9.7.12

കവിത വിരിയാനെന്തേ താമസം ...?


ഹാര്‍ഡ്‌ഡിസ്‌ക്‌ ഹൃദയവുമായി ബന്ധിപ്പിച്ച്‌
ഞാനൊരു കവിതയെഴുതാനിരുന്നു....
പുറത്ത്‌ റിമോട്ട്‌ കണ്‍ട്രോള്‍ കൊണ്ട്‌
കോഴിമുട്ട വിരിയിക്കാന്‍ ശ്രമിക്കുന്ന മകന്‍ ...
കവിതവിരിഞ്ഞപ്പോള്‍ അവനോടിവന്ന്‌ പറഞ്ഞു
അപ്പൂപ്പന്റെ മെമ്മറി കാര്‍ഡ്‌ അടിച്ചുപൊയെന്ന്‌...
പിടഞ്ഞെണീറ്റോടിച്ചെന്ന ഞാനാ കാഴ്‌ച കണ്ടു
കുപ്പിയിലുള്ള വീഞ്ഞടിച്ച്‌ അപ്പന്‍ ഷട്ട്‌ഡൗണ്‍... !
അപ്പന്റെ സോഫ്‌റ്റ്‌ വെയറൊക്കെ എന്തരോ എന്തോ...!
നാളെ സൂര്യന്‍ ലോഗിന്‍ ചെയ്‌താലല്ലാതെ അപ്പന്‍
റീസ്റ്റാര്‍ട്ടാകില്ലെന്നോര്‍ത്തപ്പോള്‍ ആകെയൊരു എറര്‍..!
നല്ലപാതിയെ തിരഞ്ഞുനോക്കിയപ്പോള്‍ കണ്ടില്ല
ഫെയ്‌സ്‌ബുക്കു സൂക്ഷ്‌മം വായിച്ചു പഠിക്കുന്ന
ഒന്നാംക്ലാസ്സുകാരിയായ മകള്‍ വന്നു പറഞ്ഞു
പൊന്നമ്മ ബ്ലോഗില്‍ കമന്റ്‌ തോരനുണ്ടാക്കുകയാണെന്ന്‌..
കുറച്ചു കഞ്ഞിചോദിച്ച്‌ അമ്മയെ വിളിച്ചു നോക്കി..
അമ്മ മൊബൈല്‍ ഗെയിം ആസ്വാദനക്കൊടുമുടിയില്‍
ഒടുവിലാരോ ടാഗു ചെയ്‌ത കഞ്ഞിയും ചമ്മന്തിയും
ലൈക്കി ഒന്ന്‌ മയങ്ങാന്‍ സ്റ്റാന്‍ഡ്‌ ബൈ ക്ലിക്കി
ഉറക്കം കണ്ണുകളില്‍ പോക്കു ചെയ്‌തപ്പോഴാണ്‌
കവിത ഹൃദയത്തില്‍ മെന്‍ഷന്‍ ചെയ്യുന്നത്‌...
ഉറക്കച്ചടവോടെയെണീറ്റിരുന്ന്‌ കീബോര്‍ഡില്‍
കവിത പരതിയപ്പോള്‍ മൗസ്‌ എന്നെ കളിയാക്കി
കോപിഷ്ടനായി ലാപ്‌ ടോപ്‌ അടച്ച്‌ കണ്ണുതിരുമ്മി
വിന്‍ഡോസിലൂടെ പുറത്തെ കാഴ്‌ചകള്‍ നോക്കി
നീലനിലാവില്‍ കുളിച്ചുനില്‍ക്കുന്ന മരങ്ങള്‍..
നീലാകാശത്തു പ്രഭചൊരിഞ്ഞു ചിരിക്കുമര്‍ക്കന്‍ ...
പഴയനോട്ടുബുക്കില്‍ നിന്നൊരു താളെടുത്ത്‌
നീലമഷിപ്പേന വിരലുകള്‍ക്കു സമ്മാനിച്ച്‌ ഞാന്‍
എഴുതിത്തുടങ്ങിയപ്പോള്‍ വിരിഞ്ഞതായിരം കവിത...
-റിയാസ്‌ ടി. അലി

3 comments:

  1. വായിച്ചു കഴിഞ്ഞപ്പോള്‍ ബ്ലോഗു വിഭവങ്ങളുടെ ഒരു പുതു മനം ഇവിടെയൊക്കെ വല്ലാതെ അലയടിക്കും പോലെ .... എല്ലാം രുചിക്കാന്‍ ഇപ്പൊ സമയമില്ല ഇനീം വരം ഇത് വഴി.... :)

    ReplyDelete