3.10.12

ബാല്യകാല സ്മൃതികള്‍ ....


തുറന്നിട്ട കിളിവാതിലിലെ മന്ദമാരുതനെപ്പോലെയാണ് ബാല്യകാല ഓര്‍മ്മകള്‍... ഒരു തൂവല്‍ സ്പര്‍ശമായി അത് ഇടക്കിടെ തഴുകിയെത്തും...
മഴ പെയ്യുമ്പോള്‍ ഓര്‍മ്മകള്‍ കുളിരുകോരും...
അയലത്തെ വീടിന്റെ തൊടിയില്‍ പലതരത്തിലുള്ള മാവുകള്‍ ഉണ്ടായിരുന്നു. കൂറ്റന്‍ പുളിമരം, പൂവമരം, ഐനിച്ചക്ക മരം, പ്ലാവുകള്‍, അമ്പഴങ്ങ, പേരക്ക, കൈതച്ചക്ക.... അങ്ങനെ അവിടെ എല്ലാം സുലഭം. 'ഉമ്മാത്തും താത്താന്റെ പുളിഞ്ചുവട് ' അന്ന് പ്രസിദ്ധമായിരുന്നു. വലിയ ആ പുളിമരത്തിന്റെ തണലിലായിരുന്നു ഞങ്ങളുടെ സംഗമം. അവിടെ ചെറിയൊരു വീടു നിര്‍മ്മിച്ചും ഊഞ്ഞാല്‍ കെട്ടിയും ഒളിച്ചുകളിച്ചും കൊക്കിക്കളിച്ചും കഴിച്ചു കൂട്ടിയ നാളുകള്‍... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ..!
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അന്ന് വലിയൊരു സംഘം കളിക്കൂട്ടുകാര്‍ പുളിഞ്ചുവട്ടിലെത്തും. ട്രൗസര്‍ മാത്രമണിഞ്ഞ ആണ്‍കുട്ടികളും പാവാടയും ബ്ലൗസുമണിഞ്ഞ് മുടി പിന്നിലേക്കു രണ്ടായി മിടഞ്ഞിട്ട പെണ്‍കുട്ടികളും...
ചില ചെറുക്കന്മാരുടെ ട്രൗസര്‍ കൊളുത്തും ബട്ടണുമൊക്കെ പൊട്ടിപ്പോയതിനാല്‍ രണ്ടുഭാഗവും കൂട്ടിപ്പിടിച്ചു കെട്ടിയിട്ടുണ്ടാവും. ചിലര്‍ അരയിലുള്ള ചരടില്‍ കോര്‍ത്ത് അഡ്ജസ്റ്റ് ചെയ്തിട്ടുമുണ്ടാവും.
സ്‌കൂള്‍ വിട്ടുവന്നാല്‍ പുസ്തകസഞ്ചി വീട്ടിലെവിടെയെങ്കിലും എറിഞ്ഞ് ഒറ്റയോട്ടമാണ്, പുളിഞ്ചുവട്ടിലേക്ക്.
മഴക്കാലമാണെങ്കില്‍ പുളിമരം കനിയില്ലാതെ ശൂന്യമായിരിക്കും. തൊട്ടപ്പുറത്തുള്ള മാവുകളാണ്‌ മഴക്കാലത്തുള്ള ആശ്രയം. മാഞ്ചുവട്ടില്‍ ആരെത്തിയാലും ഒരെണ്ണമെങ്കിലും കിട്ടാതിരിക്കില്ല. പക്ഷികള്‍ കൊത്തിയിട്ടതും പഴുത്തുവീണതുമായി
കരിയിലകള്‍ക്കിടയില്‍ മാമ്പഴമുണ്ടാവും.
എത്ര വലിയ മഴപെയ്താലും കുറേ സമയം മഴകൊള്ളാതെ ആസ്വദിച്ച് പുളിഞ്ചുവട്ടില്‍ നില്‍ക്കാം.

