13.10.12

വിധി



നഗരത്തിലെ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ ഈ മുടിഞ്ഞതിരക്കുള്ള ബസ്സില്‍ കയറിയപ്പൊഴേ സ്വയം പ്രാകാന്‍ തുടങ്ങിയതാണ്‌... വേണ്ടീലായിരുന്നു... ഇന്നിനി മൂന്ന്‌ മൂന്നര മണിക്കൂര്‍ എങ്ങനെ കഴിച്ചുകൂട്ടാനാണാവോ റബ്ബേ വിധി...! സ്‌കൂള്‍ വിടുന്ന സമയമായതിനാല്‍ ഇനി പറയുകയും വേണ്ട. വിദ്യാര്‍ഥികള്‍ കൂടി ഇതില്‍ കയറിയാലുള്ള അവസ്ഥയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. അല്ലെങ്കിലേ സൂചികുത്താനിടമില്ല. ഇനി ബസ്സ്‌ നീങ്ങിത്തുടങ്ങി ഒന്ന്‌ രണ്ട്‌ സഡന്‍ബ്രേക്കിട്ടാലേ ഒന്ന്‌ സെറ്റായിക്കിട്ടൂ...അതുവരെ ഈ 'കുഞ്ഞിരായിന്‍ കുടുക്കി'ല്‍ തന്നെ താന്‍ കഴിയണമല്ലോ.....
ഓരോന്നോര്‍ത്തും അസ്വസ്ഥത പ്രകടിപ്പിച്ചും വലിയൊരു ബാഗും തോളിലേറ്റി അങ്ങനെ നില്‍ക്കുമ്പോള്‍ ബസ്സ്‌ ഒന്നിളകി. പിന്നെ ഒന്ന്‌ മുരണ്ടു. പോവാനുള്ള മണിയും മുഴങ്ങിയപ്പോള്‍ ആടിയുലഞ്ഞ്‌ സ്‌റ്റാന്‍ഡില്‍ നിന്ന്‌ ശകടം നീങ്ങിത്തുടങ്ങി.
" ഏ....യ്‌ .... പോവല്ലേ പോവല്ലേ ...ആള്‌.... കൂയ്‌... ആള്‌ കയറാന്‌ണ്ട്‌...." പിന്നില്‍ നിന്നു കുറേ യാത്രക്കാരുടെ ഒന്നിച്ചുള്ള സ്വരം. വണ്ടി ഒന്ന്‌ മുക്കിമുക്കി നിന്നു. 25 വയസ്സു തോന്നിക്കുന്ന ചെറുപ്പക്കാരന്റെ കൈയും പിടിച്ച്‌ ഒരു വൃദ്ധന്‍ ബസ്സിനു നേരെ ഓടിവരുന്നു... യാത്രക്കാര്‍ മുറുമുറുപ്പു തുടങ്ങി. "ഈ തെരക്കിനിടീല്‍ അതും കൂട്യേ വേണ്ടു.. ങ്ങള്‌ ബണ്ടിട്‌ക്കിന്‍ ഡൈവറേ...." ഒരാളുടെ ശബ്ദം അങ്ങനെയായിരുന്നു. എന്റെയും ആഗ്രഹം മറിച്ചല്ലായിരുന്നു. ഞാനും അയാളെ പിന്താങ്ങിക്കൊണ്ടു ചിരിച്ചു....
അവര്‍ ബസ്സില്‍ കയറിയയുടന്‍ വീണ്ടും മണിമുഴങ്ങി. ബസ്സ്‌ നീങ്ങിത്തുടങ്ങി. പിന്നില്‍ നിന്ന്‌ ഇനിയാരും വിളിക്കാതിരുന്നാല്‍ മതിയായിരുന്നുവെന്ന്‌ മനസ്സ്‌ പറഞ്ഞു....
"ഉപ്പാ..... ഔ... അടിപൊളി...! സൂപ്പര്‍ ബസ്സ്‌ ....." വൈകിക്കയറിയ വൃദ്ധന്റെ കൂടെയുള്ള യുവാവിന്റെ ഉറക്കെയുള്ള, സന്തോഷത്തോടെയുള്ള കമന്റ്‌... കൂടെ വെളുക്കെ ചിരിക്കുന്നുമുണ്ട്‌്‌ അവന്‍....
ലെവനെന്താ ബസ്സ്‌ ആദ്യായിട്ടു കാണുകയാണോ.... ഹയ്‌..! കൊച്ചുകിടാങ്ങളെപ്പോലെ....? എല്ലാവരേയും പോലെ ഞാനും ചിന്തിച്ചു.
