15.8.12

നാം സ്വതന്ത്രരോ ...?



'സ്വാതന്ത്ര്യം തന്നെയമൃതം... സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു .... മൃതിയേക്കാള്‍ ഭയാനകം!'
ആറരപതിറ്റാണ്ടുകള്‍ക്കപ്പുറം വെള്ളപ്പിശാചുക്കള്‍ ഇന്ത്യാമഹാരാജ്യത്തു നിന്ന് കെട്ടുകെട്ടി. പിറന്നനാടിന്റെ വിരിമാറിലിട്ട് ഒരു ജനതയെ ഒരു നൂറ്റാണ്ടിലധികകാലം കെട്ടിയിട്ടും ക്രൂശിച്ചും അടിമവേല ചെയ്യിച്ചും ഫലഭൂയിഷ്ടമായ മണ്ണില്‍ അതിക്രമം കാണിച്ചും ഒടുവില്‍, വര്‍ഗ്ഗീയതയുടെയും ചേരിതിരിവിന്റെയും വിഷവിത്തുകള്‍ വിതച്ചുകൊണ്ടാണ് ക്രൂരതയുടെ പര്യായങ്ങളായ സായിപ്പന്മാര്‍ വണ്ടിവിട്ടത്.

തൊള്ളായിരത്തി ഇരുപതുകളില്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ വരെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധസമരങ്ങള്‍ അരങ്ങേറി. തീവണ്ടിബോഗികള്‍ക്കുള്ളില്‍ കുത്തിനിറക്കപ്പെട്ട മനുഷ്യജീവനുകള്‍ ഒരിറ്റുവെള്ളവും ഒരു പൊട്ടു വെളിച്ചവും ഒരിത്തിരി ശ്വാസവും ലഭിക്കാതെ പരസ്പരം മാന്തിപ്പിളര്‍ന്നും മലമൂത്രവിസര്‍ജ്ജനം നടത്തിയും വാഗണുകളില്‍ അന്ത്യശ്വാസം വലിച്ചു. ഹരിത വയലേലകള്‍ പണിയാളരുടെ ചുടുചോരവീണ് ചെഞ്ചായമണിഞ്ഞു. വെട്ടിയും കുത്തിയും വെടിവെച്ചും ഇരുമ്പഴികള്‍ക്കുള്ളില്‍ മര്‍ദ്ദനങ്ങളുടെ പുത്തന്‍ മുറകള്‍ പരീക്ഷിച്ചും വെള്ളപ്പരിഷകള്‍ ആഹ്ലാദനൃത്തം ചവിട്ടി.

ശുഷ്‌കിച്ച ശരീരവുമായി ലാളിത്യത്തിന്റെ പര്യായമായ മഹാത്മാവിന്റെ ഇടപെടലുകളും സന്ദര്‍ഭോചിതമായ സമരങ്ങളും സ്വാതന്ത്ര്യസമര ചരിത്രചിത്രങ്ങളില്‍ മങ്ങാതെ, മായാതെ കോറിയിട്ടപ്പെട്ടു. മഹാത്മാവിന്റെ കരങ്ങള്‍ക്കു ശക്തിപകര്‍ന്ന രാജ്യസ്‌നേഹികള്‍ നീതിക്കും നന്മക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഗര്‍ജ്ജിച്ചു. ആ ഗര്‍ജ്ജനം സായിപ്പിന്റെ അരമനകളില്‍ മാറ്റൊലി കൊണ്ടു. ഒന്നിച്ചൊരൊറ്റക്കെട്ടായി ജാതി,മത,വര്‍ഗ,വര്‍ണ,ഭാഷാ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിലൊത്തു ചേര്‍ന്നു നയിച്ച സമരം 1947 ആഗസ്റ്റ് 14 ന്റെ അര്‍ദ്ധരാത്രിയില്‍ ചെങ്കോട്ടക്കു മുകളില്‍ മൂവര്‍ണ്ണക്കൊടി ഉയര്‍ന്നതോടെ വിജയത്തിലെത്തി. ജന്മനാടിന്റെ സ്വാതന്ത്ര്യം, അല്ലെങ്കില്‍ ആറടി മണ്ണെന്ന് പ്രഖ്യാപിച്ച് രണഭൂമിയിലേക്ക് പോരാട്ടവീര്യവുമായി നെഞ്ചുറപ്പോടെ എടുത്തുചാടി തീ തുപ്പുന്ന പീരങ്കികള്‍ക്കു മുന്നില്‍ വിരിമാറുകാട്ടി വീരമൃത്യു വരിച്ച് വീരേതിഹാസം രചിച്ച ഒട്ടനവധി ധീരദേശാഭിമാനികള്‍..! അവരുടെ ധീരമായ ഇടപെടലുകള്‍ ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമായി നമ്മുടെ ധമനികളിലോടുന്ന രക്തംതിളക്കാന്‍ കാരണമാകുന്നു. അവര്‍ ത്യജിച്ച ജീവനും അവര്‍ ചിന്തിയ രക്തവും നമ്മുടെ സ്വാതന്ത്ര്യമായി പരിണമിക്കുകയായിരുന്നു.