തൊടിയിലെ മരങ്ങളില്‍ കൂടി ഒലിച്ചിറങ്ങുന്ന വെള്ളിരേഖകള്‍...; മഴത്തുള്ളികള്‍ നൃത്തം വെക്കുന്ന ചേമ്പിന്‍ ദളങ്ങള്‍.......-; പൂവമരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇത്തിക്കണ്ണിവള്ളികളില്‍ നിന്നുതിര്‍ന്നു വീഴുന്ന വലിയ മഴമുത്തുകള്‍........ സന്ധ്യയോടടുക്കുമ്പോള്‍ ഉമ്മയുടെ നീട്ടിയുള്ള വിളി വരും - ഓ..........യ് .. എന്നു മറുപടി കൊടുത്തു വീണ്ടും അവിടെത്തന്നെ ചുറ്റിപ്പറ്റിനില്‍ക്കുമ്പോള്‍ വീണ്ടും ഉമ്മയുടെ വിളി. ഇത്തവണ കൈയിലൊരു ചുള്ളിവടിയും കൊണ്ട് പുളിഞ്ചുവട്ടിലേക്ക് വരുന്ന ഉമ്മയെയാണ് കാണുക. ഉമ്മയുടെ വടി പേടിയുണ്ടെങ്കിലും അതു പുറമേ പ്രകടിപ്പിക്കാതെ ഉമ്മയെ കബളിപ്പിച്ച് പാത്തും പതുങ്ങിയും പിന്നിലൂടെ എത്തി ഉമ്മയുടെ വടി തട്ടിപ്പറിച്ച് വിജയശ്രീലാളിതനായി വീട്ടിലേക്കുള്ള ഓട്ടം... അതു കാണുമ്പോള്‍ ദേഷ്യം വന്ന് ഉപ്പ വരട്ടെ, ഞാന്‍ പറയുന്നുണ്ട്, ഉസ്താദിനോടു നിന്റെ കളി ഞാന്‍ നാളെ പറഞ്ഞുകൊടുക്കുന്നുണ്ട്, ചാമിക്കുട്ടിമാഷോട് പറഞ്ഞിട്ടേ ഇനി ബാക്കി കാര്യോള്ളൂ.. തുടങ്ങി ഉമ്മയുടെ പതിവു വാചകങ്ങള്‍....
സന്ധ്യമയങ്ങും മുമ്പേ ഉമ്മ ചിമ്മിനി വിളക്കു കത്തിച്ചുവെച്ചു പറയും.'ഇനി പുറത്തിറങ്ങാന്‍ പാടില്ല, അന്ത്യായി. കോടാലിച്ചാത്തന്‍ വരും.'' അതു കേട്ടാല്‍ പിന്നെ വീട്ടിനുള്ളില്‍ തന്നെ ഇരുന്നോളും. കള്ളുകുടിച്ച് ഉറക്കെ പാട്ടുപാടി റോഡിലൂടെ പോകുന്ന നിരുപദ്രവകാരിയായിരുന്ന ഒരാളായിരുന്നു കോടാലിച്ചാത്തന്‍. അക്കാലത്തെ വൈകുന്നേരക്കാഴ്ചയായിരുന്നു അത്. അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ ആയുധമാക്കിയിരുന്നത് ആ സാധു മനുഷ്യനെയായിരുന്നു...
പിന്നെ ചിമ്മിനി വെട്ടത്തിലുള്ള പഠനം. ആരും പഠനത്തില്‍ സഹായിക്കാനില്ല. ഉള്ള സാമര്‍ത്ഥ്യം കൊണ്ടുള്ള അഭ്യാസങ്ങള്‍... പഠനത്തിലങ്ങനെ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴായിരിക്കും വിളക്കിലേക്കൊരു പ്രാണി. പിന്നെ അതിനെ നോക്കിയങ്ങനെ സമയം പോക്കുമ്പോള്‍ എവിടെ നിന്നോ പാറിവരുന്ന ഒരു മിന്നാമിനുങ്ങ്. അതിനെ പിടിച്ചും ഒഴിഞ്ഞ തീപ്പെട്ടിക്കുള്ളിലും സുതാര്യമായ കുപ്പിക്കുള്ളിലുമൊക്കെ പിടിച്ചിട്ടും ആ പ്രാണിയുടെ പ്രാണന്‍ പോകുവോളം അതിന്റെ കൂടെ...!
രാത്രി ചായക്കടയടച്ച് ഉപ്പയുടെ വരവ്...
ഒരു വള്ളിക്കൊട്ടയും ഒരു അലുമിനീയക്കുടവും പലചരക്കു കടയില്‍ നിന്നു വാങ്ങിയ സാധനങ്ങള്‍ നിറച്ച ഒരു സഞ്ചിയും എന്നും കൈയിലുണ്ടാവും. ഉപ്പ എത്തി കുളിയും പ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ പിന്നെ അത്താഴം. മുരിങ്ങയിലക്കറിയും ചുട്ട പപ്പടവും മാങ്ങാചമ്മന്തിയുമായിരിക്കും  അധികം ദിനവും. മാങ്ങാചമ്മന്തി മാന്തിയെടുത്ത് പെട്ടെന്ന് കഴിച്ചു തീര്‍ക്കും. പിന്നെ ചോറുരുള ഉരുട്ടിയും മടുപ്പുകാട്ടിയും അങ്ങനെ നേരം കളയുമ്പോള്‍ ഉപ്പയുടെ കൂര്‍ത്ത നോട്ടം... അതു കണ്ടാല്‍ വേഗം വേഗം വാരിക്കഴിക്കും.
ഇനി തറയിലൊരു പായയും വിരിച്ച് തലവഴി പുതപ്പുമിട്ട് ഉറക്കിലേക്ക്.. മഴ കൂടി പെയ്യുന്ന രാവുകളാണെങ്കില്‍ സുഖനിദ്ര.. ശുഭനിദ്ര....!



