31.8.12

നാണം

ഭൂതം വര്‍ത്തമാനത്തോട്
ഭാവിയുടെ വിശേഷങ്ങളാരായുന്നു ...
വര്‍ത്തമാനം ലജ്ജിച്ചു,
ഭാവിയെപ്പറ്റി പറയാനാവാതെ...!

30.8.12

തിരിച്ചറിവ്

ഭയപ്പെടുത്തുന്ന ഓരിയിടലുകളും
വവ്വാലുകളുടെ ചിറകൊച്ചയും
ചിവീടുകളുടെ കരച്ചിലും
പെട്ടെന്നുനിലച്ചപ്പോള്‍
ക്ലോക്കിലെ സെക്കന്റ് സൂചി
ഹൃദയമടിപ്പ് ഏറ്റെടുത്തു.

29.8.12

ഫെയ്ക്ക്

പാലപ്പൂവിന്റെ മണം...
നായ്ക്കളുടെ ഓരിയിടല്‍ ..
മങ്ങിയ നീലനിലാവ് ...
ഇലയില്ലാത്ത ഉണങ്ങിയ
മരക്കൊമ്പുകള്‍ക്കു ചുറ്റും
പുകപടലങ്ങള്‍ ....
ഞാന്‍ രക്ഷപ്പെടുന്നു,
അവള്‍ വരുംമുമ്പ് ...!
രക്തമാണവള്‍ക്കു വേണ്ടത്
എന്നെക്കൊന്നെടുക്കുന്ന
ചുടുരക്തം ...!

28.8.12

പാഠം

ജീവിതം തന്നെ മരീചിക...
കാല്‍പനികതയ്ക്കും
ഭാവനയ്ക്കും
പൂവണിയാത്ത
സ്വപ്‌നങ്ങള്‍ക്കും
വര്‍ണം നല്‍കുകയാണ്
സമകാലിക സമസ്യകള്‍ക്കുള്ള
പൂരണം..!

27.8.12

സ്വതന്ത്രന്‍

ചിതല്‍പ്പുറ്റിനരികേ വരിയായ് കുറേ
ധാന്യം പേറിയ കുഞ്ഞനുറുമ്പുകള്‍ ..
ദ്രവിച്ച വൃക്ഷച്ചുവട്ടിലുറങ്ങുന്നു
കുരച്ചു തളര്‍ന്നൊരു എലുമ്പന്‍ പട്ടി..
പാടവരമ്പില്‍ മഴയ്ക്കു വേണ്ടി
കരയുന്ന തവളക്കൂട്ടങ്ങള്‍ ...
കൈതക്കൂട്ടില്‍ കുളക്കോഴികളും..
തലയിലെ നേര്‍രേഖകള്‍ക്കൊപ്പം
ചില വക്രീകരിച്ച വെള്ളി രേഖകള്‍..
ഇനി കണ്ണാടി വേണ്ടെനിയ്ക്ക് ....

രുചി

 അല്‍പം പ്രണയമെടുത്ത്
ലേശം നിരാശ ചേര്‍ത്ത്
അത്രതന്നെ സ്വപ്‌നങ്ങളിട്ട്
കലക്കിയിളക്കിമറിച്ച്
പാകംചെയ്‌തെടുത്ത
ജീവിതരസായനത്തിന്റെ
രുചിയെന്താണ്...?

26.8.12

വര


കാവ്യാവനാഴി ശൂന്യം..
വരികള്‍ക്കു ക്ഷാമം ...
എന്നാല്‍ പിന്നെ ഞാന്‍
നിശ്ചലതകളെ കൂട്ടിയോജിപ്പിച്ച്
തിരശ്ചീനമായൊരു വര വരയ്ക്കാം..
തികച്ചും തിരശ്ചീനം ...!

മരണമേ, ഇവിടെ വരൂ ..!



