16.10.14

സൗഹൃദത്തിന്റെ കോട്ടം തട്ടാക്കോട്ട..!


തിന്മയുടെ മാരകായുധങ്ങള്‍ നന്മയെ നിഷ്‌കാസനം ചെയ്യുകയാണ്.
'അല്ലാഹു ഒരുവനാണെന്നും മുഹമ്മദ് നബി പ്രവാചകനാണെന്നും വിശ്വസിച്ച അവസാനത്തെ കണ്ണിയെയും ഭൂമിയില്‍നിന്ന് തുടച്ചുമാറ്റിയിട്ടേ വിശ്രമമുള്ളൂ' എന്ന് പ്രഖ്യാപിച്ച് മക്കയിലെ മൂപ്പന്മാര്‍ നിരപരാധികളെ കൊന്നൊടുക്കുന്നു.
പ്രതിരോധത്തിന്റെ അവസാനത്തെ അടവുകളും പ്രയോഗിച്ചാണ് പോര്‍ക്കളത്തില്‍ നന്മയുടെ ധ്വജവാഹകര്‍ പിടിച്ചുനില്‍ക്കുന്നത്. ആക്രമണം കൊടുമ്പിരി കൊണ്ടപ്പോള്‍ അടര്‍ക്കളത്തില്‍ അംഗഭംഗം വന്നും തളര്‍ന്നും ചോരതുപ്പിയും വീണുപിടയുന്ന പ്രവാചകാനുയായികള്‍ക്കരികിലേക്ക് ദാഹജലം കൊണ്ടുവരപ്പെട്ടു. ഒരാളിലേക്ക് വെള്ളപ്പാത്രമെത്തിയപ്പോള്‍ അപ്പുറത്തെ സഹോദരനെ ചൂണ്ടിക്കാണിച്ച് 'എനിക്കല്ല, അദ്ദേഹത്തിനു നല്‍കൂ..' എന്നാണ് പറയുന്നത്. അദ്ദേഹത്തിലേക്കെത്തുമ്പോള്‍ 'എന്നേക്കാള്‍ അവശനും മരണത്തോട് മല്ലിടുന്നവനും അപ്പുറത്തു കിടക്കുന്ന എന്റെ സഹോദരനാണ്, അദ്ദേഹത്തിനു നല്‍കണ'മെന്നാണ് ആവശ്യം. അങ്ങനെ അപ്പുറത്തുനിന്നുമപ്പുറത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുകയും, 'തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ആരും യഥാര്‍ത്ഥ വിശ്വാസിയാകുകയില്ലെ'ന്ന നന്മയുടെ പാഠം ഓര്‍മിക്കപ്പെടുകയും ചെയ്ത്
മരണത്തിനോടു മല്ലിടുമ്പോഴും സൗഹൃദത്തിനും സ്‌നേഹത്തിനും മൂല്യം കല്‍പിച്ചവരായിരുന്നു പ്രവാചകാനുയായികള്‍. അങ്ങനെയങ്ങനെ ഒടുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടയാളിലേക്ക് ജലപ്പാത്രമെത്തുമ്പോഴേക്കും മരണം പിടികൂടിയിരുന്നു അദ്ദേഹത്തെ. തിരിച്ച് മറ്റുള്ളവരിലേക്കോടിയെത്തിയപ്പോഴേക്കും അവരുടെയും സ്ഥിതി മറിച്ചായിരുന്നില്ല.
സൗഹൃദത്തിന് മരണക്കിടക്കയില്‍പോലും വിരുന്നുനല്‍കാന്‍ അനുയായികള്‍ക്കു പാഠമോതിക്കൊടുത്ത പ്രവാചകന്‍ വാഴ്ത്തപ്പെടുംഎക്കാലത്തും...!
സൗഹൃദം...!
ഹൃദയാന്തരങ്ങളിലൂറിയ വര്‍ണിക്കാന്‍ ഭാഷകളേതുകൊണ്ടുമാവാത്ത അനിര്‍വചനീയമായൊരു സംഗതിയത്രേ!
'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെ'ന്ന പഴമൊഴിയൊക്കെ അപ്രസക്തമാകുന്ന ഇകാലത്ത് സ്വാര്‍ത്ഥ താത്പര്യസംരക്ഷണം ലക്ഷ്യമാക്കിയുള്ള സൗഹൃദങ്ങളെയാണ് നമുക്കു കാണാന്‍ കഴിയുക എന്നത് വേദനാജനകം!
ജീവിതത്തേരില്‍ നിഴലായും കൈത്താങ്ങായും നിന്നവര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടിവന്ന് ഏതോ ഒരനിവാര്യഘട്ടത്തില്‍ കരഞ്ഞുംമൂക്കുപിഴിഞ്ഞും വേദനയോടെ പിരിയേണ്ടിവന്ന്, പിന്നീടെപ്പൊഴോ അവര്‍ കണ്ടുമുട്ടുന്നേരം ഒരു പുഞ്ചിരിപോലും കൈമാറാന്‍ മടികാണിക്കുന്നതാണ് 'സൗഹൃദപ്പരിഷ്‌കാരത്തിന്റെ പുതുമ'കളെന്നതും എത്ര വിചിത്രം!
സൗഹൃദം ഒരു കലയാണ്. മാന്യതയോടെ കാത്തുസൂക്ഷിക്കാനാവാത്ത സൗഹൃദങ്ങള്‍ ചിലപ്പോള്‍ ഹൃദയത്തിലൊരു വേദനയുടെ 'കല'യുമാവും. ആ കല, കറയാകാനും കറ, കുറേയേറുമ്പോള്‍ മുറിവാകാനുമുള്ള സാദ്ധ്യതകളുണ്ട്. ആ മുറിവായിരിക്കും പിന്നീട് വലിയ രക്തച്ചൊരിച്ചിലുകള്‍ക്കുപോലും ഇടവരുത്തുക. നല്ല ഇണക്കമുണ്ടായിരുന്നവര്‍ക്കിടയിലെ ചെറിയ പിണക്കങ്ങള്‍ വലിയ ആളിക്കത്തലുകള്‍ക്കു കാരണമാകാറുണ്ടെന്നത് ശ്രദ്ധിച്ചിട്ടില്ലേ...?
