13.8.13

റേഡിയോ കാലം...

                      എന്റെ സ്‌കൂള്‍ കാലത്ത് ഉപ്പയ്ക്ക് ചെറിയൊരു ചായക്കച്ചവടമായിരുന്നു-നാട്ടില്‍ത്തന്നെ. കിഴക്കരുണനുണരും മുമ്പേ ഉമ്മ വീട്ടില്‍ പാകം ചെയ്യുന്ന വെള്ളപ്പവുമായി കടയിലേക്കെത്തുന്നത് എന്റെ ജോലി. വെട്ടം പരന്നുതുടങ്ങും മുമ്പേ നല്ല തിരക്കായിരുന്നു കടയില്‍. സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങുന്നവര്‍ നേരെ ഉപ്പയുടെ ചായക്കടയിലേക്കാണെത്തുക. തലേന്നു രാത്രി വയലില്‍ പന്നിക്കൂട്ടമിറങ്ങിയതും ആനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചതും പാടത്തേക്കു വെള്ളം തിരിച്ചതുമൊക്കെയാവും ചൂടുപിടിച്ച ചര്‍ച്ചാ വിഷയങ്ങള്‍. ഇടക്കിടെ നിരുപദ്രവകരമായ ചില രാഷ്ട്രീയ ചര്‍ച്ചകളും കടന്നുവരും. ഒരിക്കലും അതൊന്നും അവരുടെ സുഹൃദ്ബന്ധങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തരത്തിലാകുമായിരുന്നില്ല. എപ്പോഴും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു അവര്‍.
                      രാവിലെ കടയിലെത്തുമ്പോള്‍ ഉറക്കെ വെച്ച റേഡിയോ പരിപാടികള്‍ കേള്‍ക്കാം. വന്ദേമാതരം കൊണ്ട് സ്റ്റേഷന്‍ തുറക്കുന്നതുമുതലുള്ള പരിപാടികള്‍ രാത്രി 9 മണി വരെ നീണ്ടുനില്‍ക്കും. ഉച്ചയ്ക്കും മറ്റും ആളൊഴിയുമ്പോള്‍ മാത്രമായിരിക്കും ഒന്ന് ഓഫാക്കുന്നത്. പ്രഭാത ഭേരിയും അതു കഴിഞ്ഞ് 6.45 നുള്ള പ്രാദേശിക വാര്‍ത്തയും അതിനൊപ്പമുള്ള ഉജാലപ്പരസ്യവുമൊക്കെ ഇന്നലെ കേട്ടതുപോലെ...!
"തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍
വെള്ളയുടുപ്പിന്നുജാല തന്നെ...
പാലൊളിയേകും ഉജാലയിപ്പോള്‍
നാട്ടിലും വീട്ടിലും പേരുകേട്ടു..
വീട്ടിലും നാട്ടിലും പേരു കേട്ടു..."
                      ഉച്ഛൈശ്രവസ്സേ നാണിച്ചുകൊള്‍ക എന്നാരംഭിക്കുന്ന പരസ്യവും ഉജാലയെക്കുറിച്ചുണ്ടായിരുന്നുവെന്നു എവിടെയോ വായിച്ചുകേട്ടിട്ടുണ്ട്.  ഹൈന്ദവപുരാണത്തിലെ ധവളവര്‍ണ്ണത്തിന്റെ അവസാന വാക്കായ ദേവേന്ദ്രന്റെ കുതിര, ഉച്ഛൈശ്രവസ്സും നാണിച്ചുപോകുന്ന വെണ്മ എന്നായിരിക്കണം പരസ്യക്കാര്‍ ഉദ്ദേശിച്ചിരിക്കുക...!
'രാധേ, അതിമനോഹരമായിരിക്കുന്നു...'
'എന്നെയാണോ ഉദ്ദേശിച്ചത്'
'അല്ല, നിന്റെ പാചകം'
ഇപ്പോഴും ഓര്‍മയില്‍ വരുന്ന ഒരു പരസ്യമാണിത്‌. ഇതിലെ 'പാചകം' എന്നതു മാറ്റി 'വാചകം' എന്നാക്കി ചിലര്‍ കളിയാക്കാന്‍ വേണ്ടി പ്രയോഗിക്കുമായിരുന്നു. അങ്ങനെയെത്രയെത്ര പരസ്യങ്ങള്‍...!!
                      സംസ്‌കൃത വാര്‍ത്ത തുടങ്ങുന്ന സമയത്ത് അതിന്റെ ആദ്യഭാഗം കേള്‍ക്കാന്‍ വേണ്ടി റേഡിയോയുടെ അടുത്ത് പോയി ഇരിക്കുമായിരുന്നു. ''ഇയം ആകാശവാണി....സംപ്രതി വാര്‍ത്താ ഹ ശ്രൂയന്താം.. പ്രവാചക ഹ ബാലദേവാനന്ദ സാഗര ഹ..! '' അതു കേട്ടാല്‍ അതിന്റൊപ്പം അതൊന്നു പറഞ്ഞു നോക്കും. ശരിയാണോ എന്നൊന്നുമറിയില്ല. എന്നാലും..! (ഇപ്പൊഴും ഇപ്പറഞ്ഞത് ശരിയാണോ എന്നറിയില്ലാട്ടോ... :P ) പിന്നെയുള്ള വാര്‍ത്തകള്‍ക്കൊന്നും ചെവികൊടുക്കില്ല.  സമയം അവസാനിക്കാന്‍ നേരം 'ഇതി വാര്‍ത്താ:' കേള്‍ക്കാനായി ഒന്നുകൂടി അടുത്തു ചെല്ലുന്നത് പതിവായിരുന്നു...! അതൊക്കെ ഒരു കാലം...! ഇന്നിപ്പോള്‍ ഇതൊക്കെ ഉണ്ടോ ആവോ...! ഉണ്ടെങ്കില്‍ത്തന്നെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ ആവോ..!!
                      റേഡിയോ യുഗം ടേപ്‌റിക്കോര്‍ഡറിലേക്കും അവിടെ നിന്ന് പെട്ടെന്നു സി.ഡി-ഡിവിഡി പ്ലയറിലേക്കും ടെലിവിഷനിലേക്കും കംപ്യൂട്ടറിലേക്കും എത്തിനില്‍ക്കുമ്പോഴും പഴമയുടെ ഓര്‍മകള്‍ക്കെന്തൊരു പുതുമ !