റമ്മിന്റെ ഗുണനചിഹ്നങ്ങളില്‍
അയാള്‍ മരണത്തെ
ആവാഹിച്ചെടുക്കുന്നു
ചുണ്ടിലെരിയുന്ന സിഗരറ്റ്
അയാളുടെ അമൂല്യമായ ജീവനെ
കോളറില്‍ തൂക്കി
പുകയായ് ബഹിര്‍ഗമിക്കുന്നു
അന്യരുടെ
വേര്‍പ്പുകണങ്ങളവഗണിച്ച്
വികാരവേലിയേറ്റത്തിലയാള്‍
മുല്ലപ്പൂഗന്ധമുള്ള അഴുക്കു ചാലില്‍
നീന്തിത്തുടിച്ചു.
അയാളുടെ നിണത്തിന്റെ
ഓരോ അണുവിലും
രോഗാണു
ആക്രമണം നടത്തുമ്പോഴും
വിരലുകള്‍ക്കിടയില്‍
അബോധത്തിന്റെ സിറിഞ്ച്
പിടഞ്ഞു വിറച്ചുകൊണ്ടിരുന്നു...

24.8.12

ആഗ്രഹം

മിഴിനീര്‍ തുള്ളി പോലും

ചിലപ്പോള്‍ വളമായേക്കാം,
ആ ഊഷരഭൂമിയിലൊരു
വസന്ത ചാരുതയേകാന്‍ ...

23.8.12

യാത്ര

ഞാന്‍ ജീവിതയാത്രയുടെ
തിരക്കുള്ള കംപാര്‍ട്ട്‌മെന്റിലാണ് ...
ശ്വാസം മുട്ടിയൊരു യാത്ര ...
ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍
ഏതെന്നറിയില്ലെങ്കിലും
പറഞ്ഞുകേട്ടറിഞ്ഞ
കൂട്ടിമുട്ടിക്കലിനു വേണ്ടി
ഒരു യാത്ര....!!!

21.8.12

നിന്നോട് ...

നിന്റെ സ്‌നേഹശീതളിമയില്‍
മയങ്ങിക്കിടപ്പാണു ഞാന്‍ ,
എന്‍ 'രേഖാംശ'ങ്ങളൊക്കെ
വക്രീകരിച്ചെന്നു തോന്നിയാലും..!

നഗ്നസത്യം

ത്രപ നാരിമാര്‍ക്കു ത്രാണം...
ത്വച മോഹിനിക്കു ത്രാസം...

________________________
*അധികം തലപുകക്കാതെ...

ത്രപയെന്നാലതു ലജ്ജ..
ത്രാണത്തനര്‍ത്ഥം കവചം
ത്വചയാണു പെണ്ണിന്റെ ചര്‍മം
ത്രാസത്തിനര്‍ത്ഥം ഭയവും....

20.8.12

ഇച്ഛ

ഏതിരുളിലും
മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടവും
ആശ്വാസമാവും,
സ്വപ്‌നങ്ങള്‍ക്കു
വര്‍ണം പകരും..

19.8.12

കണക്ക്

ഗരിമയാം ഗുണത്തിന്റെ
ഗുരുവായി മാറിടാം...
ഗണനീയ ഗണനങ്ങള്‍
ഗണിക്കൂ പിഴക്കില്ല...

18.8.12

വിധി

അമൃതനാവാന്‍ കൊതിച്ചവന്‍
അമൃത് തേടിയലഞ്ഞു..
അരവം ദംഷ്ട്രമാഴ്ത്തവേ
അമുക്തമൃത്യുവെ പുല്‍കി

അന്ത്യം

നാവിന്‍ തുമ്പിലെത്തിയ
കവിത കുഴഞ്ഞുപോയി 
ചികിത്സ ഫലിയ്ക്കാതെ
ഒടുവില്‍ മരിച്ചുവീണു..

17.8.12

ദുര്‍ഗ്ഗതി

അവന്‍
അവനിയെ
അനവരതം
അനാദൃതമാക്കി
അവലീഢയായവനി..
അനാമയം നശിച്ചവനി..

16.8.12

പ്രതീക്ഷ

എരിയുന്ന
അഗ്നി നാളങ്ങളും 

കരി പിടിച്ച
ചെരാതുകളില്‍
മനോഹരമാകുന്നു...

15.8.12

ആത്മഹത്യ

പകലുമുഴുവന്‍ കണ്ട
പാപഭാണ്ഡം പേറി
പകലോന്‍ സന്ധ്യയ്ക്കു
പുഴയില്‍ചാടിമരിച്ചു ...!