സൗഹൃദം സ്ഥാപിക്കാന്‍ എളുപ്പമാണ്. പക്ഷേ, ആ വെട്ടം അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. പൊട്ടലും ചീറ്റലുമുണ്ടാക്കാന്‍ കാരണമാകുന്ന 'സംശയം' എന്ന വില്ലനായിരിക്കും ഒരു പരിധിവരെ സൗഹൃദത്തിന്റെ ഘാതകനാവുക.
രണ്ടുസുഹൃത്തുക്കള്‍ക്കിടയില്‍ അവരെക്കുറിച്ചുതന്നെയുള്ള ആശയവിനിമയങ്ങള്‍ സുതാര്യമാകാത്തിടത്തോളം സംശയത്തിന്റെയും ദുരഭിമാനത്തിന്റെയും കീടങ്ങള്‍ മെല്ലെ മെല്ലെ സൗഹൃദത്തെ കാര്‍ന്നുതിന്നുമെന്നതാണ് സത്യം. അന്യോന്യം സംശയങ്ങള്‍ക്കിടവരുത്തുന്ന വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കുക എന്നതാണ് ഇവിടെ പ്രയോഗിക്കാവുന്ന ഒരു കീടനാശിനി. പരസ്പരം പറയാനുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കാതെ സദുദ്ദേശ്യത്തോടെ (അത് സുഹൃത്തിനുകൂടി മനസ്സിലാകുന്ന തരത്തില്‍) 'മുഖത്തുനോക്കിപ്പറയുന്നത്' സൗഹൃദത്തിന്റെ വളര്‍ച്ചയ്ക്കുതകുന്ന മേന്മയേറിയ വളമാണ്. ആവശ്യത്തിനു വളം കിട്ടാത്തതിനാല്‍ വിളയാത്തതും വളയുന്നതുമാവരുത് നമ്മുടെ സൗഹൃദങ്ങള്‍...
ചില സൗഹൃദങ്ങളെ മനഃപൂര്‍വം അവഗണിക്കാനും പഠിക്കണം നമ്മള്‍. പരദൂഷണങ്ങളുടേയും കളളത്തരങ്ങളുടേയും മൊത്തം ടെണ്ടര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നവരാണ് അതിലൊരു വിഭാഗം. അടുക്കുമ്പോഴായിരിക്കും അവരുടെ 'തനിക്കൊണം' മനസ്സിലാവുക. നമുക്കിടയില്‍ 'നല്ലപിള്ള' ചമയാനും നമ്മുടെ മനം കവരാനും വേണ്ടി മറ്റൊരാളെക്കുറിച്ച് അവര്‍ നമ്മോട് മോശമായിപ്പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെയുള്ളവരെ സൗഹൃദവലയത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയേ മതിയാവൂ. ഉറപ്പാണ്, അയാള്‍ നമ്മെക്കുറിച്ചും അരുതാത്തത് പറയുന്നുണ്ടാവും അപ്പുറത്ത്..!
ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും എന്റെ കാര്യം മഹാകഷ്ടമാണ്. എനിക്ക് സൗഹൃദം ലൈവായി നിലനിര്‍ത്താന്‍ കഴിയാറില്ല. കുറേയേറെ സൗഹൃദങ്ങളുണ്ട്, ഓണ്‍ലൈനായും അല്ലാതെയും. ചാറ്റിംഗും ഫോണിംഗും 'കാണിംഗു'മൊന്നും കാര്യക്ഷമമായി നടക്കാത്തതിനാല്‍ പല സൗഹൃദങ്ങള്‍ക്കുമുകളിലുമിപ്പോള്‍ ഒരു മീസാന്‍ കല്ലുകാണാം. ചിലരൊക്കെ പരിഭവത്തിന്റെയും പരാതികളുടെയും ഭാണ്ഡക്കെട്ടുകളുമായി വന്ന് ഇടക്കിടയ്ക്ക് സൗഹൃദപ്പൂമുഖത്തെ മണിയടിച്ചുനോക്കാറുണ്ട്. ചിലപ്പോഴൊക്കെ അതങ്ങനെ തുടരും. പിന്നെയും മറവിയുടെ മാറാല സ്മൃതിപഥത്തെ ആവരണം ചെയ്യുന്നതിനാല്‍ മാഫീ ഫാഇദ!
പക്ഷേ, ഒരു സുഹൃത്തിനെക്കുറിച്ച് മറ്റൊരു സുഹൃത്തിനോട് മോശമായി സംസാരിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. 'അറിയാതെയൊരു അവിവേകം എന്റെ വായയില്‍ നിന്നു വീണുപോകരുതെ'ന്ന് ദൃഢനിശ്ചയം ചെയ്ത് വായിലൊരു കല്ലു വച്ചിരുന്ന ഇസ്ലാമിക് റിപബ്ലിക്കിന്റെ ഒന്നാം ഖലീഫ സ്വിദ്ദീഖുല്‍ അക്ബറിന്റെ ജീവിതം ഓര്‍മിച്ചുപോകും ഈ വേളയില്‍.
നിഷ്‌കളങ്കവും നിഷ്‌കപടവുമായ സൗഹൃദങ്ങളാവണം നമ്മെ നയിക്കേണ്ടത്. അതില്‍ സ്വാര്‍ത്ഥതയും സ്വേച്ഛകളും കലര്‍ത്തി മലീമസമാക്കാതിരിക്കാനാവട്ടെ നമ്മുടെ ശ്രമങ്ങളത്രയും. എന്നാല്‍ നമുക്കും കെട്ടിപ്പടുക്കാനാവും സൗഹൃദത്തിന്റെ ഒരു 
കോട്ടം തട്ടാക്കോട്ട..!

