍ശിപ്പിച്ചു.
അന്നയാള്‍ക്ക് വലിയൊരു സംഖ്യതന്നെ ലഭിച്ചു. വൈകുന്നേരം പെണ്‍കുട്ടി ജോലികഴിഞ്ഞു തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശം അവള്‍ക്കും ആത്മനിര്‍വൃതി പകര്‍ന്നു.

ബോര്‍ഡില്‍ എഴുതിവച്ചത് ഇപ്രകാരമായിരുന്നു:
'ഇന്നത്തെ ദിവസത്തിനെന്തൊരു മനോഹാരിത!
പക്ഷേ, എനിക്കത് കാണാന്‍ കഴിയുന്നില്ലല്ലോ..!'

നമ്മുടെ വാക്കുകള്‍ ഭംഗിയുള്ളതാക്കുക,
നമ്മുടെ ലോകം തന്നെ നമുക്കു മാറ്റിയെടുക്കാം...!
((((((((((((((((((((Facebook)))))))))))))))))))

22.9.14

ഇകാരം!

ഇന്നലെ ഗള്‍ഫില്‍നിന്നുവന്ന ഫ്രണ്ട് സലീമിനെക്കണ്ടപ്പോള്‍ ഓര്‍മ്മവന്നതാ
(ടാഗരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. )

പതിനേഴുവര്‍ഷം മുമ്പത്തെ കാര്യമാണ്.
മനോഹരമായി കവിതയെഴുതുന്ന സലീം, മത്സരത്തിനെഴുതിയ കവിത വായിച്ച് സരസനും ഭാഷാപണ്ഡിതനുമായ അപ്പുക്കുട്ടന്‍ മാഷ് എന്തിനാണിങ്ങനെ പൊട്ടിച്ചിരിക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികളായ ഞങ്ങള്‍ക്കു മനസ്സിലായില്ല.

അവന്റെ കവിത ഞങ്ങള്‍ നാലുപേരും നാലാവര്‍ത്തി വായിച്ചതാണ്. അതില്‍ നര്‍മ്മമല്ല പ്രമേയം, പ്രണയമാണല്ലോ!! പിന്നെയുമെന്തിത്ര ചിരിക്കാന്‍!
ഞങ്ങളുടെ 'പുജ്ഞം' കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍ മാഷ് സലീമിന്റെ രചനയുള്ള 'കള്ളാസ്' ബാബുവിന്റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു:
'നാലു കലാകാരന്മാരും ഒരാവര്‍ത്തി കൂട്യങ്ങ്ട് വായിക്ക്യാ! '

ബാബു വായിച്ചു.

ഞാനും വായിച്ചു.

സലീമും സ്വന്തം രചന വീണ്ടാമതും വായിച്ചു നോക്കി.

സുരേഷ് 'വേണം വേണ്ടാ' എന്ന മട്ടില്‍ വായിച്ചു തീര്‍ത്തു.

'നിന്റെ പിന്‍വിളി കേള്‍ക്കാന്‍
കാതോര്‍ത്തിരുന്നു ഞാന്‍ സഖീ...
നീയെന്ന സ്വപ്നത്തില്‍
എന്നുടെ ആത്മാവ് ചാലിച്ചിരുന്നു സഖീ...'

അപ്പുക്കുട്ടന്‍ മാഷ് പിന്നെയും ചിരി തന്നെ.
പിന്നെ, കട്ടിയുള്ള കണ്ണടയ്ക്കു മുകളിലൂടെ നാല്‍വര്‍ സംഘത്തെ നോക്കി പറഞ്ഞു:

'കണ്ണു തുറന്നു നോക്കണം. മനസ്സു കൊണ്ട് കാണണം. ഒരു ചെറിയ തെറ്റ് വലിയ അര്‍ത്ഥ വ്യത്യാസമുണ്ടാക്കും. മലയാളത്തെ നാമായിട്ടു ക്രൂശിക്കരുത്.'

'മാഷ് പറഞ്ഞുവരുന്നത്…? '
സലീം ചോദിച്ചു.

'ഡാ മണുങ്ങൂസേ, കവിതയൊക്കെ ഭേഷായിരിക്കുണൂ. പക്ഷേ....'

'പക്ഷേ?'
ഞങ്ങ നാലുപേരും മാഷെ നോക്കി.

'പിന്‍വിളി'യിലെ 'വിളി'യുടെ 'വ' യ്ക്ക് ഇകാരമില്ലെടാ കൊലാകാരന്മാരേ!!!
ആദ്യം ആ തെറ്റങ്ങ്ട് തിരുത്ത്വാ! '
ഠിം!  :D :P
(((((((((((((((((((((((((( Facebook ))))))))))))))))))))

21.9.14

ക്ലോസ് അപ്പോ ഡൗണോ...!?