ശൂന്യ നിമിഷങ്ങള്‍

എകാന്തതയിലെ
ശൂന്യനിമിഷങ്ങള്‍
താഴിട്ടുപൂട്ടിയ
തടവറയാണെനിക്ക്..

നാം സ്വതന്ത്രരോ ...?



'സ്വാതന്ത്ര്യം തന്നെയമൃതം... സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു .... മൃതിയേക്കാള്‍ ഭയാനകം!'
ആറരപതിറ്റാണ്ടുകള്‍ക്കപ്പുറം വെള്ളപ്പിശാചുക്കള്‍ ഇന്ത്യാമഹാരാജ്യത്തു നിന്ന് കെട്ടുകെട്ടി. പിറന്നനാടിന്റെ വിരിമാറിലിട്ട് ഒരു ജനതയെ ഒരു നൂറ്റാണ്ടിലധികകാലം കെട്ടിയിട്ടും ക്രൂശിച്ചും അടിമവേല ചെയ്യിച്ചും ഫലഭൂയിഷ്ടമായ മണ്ണില്‍ അതിക്രമം കാണിച്ചും ഒടുവില്‍, വര്‍ഗ്ഗീയതയുടെയും ചേരിതിരിവിന്റെയും വിഷവിത്തുകള്‍ വിതച്ചുകൊണ്ടാണ് ക്രൂരതയുടെ പര്യായങ്ങളായ സായിപ്പന്മാര്‍ വണ്ടിവിട്ടത്.

തൊള്ളായിരത്തി ഇരുപതുകളില്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ വരെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധസമരങ്ങള്‍ അരങ്ങേറി. തീവണ്ടിബോഗികള്‍ക്കുള്ളില്‍ കുത്തിനിറക്കപ്പെട്ട മനുഷ്യജീവനുകള്‍ ഒരിറ്റുവെള്ളവും ഒരു പൊട്ടു വെളിച്ചവും ഒരിത്തിരി ശ്വാസവും ലഭിക്കാതെ പരസ്പരം മാന്തിപ്പിളര്‍ന്നും മലമൂത്രവിസര്‍ജ്ജനം നടത്തിയും വാഗണുകളില്‍ അന്ത്യശ്വാസം വലിച്ചു. ഹരിത വയലേലകള്‍ പണിയാളരുടെ ചുടുചോരവീണ് ചെഞ്ചായമണിഞ്ഞു. വെട്ടിയും കുത്തിയും വെടിവെച്ചും ഇരുമ്പഴികള്‍ക്കുള്ളില്‍ മര്‍ദ്ദനങ്ങളുടെ പുത്തന്‍ മുറകള്‍ പരീക്ഷിച്ചും വെള്ളപ്പരിഷകള്‍ ആഹ്ലാദനൃത്തം ചവിട്ടി.

ശുഷ്‌കിച്ച ശരീരവുമായി ലാളിത്യത്തിന്റെ പര്യായമായ മഹാത്മാവിന്റെ ഇടപെടലുകളും സന്ദര്‍ഭോചിതമായ സമരങ്ങളും സ്വാതന്ത്ര്യസമര ചരിത്രചിത്രങ്ങളില്‍ മങ്ങാതെ, മായാതെ കോറിയിട്ടപ്പെട്ടു. മഹാത്മാവിന്റെ കരങ്ങള്‍ക്കു ശക്തിപകര്‍ന്ന രാജ്യസ്‌നേഹികള്‍ നീതിക്കും നന്മക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഗര്‍ജ്ജിച്ചു. ആ ഗര്‍ജ്ജനം സായിപ്പിന്റെ അരമനകളില്‍ മാറ്റൊലി കൊണ്ടു. ഒന്നിച്ചൊരൊറ്റക്കെട്ടായി ജാതി,മത,വര്‍ഗ,വര്‍ണ,ഭാഷാ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിലൊത്തു ചേര്‍ന്നു നയിച്ച സമരം 1947 ആഗസ്റ്റ് 14 ന്റെ അര്‍ദ്ധരാത്രിയില്‍ ചെങ്കോട്ടക്കു മുകളില്‍ മൂവര്‍ണ്ണക്കൊടി ഉയര്‍ന്നതോടെ വിജയത്തിലെത്തി. ജന്മനാടിന്റെ സ്വാതന്ത്ര്യം, അല്ലെങ്കില്‍ ആറടി മണ്ണെന്ന് പ്രഖ്യാപിച്ച് രണഭൂമിയിലേക്ക് പോരാട്ടവീര്യവുമായി നെഞ്ചുറപ്പോടെ എടുത്തുചാടി തീ തുപ്പുന്ന പീരങ്കികള്‍ക്കു മുന്നില്‍ വിരിമാറുകാട്ടി വീരമൃത്യു വരിച്ച് വീരേതിഹാസം രചിച്ച ഒട്ടനവധി ധീരദേശാഭിമാനികള്‍..! അവരുടെ ധീരമായ ഇടപെടലുകള്‍ ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമായി നമ്മുടെ ധമനികളിലോടുന്ന രക്തംതിളക്കാന്‍ കാരണമാകുന്നു. അവര്‍ ത്യജിച്ച ജീവനും അവര്‍ ചിന്തിയ രക്തവും നമ്മുടെ സ്വാതന്ത്ര്യമായി പരിണമിക്കുകയായിരുന്നു.

