
കെ.ആര്‍ ഇന്ദിരയുടെ സ്‌ത്രൈണകാമസൂത്രം എന്ന പുസ്‌തകം പുറത്തിറങ്ങാനിരിക്കുന്നു. ലൈംഗികതയില്‍ സ്‌ത്രീകളുടെ മാറിയ അഭിരുചികളും കാഴ്‌ചപ്പാടുകളുമാണ് ഇന്ദിര പുസ്‌തകത്തിലൂടെ പറയുന്നത്.
പെണ്ണിന്റെ ഉള്ളില്‍ അടക്കിപ്പിടിച്ചിരിക്കുന്ന രതിമോഹങ്ങള്‍ മലയാളിക്കുമുന്നില്‍ തുറന്നു കാണിക്കാനാണത്രേ ഇന്ദിരയുടെ ശ്രമം. വിവിധ തലങ്ങളിലുള്ള സ്‌ത്രീകളെ ഗവേഷണം ചെയ്‌തും സര്‍വേ നടത്തിയും നാലുവര്‍ഷം കൊണ്ടാണ് പുസ്‌തകം പൂര്‍ത്തിയാക്കിയതെന്ന് ഇന്ദിര പറയുന്നു.രണ്ടായിരം വര്‍ഷം മുമ്പുള്ള വ്യവസ്ഥിതിക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് എഴുതപ്പെട്ട വാത്സ്യായനന്റെ 'കാമസൂത്ര'ത്തെ പൊളിച്ചെഴുതുകയാണത്രേ ഇന്ദിര.
"ലൈംഗികാവയവങ്ങളുടെ പേരുപോലും അശ്ലീലമായി കരുതുന്ന സമൂഹത്തിലേക്കാണ് രതിയെക്കുറിച്ച് എഴുതാന്‍ താങ്കള്‍ തയ്യാറാവുന്നത്. കേരളത്തിലെ സ്‌ത്രീകള്‍ എങ്ങനെ ഇതിനെ സ്വീകരിക്കുമെന്ന കാര്യമോര്‍ത്തു പേടിയില്ലേ" എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ദിരയുടെ ഉത്തരം ഇങ്ങനെ: അവര്‍ ഒന്നും പറയില്ല. മിണ്ടാതെ പതുങ്ങിയിരുന്ന് ഇതൊക്ക വായിക്കും. പിന്നെ ഈ പെണ്ണ് എഴുതിവെച്ചിരിക്കുന്നത് കണ്ടില്ലെ എന്നും പറഞ്ഞ് അവരുടെ വഴിക്കു പോകും. കുറച്ചു സ്‌ത്രീകളൊക്കെ ചര്‍ച്ച ചെയ്യുമായിരിക്കും. അല്ലാതെ ഒരു വിഷയത്തെക്കുറിച്ചും കേരളത്തിലെ സ്‌ത്രീകളില്‍ നിന്ന് ഒരു തരത്തിലുള്ള ചലനങ്ങളും ഉണ്ടാവില്ല. അങ്ങനെ മോള്‍ഡ് ചെയ്യപ്പെട്ട ഒരു വര്‍ഗമാണ് കേരള സ്‌ത്രീകള്‍.
ജാള്യത കൊണ്ടും സമൂഹത്തെ ഭയന്നതു കൊണ്ടുമാണ് കേരളത്തിലെ ഒരു സ്‌ത്രീയും ഇക്കാലം വരെ ഇത്തരം കാര്യങ്ങളൊന്നും തുറന്നെഴുതാതിരുന്നതെന്നാണ് ഇന്ദിരയുടെ പക്ഷം. നൂറുശതമാനം താനൊരു ഫെമിനിസ്റ്റാണെന്ന് പറയുന്ന ഇന്ദിര വിവാഹംകഴിഞ്ഞ് കുറച്ചുകാലം ഭര്‍ത്താവിനോടൊപ്പം ജീവിച്ചു. മകന് ആറുമാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിനെയും തോളിലിട്ട് ഭര്‍തൃഗൃഹം വിട്ടിറങ്ങി. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഇറങ്ങിപ്പോരേണ്ടതായിരുന്നു; നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തുമെന്നു കരുതിയാണ് ഇത്രകാലമെങ്കിലും പിടിച്ചുനിന്നതെന്ന് ഇന്ദിര പറയുന്നു.
ഭര്‍ത്താവ് പരസ്‌ത്രീയുമായി ബന്ധപ്പെട്ടാല്‍ ഭാര്യയും അതുതന്നെ സ്വീകരിക്കണമെന്നു പറയുന്ന ഇന്ദിരയുടെ പുസ്‌തകത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആശങ്കയോടെ ചോദിച്ചു: മാഡം, ഇതു കേരളത്തിലെ കുടുംബവ്യവസ്ഥിതിയെ അപ്പാടെ താളം തെറ്റിക്കില്ലേ...?
മറുപടി പെട്ടെന്നു വന്നു. "കണ്ണിനു കണ്ണ്, പല്ലിനു പല്ല്, എന്ന നയമാണിത്. പുരുഷന്‍ റോഡുവക്കില്‍ മൂത്രമൊഴിച്ചാല്‍ ഞാനും ഒഴിക്കും എന്ന നയം...! ഭാര്യ പരപുരുഷബന്ധം സ്ഥാപിച്ചാല്‍ മാത്രം കേരളത്തിലെ കുടുംബാന്തരീക്ഷം തകരുമെന്നു പറയുന്നതില്‍ എന്തു ന്യായം? സ്‌ത്രീയുടെ സഹനത്തിലും റിസികിലും ശുദ്ധിയിലും മാത്രം നിലനിന്നു പോവേണ്ടതല്ല ഭാര്യാഭര്‍തൃബന്ധം. ഭര്‍ത്താവിന് എന്തും കാണിച്ച് വീട്ടില്‍ വന്ന് മര്യാദരാമനായി ഇരിക്കാം. അങ്ങനെ സൗകര്യപൂര്‍വം ആണുങ്ങള്‍ നടക്കണ്ട. പാഠം പഠിപ്പിക്കും, ഞങ്ങള്‍ കാട്ടിത്തരാം എന്ന വെല്ലുവിളിയാണിത്."
എന്തായാലും ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം വിപണിയില്‍ സജീവമാവുമെന്നതിനു പുറമേ വാര്‍ത്തകളും മാധ്യമങ്ങളും വിവാദങ്ങളും നിറം പിടിപ്പിച്ചും പൊടിപ്പും തൊങ്ങലും വെച്ചും ഇനി കുറേക്കാലം അതിന്റെ പുറകേ തന്നെയായിരിക്കും.
എനിക്കും വാങ്ങണം ഒരു കോപ്പി. എന്നിട്ട് അതൊന്നു വായിക്കണം. പിന്നെ വിമര്‍ശിക്കും ഞാന്‍ . ശക്ക്തി യുക്ക്തം വിമര്‍ശിക്കും. കാരണം, എന്റെ സദാചാരബോധം ഞാന്‍ നാലാളെ അറിയിക്കണമല്ലോ .. ഹല്ല പിന്നെ..!