22.5.13

പുലരിമഴ പറയുന്നത്...

         
            ഹാ...തണുക്കുന്നു...! പുറത്തു പെരുമഴയാണ്. പുലരിമഴ..! പുതപ്പിനുള്ളില്‍ ഇങ്ങനെ ചുരുണ്ടുകൂടിക്കിടക്കാനെന്തു രസം...!
            ഇങ്ങനെ മടിയോടെ കിടന്നുറങ്ങിയ ബാല്യ പ്രഭാതങ്ങളോര്‍മയില്ലേ...?  'മ്മാന്റുട്ടി നീച്ചാ...! പോയി പല്ലേച്ച് മോറ് കെഗ്ഗി വന്ന് ഈ ചായന്റള്ളം കുടിച്ചാ...ഇസ്‌കൂളിക്കും മദറസ്സീക്കും പോണ്ടേ...' അല്‍പം കഴിയുമ്പോള്‍ ഉമ്മയുടെ സ്‌നേഹത്തോടെയുള്ള വിളിയും അതുകേള്‍ക്കുമ്പോള്‍ ദേഷ്യത്തോടെ മറുഭാഗത്തേക്ക് തിരിഞ്ഞ് കിടന്ന് മുരണ്ടതും 'ദാ ഞാനിപ്പാനെ ബിളിക്കൂട്ടോ...' എന്നു പറയുമ്പോള്‍ ഉമ്മയെ രൂക്ഷമായി നോക്കി അവിടെത്തന്നെ തല ചായ്ച്ചതും 'ദോക്കിം, ദാ, ഓന് ഇഞ്ഞീം നീച്ച്ട്ട്ല്ല ! ഒര് പുളിവാര്‍ല് ഇട്ത്ത്ങ്ങ്ട് ബെരിം ' എന്ന് ഉമ്മ ഉപ്പാക്ക് നിര്‍ദ്ദേശം നല്‍കുന്നതും ഉപ്പയൊന്നു തൊണ്ടയനക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് ഉമിക്കരിയും എടുത്ത്‌  കുളത്തിലേക്ക് പല്ലു തേക്കാന്‍ പോയതും മഴയും മഞ്ഞും സമ്മേളിച്ച കുളത്തിലെ വെള്ളത്തില്‍ നിന്ന് മേലോട്ട് പൊങ്ങുന്ന ആവി നോക്കി കൗതുകം പൂണ്ടതും വെള്ളത്തിന് ചെറിയ ചൂടുണ്ടെന്ന്  അയല്‍പക്കത്തെ പെണ്‍കുട്ടിയോട് പറഞ്ഞതും കുളക്കരയിലെ മഷിത്തണ്ട് പറിച്ചെടുത്തതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിലേക്കോടിയെത്തുന്നു....!
            വീട്ടിലെത്തിയാല്‍ പിന്നെ ആവിപറക്കുന്ന കട്ടന്‍ചായ. കൂടെ തുണിപ്പുട്ടും ആണിപ്പൂവന്‍ പഴവും കൂട്ടിക്കുഴച്ചൊരു പ്രാതല്‍. നോമ്പുകാലമാണെങ്കില്‍ രാവിലെ കുട്ടികള്‍ക്കു നല്‍കാനായി  തണുത്ത് ബലഹീനമായ തലേന്നത്തെ പപ്പടവും പുളിച്ചു തുടങ്ങിയ മുരിങ്ങയിലക്കറിയും പഴഞ്ചോറും നീക്കിവെച്ചിട്ടുണ്ടാവും അന്നൊക്കെ വീടുകളില്‍. അതു മനസ്സിലായതിനാല്‍ ഉച്ചവരെയും മൂന്നുമണിവരെയുമൊക്കെ നോമ്പ്പിടിച്ചതും അത്താഴച്ചോറ് കഴിക്കാന്‍ ഉറക്കില്‍ നിന്ന് വിളിച്ചില്ലെങ്കില്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നതുമൊക്കെ മറക്കാനാവാത്ത ഓര്‍മകള്‍....!
മഴക്കാലത്തെ സ്‌കൂള്‍ പോക്ക് ഓര്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര്....!