എന്നാല്‍, വരുംകാല ഇന്ത്യന്‍ സന്തതികള്‍ സമാധാനത്തോടെ ജീവിക്കരുതെന്നു മോഹിച്ച് സര്‍വ വര്‍ഗീയകൂടോത്രങ്ങളും ചെയ്തുവെച്ചിട്ടാണ് വെള്ളക്കാട്ടാളന്മാര്‍ നാടുവിട്ടത്. അതിന്റെ പരിണിതഫലമായി ഇന്ത്യന്‍ മക്കള്‍ ഇന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു. എന്തിനേറെ, രാഷ്ട്രത്തിന്റെ നന്മയ്ക്കായി രൂപീകൃതമായ-രൂപീകൃതമാവേണ്ട രാഷ്ട്രീയപാര്‍ട്ടി അണികള്‍ തങ്ങളുടെ എതിരാളികളെ കൊടിയുടെ നിറം നോക്കി കൊന്നുതള്ളിക്കൊണ്ടേയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചുവെന്നു നാഴികയ്ക്കു നാല്‍പതുവട്ടം ആഹ്ലാദപ്രഖ്യാപനം നടത്തുമ്പോഴും ഇവ്വിധം നൊമ്പരങ്ങള്‍ സ്വാതന്ത്ര്യാഘോഷങ്ങള്‍ക്കു മങ്ങലേല്‍പിക്കുന്നു.

ഒരുനേരത്തെ അന്നത്തിനു ഉടുതുണിയഴിക്കേണ്ടിവരുന്ന അമ്മമാരും നടുറോഡില്‍ പിച്ചിച്ചീന്തപ്പെടുന്ന സഹോദരിമാരും കുടുംബംപുലര്‍ത്താന്‍ തെരുവോരങ്ങളില്‍ കൈ നീട്ടേണ്ടി വരുന്ന ബാല്യങ്ങളും പൊങ്ങാച്ചുമടെടുക്കുന്ന കുഞ്ഞിക്കരങ്ങളും ആശയത്തിന്റെയും ആമാശയത്തിന്റെയും പേരില്‍ കൊലക്കത്തിക്കിരയാവുന്ന മുഷ്ടിചുരുട്ടപ്പെട്ട യുവത്വവും സ്വതന്ത്ര ഇന്ത്യയില്‍ സ്വാര്‍ത്ഥരായ അധികാരിവര്‍ഗങ്ങള്‍ക്കു മുമ്പില്‍ ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നത് ഇന്നിന്റെ മാറേണ്ടതും മാറാത്തതുമായ കാഴ്ച!

പാവങ്ങളുടെ വോട്ടുവാങ്ങി അധികാരക്കസേരയില്‍ കയറുന്നവര്‍ സിംഹാസനത്തിലവരോധിക്കപ്പെടുന്നതുവരെ പുഞ്ചിരിച്ചും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും കൂടെക്കൂടുകയും അധികാര ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ പിന്നെ നക്കുക മാത്രമല്ല, വയറു വാടകക്കെടുത്തും മൂക്കുമുട്ടെ ഭുജിച്ചേ അടങ്ങൂ. പിന്നെയെങ്ങനെയാണ് പാവങ്ങളുടെ നൊമ്പരം കാണുക, വേദന കേള്‍ക്കുക? സ്വതന്ത്ര ഇന്ത്യയുടെ തേച്ചാലും മായ്ച്ചാലും പോവാത്ത കറകളായി, പാടുകളായി ഈ വര്‍ഗം ഇളിച്ചുകൊണ്ടേയിരിക്കുന്നു.

പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഭേദിച്ചു സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ വായു ശ്വസിക്കാന്‍ ജീവനും ജീവിതവും ത്യജിച്ച മഹാരഥന്മാരുടെ പൂവണിയാത്ത സ്വപ്‌നങ്ങളായി അവശേഷിക്കുന്നതെമ്പാടും കാര്യങ്ങള്‍. നാമിപ്പോഴും ആരുടെയൊക്കെയോ തടവറയിലാണെന്നതാണ് സത്യം. അവരുടെ താളത്തിനൊത്തു തുള്ളാനും അവര്‍ക്കു വേണ്ടി കൊടിപിടിക്കാനും കൊല്ലാനും ചാവാനും തയ്യാറായവര്‍. നാമിപ്പോഴും കെട്ടിയിടപ്പെട്ടവര്‍. നമുക്കു സ്വാതന്ത്ര്യമില്ലേ... നാമിനിയും ആ പഴയ പാരതന്ത്ര്യത്തിന്റെ പടുകുഴിയില്‍ ആപതിക്കേണ്ടവരോ..? ഭരണീയരുടെ പിടിപ്പുകേടുകൊണ്ടായിരുന്നു നമുക്കു മുമ്പു സ്വാതന്ത്ര്യം നഷ്ടപ്പെട്ടതെങ്കില്‍ അതേ കാരണം കൊണ്ടു തന്നെ വീണ്ടും അതു സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കപങ്കുവെച്ചുകൊണ്ട് ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.
-റിയാസ് ടി. അലി.

14.8.12

വരിയും വരയും

നാം വരകളും
വരികളുമാണ്...
വരകളൊക്കെ
അര്‍ത്ഥമുള്ള വരികള്‍
വരികളൊക്കെ
വിശാലമായ വരകളും..
രചിച്ചതീശനാവുമ്പോള്‍
മനോഹാരിതയ്ക്കു
പത്തരമാറ്റ്...

ആഗസ്റ്റ് 13 ന്റെ ഓര്‍മയ്ക്ക്‌ ...

'മുഖപുസ്തകത്തിന്റെ
നീലവിരിയുള്ള
ജനാലക്കരികില്‍
കടുകോളമുള്ള
പച്ചവെളിച്ചം...'
നീയതു തെളിച്ചില്ലെങ്കില്‍
നോവുമെന്റെ ഹൃദയം
നിന്‍ ചിരിയടയാളം
കണ്ടില്ലെങ്കില്‍
വിങ്ങുമെന്റെ മനം
കാരണം,
നീയെനിക്കെല്ലാമാണ്..

11.8.12

കോകിലം


10.8.12

ഗന്ധര്‍വ്വന്‍


വിഡ്ഢി

മൗനത്തിനു
സംവദിക്കാന്‍
ഭാഷ കടംകൊണ്ട
വിഡ്ഢിയാണു
ഞാന്‍ ....

9.8.12

പ്രണയം

ഉരുണ്ടുകൂടിയ
ഗദ്ഗദ മേഘങ്ങള്‍
കണ്ണുകളില്‍ നിന്ന്
പേമാരിയായ്
പെയ്തിറങ്ങിയപ്പോള്‍
അതിലൊലിച്ചുപോയത്
പ്രണയത്തിന്റെ
പഴന്തുണിക്കെട്ട് ...

8.8.12

ചിരി

കാലം നോവു കാത്തുവെച്ചു ...
നോവു പഴുത്തു പാകമായി..
പിന്നെ ഉണങ്ങിക്കരിഞ്ഞു..
ശോഷിച്ചു നാമാവശേഷമായി
മാറാല പിടിച്ച മനസ്സിലിരുന്ന്
സാകൂതം നോക്കിയ പ്രണയം
ഇതുകണ്ട് കൈകൊട്ടിച്ചിരിച്ചു...