38 comments:

  1. തുറന്നിട്ട കിളിവാതിലിലെ മന്ദമാരുതനെപ്പോലെയാണ് ബാല്യകാല ഓര്‍മ്മകള്‍... ഒരു തൂവല്‍ സ്പര്‍ശമായി അത് ഇടക്കിടെ തഴുകിയെത്തും...മഴ പെയ്യുമ്പോള്‍ ഓര്‍മ്മകള്‍ കുളിരുകോരും... ... ആശംസകൾ ബാല്യം വീണ്ടുമെനിക്ക്, മനസ്സിൽ, തന്നതിനു :)

    ReplyDelete
  2. അവധിക്ക് ചെറുകരയില്‍ എത്തുമ്പോള്‍ നാത്തൂന്മാരെല്ലാം കൂടെ ഒന്നിച്ചു കോലായില്‍ പായ്‌ വിരിച്ചു കിടക്കും. അങ്ങിനെയാവുമ്പോ വര്‍ത്തമാനത്തില്‍ കൂടുകയും ചെയ്യാം ഉറങ്ങുകയും ചെയ്യാം..എന്‍റെ ഈ ഗള്‍ഫ്‌ മക്കള്‍ക്ക്‌ ആദ്യമൊന്നും ഈ പരിപാടി അത്ര സുഖിച്ചില്ല. ഒരിക്കല്‍ നല്ല മഴയും കാറ്റും, മഴയ്ക്ക് മുന്നേ പോയ കറന്റ്‌ വന്നില്ല. പേടിച്ച് ഉറങ്ങാതെ കുറെ നേരം ഇരുന്നും നടന്നും അവര്‍ കഴിച്ചു കൂട്ടി. ഒടുവില്‍ ഉറക്കം തലയ്ക്കു പിടിച്ചപ്പോള്‍ വന്നു എന്‍റെ കൂടെ പായില്‍ കിടന്നു, രാവിലെ കുറെ വൈകിയാണ് അവര്‍ ഉണര്‍ന്നത്. അതിനു ശേഷം അവധി തീരുന്നത് വരെ അവര്‍ പായയില്‍ തന്നെയാണ് കിടന്നുറങ്ങിയത്. ഇവിടേയ്ക്ക് വരുമ്പോള്‍ ഒരു പായ കൊണ്ട് വന്നിരുന്നു. മഴ പെയ്യുന്ന ദിവസം കുട്ടികള്‍ അത് നിലത്ത് വിരിച്ചു കിടക്കും. അവരുടെ മനസ്സിലും കിടക്കട്ടെ ഞാന്‍ അനുഭവിച്ച ബാല്യത്തിന്‍റെ ഒരു നേരിയ ചിത്രം...

