30.7.13

ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചില സുഗന്ധമലരുകള്‍..!


                     അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. മകള്‍ക്കു പെട്ടെന്നു പ്രസവ വേദനയനുഭവപ്പെട്ടപ്പോള്‍  ആ വൃദ്ധ മാതാവിനു വല്ലാത്ത ആധിയായി.  ഹോസ്പിറ്റലില്‍ വേഗം എത്തണം. പരിസരത്തൊന്നും വീടുമില്ല. സഹായത്തിനൊരാളുമില്ല. പുറത്താണെങ്കില്‍ കോരിച്ചൊരിയുന്ന മഴ...! ഈ പെരുമഴയത്ത് ആരെ വിളിക്കാന്‍ ...? വിളിച്ചാല്‍ത്തന്നെ ആരു വരാന്‍ ...? ഇങ്ങനെയുള്ള വിഷമചിന്തകള്‍ അവരെ വല്ലാതെയലട്ടി.

                     പൂര്‍ണഗര്‍ഭിണിയായ മകള്‍ കഠിനവേദനയാല്‍ കരയുന്നു. അമ്മ വലതുകൈയിലൊരു കുടയും ഇടതു കൈയില്‍ മകളെ ചേര്‍ത്തുപിടിച്ചും മുറ്റത്തേക്കിറങ്ങി. ഒരു കിലോമീറ്ററോളം നടന്ന്‌ മെയിന്‍ റോഡിലെത്തി. കോഴിക്കോട് പാലക്കാട് റൂട്ടില്‍ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും വാഹനത്തിരക്കിനൊരു കുറവുമില്ല. ലോഡ് കയറ്റിയ അശോക് ലൈലാന്‍ഡ് തമിഴന്‍ ഗുഡ്‌സ് വാഹനങ്ങളും ടാങ്കര്‍ ലോറികളും ഏങ്ങിയും വലിഞ്ഞും മുരണ്ടും കടന്നു പോകുന്നു. വിലകൂടിയ പുത്തന്‍ മോഡലുകളിലുള്ള കാറുകളും ഇടക്കിടെ ചീറിപ്പായുന്നുണ്ട്. അമ്മ വാഹനങ്ങളേതാണെന്നൊന്നും നോക്കിയില്ല. കൈകാണിക്കാന്‍ തുടങ്ങി.  ഒന്നും നിര്‍ത്തുന്നില്ല.  തങ്ങളെ പുച്ഛിച്ചുകൊണ്ടാണ് അവ കടന്നുപോകുന്നതെന്നു പോലും തോന്നി അവര്‍ക്ക്....

                     സമയം വൈകുകയാണ്. മകളുടെ വേദനക്കൊപ്പം മാതൃഹൃദയത്തിന്റെ വേദനയും ശതഗുണീഭവിച്ചു. മകളെയും താങ്ങി ഒരമ്മ റോഡരികില്‍ നില്‍ക്കുന്നു. അവശയായ മകള്‍, ആ അമ്മയുടെ തോളിലേക്കു ചാഞ്ഞു കൊണ്ടു വേദനകടിച്ചമര്‍ത്തി. വരുന്ന വാഹനങ്ങള്‍ക്കൊക്കെ അവര്‍ കൈകാണിക്കുന്നുണ്ട്. 'മക്കളേ, ഒന്നു നിര്‍ത്തണേ...' അമ്മ ആരോടെന്നില്ലാതെ പറയുന്നു. ദൈന്യമായ മുഖത്തോടെയും പരിഭ്രമത്തോടെയും  ആ പെണ്‍കുട്ടിയും കരഞ്ഞുകൊണ്ട്  കാണിക്കുന്ന ദയനീയ രംഗം! വാഹനങ്ങള്‍ പലതും കടന്നു പോയി. അപ്പോഴും തുള്ളിക്കൊരുകുടമായി മഴ പെയ്തുകൊണ്ടിരുന്നു...