വിണ്ണ് പറഞ്ഞത്

ഉയരങ്ങളിലാണു കണ്ണ്
ഉന്മാദത്തിനാണു പെണ്ണ്...
ഉല്ലാസത്തിനുഴുത മണ്ണ്...
ഉറഞ്ഞു പെയ്യില്ലെന്നു വിണ്ണ്...!

7.8.12

അന്നം

അന്നം..
അന്ന് ..
അന്നില്ല ...
അവര്‍ പട്ടിണി..
അന്നും ജിവിക്കാന്‍ തിന്നു...!
ഇന്ന്
ഇന്നുണ്ടത്..
ഇന്നുണ്ടുകൂട്ടുന്നത് ..
ഇന്നു തിന്നാന്‍ ജിവിക്കുന്നു...!

ചുംബനം

അനര്‍ഘ നിമിഷങ്ങള്‍
അമൂല്യ വേളകള്‍
അനിഷേധ്യ ചുംബനങ്ങള്‍
അലിഞ്ഞൊന്നായ് ചേര്‍ന്നു..
ഒടുവില്‍,
മാരകരോഗത്തെ പുല്‍കി...
ഇല പൊഴിഞ്ഞു
കായ്ക്കനികളുണങ്ങി
ശോഷിച്ച വന്‍മരം
ധരണിയെ ചുംബിച്ചു..

6.8.12

കൂട്ട്

നരവീണ തലമുടിക്കും
ചുളിവീണ മുഖത്തിനും കൂട്ട്
വരവീണ കണ്ണടയും
മുഖപുസ്തക കൂട്ടുകാരും..!

തീരവും തിരയും

ഓരോ തിരയും തീരപ്പരപ്പില്‍
എഴുതുന്നു ഒരു പ്രണയകാവ്യം....
ഓരോ തീരവും തിരമാലയോടു
യാചിക്കുന്നു ഒരു സ്‌നേഹചുംബനം...
തിരമാലക്കു വ്യഥയാണെപ്പോഴും

ആഴിയുടെ മാറിടത്തില്‍ നിന്ന്
ഒളിഞ്ഞും മറഞ്ഞും
പാത്തും പതുങ്ങിയും
തീരത്തെത്താനുള്ള വ്യഥ...
തീരമെപ്പോഴും കാത്തിരിപ്പിലാണ്
തിര വന്നൊരു ചുടുമുത്തം
തരുമെന്ന പ്രതീക്ഷയില്‍...
പ്രേമസല്ലാപങ്ങള്‍ക്കിടയില്‍
അരുണനൊളിഞ്ഞുനോക്കും
രൂക്ഷനോട്ടത്തില്‍ ആവിയായിപ്പോകും..
അമ്പിളിയും മറഞ്ഞു നോക്കും
അതു ഘനാന്ധകാരമാണൊരുക്കുക....
എങ്കിലും തീരവും തിരയും
പ്രണയത്തിലാണ് ...
അവനിയവര്‍ക്കൊരു പുല്‍പ്പായ
വിരിച്ചു കൊടുത്തു സത്കരിക്കുന്നുണ്ട്
ഈ പ്രണയം മരിക്കുന്നില്ല
കാലങ്ങളായുള്ള പ്രണയം ....
********************************
റിയാസ് ടി. അലി

5.8.12

നൊമ്പരം

അടര്‍ത്തി മാറ്റുന്ന
പൂവിതളുകളുടെ നൊമ്പരം
ആരോടു പറയാന്‍
ആരു കേള്‍ക്കാന്‍ ..

4.8.12

ആറാട്ട്‌...

പ്രേമം വേലിചാടിയപ്പോള്‍
കാമുകിയുടെ കാലിലെ
ചെരുപ്പും ആങ്ങളമാരുടെ
മസിലുകളും ചേര്‍ന്ന്
കാമുകന്റെ മേനിയില്‍
ആറാട്ടു നടത്തി...

3.8.12

കാത്തിരിപ്പ്

പ്രാണനുതുല്യം
സ്‌നേഹിച്ച
കാമുകന്റെ കൂടെ
വീടുവിട്ടിറങ്ങിയവള്‍
തെരുവിലെപ്പോഴും
ഉടുത്തൊരുങ്ങി
പുതിയ പുതിയ
കാമുകന്മാരെ
കാത്തിരിക്കുന്നു..