    ReplyDelete
    Replies
    1. വരിയും വരയും സന്ദര്‍ശിച്ച് ഓര്‍മകളുടെ ചില വരികള്‍ തുന്നിപ്പിടിപ്പിച്ച മുബി ഇത്തക്ക് നന്ദി ...

      Delete
  3. എത്ര എഴുതിയാലും പറഞ്ഞാലും മതിയാകാത്ത കാലം ഒരു പക്ഷെ ബാല്യം തന്നെയാകും.സ്നേഹം മാത്രം പങ്കിട്ടു ജീവിച്ച മധുരമുള്ള നാളുകള്‍ .ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങള്‍ ...എങ്കിലും ഇടക്കിടെ ആരും കാണാതെ ഓര്‍മകള്‍ എടുത്തു അയവിറക്കുന്ന ഒരു സുഖം ..അതുനല്കുന്ന സന്തോഷം ...അത് മതിയല്ലോ ഇനി ബാക്കിയുള്ള ജീവിതം ധന്യമാകാന്‍ :)

    ReplyDelete
    Replies
    1. സന്തോഷം അനാമിക, ഇവിടെ വന്ന് വിലപ്പെട്ട വരികള്‍ സമ്മാനിച്ചതിന് ..

      Delete
  4. മരിക്കാത്ത ഓര്‍മ്മകള്‍.... ....,,,,,,
    അസ്സലായിട്ടുണ്ട്

    ReplyDelete
    Replies
    1. നന്ദി നൗഷൂ, വായിച്ചു വിലയിരുത്തിയതിന് ..

      Delete
  5. മഴപെയ്യുമ്പോൾ തെക്കെ പാടത്തിൽ പോയി ചേറിൽ കളിച്ച ആ ഓർമകൾ .....
    ഒരോ മഴയിലും അവയിങ്ങനെ തികട്ടു വരും

    ReplyDelete
    Replies
    1. അതേ ഷാജൂ.. മടങ്ങിവരാത്ത നിമിഷങ്ങളെ ഓര്‍ക്കുമ്പോള്‍ കൂടി മനസ്സിനു വല്ലാത്തൊരാനന്ദമാണ് ..

      Delete
  6. nannayitund. congrats..

    ReplyDelete
  7. നല്ല ഓര്‍മ്മകള്‍ .ഒരിക്കലും തിരിച്ചു വരാത്ത ...നന്നായിടുണ്ട് ..

    ReplyDelete
  8. പതിവ് ഗൃഹാതുരത്വ കൂട്ടുകളില്‍ നിന്ന് മാറി നല്ല രുചിയുള്ള ഒരു വിഭവം ..കൊള്ളാം ,ഭാഷയും വളരെ ഹൃദ്യം .

    ReplyDelete
    Replies
    1. സിയാഫ് ജീ, ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി ..

      Delete
  9. പിന്നെ ചിമ്മിനി വെട്ടത്തിലുള്ള പഠനം. ആരും പഠനത്തില്‍ സഹായിക്കാനില്ല. ഉള്ള സാമര്‍ത്ഥ്യം കൊണ്ടുള്ള അഭ്യാസങ്ങള്‍... പഠനത്തിലങ്ങനെ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴായിരിക്കും വിളക്കിലേക്കൊരു പ്രാണി. പിന്നെ അതിനെ നോക്കിയങ്ങനെ സമയം പോക്കുമ്പോള്‍ എവിടെ നിന്നോ പാറിവരുന്ന ഒരു മിന്നാമിനുങ്ങ്. അതിനെ പിടിച്ചും ഒഴിഞ്ഞ തീപ്പെട്ടിക്കുള്ളിലും സുതാര്യമായ കുപ്പിക്കുള്ളിലുമൊക്കെ പിടിച്ചിട്ടും ആ പ്രാണിയുടെ പ്രാണന്‍ പോകുവോളം അതിന്റെ കൂടെ...!മനോഹരമായ് എഴുതിയ ബാല്യം...നന്നായി വായിച്ചു ആശംസകള്‍ ഭായീ..