കടയില്‍ നിന്ന് പേസ്റ്റ് ക്ലോസപ്പ് തന്നെ വേണമെന്ന് ശ്രീമതി പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് ക്ലോസപ്പിന് പ്രത്യേക ഗുണനിലവാരമെന്തെങ്കിലും പുള്ളിക്കാരി കണ്ടെത്തിക്കാണുമെന്നാണ്.
പക്ഷേ, വീട്ടിലെത്തിയയുടനെ ക്ലോസപ്പിന്റെ കവറും മൊബൈല്‍ ഫോണുമായി വന്നിരിക്കുന്നു.
'എന്താ സംഭവം?' ഞാന്‍ ചോദിച്ചു.
'ഇപ്പൊഴും അറിഞ്ഞിട്ടില്ല അല്ലേ? ദോക്കിന്‍, ഇതിനു വെറും പതിനേഴു രൂപയേൂള്ളൂ. ഇതില്‍ പത്തുരൂപയുടെ റീചാര്‍ജ്ജ് ഫ്രീയാ  '
'ആഹാ! അതു കൊള്ളമല്ലോ! ന്നാ ഞമ്മക്ക് രണ്ടുമൂന്നു ക്ലോസപ്പുകൂടി വാങ്ങണം!  '
പാക്കിനു പുറത്ത് എഴുതിയിരിക്കുന്നു, 'റീചാര്‍ജ്ജാനുള്ള' സൂത്രവാക്യങ്ങള്‍. 09029011155 എന്ന നമ്പറിലേക്ക് മിസ്‌കോള്‍ ചെയ്യുകയാണ് ആദ്യപടി. അപ്രകാരം ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍……
അതാവരുന്നു, ഒരു കോള്‍.
ഓടിച്ചെന്നെടുത്തു അവള്‍.
'ഏതൊക്കെയോ നമ്പര്‍ അമര്‍ത്താന്‍ പറയുന്നു!'
'ങാ! അമര്‍ത്തിക്കോ'
'കൂടു പൊളിക്കിന്‍
കൂടു പൊളിക്കിന്‍!'
'എന്തു കൂട് ഹബീബീ?'
'ആ ക്ലോസപ്പിന്റെ കൂട് പൊളിക്കിന്‍ മന്‍സാ വേഗം  '
പായ്ക്ക് കട്ട് ചെയ്ത് അതിനുള്ളിലെ രഹസ്യകോഡ് എന്റര്‍ ചെയ്യാനാണു നിര്‍ദ്ദേശം.
അങ്ങനെ ഞാന്‍ പറഞ്ഞു കൊടുത്തു. അവള്‍ ടൈപ്പി.
അയല്‍പക്കത്തെ സക്കീനക്കും ബിന്ദൂനുമൊക്കെ പത്തുരൂപ റീചാര്‍ജ്ജായ കാര്യവും ടൈപ്പുമ്പോള്‍ അവള്‍ പറയുന്നുണ്ട്.
ടൈപ്പിത്തീര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ മെസ്സേജ് വന്നു!
ആഹാ! ആവേശത്തോടെ നല്ലപാതി മെസ്സേജ് നോക്കി. അത് വായിക്കുന്തോറും മുഖഭാവം കടന്നല്‍ കുത്തിയപോലെ മാറിമറിയുന്നുണ്ട്.
മംഗ്ലീഷിലുള്ള ആ മെസ്സേജ് ഇങ്ങനെയായിരുന്നു:

'Closeup recharge offeril panketuthathinu Nanni. Ettavana tangal netiyilla ennathil khedikkunnu. Eniyum Closeup recharge offer packkukal vaangi recharge netuvan sadhyata orukkuka' :D


((((((((((((((((((((((((((Facebook ))))))))))))))))))))))
 

20.9.14

ന്യൂ ജെന്‍ ഗ്യാപ്പിന്റെ വ്യാപ്തി

ബസ് യാത്രയിലാണ്…

കോഴിക്കോട്ടുനിന്ന് മണ്ണാര്‍ക്കാട്ടേക്ക്.
മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാന്‍ സൈഡ് വിന്‍ഡോയ്ക്കരികില്‍.
നടുവിലൊരു വൃദ്ധന്‍.
സീറ്റിന്റെ തെല്ലില്‍ ഒരു ന്യൂ ജെന്‍ പയ്യന്‍ മൊബൈലില്‍ സൊള്ളിത്തുടങ്ങി!
**************

വൃദ്ധന്‍ ഇരുന്നുറങ്ങിപ്പോയി.
ഗാഢനിദ്രയിലായപ്പോള്‍ പയ്യന്റെ തോളിലേക്ക് ചാഞ്ഞു.
പയ്യന്‍ അതിനനുസരിച്ച് 'തോള്‍ ഡാന്‍സ്' കളിച്ച് വൃദ്ധന്റെ ഉറക്കം ഫസാദാക്കുന്നുമുണ്ട്.
ഞാന്‍ മൊബൈലില്‍ കുത്തുകയാണെങ്കിലും പയ്യന്റെ 'അണ്‍സഹിക്ക്ബ്ള്‍ പ്ലസ് പുച്ഛ മിശ്രിത മോന്തായം' കാണുന്നുണ്ട്.
രാമനാട്ടുകര കഴിഞ്ഞപ്പോള്‍ ചെക്കന്റെ 'ക്ഷമാ നെല്ലിപ്പലക'കള്‍ സര്‍വ്വവും പൊട്ടിത്തരിപ്പണമായതിനാല്‍ വയസ്സനാണെന്ന ഒരു പരിഗണനയുമില്ലാതെ നാലു 'വായപ്പടക്ക'മങ്ങു പൊട്ടിച്ചു!
പാവം വൃദ്ധന്‍! ക്ഷമിക്കണമെന്നോ സോറിയെന്നോ പറയാനറിയാത്തതിനാലാവാം നോട്ടം കൊണ്ട് അവനോടതുപറഞ്ഞു.
അവന്‍ തണുത്തു.
വീണ്ടും സൊള്ളലിലായി!
വൃദ്ധന്റെ ഉറക്കം പമ്പയും എരുമേലിയും കടന്നു.
ഞാന്‍ മൊബൈല്‍ പോക്കറ്റിലിട്ട് ഒരു പുസ്തകം വായിക്കാന്‍ തുടങ്ങി.

