19.2.13

ഇനിയും ഉണര്‍ന്നില്ലെങ്കില്‍...



ഭരണാധികാരികള്‍ തന്നെ പീഡനത്തിന്റെ ആശാന്‍മാരാകുന്നകാലം.
പീഡിപ്പിക്കാനും ന്യായീകരിക്കാനും പ്രതിപക്ഷ ഭരണപക്ഷ ഭേദമില്ല. ഇക്കാര്യത്തില്‍ ഈ രണ്ടു വിഭാഗങ്ങളും ഒറ്റക്കെട്ടാണ്. പരസ്പര സഹായം ചെയ്ത് രക്ഷിച്ചും സഹായിച്ചും ഇരുകൂട്ടരും ജനങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങള്‍ എപ്പോഴും പമ്പരവിഡ്ഢികള്‍..!
ന്യായവും സത്യവും നീതിയും വെറും കടലാസിലെ ഭംഗിവാക്കുകള്‍ മാത്രം.
നീതിപീഠവും ഭരണകൂടവും 'നീണാള്‍ വാഴട്ടെ....!'

അടുത്ത തവണ ഇലക്ഷന്‍ വരുമ്പോഴും ജോലിത്തിരക്കൊക്കെ മാറ്റി വോട്ടു ചെയ്യാന്‍ പോകണം. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തണം. ജയിച്ചാല്‍ ആഹ്ലാദ പ്രകടനം നടത്തണം. ലഡു വിതരണം നടത്തണം. പായസം വിളമ്പണം. അതിന്റെയൊക്കെ നിറം കൊടിയുടെ നിറമാക്കാന്‍ പ്രത്യേക ശ്രദ്ധകൊടുക്കണം. താന്‍ വോട്ടുകൊടുത്തു വിജയിപ്പിച്ചവന്‍ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞാദിവസം പടക്കം പൊട്ടിക്കണം. ചങ്കുപൊട്ടി സിന്ദാബാദ് വിളിക്കണം. പിന്നെ ചായക്കടയിലോ കലുങ്കിലോ പോയിരുന്ന് ഭരണകര്‍ത്താവിന്റെ പോരിശകള്‍ പറയണം. അവന്‍ മഹാനായ ഇന്നാലിന്ന നേതാവിന്റെ ആശീര്‍വാദങ്ങളേറ്റു വന്ന പുന്നാരമോനാണെന്ന് ചെണ്ടകൊട്ടണം. എതിര്‍ക്കുന്നവര്‍ക്കു പാരപണിയണം. എതിരാളിക്ക് എങ്ങനെയെങ്കിലും വല്ല ആനുകൂല്യങ്ങളും പഞ്ചായത്തില്‍ നിന്നോ ബ്ലോക്കില്‍ നിന്നോ വരുമ്പോള്‍ ഓന്‍ ഞമ്മളാളല്ല എന്നും പറഞ്ഞ് അതു ബ്ലോക്കാക്കണം. ഒടുവില്‍ ഓനെ ബെടക്കാക്കി തനിക്കാക്കണം. ജനാധിപത്യം എന്നാല്‍ ഇതൊക്കെയാണ്. തന്റെ നേതാവിനു നേരെ ആരോപണങ്ങളുണ്ടായാല്‍ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുവരണം. ആരോപിക്കുന്നവര്‍ക്കെതിരെ വൈകുന്നേരം അങ്ങാടിയില്‍ പന്തംകൊളുത്തി പ്രകനം നടത്തണം. പ്രതിഷേധ പ്രകടനം കൊണ്ട് അന്തരീക്ഷം മുഖരിതമാക്കണം. ഇതൊക്കെ ചെയ്യുന്നവനാണ് യഥാര്‍ത്ഥ പാര്‍ട്ടി പ്രേമി. പാര്‍ട്ടിക്ക് ഇതുമതി. പാര്‍ട്ടിക്കാര്‍ക്കും ഇതുമതി. നേതാവിന്ന് ഇതെമ്പാടും മതി.  അങ്ങനെ നമ്മള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