                     'അമ്മേ.. ഇനിയെന്താ ചെയ്യാ.. ഒരു വണ്ടീം നിര്‍ത്തുന്നില്ലല്ലോ....!' വേദനയേറി വയറിന്മേല്‍  ഇരുകൈകളും ചേര്‍ത്തുപിടിച്ചുകൊണ്ട് പെണ്‍കുട്ടി നിലത്തിരുന്നുപോയി. മുളന്തണ്ട് കീറുന്ന ശബ്ദത്തിലുള്ള നിലവിളി പെരുമഴയത്തലിഞ്ഞില്ലാതെയായി. വൃദ്ധമാതാവിന്റെ ഉള്ള ധൈര്യവും ചോര്‍ന്നുതുടങ്ങി. നിസ്സഹായതയുടെ നിമിഷങ്ങള്‍ ....!

                     ദൂരെ നിന്നൊരു വാഹനം മെല്ലെ വരുന്നുണ്ട്. പ്രതീക്ഷയോടെ വീണ്ടുമവര്‍ കൈകാണിച്ചു. വാഹനം അവരുടെ സമീപത്തേക്കു ഒതുങ്ങിനിന്നു. സൈഡ് വിന്‍ഡോ താഴ്ത്തപ്പെട്ടു.  ഡ്രൈവറും വേറെയൊരാളും മാത്രമാണ് കാറില്‍. സുസ്‌മേരവദനനായി അദ്ദേഹം കാര്യമന്വേഷിച്ചു. വിവരങ്ങളറിഞ്ഞതില്‍ പിന്നെ ഒട്ടും താമസിച്ചില്ല. അവര്‍ക്കായി ആ വാഹനത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.  തൂവെള്ള വസ്ത്രധാരിയായ ആ മനുഷ്യന്‍ കാറില്‍ നിന്നിറങ്ങി. ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നു. എല്ലാം തലയാട്ടി സമ്മതിച്ച് ഡ്രൈവര്‍ ആ അമ്മയോടും മകളോടും കയറാന്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന ആ മനുഷ്യനെ വിജനമായ നടുറോഡില്‍ തനിച്ചാക്കി വാഹനം മലപ്പുറത്തെ ഒരു ഹോസ്പിറ്റലിലേക്കു പാഞ്ഞു.

                     ചെറുപ്പക്കാരനായ ആ ഡ്രൈവര്‍ അവരെ ഹോസ്പിറ്റലിലാക്കി അവരുടെ അത്യാവശ്യ കാര്യങ്ങളിലൊക്കെ ഇടപെട്ട്  പെണ്‍കുട്ടി പ്രസവിച്ച വാര്‍ത്തയുമായാണ് തിരിച്ചെത്തിയത്. ഒരു മണിക്കൂറിലധികം നേരം വിജനമായ സ്ഥലത്ത് പെരുമഴയുള്ള രാത്രിയില്‍ ഒരു കടത്തിണ്ണയില്‍ ഏകനായി അദ്ദേഹം കഴിച്ചുകൂട്ടി. ഡ്രൈവര്‍ തിരിച്ചെത്തുമ്പോഴും അവരുടെ വിവരങ്ങള്‍ക്കായി കാത്തിരുന്ന് അല്‍പം പോലും മുഷിപ്പുകാണിക്കാത്ത ആ മഹാ മനീഷി മറ്റാരുമായിരുന്നില്ല, കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനായ നേതാവ് ശിഹാബ് തങ്ങളായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍...!

                     ഡ്രൈവര്‍ മുജീബ് പറയുന്നു: വഴിയില്‍ ഇങ്ങനെയൊരു രംഗം കണ്ടപ്പോള്‍ ശിഹാബ് തങ്ങള്‍ വാഹനം നിര്‍ത്താനും കാര്യം മനസ്സിലായപ്പോള്‍ അവരെ വേഗം ഹോസ്പിറ്റലിലെത്തിക്കാനും ആവശ്യപ്പെട്ടു. വഴിയിലിറങ്ങി നിന്ന തങ്ങളോട്  'തങ്ങളേ, അങ്ങിവിടെ ഒറ്റയ്ക്ക്.....' പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ശാസനപോലെ പറഞ്ഞുവത്രേ, മുജീബേ, നീയവരെ ഹോസ്പിറ്റലിലാക്കി വാ..! എന്ന്. പോകുമ്പോള്‍ സാമ്പത്തികമായോ മറ്റോ സഹായമെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതു ചെയ്തുകൊടുക്കാനും അതിനായുള്ള തുകയും തങ്ങള്‍ മുജീബിനെ ഏല്‍പിച്ചിരുന്നുവത്രേ...!