*************

ബസ് പൂക്കോട്ടൂര്‍ എത്തിയപ്പോഴാണ് ഞാന്‍ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തിയത്. അപ്പോള്‍ കണ്ടത് ഒരു 'കാഴ്ച' തന്നെയായിരുന്നു.
ചെറുക്കന്‍ സുഖസുഷുപ്തിയിലാണ്; ആ മനുഷ്യന്റെ തോളില്‍!
അദ്ദേഹത്തിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത സമ്മിശ്ര ഭാവങ്ങളുള്ള ഒരു സ്മിതം ഒട്ടിച്ചുവച്ചിട്ടുണ്ട്.
ഞാന്‍ ചെറുക്കനെ ഉറക്കില്‍ നിന്ന് വിളിച്ചുണര്‍ത്തിക്കൊണ്ട് 'അപ്പോള്‍ തന്നെ' സംഭവം സ്‌നേഹപൂര്‍വ്വം ധരിപ്പിച്ചു.
'നേരത്തെ നിന്റെ തോളിലേക്കു ചാഞ്ഞുറങ്ങിയതിനു നീ ദേഷ്യപ്പെട്ട ഇദ്ദേഹത്തിന്റെ തോളിലായിരുന്നു നീ ഇത്രയും നേരം ഉറങ്ങിയത്.'
അവന്‍ ചൂളിപ്പോയി.
മാപ്പൊന്നും പറഞ്ഞില്ലെങ്കിലും അവനു കുറ്റബോധമുണ്ടാവും, ഉറപ്പ്!

ഈ ന്യൂ ജെനറേഷന്‍ ഗ്യാപ്
( _____________ ധിത്രേം ____________________________ )
വരും അല്ലേ?

ഞാന്‍ കരുതി,  ( _______ )
ഇത്രയൊക്കെയേ ഉണ്ടാവൂന്ന്!!!

(ബസ് യാത്രയില്‍ മലപ്പുറത്തുനിന്ന് എഫ്.ബിയില്‍ പോസ്റ്റിയത്‌)
(((((((((((((((((Facebook )))))))))))))))))))))


18.9.14

പൊഴിഞ്ഞുടഞ്ഞ കുഞ്ഞുതുള്ളി

യാത്രകളില്‍ മറക്കാനാവാത്ത പല അനുഭവങ്ങളമുണ്ടാകാറുണ്ട്..
പലപ്പോഴും ഹൃദയം നുറുങ്ങുന്ന ചില കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയും വന്നിട്ടുണ്ട്...

2004 ലാണ്...
ഒരുസംഭവമിപ്പോഴും മറവിയുടെ മാറാല പറ്റാതെ കിടപ്പുണ്ട്, മനസ്സകത്ത്.
മധുരയില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ യാത്ര. പോക്കുവെയില്‍ മഞ്ഞയണിഞ്ഞ നേരത്താണ് കേരളത്തിന്റെ ബോര്‍ഡറിലെ പേരോര്‍മയില്ലാത്ത ആ സ്‌റ്റേഷനില്‍ വണ്ടി കിതച്ചുനിന്നത്. കുറച്ചുപേരിറങ്ങി. രണ്ടുമൂന്നുപേര്‍ കയറി. ഇപ്പോഴും ഇരിക്കുന്ന യാത്രക്കാര്‍ മാത്രമേയുള്ളൂ...

പത്തുപന്ത്രണ്ട് വയസ്സുതോന്നിക്കുന്ന ഒരു തമിഴ് പെണ്‍കുട്ടി വണ്ടിയിലേക്കു കയറിവന്നു. കൈക്കുഞ്ഞായ തന്റെ അനിയന്‍കുട്ടിയെ ശരീരത്തിലുണ്ടാക്കിയ താത്കാലികത്തൊട്ടിലിലുറക്കിക്കിടത്തിയിട്ടുണ്ട്. മുഖവുരകളേതുമില്ലാതെ അവള്‍ 'അയേ അജ്‌നബി തു ഭി കഭി..' എന്ന ഗാനം മനോഹരമായി പാടുകയാണ്...
അവളുടെ കണ്ണിലെ ദയനീയഭാവവും ഗാനത്തിന്റെ വരികളിലിഴുകിച്ചേര്‍ന്നുള്ള ആലാപനവും ഏതു കഠിനഹൃദയന്റേയും കണ്ണുനനയിക്കുന്നതായിരുന്നു... പാട്ടിനൊപ്പം പാട്ടയിലേക്ക് നാണയത്തുട്ടുകള്‍ വീണുകൊണ്ടിരുന്നു...