ഉപ്പ തലയാട്ടി അവന്റെ ആഹ്ലാദം മനസ്സിലുള്‍ക്കൊണ്ട്‌ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു....
വണ്ടി വീണ്ടും നീങ്ങി.
ബസ്സിന്റെ കമ്പിയില്‍ 'തൂക്കാന്‍ വിധിക്കപ്പെട്ട' ഞാനടക്കമുള്ളവര്‍ ആകെ അസ്വസ്ഥരാണ്‌. സൗഹൃദം അന്യം നിന്നു പോവുന്ന ഇക്കാലത്ത്‌ ആരും ആരെയും പരിചയപ്പെടാനും സംസാരിക്കാനുമൊന്നും തുനിയാത്തതിനാല്‍ ബസ്സിനുള്ളില്‍ മൂകത തന്നെ.... അതിനെ ഭഞ്‌ജിച്ചുകൊണ്ട്‌ "പ്പാ ..... ആന. ഹയ്യടാ എനിക്ക്‌ വയ്യ.... ആന.. ആന...."
ചെറുക്കന്‍ ഒച്ചയിട്ടു. റോഡ്‌ സൈഡിലൂടെ രണ്ടു പാപ്പാന്മാര്‍ ഒരു അനയുമായി പോകുന്നുണ്ട്‌. ഒരു ആനയെക്കണ്ടതിന്‌ ഇത്രയും ചാടിക്കളിക്കണോ... എല്ലാവര്‍ക്കും ശരിക്കും ചിരിപൊട്ടി. ചെറുപ്പക്കാരന്‍ അതൊന്നും ഗൗനിക്കാതെ കരഘോഷത്തോടെ വീണ്ടും തുടര്‍ന്നു ... "ആന ... ആന ...." അപ്പോഴും ആ പിതാവ്‌ മോനെ പ്രോത്സാഹിപ്പിച്ച്‌ അവന്റെ ആഹ്ലാദത്തില്‍ പങ്കു ചേര്‍ന്നു. കൂടെ യാത്രക്കാരെയൊക്കെ നോക്കി ദയനീയമായ ഒരു ചിരിയും പാസാക്കി.
"അപ്പോ... തന്തയ്‌ക്കു കൊഴപ്പൊന്നൂല്ല... ചെറുക്കന്റെ ഒരു പിരി ലൂസാ....അതുറപ്പാ...." ഒരു യാത്രക്കാരന്‍ അങ്ങനെയാണ്‌ പറഞ്ഞത്‌....
ഇടക്കിടെ നിര്‍ത്തിയും നാലാളെ ഇറക്കിയും അഞ്ചാളെക്കയറ്റിയുമൊക്കെ വണ്ടി മുന്നോട്ടു നീങ്ങി....
യുവാവ്‌ എന്തൊക്കയോ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.
ചിരിക്കുന്നു...
ഇടക്കു കരയുന്നു...
കണ്ണീര്‍ തുടക്കുന്നു....
എല്ലാറ്റിനുമൊപ്പം പിതാവും പങ്കു ചേരുന്നുണ്ട്‌....
ഫറോക്ക്‌ പാലത്തിനു മീതെ വണ്ടിയെത്തി... ശാന്തസുന്ദരമായി ഒഴുകുന്ന ഫറോക്ക്‌ പുഴയുടെ മുകളില്‍ കൂടിയുള്ള യാത്ര....
ആ സൗന്ദര്യം തല പുറത്തേക്കിട്ടുകൊണ്ടു തന്നെ പലരും ആസ്വദിക്കുന്നുണ്ട്‌... ചിലരൊക്കെ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്‌.
"അല്ലോഹ്‌ .... പുഴ...!!! ഉപ്പാ ..... "യുവാവിന്റെ സ്വരം പെട്ടെന്നാണുയര്‍ന്നത്‌....
ആളുകള്‍ ചിരിക്കാന്‍ തുടങ്ങി.
അങ്ങ്‌ട്‌ നോക്കിം... വെള്ളം ബര്‌ണ ബരവേ.....യ്‌" അവന്‍ നിര്‍ത്താതെ പറയുകയാണ്‌...
അതുകൂടികേട്ടപ്പോള്‍ ആളുകള്‍ക്ക്‌ സകല നിയന്ത്രണവും വിട്ടു.. എല്ലാവരും പൊട്ടിച്ചിരിച്ചു.
ആ പിതാവ്‌ ആളുകളെ നിസ്സഹായനായി നോക്കി...
