25.6.12

നനയാതെപോയ മഴ ....


മാനം കറുപ്പിച്ച് പിശറന്‍ കാറ്റോടെയെത്തിയ മഴ...
നനയുന്നതിനു മുന്നേ പെയ്തു തീര്‍ന്നു ...
ബാല്യകാലസഖിയുടെ മുടിയിഴകളിലൂടെ
മഴ സാവകാശം പെയ്തിറങ്ങിക്കൊണ്ടിരുന്നു...
അവളുടെ കണ്ണുകളെയും ചുണ്ടുകളെയും
മഴത്തുള്ളികള്‍ തഴുകിത്തലോടി ...
മാഞ്ചുവട്ടില്‍ മാത്രം മഴ നനച്ചതേയില്ല..
അവിടെയൊരു മധുരമാമ്പഴം വീണുകിടന്നു...

19.6.12

കരയല്ലേ പൊന്നേ


ഇന്ന് ജൂണ്‍ 19. വായനാദിനം

വായന എന്നും മനുഷ്യനെ വിജ്ഞാനത്തിന്റെ ഉത്തുംഗതയിലേക്ക്‌ ആനയിക്കുകയാണ് ചെയ്തത്. സാങ്കേതികത എത്ര വളര്‍ന്നാലും പുസ്തകങ്ങള്‍ കാഴ്ച്ചവസ്തുവാകുന്ന പരിസരത്ത് വായിക്കുന്നവന്‍ വായിച്ചു കൊണ്ടേയിരിക്കും. "വായന മരിക്കുന്നു" എന്ന വിലാപത്തില്‍ കഴമ്പില്ലെന്ന് അവര്‍ വായിച്ചു തെളിയിചു കൊണ്ടേയിരിക്കും. . പക്ഷേ, ഇന്നിന്റെ വായന സമൂഹത്തിന്റെ കോലം പോലെത്തന്നെയാണ് എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാനാവുക ...? വിവാദങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കും തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താനുമാണ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പോലും ഇന്ന് പ്രത്യേകം പ്രത്യേകം കോളം നിര്‍മ്മിച്ച്‌ മത്സരിക്കുന്നത്.