പാട്ടിന്റെ രണ്ടാമത്തെ അനുപല്ലവി കഴിഞ്ഞ് കലാശക്കൊട്ടിനായി പല്ലവിയിലേക്ക് മടങ്ങുമ്പോഴാണ് മുറുക്കിച്ചുവന്ന് വികൃതമായ ദന്തങ്ങളെക്കൊണ്ട് ഗോഷ്ടികാണിച്ചൊരു മനുഷ്യരൂപം അവളുടെയടുത്തെത്തുന്നത്. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.

'പാട്ടേരീടെ അച്ഛനാണ്...'
സ്ഥിരം യാത്രക്കാരനാണെന്ന് നേരത്തെ പരിചയപ്പെടുത്തിയ സഹയാത്രികന്‍ എടപ്പാള്‍ സ്വദേശി ചിന്നേട്ടന്‍ കുറച്ചുറക്കെപ്പറഞ്ഞു.
അടുത്തിരിക്കുന്നവരൊക്കെ അതു കേട്ടുകാണണം.
'ആള് മുഴുക്കുടിയനാണ്. ഇവറ്റകളുടെ കയ്യിലുള്ളതൊക്കെ പന്നി വെള്ളമടിക്കാനായി തട്ടിപ്പറിക്കും. അതാണോളെ മോത്തൊരു പേടി. തള്ള രണ്ടുമൂന്നു മാസം മുമ്പ് വണ്ടിക്കുതലവച്ചു. ഓര്‍ക്കിടയിലെ എന്തോ ചില്ലറ പ്രശ്‌നങ്ങളാ... ഇവറ്റയൊക്കെ ഇങ്ങനെയാ...മക്കള് പാവം!'
ചിന്നേട്ടനൊരു പുച്ഛസ്വരത്തില്‍ സ്വകാര്യമായാണ് ഇത് പറഞ്ഞത്.
അമ്മയില്ലാത്തതിന്റെ നൊമ്പരം...
കുടിയനായ അച്ഛന്റെ ഉപദ്രവം...
രണ്ടുകുഞ്ഞുവയറുകള്‍ നിറക്കാനുള്ള പരിശ്രമം...
വല്ലാത്തൊരു ശൂന്യതയെന്നെ പിടികൂടി...
വണ്ടി നീങ്ങിത്തുടങ്ങിയിരിക്കുന്നു ...!

അയാള്‍ അടുത്തെത്തുമ്പോള്‍ ചീറ്റപ്പുലിയെക്കണ്ട മാന്‍കുട്ടിയുടെ ദൈന്യത അവളുടെ മുഖത്ത് പ്രകടമായി. അവള്‍ പാടിയ അവസാനത്തെ നാലുവരികള്‍ക്ക് ആവശ്യത്തിലപ്പുറം സംഗതിയുണ്ടാക്കിയത് വിറയെന്ന വികാരം..!
പാട്ടുപാടിത്തീര്‍ന്നയുടനെ അവളുടെ കൈയിലെ പണം തട്ടാനായിരുന്നു അയാളുടെ ശ്രമം. യാത്രക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാനാവും മുമ്പേ അയാള്‍ അവളുടെ കൈയില്‍ പിടിച്ചു. രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തുന്നുണ്ടവള്‍.

കുതറിമാറി എടുത്തുചാടുമ്പോള്‍ അയാള്‍ക്ക് അവളുടെ തോളിലെ തുണിത്തൊട്ടിലിലാണ് പിടുത്തം കിട്ടിയത്. അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത ഒരു മധ്യാവസ്ഥയില്‍ കുറേ സെക്കന്റുകള്‍ ട്രെയിനിന്റെ വാതില്‍ക്കമ്പിയില്‍ പിടിച്ച് വായുവില്‍ കുതറിയ ശേഷം മോള്‍ പ്ലാറ്റ് ഫോമിലേക്കും മോന്‍ പാളത്തിലേക്കും വീണു.

ഒന്നേ നോക്കിയതുള്ളൂ....! ഹൃദയം പിടഞ്ഞു പൊടിഞ്ഞു പോവുന്ന കാഴ്ച കാണാനാവാതെ കണ്ണുകളിറുകെച്ചിമ്മി. അടര്‍ന്നുപൊഴിഞ്ഞുരഞ്ഞുപോയൊരു കുഞ്ഞുപൂവിതള്‍...
വണ്ടിയുടെ വേഗതകൂടി; ഹൃദയമിടിപ്പിന്റേയും!

യാത്രക്കാരെല്ലാം ഒരു നിമിഷം സ്തബ്ധരായി....

ആരൊക്കെയോ കൂവിവിളിക്കാനും ശബ്ദമുണ്ടാക്കാനും തുടങ്ങി പിന്നെ...

വലിയൊരു വേദനയെ പിന്നിലാക്കി തീവണ്ടിച്ചക്രങ്ങള്‍ പാളങ്ങളെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു...
കണ്ണുതുറന്ന് ബാക്കിലേക്കു നോക്കുമ്പോള്‍ തലയില്‍ കൈവച്ച് വിലപിക്കുന്ന ആ പെണ്‍കുട്ടിയെ നിറഞ്ഞകണ്ണുകളിലൂടെ അവ്യക്തമായിക്കണ്ടു. അവളെ ദൂരെയാക്കി ട്രെയിന്‍ നീങ്ങുമ്പോള്‍ നിസ്സഹായതയുടെ കോടമഞ്ഞിനുള്ളിലാണെന്നുതോന്നി.....