    ReplyDelete
    Replies
    1. നന്ദി ആചാര്യന്‍ ; അങ്ങയുടെ സാന്നിധ്യത്തിനും അഭിപ്രായത്തിനും...

      Delete
  10. സിയാഫാണ് ഇങ്ങോട്ടുള്ള വഴികാട്ടിയത്. സിയാഫ് പറഞ്ഞപ്പോഴേ നല്ലൊരു വായനാനുഭവം പ്രതീക്ഷിച്ചു. വായന വെറുതെ ആയില്ല...... നല്ല ഭാഷ, നല്ല പ്രയോഗങ്ങൾ....

    ReplyDelete
    Replies
    1. നെഞ്ചേറ്റുന്നു മാഷേ, ഈ നല്ല അഭിപ്രായത്തെ. നന്ദി ..!

      Delete
  11. ബാല്യത്തിന്‍റെ ഓര്‍മകള്‍ക്ക് നിലാവിന്‍റെ സൌന്ദര്യ മാണ്........മഴയുടെ കുളിരുപോലെ ജീവിതത്തിലുടനീളം ആ ഓര്‍മ്മകള്‍ നമ്മെ പിന്തുടരും .ഒരു കള്ള കഥാകാരനും തന്‍റെ ബാല്യകാല കഥയില്‍ മായം ചേര്‍ക്കില്ല .ബാല്യത്തെ കുറിച്ച് വാചാലനാകുമ്പോള്‍ അവന് നിഷ്കളങ്കന്‍ ആവാതിരിക്കാന്‍ കഴിയില്ല ........കാരണം ആ ബാല്യത്തിന് ഉമ്മയുടെ മുലപ്പാലിന്റെ ഗുണവും .....ശുദ്ധിയും .......തെളിമയുമുണ്ട് . ആശംസകള്‍ .ഇനിയും എഴുതുക .ഭാല്യം വിടാതെ .

    ReplyDelete
    Replies
    1. നന്ദി സഹോദരാ, വരിയിലെത്തിനോക്കി വരികള്‍ കുറിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..

      Delete
  12. ബാല്യം പോലെ സുന്ദരം,ഈ സ്മരണകളും.

    ReplyDelete
  13. മഴത്തുള്ളി കിലുക്കങ്ങൾ ന്റെ കാതിൽ പതിയുന്നൂ...മനോഹരം.,ഇഷ്ടായി ട്ടൊ,നന്ദി.

    ReplyDelete
  14. വളരെ മനോഹോരമായ എഴുത്ത്
    വരയില്‍ എന്ന പ്പോലെ വരിയിലും റിയാസിന്റെ കേമത്തം, ഉണ്ട്
    ആ ബാല്യകാല്യ സ്മരകളിലെക്ക് വീണ്ടും ഒരു തിരിച്ചു നടത്തം അസ്സലായി

    ReplyDelete
  15. ഹോ... എന്തായിരുന്നു അല്ലെ,
    അന്നത്തെ ആ മാങ്ങാച്ചമ്മന്തിയുടെ ഒക്കെ ഒരു രുചി...

    ReplyDelete
  16. ഉം... രുചി നാവില്‍ നിന്നു പോകുന്നില്ല ...

    നന്ദി അരൂപന്‍ ...

    ReplyDelete
  17. ഓർമ്മകൾക്കെന്തു സുഗന്ധം.....!