                     മറ്റു വാഹനങ്ങളിലെ മനുഷ്യരെപ്പോലെ അദ്ദേഹത്തിനും ചീറിപ്പാഞ്ഞു  പോകാമായിരുന്നു, ആരുമറിയാതെ..! പക്ഷേ, മറ്റുള്ളവരില്‍ നിന്ന്, മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു തങ്ങള്‍. ആ ജീവിതവും സഹജീവികളോടുള്ള പെരുമാറ്റവും ഇന്നും മങ്ങാത്തൊരോര്‍മയാണ്, ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചില സുഗന്ധമലരുകള്‍ ...!
തങ്ങളേ, പ്രാര്‍ത്ഥനകള്‍ ...!

                                                   <<<<<<<<<< FB >>>>>>>>>

20 comments:

  1. ചിലരങ്ങനെയാണ്... സുഗന്ധം മാത്രം പരത്തും,ചതഞ്ഞരഞ്ഞാലും !!! നല്ല ഓര്‍മ്മകള്‍...

    ReplyDelete
    Replies
    1. അതേ, ഓര്‍മ്മപ്പുസ്തകത്തില്‍ അതങ്ങനെ വിളങ്ങിനില്‍ക്കും . നന്ദി Aarsha jee :)

      Delete
  2. ഹാ, സുഗന്ധമലരുകള്‍ തന്നെ!!

    ReplyDelete
    Replies
    1. അതേ. പരിമളം വിട്ടകലാതെ ഇപ്പോഴും...
      Thanks Ajithjee..

      Delete
  3. നന്മയുടെ സുഗന്ധം പരത്തിയ തണല്‍ മരത്തിന്റെ ഓര്‍മ്മകള്‍ക്കും സുഗന്ധം

    ReplyDelete
    Replies
    1. അതേ, വിശാലസ്‌നേഹത്തിന്റെ മധുരം...!
      Thanks Najukka..

      Delete
  4. പ്രകാശം പരക്കട്ടെ....സുഗന്ധവും.

    ReplyDelete
    Replies
    1. അതേ, കല്‍പാന്ഥത്തോളം...
      Thanks Aneesh Jee :)

      Delete
  5. നന്മയുടെ സുഗന്ധം.
    ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍ ഉള്ളിലൊരു കുളിര്‍മ്മയായി പെയ്യുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്മകളുടെ സുഗന്ധം തിന്മകളുടെ ദുര്‍ഗ്ഗന്ധങ്ങളെ തല്ലിക്കെടുത്തട്ടെ... നന്ദി CV Thankappan jee

      Delete
  6. നന്മയുടെ വെളിച്ചം പരക്കട്ടെ

    ReplyDelete
    Replies
    1. ആ വെളിച്ചം ഇരുളിനെ അകറ്റട്ടെ...
      Thank You dear Shaju jee

      Delete
  7. നന്മ നിലനില്‍ക്കട്ടെ. എന്നെന്നും.