അതൊന്നും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല.
അവന്‍ പിന്നെയും എന്തൊക്കെയോ പറയുന്നു.
പൊട്ടിച്ചിരിക്കുന്നു...
ആളുകള്‍ക്കിടയില്‍ അവനൊരു പരിഹാസ്യ കഥാപാത്രമായി മാറി...
തിരക്കിന്റെ അസ്വസ്ഥതയൊക്കെ ജനം മറന്നു തുടങ്ങി.
ഇപ്പോള്‍ അവന്റെ സംസാരങ്ങളും ചേഷ്ടകളും ശ്രദ്ധിക്കുകയാണവര്‍...
അവനെ കളിയാക്കി കമന്റിടാനും അവന്റെ സംസാരങ്ങള്‍ക്കു ലൈക്കാനും അവര്‍ മത്സരിച്ചു തുടങ്ങി....
അവര്‍ക്കിരിക്കാന്‍ സീറ്റ്‌ കിട്ടിയപ്പോള്‍ അവന്‍ സീറ്റിന്റെ അരികിലിരിക്കുന്നയാളോട്‌
'ചേട്ടാ ഞാന്‍ അവിടെയിരിക്കട്ടെ' എന്നാരാഞ്ഞു..
അയാള്‍ കേള്‍ക്കാത്ത പോലെ ഇരുന്നപ്പോള്‍ അവന്റെ മുഖം പെട്ടെന്നു മ്ലാനമായി....
പിതാവ്‌ ഇടപെട്ടു.
"സാറേ... മോന്‍ അവിടെയിരുന്നോട്ടെ ..... അവനീ കാഴ്‌ചകളൊക്കെ ഒന്ന്‌ കാണാനാ...."
ഇപ്പോള്‍ ആ വി.ഐ.പിക്ക്‌ ശരിക്കും കോപം വന്നു..
"അവിടെയിരുന്നാല്‍ മതി...." അയാള്‍ നെറ്റിചുളിച്ചു.
"നാശങ്ങള്‍" എന്നു പിറുപിറുത്തു.
ഇപ്പോള്‍ പിതാവിനും മകനും ഒരുപോലെ സങ്കടം വന്നു.
ആമുഖങ്ങള്‍ അത്‌ വ്യക്തമാക്കുന്നുണ്ടായിരുന്നു...
ബസ്സ്‌ വീണ്ടും നീങ്ങുകയാണ്‌.....
ഇപ്പോള്‍ കുറേ നേരമായി അവന്റെ ഉറക്കെയുള്ള സ്വരമൊന്നും കേള്‍ക്കുന്നില്ല.
ഇടക്കിടെ അങ്ങനെ തലയുയര്‍ത്തിയും തിരിഞ്ഞും മറിഞ്ഞും തല പുറത്തേക്കിട്ടുമൊക്കെ അങ്ങനെ നോക്കും....
തല പുറത്തേക്കിടുമ്പോള്‍ അരികിലിരിക്കുന്നയാള്‍ ഒന്നുകൂടി ബലം പിടിച്ചിരുന്ന്‌ തന്റെ പ്രതിഷേധം അറിയിച്ചു....
"അനുരാഗ വിലോചനനായി... അതിലേറെ...." അരികിലിരുന്ന മാന്യന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു....
യുവാവും അങ്ങോട്ടു ശ്രദ്ധിച്ചു.
മാന്യന്‍ ഫോണ്‍ എടുത്തു.
വില കൂടിയ ഒരു ഐ ഫോണ്‍....
"ഹലോ"
അയാള്‍ സംസാരിച്ചു തുടങ്ങിയതും യുവാവ്‌ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത്‌ 'ചേട്ടാ... ദാ ഇപ്പൊത്തരാം. ഒന്ന്‌ നോക്കീട്ട്‌ പ്പൊ ത്തരാട്ടോ......' എന്നു പറഞ്ഞതും അവന്റെ ചെകിട്ടത്ത്‌ ഒരു ഘനത്തിലുള്ള അടിവീണതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം...
കണ്ടു നിന്നവരൊക്കെ ഒന്നു പകച്ചു.
പിതാവിന്റെ മുഖം വിവര്‍ണ്ണമായി...