    ബാല്യകാല സ്മരണകൾ കൊള്ളാം ട്ടാ,
    മങ്ങാ ചമ്മന്തി എന്നൊക്കെ പറഞ്ഞ് ഇപ്പോ വായിൽ കപ്പലോടിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.. ഇത്തവണ ക്ഷമിച്ചു ട്ടാ..

    ആശംസകള്

    ReplyDelete
    Replies
    1. ങാട്ടോ.. :)
      നന്ദി റൈനി...

      Delete
  18. ഇന്നുകള്‍ നാളത്തെ ഓര്‍മ്മകളാവുന്നു...
    ഇന്നലെകള്‍ ഇന്നിന്റെ ഓര്‍മ്മകളാവുന്നു...
    നാളെകള്‍ മറ്റന്നാളുകളുടെ ഓര്‍മ്മകളാവുന്നു....

    പടച്ചോനേ,,, ഞാനും ബുദ്ധിജീവി ആയോ... കാക്കണേ..

    ReplyDelete
  19. ശോ.... എനിക്ക് ലഭിക്കാത്ത കുറെ സന്തോഷങ്ങളും ലഭിച്ച കഉര്‍ സന്തോഷങ്ങളും ഇവിടെ കാണാന്‍ കഴിഞ്ഞു. ആ പ്രാണികളും ആയുള്ള കളി എനിക്കും ഉണ്ടായിരുന്നു

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. പുഴയായിരുന്നു ഞങ്ങള്‍ക്ക് പ്രിയപ്പെട്ട സ്ഥലം. വൈകിട്ടത്തെ കുളി ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ വരെ നീളും. എല്ലാ ദിവസവും അടി ഉറപ്പാണ്‌ എന്നാലും വെള്ളത്തില്‍ കളി അതൊരു ഹരം തന്നെയായിരുന്നു.

    ചമ്മന്തി അവിടെയും ഉണ്ടായിരുന്നു മങ്ങയ്ക്ക് പകരം ഇഞ്ചിയും, മാങ്ങാഇഞ്ചിയും ഒക്കെ ആയിരുന്നു എന്നുമാത്രം.

    ReplyDelete
  22. ഇതു വായിച്ചപ്പോള്‍ ഞാനും എന്റെ ബാല്യത്തിലേക്ക് പോയി.മാപ്പാനി വല്ല്യമ്മച്ചി എപ്പോഴാ പട്ടിയെ അഴിച്ചുവിടുക എന്ന ഭീതിയില്‍ നില്‍ക്കവേ, നാട്ടുമാവിന്റെ ചുവട്ടിലെ “പ്ധിം“ എന്നൊരു ശബ്ധത്തില്‍ ആഹ്ലാദിച്ച് മുന്നോട്ടുകുതിക്കുമ്പോള്‍ ,കല്ല് മുകളിലേക്ക് വലിച്ചെറിഞ്ഞവന്റെ കുസൃതിച്ചിരി.“തൊടിയിലെ മരങ്ങളില്‍ കൂടി ഒലിച്ചിറങ്ങുന്ന വെള്ളിരേഖകള്‍... മഴത്തുള്ളികള്‍ വീണു നൃത്തം വെക്കുന്ന ചേമ്പിന്‍ ദളങ്ങള്‍... പൂവമരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇത്തിക്കണ്ണിവള്ളികളില്‍ നിന്നുതിര്‍ന്നു വീഴുന്ന വലിയ മഴമുത്തുകള്‍.......” ഞാനും ആ മാവിന്‍ ചുവട്ടിലുണ്ടായിരുന്നു എന്ന് തോന്നി.അരയിലെ ചരടില്‍ ട്രൌസര്‍ “അഡ്ജസ്റ്റ്” ചെയ്തത് അഭംഗിയായി തോന്നി.കെട്ടിയിട്ടാല്‍ മതിയായിരുന്നെന്ന് തോന്നി.

    ReplyDelete
  23. hi riyas see this on face book.

    http://www.facebook.com/video/video.php?v=10200109404728865&notif_t=video_processed

    ReplyDelete