                                           <<<<<<<<<<< @ Face book  >>>>>>>>>>>>


9 comments:

  1. ഇപ്പോഴും പലരും പലതിനും റേഡിയോ സമയത്തെ ആശ്രയിക്കുന്നുണ്ട്.

    ReplyDelete
  2. ""സം പ്രതി വാര്‍ത്താ ഹ ശ്രുയന്താം പ്രവാചക ഹ
    ബാല ദേവാനന്ദ സാഗര """"

    ഇതെന്റെ സ്കൂള്‍ ബസ്സ് വരുന്ന സമയത്തിനുള്ള സൂചനയായിരുന്നു ..
    ദൈവമേ .. മനസ്സ് എത്ര ഓടിയെന്നൊ പിന്നൊട്ട് ...
    വീട്ടില്‍ ഇപ്പൊഴും അച്ഛനുമമ്മയും രാവിലേ വയ്ക്കാറുണ്ട് റേഡിയോ ..
    ഈ പൊക്കിനും ഒരെണ്ണം പുതിയത് കൊണ്ട് കൊടുത്തു
    കുറെയായ് പറയുന്നു പഴയതിന്റെ , രോഗാവസ്ഥ ..

    ReplyDelete
  3. 1960-70 കാലഘട്ടങ്ങളിലെ റേഡിയോ ശ്രോതാക്കളെ പറ്റിയാണ് ഓര്‍മ്മവരുന്നത്‌.
    എന്‍റെ പ്രദേശത്തുള്ള ലൈബ്രറിയുടെ സെക്രട്ടറി ഞാനാണ്.വായനശാലയിലാണ്
    'കോളാമ്പി'യുള്ള റേഡിയോയുള്ളത്.ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാനും,പിന്നെ തല്‍സമയ ഫുട്ബോള്‍ മത്സരങ്ങളുടെ കമന്‍ററി കേള്‍ക്കാനും കാത്തിരിക്കുന്നവരുടെ വ്യൂഹം.സമയാസമയങ്ങളില്‍ അവര്‍ക്കത്‌കേള്‍ക്കണം. ഇല്ലെങ്കില്‍ മുറുമുറുപ്പുകള്‍ ഉയരും...ഇന്ന് ആ റേഡിയോയും കോളാമ്പിയും പുരാതനവസ്തുക്കളായി മൂലയില്‍ പൊടിപിടിച്ച് കിടപ്പാണ്.....
    പഴമയുടെ ഓര്‍മ്മകള്‍ക്കെന്തു പുതുമ!
    ആശംസകള്‍

    ReplyDelete
  4. കുഞ്ഞുണ്ണിയുടെ ചായക്കടയില്‍ മൂന്നുമണിക്ക്‌ തുറക്കുന്ന ശ്രീലങ്കാ റേഡിയോ ഓര്‍മ്മവരുന്നു.

    ReplyDelete
  5. ഇതി വാര്‍ത്താഹഃ

    ReplyDelete
  6. ഞങ്ങളറിഞ്ഞു കെട്ടോ..

    എന്ത് ? കല്യാണമോ ?

    അതൊരു കാര്യം.. പിന്നെ നിന്‍റെ മുടികണ്ട് പയ്യന്‍ മയങ്ങി പോയ കാര്യം... എന്താ തലയില്‍ തേക്കുന്നതെന്ന് ചോദിച്ചു.. നീ പറഞ്ഞു 'സന്തോഷ്‌ ഹെയര്‍ ടോണ്‍' ഹ ഹ ഹ ഹ ഹാ......

    ReplyDelete
  7. നിങ്ങളുടെ കുട്ടിക്കെല്ലാത്തിനും ഫുള്‍ ഉണ്ടല്ലോ..

    അന്നന്നുള്ള പാഠങ്ങള്‍ അവന്‍ അന്നന്ന് പഠിക്കും. പിന്നെ പ്രോത്സാഹനമായി ഞാനവന് സന്തോഷ്‌ ബ്രഹ്മി കൊടുക്കും...

    ReplyDelete
  8. നാട്ടിൽ ഇപ്പോൾവേറെയും കുറെ ചാനലുകൾ ഉള്ള കാരണം റേഡിയോ ശ്രോതാക്കാൾ ഇപ്പോളും ഉണ്ട്.

    ReplyDelete
  9. എത്ര പെട്ടെന്നാണ് മാറ്റങ്ങളുടെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട് നമ്മൾ കൂടെ കൊണ്ട് നടന്ന പലതും നമുക്ക് അന്യമാവുന്നത് ...നന്നായി റിയാസ്

    ReplyDelete