മകന്റെ മുഖം ചുവന്നതോടൊപ്പം കണ്ണുകള്‍ സജലങ്ങളായി.....
വണ്ടിക്കുള്ളില്‍ ആ അടിയെ ന്യായീകരിച്ചും എതിര്‍ത്തും സംസാരങ്ങള്‍ തുടങ്ങി....
(അമ്മയെ തല്ലിയാലും ആ തള്ളയ്‌ക്കതു വേണ്ടതാ എന്നും ചെയ്‌തതു തെറ്റായിപ്പോയെന്നും പറയാന്‍ അളണ്ടാവുമല്ലോ.....)
"ഭ്രാന്താണെങ്കില്‍ അതിനു നല്ല ചികിത്സ കൊടുക്കണം... ഇതു മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ബസ്സില്‍ കയറ്റിയിരിക്കുന്നു. നാശം.... കുറേ നേരമായി തൊടങ്ങീട്ട്‌.... വേണ്ടാ വേണ്ടാന്ന്‌ വിചാരിക്കുമ്പം ആളെ തലീല്‍ കേറുന്നോ...." അരികിലിരുന്ന മാന്യന്റെ സ്വരം ഉയര്‍ന്നു....
"എവിടുന്നു കൊണ്ടുവര്വാ തന്തേ ഈ സാധനത്തെ? ഭ്രാന്താശൂത്രീന്നാണോ...?" മാന്യന്‍ ആ പിതാവിന്റെ നേരെ തിരിഞ്ഞു കയര്‍ക്കുന്നു..
സ്വരത്തിനു ശക്തികൂടിക്കൂടി വന്നു....
കുറേ തെറികളും.....
പിതാവ്‌ പറഞ്ഞു:
"മക്കളേ.... ഇങ്ങളോടൊക്കെ ഞാന്‍ മാപ്പു ചോദിക്ക്യാ....
ന്റെ മോന്‍ കാട്ടിക്കൂട്ടിയതൊക്കെ ഇങ്ങക്ക്‌ വെര്‍പ്പ്‌ണ്ടാക്കീന്ന്‌ .... നിക്കറ്യാം...
ന്റെ കുട്ടിക്ക്‌ ഇരുപത്തിനാലു കൊല്ലായി കണ്ണുകാണൂലാര്‌ന്നു.
ജനിച്ചിട്ട്‌ ഈ ദുന്യാവെന്താന്ന്‌ ഓന്‍ കണ്ടിട്ടില്ല....
ഒര്‌ മന്‍സന്‍ ദാനം ചെയ്‌ത കണ്ണ്‌ ഫിറ്റ്‌ ചീതിട്ട്‌ ദാ... ദിപ്പൊ രണ്ടീസായിട്ടൊള്ളൂ...
ഇന്നാണ്‌ ഓന്‍ ഈ ആലം ദുനിയാവിലുള്ളതൊക്കെ കണ്ടു തൊടങ്ങീത്‌......" വൃദ്ധന്‍ ഗദ്‌ഗദ കണ്‌ഠനായി ത്തുടര്‍ന്നു.
"അതിനോന്‌ സന്തോസം വന്നപ്പോ ങ്ങനെക്കെ ആയിപ്പോയി കുട്ട്യോളേ ...."
ങ്ങള്‌ മാപ്പാക്കീം....
മന്‍സമ്മാര്‌ടെ അട്‌ത്തല്ലേ തെറ്റും സരീമൊക്കെ പറ്റൂ...
ങ്ങള്‌ പൊറുക്കിം....." അയാള്‍ പറഞ്ഞുനിര്‍ത്തി.
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... മകന്‍ ആ വൃദ്ധന്റെ ശുഷ്‌കിച്ച ചുമലിലേക്കു തല ചായ്‌ച്ചു കണ്ണുകള്‍ പൂട്ടി....
ബസ്സ്‌ ഒന്ന്‌ ആടിയുലഞ്ഞു...
വീണ്ടും വീണ്ടും മുരണ്ടു.....
പടിഞ്ഞാറെ മാനത്ത്‌ ചെഞ്ചായമണിഞ്ഞ അരുണന്‍ വിടപറയാന്‍ വെമ്പി നില്‍ക്കുന്നത്‌ ബസ്സിന്റെ അഴികളിലൂടെ കാണാം.
അതിനെയും പിന്നിലാക്കി ബസ്സ്‌ നീങ്ങുകയാണ്‌.
അപ്പോഴേക്കും റോഡ്‌ സൈഡിലെ വിളക്കുകാലുകളില്‍ മഞ്ഞനിറത്തില്‍ ബള്‍ബുകള്‍ പ്രകാശിക്കാന്‍ തുടങ്ങിയിരുന്നു.....