നമ്മള്‍ കൊടുത്ത വോട്ടുകൊണ്ട് അധികാരത്തിലേറിയ ഏമാന്മാരോ...? നമ്മുടെ സഹോദരിമാരെ പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നു. ചിലര്‍ കാമപ്പിശാച്  ബിരുദമെടുത്തവര്‍, ചിലര്‍ ബിരുദാനന്തരബിരുദമെടുത്ത് ഇപ്പോഴും അധികാരത്തിന്റെ പാല്‍പ്പായസം നുണയുന്നവര്‍. മറ്റുചിലരാകട്ടെ ഇവരെ ന്യായീകരിച്ച് വഷളാക്കുന്നവര്‍. ഒരു കൂട്ടം കാട്ടാളന്മാര്‍ മാന്യതയുടെ മുഖംമൂടിവെച്ച് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് കൊല്ലാക്കൊല ചെയ്ത ഒരു സഹോദരിയെ ഇപ്പോഴും ഈ നരാധമന്മാര്‍ വേട്ടയാടുന്നു. വേട്ടക്കാര്‍ക്കു മുമ്പില്‍ നിസ്സഹായയായ പെണ്‍കുട്ടിയും വൃദ്ധ മാതാപിതാക്കളും നീതിയുടെ ഒരുതുള്ളി വെള്ളത്തിനായി കേഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അനുഭവിക്കേണ്ടതിലപ്പുറം അനുഭവിച്ചുതീര്‍ത്ത ഇങ്ങനെയുള്ള നിരവധി കുടുംബങ്ങള്‍ .... വഴിയാധാരമാക്കപ്പെട്ട നിരവധി ജന്മങ്ങള്‍ .... ഈ നശിച്ച ലോകത്തെ വെറുത്ത് എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിച്ച അനവധി പെണ്‍മക്കളും അമ്മമാരും.... ഏതു നദിയില്‍ കൊണ്ടുപോയി കഴുകിക്കളയുമീ പാപഭാരങ്ങള്‍ !!? ഏതു പുണ്യസ്ഥലത്തു ചെന്നാലാണ്, ഏതു ദൈവത്തിന്റെ കോടതിയാണ് ഈ നെറികെട്ട വര്‍ഗത്തോടു പൊറുക്കുക...

രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അധികാരികള്‍ തലമറന്ന് എണ്ണ തേക്കരുത്. അധികാരത്തിന്റെ ഒരംശം കിട്ടുമ്പോഴേക്കും ചക്കരക്കുടത്തില്‍ കൈയിട്ട് മാന്താനുള്ള ഈ ആക്രാന്തം നിര്‍ത്തി നാടിനും നാട്ടാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാത്ത കാലത്തോളം നാടു നന്നാവില്ല. നാട്ടാരുടെ ദുരിതവും തീരില്ല.ജനാധിപത്യം...! ഹോ ആ വാക്കിന്റെ മഹിമയല്ലേ ചിലര്‍ കളഞ്ഞുകുളിച്ചത് ! പ്രിയരേ, തിരുത്തിച്ചിന്തിക്കാന്‍ സമയമായി. ക്ലാവുപിടിച്ച ഹൃദയങ്ങളുള്ള ഈ ദുഷ്ടശക്തികള്‍ക്കെതിരെ കണ്ണു തുറക്കാന്‍ സമയമായി. ഒന്നിച്ചടരാടാം തിന്മക്കെതിരെ. ഏതു നിറത്തിലുള്ള കൊടി വഹിക്കുന്നവനാണെങ്കിലും തിന്മ കണ്ടാല്‍ ചങ്കൂറ്റത്തോടെ പറയാനുള്ള ആര്‍ജവം നമുക്കുണ്ടായേ മതിയാകൂ. അതിലല്‍പം പോലും അമാന്തം കാണിക്കാതെ മുന്നേറാം...


8 comments:

  1. തിരുത്തിച്ചിന്തിക്കാന്‍ സമയമായി !ഒത്തുരുമിച്ച്‌

    ReplyDelete
  2. മാറേണ്ട (മാറ്റേണ്ട ) കാലം അതിക്രമിച്ചിരിക്കുന്നു ..

    ReplyDelete
  3. ജനാധിപത്യം എന്നാല്‍ ഇവിടെ ഇങ്ങനെയൊക്കെയാണ്.

    ReplyDelete
  4. "രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. "

    ReplyDelete
  5. ഉദ്ദേശശുദ്ധിയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ആര്‍ക്കാണ് നേട്ടം അല്ലെ ? ,വളരെ നല്ല പോസ്റ്റ്‌ .

    ReplyDelete
  6. മാറട്ടെ നമ്മുടെ സാമൂഹിക മനസ്ഥിതി ..

    ReplyDelete