(((((((((((((((((((( Facebook ))))))))))))))))))))))))))

10 comments:

  1. നല്ല സൌഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ

    ReplyDelete
  2. ഇന്ന് സൌഹൃദങ്ങള്‍ക്ക് ഉള്ള പ്രസക്തി എന്തെന്ന് കൂടുതല്‍ ചിന്തിക്കണം. ഫേസ്ബുക്ക് കാലത്ത് ഒരുപാടൊരുപാട് പേരുകള്‍ നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ കുമിഞ്ഞുകൂടുമ്പോള്‍ ആര്‍ക്കും ആരെയും അറിയാതെവരുന്ന ഒരവസ്ഥ സംജാതമാകുന്നു. (അല്ലാത്തവയും ഇല്ലെന്നല്ല). ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരുമായി വ്യക്തിപരമായി ഒരു അടുപ്പം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ ചുമ്മാ ആഡിയിട്ട് പിന്നെ പ്രതികരിക്കാറില്ല. ചിലരെ (താങ്കളെ ഉള്‍പ്പെടെ) ഒഴിവാക്കിയിട്ടുണ്ട്! അതില്‍ ഇന്ന് അല്‍പ്പം ഖേദം ഉള്ളത് മറച്ചുവെക്കുന്നില്ല.
    എന്തായാലും നല്ല എഴുത്ത്. നല്ലത് വരട്ടെ!

    ReplyDelete
  3. വളരെ നല്ലൊരു കുറിപ്പായി മാഷെ.
    തീര്‍ച്ചയായും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി സൌഹൃദബന്ധങ്ങളെ തകര്‍ക്കുന്നവരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്!
    ആശംസകള്‍

    ReplyDelete
  4. നിസ്വാര്‍ത്ഥസൌഹൃദങ്ങള്‍ വളരെ വിരളവുമാണ്!

    ReplyDelete
  5. ഇന്ന് ഹായ് ഫ്രെണ്ട്ഷിപ്പുകളാണ് കൂടുതൽ
    പണ്ടത്തെ പോലെയൊന്നുമുള്ള പോലെ ആത്മമിത്രങ്ങൾ വളരെ കുറവും...!

    ReplyDelete
  6. പറയാനുള്ളവ തന്നെ.

    ReplyDelete
  7. സൗഹ്യദങ്ങള്‍ എന്നും നില നില്‍ക്കട്ടെ . ആത്മാര്‍ത്ഥ സൗഹ്യദങ്ങള്‍ ഇപ്പോള്‍ വിരളമാണ്

    ReplyDelete