എന്നാല്‍, വരുംകാല ഇന്ത്യന്‍ സന്തതികള്‍ സമാധാനത്തോടെ ജീവിക്കരുതെന്നു മോഹിച്ച് സര്‍വ വര്‍ഗീയകൂടോത്രങ്ങളും ചെയ്തുവെച്ചിട്ടാണ് വെള്ളക്കാട്ടാളന്മാര്‍ നാടുവിട്ടത്. അതിന്റെ പരിണിതഫലമായി ഇന്ത്യന്‍ മക്കള്‍ ഇന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു. എന്തിനേറെ, രാഷ്ട്രത്തിന്റെ നന്മയ്ക്കായി രൂപീകൃതമായ-രൂപീകൃതമാവേണ്ട രാഷ്ട്രീയപാര്‍ട്ടി അണികള്‍ തങ്ങളുടെ എതിരാളികളെ കൊടിയുടെ നിറം നോക്കി കൊന്നുതള്ളിക്കൊണ്ടേയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചുവെന്നു നാഴികയ്ക്കു നാല്‍പതുവട്ടം ആഹ്ലാദപ്രഖ്യാപനം നടത്തുമ്പോഴും ഇവ്വിധം നൊമ്പരങ്ങള്‍ സ്വാതന്ത്ര്യാഘോഷങ്ങള്‍ക്കു മങ്ങലേല്‍പിക്കുന്നു.

ഒരുനേരത്തെ അന്നത്തിനു ഉടുതുണിയഴിക്കേണ്ടിവരുന്ന അമ്മമാരും നടുറോഡില്‍ പിച്ചിച്ചീന്തപ്പെടുന്ന സഹോദരിമാരും കുടുംബംപുലര്‍ത്താന്‍ തെരുവോരങ്ങളില്‍ കൈ നീട്ടേണ്ടി വരുന്ന ബാല്യങ്ങളും പൊങ്ങാച്ചുമടെടുക്കുന്ന കുഞ്ഞിക്കരങ്ങളും ആശയത്തിന്റെയും ആമാശയത്തിന്റെയും പേരില്‍ കൊലക്കത്തിക്കിരയാവുന്ന മുഷ്ടിചുരുട്ടപ്പെട്ട യുവത്വവും സ്വതന്ത്ര ഇന്ത്യയില്‍ സ്വാര്‍ത്ഥരായ അധികാരിവര്‍ഗങ്ങള്‍ക്കു മുമ്പില്‍ ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നത് ഇന്നിന്റെ മാറേണ്ടതും മാറാത്തതുമായ കാഴ്ച!

പാവങ്ങളുടെ വോട്ടുവാങ്ങി അധികാരക്കസേരയില്‍ കയറുന്നവര്‍ സിംഹാസനത്തിലവരോധിക്കപ്പെടുന്നതുവരെ പുഞ്ചിരിച്ചും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും കൂടെക്കൂടുകയും അധികാര ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ പിന്നെ നക്കുക മാത്രമല്ല, വയറു വാടകക്കെടുത്തും മൂക്കുമുട്ടെ ഭുജിച്ചേ അടങ്ങൂ. പിന്നെയെങ്ങനെയാണ് പാവങ്ങളുടെ നൊമ്പരം കാണുക, വേദന കേള്‍ക്കുക? സ്വതന്ത്ര ഇന്ത്യയുടെ തേച്ചാലും മായ്ച്ചാലും പോവാത്ത കറകളായി, പാടുകളായി ഈ വര്‍ഗം ഇളിച്ചുകൊണ്ടേയിരിക്കുന്നു.

പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഭേദിച്ചു സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ വായു ശ്വസിക്കാന്‍ ജീവനും ജീവിതവും ത്യജിച്ച മഹാരഥന്മാരുടെ പൂവണിയാത്ത സ്വപ്‌നങ്ങളായി അവശേഷിക്കുന്നതെമ്പാടും കാര്യങ്ങള്‍. നാമിപ്പോഴും ആരുടെയൊക്കെയോ തടവറയിലാണെന്നതാണ് സത്യം. അവരുടെ താളത്തിനൊത്തു തുള്ളാനും അവര്‍ക്കു വേണ്ടി കൊടിപിടിക്കാനും കൊല്ലാനും ചാവാനും തയ്യാറായവര്‍. നാമിപ്പോഴും കെട്ടിയിടപ്പെട്ടവര്‍. നമുക്കു സ്വാതന്ത്ര്യമില്ലേ... നാമിനിയും ആ പഴയ പാരതന്ത്ര്യത്തിന്റെ പടുകുഴിയില്‍ ആപതിക്കേണ്ടവരോ..? ഭരണീയരുടെ പിടിപ്പുകേടുകൊണ്ടായിരുന്നു നമുക്കു മുമ്പു സ്വാതന്ത്ര്യം നഷ്ടപ്പെട്ടതെങ്കില്‍ അതേ കാരണം കൊണ്ടു തന്നെ വീണ്ടും അതു സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കപങ്കുവെച്ചുകൊണ്ട് ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.
-റിയാസ് ടി. അലി.

3 comments:

  1. നല്ല പോസ്റ്റ്‌... ..
    സ്വാതന്ത്ര്യദിനാശംസകള്‍

    ReplyDelete
  2. സ്വാതന്ത്ര്യദിനാശംസകള്‍

    ReplyDelete