പിറ്റേന്നു പത്രങ്ങളെല്ലാം മറിച്ചുനോക്കി...

കണ്ടില്ല, ഒരുപൊട്ട് വാര്‍ത്തപോലും...!

അല്ലെങ്കിലും ഇതൊന്നും ഒരു വാര്‍ത്തയല്ലല്ലോ...!

അല്ല, ഇനി വാര്‍ത്ത വന്നിട്ടെന്താ കാര്യം...!
തിരിച്ചുകിട്ടുകയില്ലല്ലോ നഷ്ടപ്പെട്ടത്....!
((((((((((((((((((((((Facebook )))))))))))))))))))))

ബൈത്തുര്‍റഹ്മ!

'അവന്‍ നമ്മുടെ പാര്‍ട്ടിക്കാരനാണ്
ആയതിനാല്‍ അവനെ സഹായിക്കേണ്ടേ...?'

'അയാള്‍ നമ്മുടെ പ്രവര്‍ത്തകനാണ്, 
ചികിത്സാ സഹായം നല്‍കേണ്ടതുണ്ട്...'

'മൂപ്പര്‍ നമ്മുടെ ഗ്രൂപ്പുകാരനാണ്,
കുട്ട്യോള്‍ടെ പഠനം നാമേറ്റെടുക്കണം...'

വിവേചനത്തിന്റേയും വിവേകമില്ലായ്മയുടേയും 
ഇത്തരം സ്വരങ്ങള്‍ക്കിടയിലാണ് 
ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള 
ബൈത്തുര്‍റഹ്മ ഭവനനിര്‍മാണവും 
കുടിവെള്ള പദ്ധതിയും വേറിട്ടുനില്‍ക്കുന്നത്...!

കണ്ണീരൊപ്പുകയാണിതിന്റെ അണിയറക്കൂട്ടം;
വേര്‍തിരിവുകളെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ...!
മുന്നേറുക പ്രിയപ്പെട്ടവരേ, 
കാലം നിങ്ങളെ നെഞ്ചേറ്റും...!
അഭിവാദ്യങ്ങള്‍......  !
((((((((((((((((Facebook )))))))))))))))

17.9.14

ലൈക്കും കമെന്റും പെണ്ണിന് !

'നിനക്കിത്ര ലൈക്കും 
കമെന്റും ലഭിക്കുന്നത് 
പെണ്ണേ, നീയൊരു 
പെണ്ണായതിനാലാണെ'ന്നും
'നിനക്കു കിട്ടുന്ന
ഓരോ കമെന്റിലും
വിശന്നു ദാഹിക്കുന്ന
കഴുകക്കണ്ണുകളുണ്ടെ'ന്നും
പറഞ്ഞ് അയാള്‍ അവള്‍ക്കു
കമെന്റുകളിട്ടുകൊണ്ടേയിരുന്നു....!
(((((((((((( Facebook )))))))))))))))

13.9.14

വില്ലന്‍ പാട്ട്‌

അങ്ങേയറ്റത്തെ 'കുഞ്ഞിരായിന്‍ കുടുക്ക്' കുടുങ്ങിയപ്പോഴാണ് കിട്ടാനുള്ള രൂപയ്ക്കു വേണ്ടി കൂട്ടുകാരനെ വിളിച്ചത്. അപ്പോഴതാ 'നിങ്ങള്‍ വിളിച്ച സബ്‌സ്‌ക്രൈബര്‍ പരിധിയ്ക്കു പുറത്താണെ'ന്ന കിളിമൊഴി!

അവന്‍ എപ്പോള്‍ പരിധിക്കകത്താകുമെന്നതിനു ലാ തുമ്പ വ ലാ വാല!
എന്നാപിന്നെ ഗള്‍ഫുകാരനായ അയല്‍വാസി ഇക്കയോടു വായ്പ ചോദിച്ച് വിളിക്കാമെന്നുറച്ചു നമ്പര്‍ കുത്തി. മറുപടിയുടനെക്കിട്ടി. 'പുള്ളിക്കാരന്റെ കുന്ത്രാണ്ടം ഓഫായെ'ന്ന്! ഈ ബി.എസ്.എന്‍.എല്ലിനൊക്കെ എന്താ ഒരു ശുഷ്‌കാന്തി!

ഒന്നീപ്പിഴച്ചാല്‍ മൂന്നാണെന്നാണല്ലോ. ഓഫീസിലെ കൂട്ടുകാരന്റെ നമ്പറിലേക്കാണ് അടുത്ത ഉന്നം. ശുഭപ്രതീക്ഷയോടെ മൊബൈല്‍ കാതോടു ചേര്‍ത്തു.
ന്റുമ്മോ! വേണ്ടിയിരുന്നില്ലെന്നു തോന്നി. കാരണമെന്തെന്നോ! ടിയാന്റെ കോളര്‍ ടോണ്‍ തന്നെ:
'നയാ പൈസയില്ലാ കയ്യില്‍ നയാ പൈസയില്ലാ …!'