            ചോര്‍ന്നൊലിക്കുന്ന ഒരു ഒരു ശീലക്കുടയാണുണ്ടായിരുന്നത്. അതുതന്നെ വാങ്ങിത്തരാന്‍ പ്രിയപ്പെട്ട ഉപ്പയുടെ സാമ്പത്തികം അനുവദിച്ചിരുന്നില്ല. അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ വേണ്ടി ഒരു ചായക്കട നടത്തിയിരുന്ന ഉപ്പയെ ഓര്‍മിക്കുമ്പോള്‍ വല്ലാത്തൊരു വേദന ഇപ്പോഴും മനസ്സില്‍ അവശേഷിക്കും. മക്കള്‍ നല്ല നിലയിലെത്തണമെന്നു ഏറെ കൊതിക്കുകയും അതിന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു എന്റെ പ്രിയപ്പെട്ട ഉപ്പ. നല്ല ഒരുപാട് ഓര്‍മകള്‍ ഞങ്ങള്‍ക്കു തന്ന് വിടപറഞ്ഞ ഉപ്പയുടെ ഓര്‍മകള്‍ മനസ്സില്‍ തികട്ടി വരാത്ത ദിനങ്ങളേ ജീവിതത്തിലുണ്ടാവാറില്ലെന്നതാണ് വാസ്തവം.
            പറഞ്ഞുവന്നത് മഴയത്ത് സ്‌കൂളിലേക്കുള്ള പോക്ക്. ആറാം ക്ലാസിലേക്കും ഏഴാംക്ലാസിലേക്കും പോകുന്നതാണ് നന്നായി ഓര്‍മ വരുന്നത്. പുസ്തകങ്ങളും ചോറ്റുപാത്രവുമുള്ള പുസ്‌കസഞ്ചി മാറോടു ചേര്‍ത്ത് കുട തോളില്‍ ചേര്‍ത്തു വെച്ച് പോകുന്ന ആ പോക്ക്... മഴ നന്നായി പെയ്യുമ്പോഴുള്ള തണുപ്പിനെ നേരിടാന്‍ ഇളം ചൂടുള്ള ചോറ്റുപാത്രവുമായി ഇണങ്ങിച്ചേരുന്നതും സ്‌കൂള്‍ ഗെയ്റ്റിനു മുമ്പിലെ അബ്ബാസിന്റെ പെട്ടിക്കടയില്‍ നിന്ന് ഇരുപത്തഞ്ച് പൈസയുടെ നെല്ലിക്കാ അച്ചാറോ നാരങ്ങാ അച്ചാറോ വാങ്ങി പുസ്തക സഞ്ചിയിലിടുന്നതും ഉച്ചവരെ കാത്തിരിക്കാതെ ഇന്റര്‍വെല്‍ സമയത്ത് അത് പൊട്ടിച്ച് അകത്താക്കുന്നതും ഉച്ചയ്ക്കു വിട്ടാല്‍ പറങ്കി മാവിന്റെ മുകളില്‍ കയറി കൂട്ടുകാര്‍ക്കൊപ്പം ഭക്ഷിക്കുന്നതും പാത്രം കഴുകാനായി ഈപ്പന്‍പാറയ്ക്കു താഴെയന്നുണ്ടായിരുന്ന സമൃദ്ധമായ ഉറവയെ ആശ്രയിക്കുന്നതും പാറയുടെ മുകളില്‍ നിന്ന് ചോറ്റുപാത്രം താഴേക്കുരുട്ടുന്നതും കേടുവന്ന സ്റ്റീല്‍ പാത്രത്തിന്റെ അടപ്പ് അടയാതിരിക്കുന്നതുമൊക്കെ മധുരമായ ഓര്‍മകള്‍....!
            മഴ തോര്‍ന്നിട്ടില്ല ഇപ്പോഴും..! ഇറയത്തെ നീല ബക്കറ്റ് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. കോഴിക്കൂടിന്റെ മുകളിലുള്ള പ്ലാസ്റ്റിക് ചാക്കിലേക്ക് വെള്ളം വീണ് അത് ഇപ്പോള്‍ താഴെ വീഴുമെന്ന അവസ്ഥയിലാണ്. മുറ്റത്തുകൂടെ കുമിളകളുള്ള മണ്ണുകലങ്ങിയ വെള്ളം പരന്നൊഴുകുന്നുണ്ട്. ഓവുപാലത്തില്‍ നിന്ന് താഴേക്കു വെള്ളം ചാടുന്നതിന്റെ ശബ്ദം ഇവിടെ നിന്നാലും കേള്‍ക്കാം. പാടത്തുനിന്ന് തവളകളുടെയും കുളക്കോഴികളുടെയും ശബ്ദമാണ് ആ കേള്‍ക്കുന്നത്. മഴ പെയ്യട്ടെ... വറ്റിയ കുളങ്ങളും കിണറുകളുമൊക്കെ ഒന്ന് നനയട്ടെ...!

                                                                                                                                                                             ചിത്രം: ഗൂഗ്ള്‍ ഇമേജ്‌

No comments:

Post a Comment