"മമ്മാല്യെ ....ഇജ്ജെന്താ ഒന്നും മുണ്ടാത്തെ ...?"
"ഏയ്‌.. ഞമ്മക്കൊരു പുടീല്ല ...."
"അവരെ പറഞ്ഞിട്ട് കാര്യമില്ല. വായനക്കാരന്റെ 'വികാര വിചാര'ങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നിട്ടു വേണമല്ലോ മാധ്യമങ്ങള്‍ക്ക് അക്ഷരങ്ങളെ നിറം പിടിപ്പിക്കാന്‍ . അല്ലെങ്കില്‍ അത് സര്‍ക്കുലേഷനെ സാരമായി ബാധിക്കുമ്പോള്‍ ആപ്പീസ് മണിച്ചിത്രത്താഴിട്ടു പൂട്ടി വീട്ടിലിരിക്കേണ്ടി വരുമെന്ന പേടി ഏതു മാധ്യമ മുതലാളിയെയാണ് മുട്ടു വിറപ്പിക്കാത്തത്..? വിവാദങ്ങള്‍ക്കു പുറകിലാണ് കേരളീയന്റെ കണ്ണും മനസ്സും. അന്യന്റെ രഹസ്യങ്ങളിലേക്ക് ചൂഴ്ന്നു നോക്കുന്ന ഹിഡന്‍ ക്യാമറയായി മാറിയ കണ്ണും ഭാവനകള്‍ക്ക്‌ മസാല പുരട്ടിയ മനസ്സും കൊണ്ട് മലയാളിയുടെ 'അത്യുത്തമ സംസ്കാര'ത്തിന്റെ ഗ്രാഫ് അങ്ങനെ 'വിജ്രംഭിച്ചു' നില്‍ക്കുകയല്ലേ.....!
അപ്പൊ നല്ല വായനക്കെന്തു സ്ഥാനം മമ്മാല്യെ ...!"
"ഏയ്‌... നമ്മള്‍ ദേ പോയി .... ദാ വന്നു....!"
"ഇജ്ജബടെ നിക്ക് ഹലാക്കെ.. ഇതും കൂടി കേക്ക്... "
"ഊതിവീര്‍പ്പിക്കുന്ന അരമന രഹസ്യങ്ങളും വളരെ പണിപ്പെട്ടു സാഹസികമായി അന്വേഷിച്ചു കണ്ടെത്തിയ (?) "എക്സ്ക്ലൂസീവു"കളും കെട്ടുകഥകള്‍ കൊണ്ട് അശ്ലീലതയെ കടും നീല നിറത്തില്‍ മുക്കിയെടുത്ത് ബഹുവര്‍ണ്ണ ചിത്രങ്ങളും നല്‍കി മാംസ വ്യാപാരം നടത്തുന്ന അച്ചടി മാധ്യമങ്ങള്‍ ഒരു ഭാഗത്ത് നിലനില്‍പ്പിനു വേണ്ടി വേഴാമ്പലിനു പോലെ കേഴുമ്പോള്‍ ദൃശ്യശ്രാവ്യ മാധ്യമ ലോകവും ആളെ പിടിച്ചു നിര്‍ത്താന്‍ പണിപ്പെടുകയാണ്, അതേ വീഞ്ഞ് പുത്യേ കുപ്പീലാക്കി...! "കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍" ഉറഞ്ഞു തുള്ളുന്ന "അങ്ങാടി പെണ്‍കുട്ടികളുടെ " മലയാളി ഇതു വരെ കാണാത്ത കാഴ്ചകളും നൃത്ത നര്‍ത്തകിമാരുടെ അംഗലാവണ്യവും ക്ലോസ് ഫ്രൈമിലാക്കി ഒപ്പിയെടുത്ത് മനുഷ്യന്റെ അധമ വികാരങ്ങളെ ഉത്തേജിപ്പിക്കാനുതകുന്ന സംഗീതവിദ്യയും സമം ചേര്‍ത്തു നാലുനേരം സേവിക്കാന്‍ പാകത്തില്‍ ആ വീഞ്ഞുകള്‍ അങ്ങനെ ഒഴുകുകയല്ലേ.... ! അപ്പൊ വായനക്കെന്തു സ്ഥാനം മമ്മാല്യെ ...!"
"ഏയ്‌... ഞമ്മക്കൊന്നും അറീല്ലേയ്.....!"
"തന്റെ കൂടിക്കിടക്കുന്ന കെട്ട്യോന്റെ ഇടാന്‍ മറന്നു പോയ പാന്റിന്റെ സിബ്ബിനെ കുറിച്ച് ലക്ഷക്കണക്കിനു പ്രേക്ഷകരുടെ ആവേശവും ആരാധ്യ പിഞ്ഞാണവും (പാത്രം തന്നെ.) മസാലദോശയുമായ (അയ്‌ ... മദാലസ ...! ഏത് ...? ങാ .. അത് തന്നെ ...) നാരീമണി പ്രതിപാദിക്കുന്നതു കേട്ടും, അഴിഞ്ഞു വീഴാറായ പാന്റിനു മുകളില്‍ ഒരു കൈത്താങ്ങു നല്‍കുന്ന താരറാണിയുടെ സഹായ മനസ്കതയില്‍ അഭിമാനം പൂണ്ടും പൊട്ടിച്ചിരിക്കുന്ന "വെറുതെയായ ഭാര്യ"മാരെ കാണുന്ന തിരക്കില്‍ വായനക്കെന്തു സ്ഥാനം മമ്മാല്യെ ...!"
"ഏയ്‌... ഞമ്മളൊന്നും മുണ്ടിണില്ലേയ്.....!"
"അതെന്താ മമ്മാല്യെ ഇജ്ജു മുണ്ടൂലാന്ന്‌ ....അന്നെ ഞമ്മള് മുണ്ടിച്ചും..."
"അതെങ്ങനെ"
"എടാ ഹമുക്കെ ..... ഏഷ്യാനെറ്റില്‍ സിറ്റി ഗേള്‍ തുടങ്ങാറായി... ഇജ്ജില്ലേ..."
"പിന്നെ ഞാല്ലേ.... "
"ഇത് വരെ ബാല്യ ബര്‍ത്താനം പറഞ്ഞത് ഇങ്ങളല്ലേ ..
മന്‍സാ... ഇങ്ങളല്ലേ അച്ചടി ബാഷീല് കട കട പറഞ്ഞത്... ഇങ്ങിട്ടിപ്പോ...? "
"ഹെന്റെ മമ്മാല്യേ..... അതാണ്‌ മലയാളി ....!"
-റിയാസ് ടി. അലി .

മഴയാണു കാമുകി

മഴയേ നീയെന്റെ പ്രണയിനി ....
നീ കുളിരായ് പെയ്യുവോളം
മഴക്കാറുകള്‍ നോക്കി
നെടുവീര്‍പ്പിടാം ഞാന്‍ ....
ഉഷ്ണം കത്തുന്ന ഹൃത്തില്‍
ആലിപ്പഴം പെയ്യിക്കുമെന്ന്
ആശിക്കാം ഞാന്‍ ....
ഇനിയും പെയ്യാതിരുന്നാല്‍
എന്‍ ഹൃദയ വസന്തം
തളിര്‍ക്കില്ലൊരിക്കലും ....
മഴ മുത്തുകള്‍ പൊഴിയുമൊരു
പുലര്‍കാലം
കൊതിച്ചിരുന്നു ഞാന്‍ ...
നട്ടുച്ചക്കെങ്കിലും
തിമര്‍ത്തു പെയ്യുമെന്ന്
വൃഥാ
മോഹിച്ചു ഞാന്‍ ....
ഒടുവിലീ ഇരുളുള്ള രാത്രിയില്‍
ആര്‍ക്കോ വേണ്ടിയോന്നു
ചാറിപ്പോയ് നീ ...