താടിക്കു കയ്യും കൊടുത്തങ്ങനെ ഇരുന്നപ്പോഴാണ് സരസനും മുന്‍കോപിയുമായ മറ്റൊരു കൂട്ടുകാരന്‍ വീട്ടിലെത്തിയത്. അവന്റെ പോക്കറ്റ് എന്റേതിനേക്കാള്‍ ശൂന്യമാണെന്നത് അറിയാമെങ്കിലും കാര്യം അവനോടും പറഞ്ഞു. അവന്‍ സാധാരണ എന്തെങ്കിലും 'തിരിമറി' ചെയ്യാറുണ്ട്. ഉടനെത്തന്നെ അവന്‍ അവന്റെ ഫ്രണ്ടിന്റെ നമ്പര്‍ കുത്തി.

അല്‍പം കഴിഞ്ഞപ്പോള്‍ ഇരിക്കുന്നിടത്തു ചാടിയെഴുന്നേറ്റ് അവന്‍ നാലു പച്ചത്തെറി:
'്$%*്$& അതു നിന്റെ ഓളെ എളാപ്പാടെ അമ്മായീടെ നാത്തൂനോട് ചോദിക്ക് %$%&! '
'ന്താടാ?' ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
അവന്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി:
ഠിം!

ഹ ഹ ! ചിരിക്കണോ കരയണോ.
ഇവിടേം പാട്ടു തന്നെ വില്ലന്‍:
'കയ്യിലു മുന്തിരിച്ചാറുണ്ടോ ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ…!!'

((((((((((((((((((((((( Facebook )))))))))))))))))))))

12.9.14

അസ്തഗ്ഫിറുള്ളാഹല്‍ അളീം....

പള്ളിയുടെ മട്ടുപ്പാവിലിരുന്നാണ് 
ഹസനുല്‍ ബസ്വരിയുടെ ഖുര്‍ആന്‍ പാരായണം...
വിശുദ്ധസൂക്തങ്ങളുടെ മാസ്മരികതയിലൂടെയാണ് 
ആത്മീയഗുരുവര്യന്റെ അംഗുലീസ്പര്‍ശം...
ആ കണ്ണുകളില്‍ പ്രതിബിംബിക്കുന്നത് 
വിശുദ്ധവചനങ്ങളുടെ സൗന്ദര്യോല്ലേഖനം...
ആ അധരങ്ങളിലൂടെ പൊഴിഞ്ഞുവീഴുന്നത് 
വചനസൗകുമാര്യതയുടെ മൃദുമന്ത്രണം.....
നന്മയ്ക്കുള്ള പ്രതിഫലങ്ങളും 
തിന്മയ്ക്കുള്ള കഠിനശിക്ഷകളും 
വ്യാഖ്യാനിക്കുന്നിടത്ത് 
ആ കണ്ണുകള്‍ തറഞ്ഞുനിന്നു...
വീണ്ടും ഒരാവര്‍ത്തി അതുതന്നെ 
വായിച്ചു ഹസന്‍....!
ഹൃദയമിപ്പോള്‍ പെരുമ്പറകൊട്ടുന്നുണ്ട്....
അധരങ്ങള്‍ വിറകൊള്ളുന്നുണ്ട്....
കണ്ണുകള്‍ സജലങ്ങളാകുന്നുണ്ട്.
നാഥാ...! ഹസന്റെ തിന്മകള്‍....
ഇന്നലെകളിലെ പിഴവുകള്‍ ...
അവിവേകങ്ങള്‍, വിചാരമില്ലായ്മകള്‍...
ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍ 
ഉരുണ്ടടര്‍ന്നു വീണു ചുടുകണ്ണീര്‍.. 
തേങ്ങലുകള്‍ കണ്ഠങ്ങളില്‍നിന്ന് മേലോട്ട്....
ചുടുകണങ്ങള്‍ കവിളുകളിലൂടെ താഴോട്ട്....
ഒരു തുള്ളിയടര്‍ന്നു വീണ് താഴെയുള്ള 
ഒരാളുടെ വസ്ത്രത്തിലേക്ക്...
അതവിടെക്കിടന്ന് ചിതറിപ്പരന്നാണ്ടുപോയി....
അയാള്‍ മുകളിലേക്കു വിളിച്ചുചോദിച്ചു:
ഹസന്‍, ഇത് ശുദ്ധജലം തന്നെയല്ലേ...?
നജസ് (മാലിന്യം) ഒന്നുമല്ലല്ലോ....! 
എനിക്ക് നിസ്‌കരിക്കാനുള്ളതാണ്...
ഹസനുല്‍ ബസ്വരി അയാളോട് പ്രതിവചിച്ചു:
'സഖേ, ക്ഷമിക്കൂ എന്നോട്...
ദയവായി അതൊന്നു കഴുകിക്കളയൂ...
പാപിയുടെ കണ്ണില്‍നിന്നടര്‍ന്നുവീണ
മലിനമായ കണ്ണീര്‍ത്തുള്ളിയാണത്....!'
ദീര്‍ഘയാത്രയ്ക്കു ശേഷം കാറ്റുകൊണ്ട്
പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച മുഖത്തേക്ക്
ഇരു കൈകളിലും കോരിയെടുത്ത
തണുത്ത വെള്ളമെറിയുമ്പോഴുള്ളൊരനുഭൂതി..!
അത് പ്രായശ്ചിത്തത്തിന്റെ കുഞ്ഞു ഉദാഹരണം..
തിന്മകളുടെ ഭാണ്ഡക്കെട്ടുകളും ചുമലില്‍ ചുമന്ന്
നാമെത്രദൂരമിനിയും...?
അതാ, അവിടെയൊരു വാതില്‍ തുറന്നുകിടപ്പുണ്ട്...
തൗബക്കൊരു വാതില്‍....
പ്രായശ്ചിത്തത്തിന്റെ വാതില്‍...
അതിലൂടെയെത്താം സര്‍വശക്തന്റെയരികില്‍...
അവന്‍ കരുണാവാരിധിയത്രേ...
അല്ല, അവനോളം കരുണ ചെയ്യുന്നവരില്ലത്രേ...
കൂട്ടുകാരാ,
ഇപ്പോള്‍ നിന്റെ ഹൃദയത്തില്‍ നിന്നും 
ഒരു തേങ്ങലിന്റെ ഓളമുണ്ടോ...?
ഒരു മിടിമിടിപ്പുണ്ടോ....?
ഉണ്ടെങ്കില്‍ നിന്നില്‍ നിന്ന് അടര്‍ന്നുപോയിട്ടില്ല
നന്മയുടെ പൊട്ട്...!

