12.9.14

അസ്തഗ്ഫിറുള്ളാഹല്‍ അളീം....

പള്ളിയുടെ മട്ടുപ്പാവിലിരുന്നാണ് 
ഹസനുല്‍ ബസ്വരിയുടെ ഖുര്‍ആന്‍ പാരായണം...
വിശുദ്ധസൂക്തങ്ങളുടെ മാസ്മരികതയിലൂടെയാണ് 
ആത്മീയഗുരുവര്യന്റെ അംഗുലീസ്പര്‍ശം...
ആ കണ്ണുകളില്‍ പ്രതിബിംബിക്കുന്നത് 
വിശുദ്ധവചനങ്ങളുടെ സൗന്ദര്യോല്ലേഖനം...
ആ അധരങ്ങളിലൂടെ പൊഴിഞ്ഞുവീഴുന്നത് 
വചനസൗകുമാര്യതയുടെ മൃദുമന്ത്രണം.....
നന്മയ്ക്കുള്ള പ്രതിഫലങ്ങളും 
തിന്മയ്ക്കുള്ള കഠിനശിക്ഷകളും 
വ്യാഖ്യാനിക്കുന്നിടത്ത് 
ആ കണ്ണുകള്‍ തറഞ്ഞുനിന്നു...
വീണ്ടും ഒരാവര്‍ത്തി അതുതന്നെ 
വായിച്ചു ഹസന്‍....!
ഹൃദയമിപ്പോള്‍ പെരുമ്പറകൊട്ടുന്നുണ്ട്....
അധരങ്ങള്‍ വിറകൊള്ളുന്നുണ്ട്....
കണ്ണുകള്‍ സജലങ്ങളാകുന്നുണ്ട്.
നാഥാ...! ഹസന്റെ തിന്മകള്‍....
ഇന്നലെകളിലെ പിഴവുകള്‍ ...
അവിവേകങ്ങള്‍, വിചാരമില്ലായ്മകള്‍...
ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍ 
ഉരുണ്ടടര്‍ന്നു വീണു ചുടുകണ്ണീര്‍.. 
തേങ്ങലുകള്‍ കണ്ഠങ്ങളില്‍നിന്ന് മേലോട്ട്....
ചുടുകണങ്ങള്‍ കവിളുകളിലൂടെ താഴോട്ട്....
ഒരു തുള്ളിയടര്‍ന്നു വീണ് താഴെയുള്ള 
ഒരാളുടെ വസ്ത്രത്തിലേക്ക്...
അതവിടെക്കിടന്ന് ചിതറിപ്പരന്നാണ്ടുപോയി....
അയാള്‍ മുകളിലേക്കു വിളിച്ചുചോദിച്ചു:
ഹസന്‍, ഇത് ശുദ്ധജലം തന്നെയല്ലേ...?
നജസ് (മാലിന്യം) ഒന്നുമല്ലല്ലോ....! 
എനിക്ക് നിസ്‌കരിക്കാനുള്ളതാണ്...
ഹസനുല്‍ ബസ്വരി അയാളോട് പ്രതിവചിച്ചു:
'സഖേ, ക്ഷമിക്കൂ എന്നോട്...
ദയവായി അതൊന്നു കഴുകിക്കളയൂ...
പാപിയുടെ കണ്ണില്‍നിന്നടര്‍ന്നുവീണ
മലിനമായ കണ്ണീര്‍ത്തുള്ളിയാണത്....!'
ദീര്‍ഘയാത്രയ്ക്കു ശേഷം കാറ്റുകൊണ്ട്
പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച മുഖത്തേക്ക്
ഇരു കൈകളിലും കോരിയെടുത്ത
തണുത്ത വെള്ളമെറിയുമ്പോഴുള്ളൊരനുഭൂതി..!
അത് പ്രായശ്ചിത്തത്തിന്റെ കുഞ്ഞു ഉദാഹരണം..
തിന്മകളുടെ ഭാണ്ഡക്കെട്ടുകളും ചുമലില്‍ ചുമന്ന്
നാമെത്രദൂരമിനിയും...?
അതാ, അവിടെയൊരു വാതില്‍ തുറന്നുകിടപ്പുണ്ട്...
തൗബക്കൊരു വാതില്‍....
പ്രായശ്ചിത്തത്തിന്റെ വാതില്‍...
അതിലൂടെയെത്താം സര്‍വശക്തന്റെയരികില്‍...
അവന്‍ കരുണാവാരിധിയത്രേ...
അല്ല, അവനോളം കരുണ ചെയ്യുന്നവരില്ലത്രേ...
കൂട്ടുകാരാ,
ഇപ്പോള്‍ നിന്റെ ഹൃദയത്തില്‍ നിന്നും 
ഒരു തേങ്ങലിന്റെ ഓളമുണ്ടോ...?
ഒരു മിടിമിടിപ്പുണ്ടോ....?
ഉണ്ടെങ്കില്‍ നിന്നില്‍ നിന്ന് അടര്‍ന്നുപോയിട്ടില്ല
നന്മയുടെ പൊട്ട്...!

(((((((((((((((((((( Facebook )))))))))))))))))))

No comments:

Post a Comment