18 comments:

  1. പഴയ ഒരു എസ്.എം.എസ് ഓര്‍മ്മവരുന്നു.
    ഇതുപോലെ ഉള്ള ഒരു മകനെയും കൊണ്ട് ട്രെയിനില്‍ യാത്ര ചെയ്ത അച്ഛനെപ്പറ്റി.
    മഴ പെയ്യുമ്പോള്‍ വിന്‍ഡോ അടയ്ക്കാന്‍ സമ്മതിക്കാതെ അവന്‍ മഴ ആസ്വദിക്കുന്നു...

    ഇടയില്‍ ഓരോ എന്റര്‍ കൂടി കൊടുത്തിരുന്നെങ്കില്‍ വായന അല്പം കൂടി ആസ്വാദ്യമാകുമായിരുന്നു

    ReplyDelete
  2. നന്ദി സോണി ജീ.... ഇനി ശ്രദ്ധിയ്ക്കാം...

    ReplyDelete
  3. സോണീ പറഞ്ഞത് പോലെ ഒരു എസ് എം എസ് ഓർമ വന്നു.
    അടുത്തയിടെയും എവിടെയോ വായിച്ചു അതു തന്നെ...
    ആശംസകൾ...

    ReplyDelete
  4. എവിടെയോ കേട്ട് മറന്ന കഥയാണെങ്കിലും കണ്ണുകളെ ഈറനണിയിച്ചു...

    ReplyDelete
  5. കണ്ണുകളെ ഈറനണിയിച്ചു...
    ആശംസകൾ

    ReplyDelete
  6. മനം തുറന്നു സന്തോഷിക്കാന്‍ ഈ ആധുനിക സമൂഹത്തില്‍ കഴിയില്ല തന്നെ.

    ReplyDelete
  7. അവസാനം...അവസാനം.. വല്ലാത്തൊരു....

    ReplyDelete
  8. ഹൊ ഞൻ കരുതി ഉത് വല്ല തമാശയിലുമായിരിക്കും അവസാനിക്കുക യെന്ന്

    ReplyDelete
  9. നന്നായി പറഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ടു. നല്ല കഥ

    ReplyDelete
  10. nannaayi ..well written !!

    ReplyDelete
  11. chinthippikkanulla oru soul undu ee kathakku ..... very good storey........

    ReplyDelete
  12. njan ithu vazhikkonum vararilla. vannath nannayenn thonunnu.

    ReplyDelete
  13. റിയാസ്‌ ഭായ്‌ .. ഇപ്പോഴാണ് വായിക്കുന്നത് ... ഹൃദയത്തില്‍ തൊടും വിധം എഴുതിയിട്ടുണ്ട് .. എന്നാലും ഇനിയും നന്നാക്കി എഴുതുക .. ആശംസകളോടെ ...

    ReplyDelete