(((((((((((((((((((( Facebook )))))))))))))))))))

10.9.14

ഉണ്ടായ്മയുണ്ടാകുമാറാകേണം

'കടങ്ങളില്ലാതെ
അഭിമാനിയാവണം'
എന്നാണാഗ്രഹം
പക്ഷേ,
ഈ 'തോടുകൾ
പുഴ കടക്കാൻ
അനുവദിക്കുന്നില്ല!'
— feeling ഉണ്ടായ്മയുണ്ടാകുമാറാകേണം.
((((((((((((((( Facebook ))))))))))))

7.9.14

സവാഹിരിയുടെ വരവോ!?

മതം ഒരിക്കലും പേടിപ്പെടുത്തുന്ന/ പേടിപ്പെടുത്തേണ്ട ഒന്നല്ല. മതമെന്തെന്നറിയാത്ത അൽപന്മാരാണു 'മത'ത്തിന്റെപേരിൽ 'മദ'മിളകുന്നത്‌. മതങ്ങളെല്ലാം നന്മയാണ്‌. മതത്തെ സ്നേഹിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും പകരമായി 'മതസംരക്ഷകർ' എന്നൊരു വിഭാഗം ഇറങ്ങിയതാണ്‌ സകല പ്രശ്നങ്ങൾക്കും ഹേതു.
കേരളത്തിൽ ഇസ്‌ലാമിന്റെ പേരുപറഞ്ഞു പല കാലങ്ങളിൽ പല കോലങ്ങളിലിറങ്ങിയ രക്തദാഹികളെ അർഹിക്കുന്ന അവഗണനയോടെ ചവറ്റുകുട്ടയിലെറിഞ്ഞ പാരമ്പര്യമുള്ള മതം 'പഠിച്ച' മതം 'അറിഞ്ഞ' കേരളീയ മുസ്‌ ലിം മാനസങ്ങളിൽ ഒരു സവാഹിരിചെറ്റകൾക്കും കയറിക്കൂടാനാവില്ല. രാജ്യദ്രോഹികളെ നേരിടാൻ അവർ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കും!
എടോ,
ഇല്ലാക്കഥകൾ പ്രചരിപ്പിച്ചും കൊതുകിനെ ആനയാക്കിപ്പെരുപ്പിച്ചും ഞങ്ങളെ ഒരു തീവ്രവാദിക്കും മസ്തിഷ്കപ്രക്ഷാളനം ചെയ്യാനാവില്ല. വിരലിലെണ്ണാവുന്ന ചോരക്കൊതിയന്മാരെ ഞങ്ങൾ ഒറ്റപ്പെടുത്തും! ഒരു വിഷവിത്തും ഈ ഭൂമിയിൽ വിതയ്ക്കാൻ ഞങ്ങളനുവദിക്കില്ല, കട്ടായം!

4.9.14

പെരുച്ചാഴി!

മോള്‍ക്ക് പഠനാവശ്യത്തിനായി ഗൂഗിളില്‍ ഒരു ചിത്രം സെര്‍ച്ച് ചെയ്ത് കിട്ടാത്ത വിഷമത്തിലിരിക്കുകയായിരുന്നു അയാള്‍.
മുമ്പില്‍വന്നു നിന്ന് ഇന്റര്‍നെറ്റ് വിരോധിയായ ഭാര്യ പരിഹാസച്ചുവയില്‍ പറഞ്ഞു :

'ഹും! എന്തൊക്കെ പുകിലായിരുന്നു...!
ഗൂഗിളീന്നു കിട്ടും, പ്രിന്റെടുക്കാം...
വിശദമായ വിവരങ്ങളറിയാം...
എന്നിട്ടിപ്പോ എന്തായി...?