മാറ്റം


ഗഗന നീലിമയിലുരുണ്ടു കൂടിയ
മഴക്കോളുകളുടെ നൊമ്പരങ്ങള്‍
മണിമുത്തുകളായ്‌ പെയ്തു വീണത്‌
എന്റെ മനസ്സിലേക്കാണ്‌ ....
മാനസ വനത്തില്‍ ശുഷ്കിച്ചു കിടന്ന
മൗനങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി
തുള്ളി മുറിയാതെ പെയ്ത്
ആ കുളിരിന്റെ ചുംബനമേറ്റ്
ഇന്നിന്റെ പ്രഭാതത്തില്‍ ഒരു
കാട്ടു ചെമ്പകം പുഷ്പിച്ചു....

എന്റെ ഉപ്പ


അയവിറക്കാനുണ്ട്‌ ഹൃദയസ്‌പൃക്കായ കുറേ ഓര്‍മകള്‍...

യൗവനം വാര്‍ദ്ധക്യത്തിന്റെ തീച്ചൂളയിലിട്ടു പഴുക്കുന്നതു വരെ തന്റെ മക്കള്‍ക്കു വേണ്ടി അന്യര്‍ കുടിച്ച ചായ ഗ്ലാസും എച്ചില്‍പാത്രങ്ങളും കഴുകി ജീവിതം ഹോമിച്ച ഒരു സ്‌നേഹവിളക്കായ ബാപ്പയുടെ കഥ....!

കണ്ണീരിന്റെയും കടബാധ്യതയുടെയും വിങ്ങുന്ന ഓര്‍മകള്‍ ചാലിച്ച കദന കഥ...!

ബാല്യകാല രോഗങ്ങള്‍ പിടിപെട്ട്‌ ആരോഗ്യം നശിച്ച ഒരു കൊച്ചുപയ്യന്റെ ആരോഗ്യവീണ്ടെടുപ്പിനു വേണ്ടി മരുന്നും മന്ത്രങ്ങളുമായി ആശുപത്രികള്‍ കയറിയിറങ്ങി തലയില്‍ നരയ്‌ക്കൊപ്പം കടക്കെണി കൂടി കയറക്കൂടിയ ഒരു പച്ച മനുഷ്യന്റെ വ്യഥയുടെ കഥ..!

ധനികരുടെ മക്കള്‍ 'മുന്തിയ' പഠനോപകരണങ്ങളും ഉടയാടകളുമായി പള്ളിക്കൂടത്തിലേക്കു പോകുമ്പോള്‍ തന്റെ മകന്‍ അവര്‍ക്കിടയില്‍ മോശക്കാരനാവരുതെന്നാഗ്രഹിച്ച സ്‌നേഹമയിയായ പിതാവിന്റെ കഥ...!

സാമ്പത്തികം വില്ലന്‍ വേഷമണിഞ്ഞപ്പോള്‍ പ്രാഥമിക വിദ്യാലയത്തിലെ പഠനം ഇടക്കു നിര്‍ത്തി പടികളിറങ്ങേണ്ടി വന്ന ഹതഭാഗ്യനായ മകനെ നോക്കി നെടുവീര്‍പ്പിട്ട കണ്ണീരു വറ്റിയ ഒരു ഉപ്പയുടെ കഥ....!

ഒടുവില്‍, വര്‍ഷങ്ങളുടെ കാത്തിരുപ്പിനു ശേഷം മകന്‍ സ്വന്തം അധ്വാനിച്ച്‌ SSLC എന്ന കടമ്പ പ്രൈവറ്റായി പഠിച്ച്‌ വിജയശ്രീലാളിതനായി കടന്നുവന്നപ്പോള്‍ ചേര്‍ത്തുപിടിച്ച്‌ സന്തോഷാശ്രു പൊഴിച്ച പിതൃസ്‌നേഹത്തിന്റെ കഥ...!

മകന്‍ ഒരു നല്ല നിലയിലെത്തിയിട്ടു കണ്ണടഞ്ഞാല്‍ മതിയെന്ന ആ പ്രാര്‍ത്ഥനയ്‌ക്കു സാഫല്യം കാണുമ്പോള്‍ പിന്നെ നിറഞ്ഞതെന്റെ കണ്ണുകള്‍... ! സജലങ്ങളായ കണ്ണുകളെ തലോടാന്‍ നീണ്ടതു എന്റെ മകന്റെ കരസ്‌പര്‍ശവും.....!

നാഥാ, പരലോക ജീവിതം ധന്യമാക്കേണമേ .....

15.6.12

സമ്മിശ്രവികാരം