    ReplyDelete
    Replies
    1. അതേ, അതുവഴി സ്‌നേഹത്തിന്റെ സുന്ദരസന്ദേശം ജനങ്ങളെ പുണരട്ടെ.. നന്ദി Sree... :)

      Delete
  8. കടലുണ്ടിയില്‍ ചെന്നൈ മെയില്‍ അപകടത്തില്‍ പെട്ട സംഭവം ഓര്‍മ്മ വരുന്നു. അന്ന് സുരക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങളെല്ലാം അവിടേക്ക് പോവുന്നത് നിരോധിച്ചിരുന്നു. കടലുണ്ടി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു നിന്ന് പാലത്തിനു മുകളിലൂടെ അപകട സ്ഥലത്തേക്ക് ഞാന്‍ നടക്കുമ്പോള്‍ അവിടെ എന്താണ് സംഭവിച്ചതെന്നറിയാന്‍ ആകാംക്ഷയോടെ തിരക്കിട്ട് നടന്നു പോവുന്ന ആളുകളുടെ കൂട്ടത്തില്‍ തികച്ചും സാധാരണക്കാരനെപ്പോലെ ആദരണീയനായ ശിഹാബ് തങ്ങളും ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലെ ആ ഉജ്വലവ്യക്തിത്വം യാതൊരു ജാടയുമില്ലാതെ തിരക്കു കൂട്ടുന്ന ആളുകളില്‍ ഒരുവനായി മനുഷ്യന്റെ മോഹങ്ങളുടെ കമ്പാര്‍ട്ടുമെന്റുകള്‍ മുങ്ങിത്താണതിന്റെ വേദനിപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് സ്തംബ്ദനായി നിന്ന രംഗമാണ് ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് എപ്പോഴും ഓടിയെത്താറുള്ളത്. സഹജീവികളുടെ ദുരിതങ്ങള്‍ക്ക് നേരെ മുഖം തിരിക്കാതെ,സ്ഥാനമാനങ്ങളുടെ ജാടകളില്ലാതെ, അവിടേക്ക് ഓടിയെത്താനുള്ള മനോഭാവമാണ് ശിഹാബ് തങ്ങളെ മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

    മറ്റൊരു രാഷ്ട്രീയ നേതാവിലും കാണാത്ത രാഷ്ട്രീയമായി എതിര്‍പ്പു പ്രകടിപ്പിക്കുന്നവര്‍പോലും ആദരിക്കുന്ന രീതിയില്‍ പൊതുപ്രവര്‍ത്തില്‍ അദ്ദേഹം സൂക്ഷിച്ച ഇത്തരം മാതൃകകള്‍ ഇന്നത്തെ തലമുറ പാഠമാക്കേണ്ടതാണ്. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലര്‍ ആ മാതൃക പിന്തുടരുന്നതില്‍ വിമുഖരായി.അവരില്‍ ചിലരുടെ പൊതുജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരാശപ്പെടുത്തുന്നതാണ്.

    ReplyDelete
  9. നന്മ. കൂടെ പോവുക കൂടി ചെയ്തിരുന്നു എങ്കിൽ ശോഭ വർദ്ധിച്ചേനെ.

    ReplyDelete
  10. ജീവിച്ചിരിക്കുമ്പോഴും, മരണ ശേഷവും മറ്റുള്ളവര്‍ക്ക് പറയാനും ഓര്‍ത്ത്‌ വെക്കാനും നന്‍മ മാത്രം ബാക്കിയാക്കി മണ്മറഞ്ഞു പോയ അതുല്യ പ്രതിഭ

    ReplyDelete
  11. ഒന്നും പറയാന്‍ തോന്നുന്നില്ല റിയാസ് ഭായ് ,,അത്രയ്ക്ക് ഹൃദയത്തില്‍ തട്ടി

    ReplyDelete
  12. ​​പഴയ കുറിയെങ്കിലും പുതുമയോടെ വായിച്ചു
    ​നല്ല മനുഷ്യൻ. ഇന്ന് നമ്മുടെ നാട്ടിൽ വളരെ വിരളമായി മാത്രം കാണുന്ന ജീവിതങ്ങളിൽ ഒന്ന്
    ആശംസകൾ റിയാസ് ബ്ലോഗിൽ കമന്റു റദ്ദു ചെയ്‌തോ മാഷേ ബ്ലോക്സ് കാണുന്നില്ല. എന്നാൽ ഇവിടെ കിടക്കട്ടെ ആ കമന്റു ​

    ReplyDelete
  13. Comment box ippol ok comment posti :-)

    ReplyDelete