അപ്പൊത്തന്നെ പത്തുരൂപ മുടക്കി ആ ചാര്‍ട്ടങ്ങ്ട് വാങ്ങ്യാപ്പോരായിരുന്നോ...?
വെറുതെയല്ല ഇങ്ങളെ എല്ലാരും പിശുക്കനെന്നു വിളിക്കുന്നത്..  '
ഇംഗ്ലീഷില്‍ വിവരമില്ലെങ്കിലും അറിയാവുന്ന മംഗ്ലീഷും അത്യാവശ്യ സൈബര്‍ ജ്ഞാനവും വച്ച് മുമ്പു പലതവണ അയാള്‍ പലതും ഗൂഗിളില്‍നിന്ന് ചൂണ്ടിയിരുന്നു. ഇന്നു പക്ഷേ....
രണ്ടാം ക്ലാസ്സുകാരിയായ മോളാണെങ്കില്‍ ചിത്രം കിട്ടാത്ത വിഷമത്തിലാണ്.
കരച്ചിലിന്റെ വക്കിലെത്തിയ അവളെ എങ്ങനെ ആശ്വസിപ്പിക്കണമെറിയാതെ
അയാള്‍ കുഴങ്ങി. ഒടുവില്‍, ഒരു ഫോട്ടോ നല്‍കി അയാള്‍ പറഞ്ഞു:

'മോളേ, ടീച്ചറോട് തത്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറയൂ...!
ഇന്നിപ്പോ ഇനി വേറൊരു നിവൃത്തിയുമില്ല... നെറ്റില്‍ നിന്ന് ഇതേ കിട്ടുന്നുള്ളൂ..!'
അങ്ങനെ 'പെരുച്ചാഴി'ക്കു പകരം മോഹന്‍ലാലിന്റെ ചിത്രവുമായി അവള്‍ സ്‌കൂളിലേക്കുപോയി.
<<<<<<<<< Facebook >>>>>>>>>>>>>>>>>>

3.9.14

മുന്നോട്ട്, പിന്നോട്ട്...

'ലേശം മുന്‍പോട്ടു നില്‍ക്കിന്‍!'
ബാക്കിലെ കിളി ഒച്ചയുണ്ടാക്കും.

'ലേശം ബാക്കിലേക്ക് ഇറങ്ങി നില്‍ക്കിന്‍!'
മുന്നിലെ കിളി അട്ടഹസിക്കും.

'മുന്നോട്ട്, പിന്നോട്ട്'
ഇഷ്ടാനുസരണം കണ്ടക്റ്ററും ശൊല്ലും!

തിരക്കുള്ള ബസില്‍ നിന്നുകൊണ്ടുള്ള
യാത്രയെത്ര ദുസ്സഹം!
അതുകൊണ്ടായിരിക്കാം
അല്‍പം മുമ്പൊരു കാരണവര്‍ പറഞ്ഞത്:
"ന്റെ പടച്ചോനേ,
പയങ്കബ്‌റിലു മറയ്ത മാതിരിയായല്ലോ!!!"
((((((((((((((((((( Facebook )))))))))))))))

2.9.14

ചാനല്‍ ചര്‍ച്ച!

'ഞങ്ങളുടെ പ്രവര്‍ത്തകനെ കൊന്നു!'
ഒരു നേതാവ്.

'ഞങ്ങളുടെ പ്രവര്‍ത്തകനെ വെട്ടി!'
വേറൊരു നേതാവ്.

*ഓഹ്! എന്തൊരു സ്‌നേഹമുള്ള നേതാക്കള്‍!
അണികള്‍ വിഡ്ഢികളായിക്കൊണ്ടേയിരിക്കുന്നതിന്റെ
രാഷ്ട്രീയ രീതിശാസ്ത്രം!

(((((((((( FACEBOOK )))))))))))))

1.9.14

മരവിപ്പിക്കാനുള്ള പഠനം

അപകടങ്ങളുടെ ഭീകര ദൃശ്യങ്ങള്‍ തുടര്‍ച്ചയായി എഫ്ബിയില്‍ പോസ്റ്റുന്നവരെ ഞാന്‍ അണ്‍ഫ്രണ്ട് ചെയ്യാറാണു പതിവ്. എന്നെക്കൊണ്ട് അത് കാണാന്‍ കഴിയുകയില്ല. അത്രമാത്രം ചങ്കുറപ്പും ധൈര്യവും എനിക്കില്ലെന്നു ചുരുക്കം.

എവിടെയെങ്കിലും അപകടങ്ങളുണ്ടായെന്നു കേട്ടാല്‍ വല്ലാത്തൊരു അസ്വസ്ഥത പിടികൂടും മനസ്സിനെ. അതില്‍ കുട്ടികളുണ്ടെന്നറിഞ്ഞാല്‍ അന്നത്തെ ദിവസം തന്നെ വിരസമാവും.

എന്നാല്‍,
വിദേശത്തുള്ള ഭര്‍ത്താവിനു ഫോണ്‍ ചെയ്ത് സ്വന്തം കുട്ടികളെ വീട്ടില്‍ തനിച്ചാക്കി, 'ഉമ്മാ... പോകല്ലേ' എന്ന് അവര്‍ ആര്‍ത്തുകരയുമ്പോള്‍ അവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ കൂടെ 'ചാടിപ്പോയ' 'അലനല്ലൂരിലെ യുവതിക്ക് മലപ്പുറത്ത് വാഹനാപകടത്തില്‍ പെട്ടു പരിക്ക്' എന്നു കേട്ടപ്പോള്‍ തെല്ലും സങ്കടം വന്നില്ല!
<<<<<<<<<<< Facebook >>>>>>>>>>>